Image

അമ്മ (ഗുരു കൂവള്ളൂർ: നീതിയുടെ ജ്വാല-ഭാഗം-1)

Published on 16 June, 2026
അമ്മ (ഗുരു കൂവള്ളൂർ: നീതിയുടെ ജ്വാല-ഭാഗം-1)

കുളങ്ങരയിലെ വലിയ കാരണവരായ ഔസേപ്പ് ഔസേപ്പ് (കുളങ്ങര കൊച്ചേട്ടന്‍) എന്നയാളുടെ ശരിപാരമ്പര്യം നിലനിര്‍ത്തിയ ഒരു കര്‍ഷക സ്ത്രീയാണ് എന്റെ അമ്മ. അമ്മയെ മക്കളെല്ലാം കുഞ്ഞമ്മ എന്നു വിളിച്ചിരുന്നു. മാമ്മോദീസാ പേര് മേരി ജോസഫ്. അമ്മയുടെ വിദ്യാഭ്യാസം ഉഴവൂര്‍ സ്‌കൂളിലായിരുന്നു. പാലയ്ക്കാട്ടുമലനിന്നും ഉഴവൂര്‍വരെ അക്കാലത്തു നടന്നു പോകണം. ചെരുപ്പുപോലും ആരും ഉപയോഗിക്കാത്ത കാലം. സ്‌കൂളിലെ പേരും മേരി ജോസഫ് എന്നുതന്നെ. അന്നത്തെ രീതിയില്‍ 17 വയസ് കഴിഞ്ഞപ്പോഴേ വിവാഹം കഴിപ്പിച്ചു. പിതാവിന് മാതാവിനെക്കാള്‍ രണ്ടു വയസ്സു കൂടുതല്‍. വിവാഹശേഷം ഒരു വര്‍ഷമായപ്പോള്‍ ഞാന്‍ ജനിച്ചു. ഏതായാലും അമ്മ വന്നു കയറിയത് ഒരു വലിയ തറവാടും ധാരാളം സ്ഥലവും ഉള്ളിടത്തായിരുന്നതിനാല്‍, വൈകാതെ പണിക്കാരോടൊപ്പം കാര്‍ഷിക പണികളിലും സഹായിച്ചുതുടങ്ങി. സാമാന്യവിദ്യാഭ്യാസം ഉണ്ടായിരുന്ന എന്റെ പിതാവ് ഞാന്‍ ജനിച്ച് അധികം ആകുന്നതിന് മുന്‍പ് തറവാട്ടില്‍നിന്നും ഒരു ഫര്‍ലോങ്ങ് ദൂരെ  ആണ്ടൂര്‍ കരയിലുള്ള ചേന്നാട്ടു പുരയിടത്തിലേക്കു മാറി താമസിച്ചു.

പിതാവിന് അവകാശമായി കിട്ടിയ സ്ഥലത്തില്‍ മുഖ്യഭാഗം കിടങ്ങൂര്‍ പഞ്ചായത്തിലും വീടിരിക്കുന്ന സ്ഥലം ഇലയ്ക്കാട്ടു പഞ്ചായത്തിലും ആയിരുന്നു. കിടങ്ങൂര്‍ പഞ്ചായത്തിലുള്ള സ്ഥലം കൂവള്ളൂര്‍ കുളം ഇരിക്കുന്ന സ്ഥലം മുതല്‍ ഏറെക്കുറെ രണ്ടു ഫര്‍ലോങ്ങിലധികം നീളത്തില്‍ കിടന്നിരുന്നു. ആ പറമ്പിന്റെ ഏറ്റവും താഴത്തെ ഭാഗത്ത് ഒരു വിശാലമായ പാറ; ആ പാറയോടു ചേര്‍ന്ന് ഒരിക്കലും വറ്റാത്ത ഒരു ഓലിയും. വാസ്തവത്തില്‍ എന്റെ പിതാവിന്റെ കൈവശത്തിലുണ്ടായിരുന്ന സ്ഥലമാണ് കൂവള്ളൂര്‍ കുന്ന്.

With mother

എന്റെ ചെറുപ്പത്തില്‍ കൂവള്ളൂര്‍ കുന്ന് കുളത്തിന്റെ താഴോട്ടുള്ള ഭാഗം റബ്ബര്‍ മരങ്ങളായിരുന്നു; അതും, നാടന്‍ മരങ്ങള്‍. പിതാവിന് സ്ഥലം കിട്ടിയതോടെ റബ്ബര്‍ മരങ്ങള്‍ വെട്ടി കൃഷിസ്ഥലമാക്കി മാറ്റി. ഇഞ്ചി, കപ്പ, (മരച്ചീനി), കാച്ചില്‍ മുതലായവയും നട്ടിരുന്നു. മരച്ചീനി വിളവായി കഴിയുമ്പോള്‍ അതു പറിച്ച് അരിഞ്ഞ് വലിയ വാര്‍പ്പില്‍ വാട്ടി താഴെത്തെ പാറയിലിട്ട്  ഉണക്കിയശേഷം ഉണക്കക്കപ്പ ചാക്കില്‍കെട്ടി ഞാനും എന്റെ നേരെ അനുജന്‍ ജോസും അമ്മയുംകൂടി കുന്നു ചവിട്ടിക്കയറി വീട്ടില്‍ക്കൊണ്ടുപോയിക്കൊണ്ടിരുന്ന കാര്യം ഇന്നും ഓര്‍ക്കുന്നു. അതുപോലെതന്നെ, ഇഞ്ചി വിളവെടുക്കുമ്പോള്‍ അത് ചുരണ്ടി പാറയിലിട്ട്   ഉണക്കിയശേഷം ചാക്കിലാക്കി കുന്നു ചവിട്ടിക്കയറുന്ന പോക്ക് ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാന്‍കൂടി പറ്റാത്തതാണ്.

കുട്ടികളുടെ മുഴുവന്‍ കാര്യങ്ങളും നോക്കിയിരുന്നത് എന്റെ അമ്മയാണ്. ഏറ്റവും മൂത്ത എനിക്കു താഴെ അഞ്ച് ആണുങ്ങളും രണ്ടു പെണ്ണുങ്ങളുമാണ്. അങ്ങനെ ഒരു വലിയ കുടുംബമായി മാറി ഞങ്ങളുടെ ചെറിയ മാടപ്പുര. ഏതായാലും ഞങ്ങളുടെ പറമ്പില്‍ നല്ല വളക്കൂറുള്ള മണ്ണായിരുന്നതിനാല്‍ എല്ലാവിധ വിളവുകളും നന്നായി ഉണ്ടാകുമായിരുന്നു.

A rare photo- my mother middle and Sicily’s parents stayed in Nayagra Falls when they were with me. I took them

മൂത്തവനായ ഞാന്‍ പഠിക്കാന്‍ മോശമല്ലാത്തതിനാൽ  പിതാവ് എന്റെ കാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു. എന്നെ പഠിപ്പിച്ച് വളരെ ഉയര്‍ന്ന നിലയിലാക്കാന്‍    പിതാവ് ആഗ്രഹിച്ചിരുന്നു. അക്കാരണത്താല്‍, ഞാന്‍ എന്തെങ്കിലും കുരുത്തത്തേടു കാണിച്ചാല്‍ കടുത്ത ശിക്ഷതന്നെ തരും. ചിലപ്പോള്‍ പുളിവാറുകൊണ്ടുള്ള അടി! എന്നെ മാത്രമേ ആ രീതിയില്‍ പിതാവ് ശിക്ഷിച്ചിരുന്നുള്ളൂ.

എന്റെ ചെറുപ്പത്തില്‍ ഞങ്ങളുടെ വീടിന്റെ പടിഞ്ഞാറു ഭാഗത്തുള്ള പുരയിടത്തില്‍ വേട്ടുവ വിഭാഗത്തിലുള്ള   വെളുമ്പന്‍ - വെളുമ്പി ദമ്പതികള്‍ താമസിച്ചിരുന്നു. അവരുടെ മക്കള്‍ ഗോപി, ഗോപാലന്‍ എന്നിവര്‍  എന്റെ സമയപ്രായക്കാര്‍. നാട്ടിലുള്ള വീടുകളിലെ എലി പിടിക്കുകയായിരുന്നു അവരുടെ കുലത്തൊഴില്‍. ഇന്നത്തെക്കാലത്ത് അത്തരത്തിലുള്ള ഒരു സമൂഹം മിക്കവാറും ഇല്ലാതായി.

A rare photo of Joseph in my hand, my mother and a neighbor , with Anjali standing

പക്ഷേ അന്ന് വേട്ടുവന്‍ ഗോപിയോടും ഗോപാലനോടുമൊത്തു കളിക്കാന്‍ പോകുന്നത് എന്റെ പിതാവ് വിലക്കിയിരുന്നു.  പക്ഷേ ഞാന്‍ അവരുടെ മാടത്തില്‍ പോയി അവര്‍ എലിക്കുഞ്ഞുങ്ങളെ കൂടിനകത്തിട്ടു വളര്‍ത്തിയതു നോക്കി രസിച്ചിരുന്നു. അവര്‍ എലിയെ മാളത്തില്‍നിന്നും പുകച്ചു പിടിക്കുന്നതുംനോക്കി ഞാന്‍ ദീര്‍ഘനേരം നിന്നിരുന്നു. എലിയുടെ മാളത്തില്‍ പുക ചെല്ലുമ്പോള്‍ അതിന്റെ പ്രവേശനദ്വാരത്തിനടുത്ത് അവ വന്നു മയങ്ങിക്കിടക്കും. പിന്നീട് ശക്തമായ പുക ചെല്ലുമ്പോള്‍ അവ ചത്തുപോകും. ഈ എലിയായിരുന്നു അക്കൂട്ടരുടെ ഭക്ഷണം. പില്‍ക്കാലത്ത് ഞാനും ഇത്തരത്തില്‍ എലികളെ പുകച്ച് വകവരുത്തിയിട്ടുണ്ട്. അങ്ങനെ എലിയെ പുകച്ചു പിടിക്കുന്ന കലയിലും ഞാന്‍ വിദഗ്ധനായിത്തീര്‍ന്നു; അതുപോലെ എന്റെ അനുജന്‍ ജോസും.
പിന്നീട് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ആ വേട്ടുവരും ഞാനും തമ്മിലെന്തു വ്യത്യാസം എന്ന്. എല്ലാവരും മനുഷ്യരല്ലേ! വേട്ടുവരെപ്പോലെതന്നെ പറയര്‍ എന്നൊരു കൂട്ടരും പുലയര്‍ എന്നൊരു കൂട്ടരും ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. പുലയര്‍ പറമ്പില്‍ പണിയുന്നവരും പറയര്‍ തെങ്ങ്, കവുങ്ങ് എന്നിവ കയറുന്നവരും. കുട്ട നെയ്ത്താണ് വാസ്തവത്തില്‍ പറയരുടെ കുലത്തൊഴില്‍. 'പറയിപെറ്റ പന്തിരുകുല'ത്തിലെ മഹാജ്ഞാനിയായ പാക്കനാരുടെ കൂട്ടര്‍!

എന്റെ പിതാവും അവരില്‍നിന്ന് കുട്ടനെയ്ത്തു സ്വായത്തമാക്കിയിരുന്നു. എങ്കിലും, ഞാന്‍ ഇത്തരം ദലിതരോട് കൂട്ടുകൂടുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. പുലയര്‍, പറയര്‍, വേട്ടുവര്‍ എന്നിവരോട് നന്നേ ചെറുപ്പത്തിലെ എനിക്ക് എന്തുകൊണ്ടോ വല്ലാത്ത ഒരു സ്‌നേഹബന്ധം തോന്നി. പില്‍ക്കാലത്ത് ഞാന്‍ ബി.കോം പാസ്സായ ശേഷം പിറ്റെ ആഴ്ച വീടുവിട്ട് ഇറങ്ങേണ്ടിവന്നത് ഒരു പുലയക്കുടിലില്‍ പോയി എന്നതിന്റെ പേരിലാണ്! കുടികിടപ്പുകാരനായ ഇട്ടി ഔസേപ്പു മൂപ്പനും ഏലി മുത്തിയും നന്നേ ചെറുപ്പം മുതല്‍ക്കെ ഞങ്ങളുടെ വീട്ടില്‍ പണി എടുത്തുകൊണ്ടിരുന്നു. ഇട്ടി ഔസേപ്പ് മൂപ്പനോടൊപ്പം ചെറുപ്പകാലത്ത് ഞാന്‍ കയ്യാല വെക്കാന്‍ കൂടിക്കൊടുത്തിട്ടുണ്ട്.
ഒരു കച്ചമുണ്ടും കോണകവും ധരിച്ച, ഏറെക്കുറെ 85 വയസു പ്രായമുള്ള മെല്ലിച്ച ശരീരമുള്ള ആ മനുഷ്യന്‍ കൂവള്ളൂര്‍ കുളത്തിന്റെ ചരിത്രവും മറ്റും ബാലനായ എന്നെ പറഞ്ഞുകേള്‍പ്പിച്ചിരുന്നു. ആ കുളത്തില്‍ നിധിയുണ്ടെന്നും യക്ഷികള്‍ ആ കുളത്തിന്റെ കരയിലുള്ള ഏഴിലംപാല മരത്തില്‍ നിധിക്ക് കാവലിരിക്കുന്നുവെന്നും ആ പ്രദേശത്ത് നിധികളുള്ള മറ്റു രണ്ടു വീടുകളുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പറതൂക്കിയേല്‍ എന്ന വീട്ടിലും മങ്ങന്താനത്ത് എന്ന വീട്ടിലുമായിരുന്നുവത്രേ നിധികള്‍!

യക്ഷികള്‍ പാടിക്കൊണ്ടിരുന്ന പാട്ട് എന്നു പറഞ്ഞ് ഇട്ടി ഔസേപ്പു മൂപ്പന്‍ ഇങ്ങനെ എന്നെ പാടി കേള്‍പ്പിച്ചിരുന്നു:
'കൂവള്ളൂര്‍ കുളമുണ്ടേ
മങ്ങന്താനത്തറയുണ്ടേ
പറതൂക്കിയേല്‍ പറയുണ്ടേ.'

ഏതുവേനലിലും  വറ്റാത്ത കുളമായിരുന്നു കൂവള്ളൂര്‍ കുളം. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കൂവള്ളൂര്‍ കുളത്തിന്റെ പടിഞ്ഞാറെ പറമ്പില്‍ ഒരു ബ്രാഹ്മണ ഇല്ലം ഉണ്ടായിരുന്നു എന്നും കൂവള്ളൂര്‍ തറവാടിന്റെ കിഴക്കു വശത്ത് നിന്നിരുന്ന വലിയ കൂവളം നമ്പൂതിരിമാര്‍ വച്ചു പിടിപ്പിച്ചതാണെന്നും അങ്ങിനെയാണ് കൂവള്ളൂര്‍ എന്ന പേരുവന്നതെന്നും. കൂവളം നില്‍ക്കുന്ന ഊരാണ് കൂവള്ളൂര്‍ ആയത് എന്നും ഇട്ടി ഔസേപ്പുമൂപ്പനാണ് നന്നേചെറുപ്പത്തിലെ എനിക്കു പറഞ്ഞുതന്നിരുന്നത്.

My mother with her Grandson Fr. Joseph Koovalloor at the age of 94. Fr Joseph Koovalloor appointed to Canada MISSISAGA Diocese.

എന്റെ വല്ല്യപ്പന്റെ ഒരു സഹോദരന്‍ മത്സ്യങ്ങളെ മീനച്ചില്‍ ആറ്റില്‍നിന്നുപോലും ചൂളമടിച്ച് ആകര്‍ഷിച്ച് വരുത്തി പിടിച്ചിരുന്ന കഥയും മൂപ്പന്റേതാണ്! അദ്ദേഹം 32-ാമത്തെ വയസ്സില്‍ ഒരു മൂര്‍ഖന്‍ പാമ്പു കടിച്ച് മരിച്ചുപോയി. അദ്ദേഹത്തിന്റെ ഏകമകന്റേത് ആയിരുന്നു കടപ്ലാമറ്റം ടൗണില്‍നിന്നും കൂമ്മണ്ണൂര്‍ എന്ന സ്ഥലത്തേക്കു പോകുമ്പോള്‍ ഉണ്ടായിരുന്ന രണ്ടുനില വീട്. കടപ്ലാമറ്റം പ്രദേശത്തെ ആദ്യകാലത്തെ രണ്ടുനിലക്കെട്ടിടങ്ങളില്‍ ഒന്നായിരുന്നു ആ വീട്- എന്റെ പേരപ്പന്റെ വീട്. ആ പേരപ്പന്റെ സ്ഥലത്തായിരുന്നു ഇട്ടി ഔസേപ്പു മൂപ്പനും ഏലി മുത്തിയും താമസിച്ചിരുന്നത്. അദ്ദേഹം വിവാഹം കഴിച്ചിരുന്നത് അതിരമ്പുഴയിലെ  വലിയ തറവാടുകളില്‍ ഒന്നായ മാനാട്ടെ വക്കച്ചന്റെ സഹോദരിയെ ആയിരുന്നു.

മറ്റൊരു കാര്യം ഇട്ടി ഔസേപ്പു മൂപ്പന്‍ പറഞ്ഞത്, കൂവളം വെട്ടിയാല്‍ ആ വീട് നശിക്കുമെന്നാണ്. എന്റെ മറ്റൊരു പേരപ്പന്‍ - പിതാവിന്റെ സ്വന്തം ജ്യേഷ്ഠന്‍ പിൽക്കാലത്ത് കൂവളം വെട്ടി. അധികകാലം കഴിയുന്നതിന് മുന്‍പ് കൂവള്ളൂര്‍ തറവാട് നിസ്സാരവിലയ്ക്കു വിറ്റിട്ട് അദ്ദേഹം കോതമംഗലത്തിനടുത്തുള്ള ഒരു സ്ഥലത്തേക്കു താമസം മാറ്റി. രബീന്ദ്രനാഥ ടോഗോറിന്റെ കാബൂളിവാല എന്ന കഥയിലെ കൊച്ചുകുട്ടിയെപ്പോലെ ചെറുപ്രായത്തില്‍ ഇത്തരത്തിലുള്ള കഥകള്‍ കേള്‍ക്കുക എനിക്ക് ഹരമായിരുന്നു.

ആ ഇട്ടി ഔസേപ്പു മൂപ്പനോട് എന്തെന്നില്ലാത്ത സ്‌നേഹമായിരുന്നു എനിക്ക്. ഇട്ടി ഔസേപ്പു മൂപ്പനും അദ്ദേഹത്തിന്റെ ഭാര്യ ഏലി മുത്തിയും നഗ്‌നത പൂര്‍ണമായി മറച്ചിട്ടുള്ളതായി ഞാന്‍ കണ്ടിട്ടില്ല. ഏലി മുത്തിക്ക് അന്നത്തെ കാലത്ത് ചട്ടയോ മേല്‍വസ്ത്രമോ മാറു മറയ്ക്കുന്നതിന് ഉണ്ടായിരുന്നില്ല. അവരുടെ സമപ്രായക്കാരായ ഒന്നു രണ്ട് പുലയ സ്ത്രീകളെയും ഞാന്‍ ഓര്‍ക്കുന്നു. അയല്‍പ്പക്കത്തെ അടയ്ക്കാനാട്ടു കൊച്ചേട്ടന്റെ മുത്തോലി പുരയിടത്തില്‍ താമസിച്ചിരുന്ന അന്നയും ഏലിയും. അവരെല്ലാം വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പെ കഥാവശേഷരായി. അതേസമയം, വേട്ടുവരുടെ സ്ത്രീകളും പറയരുടെ സ്ത്രീകളും മാറുമറച്ചിരുന്നു. ഇട്ടി ഔസേപ്പു മൂപ്പന്റെ അനുജന്‍ അന്തോണി മൂപ്പനും കൂവള്ളൂര്‍ പുരയിടത്തിലെ സ്ഥിരം പണിക്കാരായിരുന്നു. അതുപോലെ, അഞ്ചാനിയില്‍ താമസിച്ചിരുന്ന മൂപ്പന്റെ ഭാര്യ ഏലി. ഇവരൊക്കെ അക്കാലത്തു മാറു മറയ്ക്കാത്ത സ്ത്രീകളായിരുന്നു എങ്കിലും അവരാരും മോശക്കാരികള്‍ ആയിരുന്നില്ല. പാരമ്പര്യത്തിന്റെ ഭാഗമായി മാത്രമാണ്  മാറു മറയ്ക്കാതിരിക്കലിനെ  അവര്‍ കരുതിയിരുന്നത് . 1974 നു മുമ്പുള്ള കാര്യമാണ് ഞാന്‍ വിവരിക്കുന്നത്.

My Mother with her 8 Children. I am ther eldest . Standing according to age.

ഒടുവില്‍, ഇട്ടി ഔസേപ്പു മൂപ്പന് കുടികിടപ്പു നിയമമനുസരിച്ച് 10 സെന്റ് കൊടുക്കേണ്ടവിഷയം വന്നപ്പോല്‍ എന്റെ പേരപ്പന്‍, അവര്‍ താമസിക്കുന്ന സ്ഥലംതന്നെ കൊടുക്കുകയില്ല എന്ന നിലപാടെടുത്തു. കേസ് ഹൈക്കോടതിവരെ പോയി. ഇട്ടി ഔസേപ്പു മൂപ്പനോട് ഒരു കാരണവശാലും ഇറങ്ങിക്കൊടുക്കരുതെന്നു ഞാന്‍ പറഞ്ഞു. അവരുടെ മാടത്തില്‍ പോയിക്കൂടാ എന്ന് എന്റെ പിതാവ് എന്നെ വിലക്കി. ഞാന്‍ ധിക്കരിച്ചപ്പോള്‍ അദ്ദേഹം പൊട്ടിത്തെറിച്ചു. അങ്ങിനെയാണ് എനിക്ക് വീട്ടില്‍നിന്നും ഇറങ്ങേണ്ടിവന്നത്.

ഒരു വീട്ടില്‍ രണ്ടു നായകന്മാര്‍ വേണ്ട: ഒന്നുകില്‍ നീ, അല്ലെങ്കില്‍ ഞാന്‍. അങ്ങിനെ അന്ത്യശാസനം എനിക്കു കിട്ടി. എന്നിട്ടും ഞാന്‍ മാടത്തില്‍ പോയി എന്നറിഞ്ഞ പിതാവ് എന്റെ നേരെ കൈ ഓങ്ങി. അതില്‍നിന്നും രക്ഷപ്പെട്ട് ഞാന്‍ ഉടുതുണി മാത്രമായി കാല്‍നടയായി മരങ്ങാട്ടുപിള്ളി കഴിഞ്ഞ് മണ്ണയ്ക്കനാടിനടുത്തുള്ള പൈക്കാട്ടു കോളനിയില്‍ കുറെ ദിവസങ്ങള്‍ കഴിച്ചുകൂട്ടി - അതും ബികോം പരീക്ഷ പാസ്സായതിന്റെ പിറ്റേയാഴ്ച.

ഞാന്‍ വീടു വിട്ടിറങ്ങിയതില്‍ ഏറ്റവും കൂടുതല്‍ വേദന അനുഭവിച്ചത് എന്റെ മാതാവായിരുന്നു. എന്റെ പിതാവിനും എന്നോടു സ്‌നേഹമുണ്ടായിരുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത പിതാവിന്റെ സ്‌നേഹം! ഞാന്‍ വീടു വിട്ടിറങ്ങി ഏറെക്കുറെ ഒരു വര്‍ഷം കഴിഞ്ഞ് വിലങ്ങാടിനടുത്ത് പാലൂര്‍ എന്ന സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ക്ക് അയച്ചകത്ത് അതിനു തെളിവാണ്. ആ സ്‌കൂളിന്റെ ഹെഡ്മാസ്റ്ററായിരുന്നു എന്റെ അകന്ന ബന്ധുവും സുഹൃത്തുമായ വി.ടി. ജോസ് തപോവനം. ആ  കത്ത് അദ്ദേഹത്തിനു കിട്ടിയത് വര്‍ഷങ്ങള്‍ക്കു ശേഷം. ആ കത്ത് ഇന്നും എന്റെ കൈവശമുണ്ട്. അതു വായിച്ചാല്‍ ഒരു പിതാവിന് മകനോടുള്ള സ്‌നേഹം എത്രമാത്രം വലുതാണെന്നു കാണാന്‍ കഴിയും. വീടു വിട്ടിറങ്ങിയശേഷം പിന്നീട് കുറേക്കാലം ഞാന്‍ എവിടെയായിരുന്നു എന്ന് എനിക്കല്ലാതെ ആര്‍ക്കുംതന്നെ അറിഞ്ഞുകൂടായിരുന്നു, വി.റ്റി. ജോസ് സാറിനൊഴികെ. പക്ഷേ അദ്ദേഹത്തിനുപോലും എന്റെ തീരുമാനത്തില്‍നിന്നും എന്നെ അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് വാസ്തവം. എന്റെ എല്ലാ തീരുമാനങ്ങളും ഞാന്‍തന്നെ എടുത്തതാണ്.

പില്‍ക്കാലത്ത് ഇട്ടി ഔസേപ്പു മൂപ്പന്റെ മകന്‍ ചന്ദ്രന്‍ കടപ്ലാമറ്റം പഞ്ചായത്തിന്റെ പ്രസിഡന്റായി എന്നുള്ളത്, സാമൂഹ്യമാറ്റങ്ങള്‍ താനെ ഉണ്ടാകും എന്നുള്ളതിന്റെ തെളിവായി നിലനില്‍ക്കുന്നു.
എന്റെ അമ്മ എന്നെപ്പറ്റിയുള്ള ഈ ബുക്ക് വായിച്ചുകേട്ടശേഷം 2026 ഫെബ്രുവരി മാസം 24-ാം തീയതി രാവിലെ തന്റെ ഇഹലോകവാസം പൂര്‍ത്തിയാക്കിയശേഷം നിത്യതയിലേയ്ക്കു പ്രവേശിച്ചു. മരിക്കുന്നതിന് മുമ്പ് എന്റെ ഭാര്യ സിസിലിയും മകന്‍ ജോസഫും മരുമകള്‍ സ്റ്റെഫി റോസ് നടയ്ക്കലും, കൊച്ചുമകന്‍ മിഖായേലും അമ്മയെ സന്ദര്‍ശിക്കുകയും വീഡിയോ കോളിലൂടെ ഞാനുമായി സംസാരിക്കുകയും ചെയ്തിരുന്നു.
അമ്മയുടെ ഭൗതികശരീരം ബന്ധുമിത്രാദികള്‍ അടങ്ങിയ ഒരു വലിയ ജനാവലിയുടെ അകമ്പടിയോടെ 1009- AD-ല്‍ സ്ഥാപിതമായ അതിപുരാതനമായ കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോനാ ചര്‍ച്ചിന്റെ സെമിത്തേരിയിലുള്ള കൂവള്ളൂര്‍ കുടുംബ കല്ലറയില്‍ അടക്കം ചെയ്തു 
 

Join WhatsApp News
Jayan varghese 2026-06-16 08:44:33
ഒരു വ്യക്തി സത്യ സന്ധമായി തന്റെ ജീവിതം പറയുമ്പോൾ അത് ആ കാലഘട്ടത്തിന്റെ ആർക്കുമറിയാത്ത ചരിത്രവും നിലവിൽ ഉണ്ടായിരുന്ന സാമൂഹ്യാവസ്ഥയുടെ നേർ ചിത്രവുമാണ് സമൂഹത്തിനു ലഭ്യമാവുന്നത്. ബഹുമാന്യനായ ശ്രീ കൂവള്ളൂരിന്റെ ഉദ്യമത്തിന് അഭിവാദനങ്ങൾ ! ജയൻ വർഗീസ്.
Thomas J Koovalloor 2026-06-16 17:55:18
Dear Jayan Varghese Sir, Thank you for reading my Biography written by well- known writer P. V. Alby and making a good comment. I really appreciate your good , inspiring comment. The writer P V Alby is an Investigative journalist who interviewed me almost a year and collected my whereabouts by visiting many places I lived in the past, and interviewed many people. Writer P. V. Alby knew that I did a lot for the people around me , wherever I lived. I know that I have many enemies in my life for raising my voice for justice. Still I am not a scary person and I know how to handle any kind of situation.
Raju Mylapra 2026-06-16 19:47:50
'ആത്മകഥ' മറ്റുള്ളവരെക്കൊണ്ട് എഴുതിച്ചിട്ടു, അത് താൻ തന്നെ എഴുതിയതാണ് എന്ന് പറഞ്ഞു ഞെളിഞ്ഞു നടക്കുന്നു ചില 'കഥയില്ലാത്തവരെ' കണ്ടിട്ടുണ്ട്. ഏതായാലും ജീവചരിത്രം എഴുതിയ ശ്രീ പി.വി. ആൽബിയെ പരിചയപ്പെടുത്തിയത് ഉചിതമായി. ലളിതമായ ഭാഷാശൈലിയാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. നീതിക്കു വേണ്ടി ഇവിടെയും അവിടെയുംകൂടെ നിന്നവർ പോലും പിന്മാറി പരിഹസിച്ചപ്പോഴും, പതറാതെ ഒറ്റയാൾ പട്ടാളമായി പൊരുതിയ താങ്കളുടെ ജീവിതകഥ രസകരമായിരിക്കും. പ്രിയ സ്നേഹിതനോട് ഒരു ഉപദേശം. പണ്ടത്തെ 'ഒളിവിലെ ഓർമ്മകൾ' ഒന്നും ഇ-മലയാളിയിൽകൂടി പ്രസിദ്ധികരിക്കരുത്. അവിടെയും ഇവിടെയും ഭരണം മാറിയ കാര്യം അറിഞ്ഞു കാണുമല്ലോ. ഏതായാലും തുടർന്നും വായിക്കുവാൻ താല്പര്യമുണ്ട്. അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക