
ഉറുമീസ് കോവയ്ക്കാപ്പള്ളിക്ക് ഈ ലോകത്ത് ഒരേയൊരു കാര്യത്തിലേ താല്പര്യമുള്ളൂ, മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കുക. എന്നിട്ട് അത് വാതോരാതെ വിളമ്പുക. നാട്ടുകാര്‍ എന്ത് നന്മ ചെയ്താലും ഉറുമീസ് അതിലൊരു നെഗറ്റീവ് കണ്ടുപിടിക്കും. 'അമ്മയെ തല്ലിയാലും രണ്ട് പക്ഷം...' എന്ന ചൊല്ല് ഉറുമീസിന്റെ കാര്യത്തില്‍ അക്ഷരംപ്രതി ശരിയാണ്. കാരണം അമ്മയെ തല്ലിയവന്റെ കൈക്ക് ഉളുക്കു വീണോ എന്ന് സങ്കടപ്പെടുന്ന ടൈപ്പാണ് ഈ കോവയ്ക്കാപ്പള്ളി.
കഴിഞ്ഞ മാസം ഗ്രാമത്തിലെ നെഹ്‌റു മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബുകാര്‍ ചേര്‍ന്ന് റോഡിലെ കുഴികളൊക്കെ സ്വന്തം ചിലവില്‍ അടച്ചു. നാട്ടുകാര്‍ മൊത്തം അവരെ പ്രശംസിച്ചപ്പോള്‍ ഉറുമീസ് ക്ലബിന്റെ തിണ്ണയിലിരുന്ന് താടി ചൊറിഞ്ഞുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു: ''ഓ.. വലിയ സാമൂഹ്യസേവകര്‍..! വരാന്‍ പോകുന്ന പഞ്ചായത്ത് ഇലക്ഷനില്‍ സീറ്റ് ഒപ്പിക്കാനുള്ള തത്രപ്പാടാണ്...''
താനാണ് ഈ ഭൂഗോളത്തിലെ ഏറ്റവും വലിയ ബുദ്ധിമാനും മിടുക്കനുമെന്ന ഭാവത്തിലാണ് ഉറുമീസിന്റെ ശരീരഭാഷ. എന്നാല്‍ ടിയാന്റെ കുശുമ്പും കുന്നായ്മയും കൂട്ടിപ്പിടിപ്പീരും അഹംഭാവവും പരദൂഷണവും സഹിച്ച് മടുത്ത നാട്ടിലെ കുറച്ചു ചെറുപ്പക്കാര്‍ ഉറുമീസിനിട്ട് ഒരു മുട്ടന്‍ പണി കൊടുക്കാന്‍ തീരുമാനിച്ചുറച്ചു.
ഒരു ഞായറാഴ്ച രാവിലെ, ഉറുമീസ് കോവയ്ക്കാപ്പള്ളി ചായക്കടയില്‍ ഇരുന്ന് പതിവുപോലെ ഓസില്‍ പത്രം വായിക്കുകയായിരുന്നു. ഓരോ വാര്‍ത്തയും ലേഖനവും എഡിറ്റോറിയലുമൊക്കെ വായിച്ച് ഉറുമീസ് തന്റെ കുരുട്ടു ബുദ്ധിയില്‍ തെളിഞ്ഞ നെഗറ്റീവ് അഭിപ്രായങ്ങള്‍ നിരത്താന്‍ തുടങ്ങി. എന്നാല്‍ ആ പൊട്ടത്തരങ്ങള്‍ക്ക് ആരും ചെവികൊടുത്തില്ല. അപ്പോഴാണ് ക്ലബ്ബ് പ്രസിഡന്റ് സുധീഷ് അങ്ങോട്ട് വന്നത്. സുധീഷിന്റെ കയ്യില്‍ തിളങ്ങുന്ന ഒരു വലിയ പിച്ചള കിണ്ണവും ഒരു കവറും ഉണ്ടായിരുന്നു.
''എന്താടാ സുധീഷേ, രാവിലെ തന്നെ പാത്രക്കച്ചവടമാണോ..?'' കാര്യപ്പെട്ട ഗര്‍വോടെ ഉറുമീസ് പരിഹസിച്ചു.
''ഏയ് അല്ല ഉറുമിച്ചേട്ടാ...'' സുധീഷ് വളരെ വിനയത്തോടെ പറഞ്ഞു. ''ഇത് നമ്മുടെ ലണ്ടനിലുള്ള ഒരു പ്രവാസി സംഘടന നാടിന്റെ നന്മയ്ക്കായി തന്നയച്ചതാ. നാട്ടിലെ ഏറ്റവും വലിയ ബുദ്ധിമാനും, ആത്മാര്‍ത്ഥതയുള്ളവനും, മറ്റുള്ളവരെക്കുറിച്ച് എപ്പോഴും നല്ലതുമാത്രം പറയുന്നവനും ചിന്തിക്കുന്നവനുമായ ആള്‍ക്ക് കൊടുക്കാനുള്ള മഹാത്മാ പുരസ്‌കാരം. കൂടെ പതിനായിരം രൂപയുടെ ക്യാഷ് അവാര്‍ഡുമുണ്ട്. ആര്‍ക്കാ കൊടുക്കേണ്ടത് എന്ന് ആലോചിക്കുകയാ...''
ഇത് കേട്ടതും ഉറുമീസിന്റെ നെഞ്ച് വിരിഞ്ഞു. ''പിന്നെ ഇതിന് എന്നെക്കാള്‍ യോഗ്യനായ വേറെ ആരുണ്ട് ഈ നാട്ടില്‍..? സദാസമയവും ഈ നാടിനെ നന്നാക്കാന്‍ വേണ്ടി മാത്രം നാക്കനക്കുന്ന ആളല്ലേ ഞാന്‍...'' ഉറുമീസ് ഇത് പറയുമ്പോള്‍ ജന്‍മസിദ്ധമായ പുച്ഛഭാവം മുഖത്ത് പ്രകടമായി.
ചായക്കടയിലുണ്ടായിരുന്ന ബാക്കി ചെറുപ്പക്കാരും പ്ലാന്‍ ചെയ്തതുപോലെ ഏറ്റുപിടിച്ചു: ''അത് ശരിയാ, ഉറുമിച്ചേട്ടന്‍ വിചാരിച്ചാലേ ഈ നാട് നന്നാകൂ. ഈ അവാര്‍ഡ് ഉറുമിച്ചേട്ടന് തന്നെ കൊടുക്കണം...''
സുധീഷ് ഒട്ടും വൈകിപ്പിച്ചില്ല. ചായക്കടയിലെ ബെഞ്ചില്‍ കോവയ്ക്കപ്പള്ളിയെ ഇരുത്തി, കഴുത്തില്‍ ഒരു വലിയ മാലയും ചാര്‍ത്തി, ആ പിച്ചള കിണ്ണവും കവറും കയ്യില്‍ കൊടുത്തു. എന്നിട്ട് പറഞ്ഞു: ''ചേട്ടാ, അവാര്‍ഡ് തന്ന ലണ്ടന്‍ കമ്മിറ്റിക്കാരുടെ ഒരു നിബന്ധനയുണ്ട്. അവാര്‍ഡ് വാങ്ങുന്ന ആള്‍ ഈ നാട്ടിലെ ഏറ്റവും വലിയ യോഗ്യനാണെന്ന്' സ്വയം പ്രഖ്യാപിച്ചുകൊണ്ട്, ഈ കിണ്ണത്തില്‍ സ്പൂണ്‍ കൊണ്ട് കൊട്ടി, 'ഞാനാണ് ഈ നാട്ടിലെ ഏക ബുദ്ധിമാന്‍, ബാക്കിയുള്ളവരൊക്കെ വെറും മണ്ടന്മാര്‍' എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് അങ്ങാടിയിലൂടെ നടക്കണം. ലണ്ടനിലെ സാഹിത്യമാസികയിലേക്ക് ഫോട്ടോ എടുക്കാന്‍ ദാ ഈ നില്‍ക്കുന്ന മാത്യൂസ് ചേട്ടന്‍ ക്യാമറയുമായി റെഡിയാണ്..!''
പതിനായിരം രൂപയും ആള്‍ക്കാരുടെ മുന്നിലെ ഗമയും ആലോചിച്ചപ്പോള്‍ ഉറുമീസിന് പിന്നെ ഒന്നും നോക്കാന്‍ തോന്നിയില്ല. കയ്യിലിരുന്ന കവര്‍ പോക്കറ്റിലിട്ട്, കിണ്ണത്തില്‍ സ്പൂണ്‍ കൊണ്ട് കൊട്ടി ഉറുമീസ് വിളംബരം തുടങ്ങി:
''ടണ്‍.. ടണ്‍.. ടണ്‍.. ഞാനാണ് ഈ നാട്ടിലെ ഏക ബുദ്ധിമാന്‍..! ബാക്കിയുള്ളവരൊക്കെ വെറും പൊട്ടന്മാര്‍..!''
അങ്ങാടിയിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും വഴിപോക്കരുമെല്ലാം ഉറുമീസിന്റെ ഈ വിക്രിയ കണ്ട് ചിരിച്ചു മറിഞ്ഞു. ഉറുമീസ് അതൊന്നും വകവെക്കാതെ വലിയ ഗമയില്‍ അങ്ങാടിയുടെ നടുവിലേക്ക് നടന്നു.
പെട്ടെന്നാണ് ഉറുമീസിന്റെ ഭാര്യ കാര്‍ത്ത്യായനി അവിടേക്ക് വന്നത്. മീന്‍ വാങ്ങാന്‍ വന്ന കാര്‍ത്ത്യായനി കാണുന്നത് സ്വന്തം ഭര്‍ത്താവ് കഴുത്തില്‍ മാലയും ഇട്ട് കിണ്ണത്തില്‍ കൊട്ടിക്കൊണ്ട് വിളിച്ചുകൂവുന്നതും ആളുകളൊക്കെ പരിഹാസത്തോടെ ചിരിച്ചു മറിയുന്നതുമാണ്.
അവരുടേ നിയന്ത്രണം വിട്ടു. ഓടിവന്ന് ഉറുമീസിന്റെ കയ്യിലിരുന്ന കിണ്ണവും സ്പൂണും പിടിച്ചുവാങ്ങി ഒറ്റയേറ്. എന്നിട്ട് ഉറുമീസിന്റെ പോക്കറ്റിലിരുന്ന ആ അവാര്‍ഡ് കവര്‍ ബലമായി പിടിച്ചുവാങ്ങി അങ്ങാടിയില്‍ വെച്ച് തന്നെ പൊട്ടിച്ചു.
അഞ്ഞൂറിന്റെ ഗാന്ധിത്താളുകള്‍ ദര്‍ശിക്കാന്‍ ഉറുമീസ് വെമ്പല്‍ കൊണ്ടു. എന്നാല്‍ ഉറുമീസിന്റെയും കാര്‍ത്ത്യായനിയുടെയും മുന്നിലേക്ക് വീണത് നോട്ടുകളല്ല, പകരം ഒരു കഷ്ണം കടലാസ് മാത്രമാണ്..! അതില്‍ വലിയ അക്ഷരത്തില്‍ ഇങ്ങനെ എഴുതിയിരുന്നു:
''പ്രിയപ്പെട്ട ഉറുമീസ് കോവയ്ക്കാപ്പള്ളിച്ചേട്ടന്,
എന്തിനും ഏതിനും നാട്ടുകാരെ കുറ്റം പറയുന്ന നിങ്ങളുടെ അഹങ്കാരത്തിന് ഈ അങ്ങാടിയിലെ ആളുകളുടെ ചിരിയാണ് ഞങ്ങള്‍ തരുന്ന ഏറ്റവും വലിയ 'ക്യാഷ് അവാര്‍ഡ്'. ഇനിയെങ്കിലും മറ്റുള്ളവരുടെ നന്മയെ കുറ്റം പറയാതിരിക്കുക. ഇതിനകം തന്നെ നിങ്ങളുടെ ഈ കിണ്ണമടി വിളംബരം നാട്ടുഗ്രൂപ്പുകളില്‍ ലൈവ് ആയി പോസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് അറിയിക്കാന്‍ സന്തോഷം...''
കത്ത് വായിച്ചതും കാര്‍ത്ത്യായനി ചുറ്റും നോക്കി. ആളുകള്‍ മൊബൈലില്‍ എടുത്ത വീഡിയോ കാണിച്ച് ചിരിക്കുകയാണ്. നാണക്കേട് താങ്ങാനാവാതെ കാര്‍ത്ത്യായനി കയ്യിലിരുന്ന വലിയ മീന്‍കൂട്ട കൊണ്ട് ഉറുമീസിന്റെ തലയ്‌ക്കൊരു തട്ട് വെച്ചുകൊടുത്തു: ''നാട്ടുകാരെ മുഴുവന്‍ കുറ്റം പറഞ്ഞ് നടന്നിട്ട് ഒടുവില്‍ ജീവനോടെ കോമാളിയായേക്കുന്നു! വീട്ടില്‍ കയറിപ്പോടാ മനുഷ്യാ...'' കാര്‍ത്ത്യായനിയുടെ സകല നിയന്ത്രണവും വിട്ടു.
പക്ഷേ ഉറുമീസ് കോവയ്ക്കാപ്പള്ളി ഉണ്ടോ വിടുന്നു. ആ നാണക്കേടിനിടയിലും തന്റെ സ്ഥിരം നമ്പറായ കുറ്റം പറയല്‍ കക്ഷി പുറത്തെടുത്തു. ആളുകളുടെ മുന്നില്‍ വെച്ച് അവള്‍ക്ക് നേരെ വിരല്‍ ചൂണ്ടി ഉറുമീസ് അലറി:
''ഡീ... നിന്റെയൊരു രാശി. നീ ചന്തയിലേക്ക് ഇറങ്ങിയ സമയം ശരിയല്ലാത്തതുകൊണ്ടാ എനിക്ക് കിട്ടേണ്ട പതിനായിരം രൂപ വെറും കടലാസായത്. വീട്ടില്‍ ഒരു ചായ ഉണ്ടാക്കി തന്നാല്‍ അതില്‍ പഞ്ചസാര കാണില്ല. കറിക്ക് ഉപ്പുമില്ല മുളകുമില്ല. അവളുടെ മോന്തായം കണ്ടില്ലേ...''
നാട്ടുകാരുടെ മുന്നില്‍ വെച്ച് സ്വന്തം ഭര്‍ത്താവ് തന്നെ ഇങ്ങനെ തന്നെ നാണം കെടുത്തിയതോടെ കാര്‍ത്ത്യായനിയുടെ ഉള്ളിലെ ഭദ്രകാളി ഉണര്‍ന്നു. അവള്‍ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു: '''ഇത്രയും കാലം നിന്റെ വായിലെ വിഷം ഞാന്‍ സഹിച്ചു. ഇനി ഈ ജന്മത്ത് എന്നെക്കൊണ്ട് പറ്റില്ലടാ കോവയ്ക്കാപ്പള്ളി...''
അവള്‍ കയ്യിലിരുന്ന മീന്‍കൂട്ട നിലത്തേക്ക് വലിച്ചെറിഞ്ഞു. എന്നിട്ട് നേരെ നടന്നത് ചായക്കടയുടെ കോണിലിരുന്ന് ചിരിക്കുകയായിരുന്ന ഉറുമീസിന്റെ ഉറ്റസുഹൃത്ത് ഉന്മേഷിന്റെ അടുത്തേക്കാണ്.
നാട്ടിലെ അറിയപ്പെടുന്ന ഉഴപ്പനും ഭാര്യയില്ലാത്തവനുമായ ഉന്മേഷിനോട് കാര്‍ത്ത്യായനി ഉറക്കെ ചോദിച്ചു: ''ഉന്മേഷേട്ടാ, നിങ്ങള്‍ കഴിഞ്ഞ മാസം എന്നോട് ചോദിച്ച ആ കാര്യം ഇപ്പോഴും ഒ.കെയാണോ..?
ഇത് കേട്ട് ഉന്മേഷ് ചായ തൊണ്ടയില്‍ കുടുങ്ങിയ ചുമച്ചുകൊണ്ട് എഴുന്നേറ്റു: ''അത്.. അത് പിന്നെ കാര്‍ത്തു, ഞാന്‍ ചുമ്മാ...''
''ഒരു ചുമ്മാതുമല്ല. ഈ കിണ്ണമടിയന്റെ കൂടെ ജീവിച്ച് ഭ്രാന്ത് പിടിക്കുന്നതിനേക്കാള്‍ നല്ലത് നിങ്ങടെ കൂടെ ജീവിക്കുന്നതാ. വണ്ടി എടുക്ക്, നമുക്ക് പോകാം...'' കാര്‍ത്ത്യായനി ഒരു തീരുമാനത്തിലെത്തി.
ഒരു നിമിഷം ഉന്മേഷ് ഒന്ന് പരുങ്ങി. പക്ഷേ, ഉറുമീസ് അപ്പോഴും വിടാതെ വിളിച്ചുപറഞ്ഞു: ''ഓ.. നോക്കിക്കേ, ഒടുവില്‍ അവള്‍ക്ക് ചേര്‍ന്ന ഒരു അലവലാതിയെത്തന്നെ കിട്ടി. രണ്ടുപേരും കൂടി ഇനി നാട് മുടിച്ചോളും...''
ഉന്മേഷ് പിന്നെ ഒന്നും നോക്കിയില്ല, ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് ഔറ്റ റെയ്‌സ്. കാര്‍ത്ത്യായനി ഗമയില്‍ ബൈക്കിന്റെ പിന്നില്‍ കയറിയിരുന്നു. ഉറുമീസിനെ നോക്കി ഒരു പ്രത്യേക ആക്ഷന്‍ കാട്ടി. അവര്‍ രണ്ടുപേരും അങ്ങാടിയിലൂടെ പാഞ്ഞുപോയി. ഉറുമീസിന്റെ സ്വന്തം കൂട്ടുകാരന്‍ അവന്റെ ഭാര്യയെയും കൊണ്ട് 'ഒളിച്ചോടിയിരിക്കുന്നു.
നാട്ടുകാര്‍ ആകെ സ്തബ്ധരായി നിന്നു. ഇത്രയും വലിയൊരു ട്വിസ്റ്റ് ക്ലബ്ബുകാര്‍ പോലും പ്ലാന്‍ ചെയ്തതല്ലായിരുന്നു. പക്ഷേ ഉറുമീസ് അപ്പോഴും വിട്ടുകൊടുത്തില്ല. നിലത്തുകിടന്ന ആ പിച്ചള സ്പൂണും കിണ്ണവും എടുത്ത് കൊട്ടിക്കൊണ്ട്, പോകുന്ന ബൈക്കിന് നേരെ ചൂണ്ടി അവന്‍ ഉറക്കെ വിളിച്ചുപറഞ്ഞു:
''കണ്ടോ നാട്ടുകാരേ... ആ ബൈക്കിന്റെ ചെയിന്‍ ലൂസാ. അധികം ദൂരം പോകുന്നതിന് മുന്നേ രണ്ടും കൂടെ റോഡില്‍ വീഴും. ഹല്ല പിന്നെ. ഞാനേ പണ്ടേ പറഞ്ഞതാ ആ ഉന്മേഷിന് വണ്ടി ഓടിക്കാന്‍ അറിയില്ലെന്ന്...''
സ്വന്തം ഭാര്യ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടിപ്പോയിട്ടും, അവര്‍ പോയ വണ്ടിയുടെ കുറ്റം കണ്ടുപിടിക്കുന്ന ഉറമീസിന്റെ ആ ആത്മാര്‍ത്ഥത കണ്ട് നാട്ടുകാര്‍ കൈയ്യടിക്കണോ അതോ ചിരിക്കണോ എന്നറിയാതെ പകച്ച് നിന്നുപോയി.
അതിനുശേഷം ഉറമീസ് വഴിയിലൂടെ നടക്കുമ്പോള്‍ നാട്ടുകാര്‍ ചോദിക്കാറുണ്ട്: ''എന്താ കോവയ്ക്കാച്ചേട്ടാ, ഉന്മേഷിന്റെ വണ്ടി ഇപ്പോഴും ലൂസാണോ..?'' എന്ന്. അത് കേട്ടാല്‍ കക്ഷി മിണ്ടാതെ തലയും താഴ്ത്തി ഒരൊറ്റ മുങ്ങലാണ്. ഉന്മേഷും കാര്‍ത്ത്യായനിയും അടുത്ത വീട്ടില്‍ സുഖമായി ജീവിക്കുന്നു, ഉറുമീസ് കോവയ്ക്കാപ്പള്ളിയുടെ നെഗറ്റീവ് സാന്നിധ്യം ഇല്ലാത്തതുകൊണ്ട് കാര്‍ത്തുവിന് ഇപ്പോള്‍ നല്ല തടിയും വെച്ചിട്ടുണ്ട്. വയറ്റിലുണ്ടെന്നും കേള്‍ക്കുന്നു.