Image

പി കെ നായർ - ചരിത്രത്തിന്റെ കാവൽക്കാരൻ (പുസ്തകലോകം : പ്രദീപ് പനങ്ങാട്)

Published on 14 June, 2026
പി കെ നായർ - ചരിത്രത്തിന്റെ കാവൽക്കാരൻ (പുസ്തകലോകം : പ്രദീപ് പനങ്ങാട്)

ചരിത്രത്തിന്റെ കണ്ടെത്തലിലേക്കും, സമാഹരണത്തിലേക്കും എത്തി. രാജ്യത്ത് അറിയപ്പെടുന്ന ആർക്കൈവിസ്റ്റായി മാറിയ വ്യക്തി

 

എൺപതുക്കൾ മുതൽ പി കെ നായരെ അറിയാം. ദേശീയ /അന്തർദേശീയ ചലച്ചിത്ര മേളകളിൽ നിത്യ നിശബ്ദ സാന്നിധ്യമായിരുന്നു . തിയേറ്ററിലെ ഇരുട്ടിലേക്കു ചെറിയ ടോർച്ചിലെ വെളിച്ചം തെളിച്ച് ഇരിപ്പിടം കണ്ടെത്തുന്ന പി കെ നായർ ഓർമ്മകളിൽ ഇപ്പോഴുമുണ്ട്. സത്യത്തിൽ ഇന്ത്യയിലെ  ഇരുളടഞ്ഞ ചരിത്രത്തിലേക്കു ആദ്യം തെളിച്ച വെളിച്ചങ്ങളിൽ ഒന്ന് പി കെ നായരുടേതായിരുന്നു. വിസ്മൃതിയിലേക്ക് വീണു പോയ എത്രയോ ആദ്യ കാല ഇന്ത്യൻ സിനിമകൾ കണ്ടെത്തി സംരക്ഷിച്ചത് അദ്ദേഹമാണ്.അതിലുപരി ഇന്ത്യൻ സിനിമയുടെ ചരിത്രം ഏക്കാലത്തേക്കുമായി അവതരിപ്പിക്കാനും കഴിഞ്ഞു. അതുകൊണാണ് ഇന്ത്യൻ സിനിമയുടെ സംരക്ഷകൻ എന്ന് ചരിത്രകാരന്മാർ അദ്ദേഹത്തെ വിളിച്ചത് .

പി കെ നായർക്ക് കാഴുകളിലും ശേഖരണത്തിലുമായിരുന്നു താല്പര്യം. എഴുത്തിന്റെ ലോകം പരിമിതമായിരുന്നു. പതിറ്റാണ്ടുകളായി കണ്ട സിനിമകളെ കുറിച്ച് വിശദമായി കുറിപ്പുകൾ എഴുതി സൂക്ഷിച്ചിരുന്നെങ്കിലും, അതൊന്നും പരസ്യപ്പെടുത്തിയില്ല. ഇന്ത്യൻ  സിനിമയുടെ ദീർഘകാല ചരിത്രം എഴുതാനുള്ള എല്ലാസാധ്യതകളും സാഹചര്യങ്ങളും ഉണ്ടായിട്ടും പി.കെ നായർ അതിന് തയ്യാറായില്ല. ചരിത്ര സൂക്ഷിപ്പുകാരന്റെ നിയോഗത്തിൽ മാത്രം സ്വയം പരിമിതപ്പെട്ടു. ഇന്ത്യൻ സിനിമ എക്കാലവും ഓർക്കേണ്ട ആദരണീയ മലയാളിയാണ്, സെല്ലുലോയിഡ് മാന്‍ എന്ന് വിശേഷിക്കപ്പെടുന്ന പി.കെ നായർ.

പി കെ നായരുടെ ലേഖനങ്ങളും കുറിപ്പുകളും സമാഹരിച്ചതാണ് ഇന്നലെ കളുടെ സിനിമകൾ എന്നത്തേക്കും(മാതൃഭൂമി ബുക്ക്സ്).അഞ്ച് ഭാഗങ്ങളായാണ് പുസ്തകം രൂപപ്പെടുത്തിയിരിക്കുന്നത്.പി.കെ നായരെ അറിയാനും ആ ജീവിതത്തിന്റെ ലക്‌ഷ്യങ്ങൾ തിരിയറിയാനും ചലച്ചിത്ര സങ്കൽപ്പങ്ങൾ മനസ്സിലാക്കാനും ഈ പുസ്തകം സഹായിക്കും. ഒരു ചരിത്രകാരനെ വീണ്ടെടുക്കലാണ് ഈ സമാഹാരത്തിലൂടെ സാധിക്കുന്നതു്.

ആത്മകഥയുടെ ചിതറിയ അധ്യായങ്ങളാണ് പുസ്തക തുടക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ സിനിമക്കാഴ്ചകൾ, തിയേറ്ററുകളുടെ സ്വഭാവം, പ്രദർശന രീതികൾ എന്നിവ അവതരിപ്പിക്കുന്നുണ്ട്. സിനിമയുമായുള്ള എന്റെ ആദ്യ മുഖാമുഖം എന്ന കുറിപ്പിൽ ഇങ്ങനെ എഴുതുന്നു, "എന്റെ ആദ്യ സിനിമയുടെ പേരും അനന്തശയനം(1942തമിഴ് )എന്നായിരുന്നു. അനന്തപുരിയുടെ ആവിർഭാവത്തിനു പിന്നിലുള്ള ഐതിഹ്യത്തെ കുറിച്ചുള്ള ഒരു നാടോടികഥയായിരുന്നു സിനിമ. കാടിന്റെ പശ്ചാത്തലം മുതൽ ക്ഷേത്ര പ്രവർത്തനങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു ടൗൺഷിപ്പിന്റെ പരിണാമം വരെയുള്ള അനന്തപുരിയുടെ കഥയായിരുന്നു സിനിമ അവതരിപ്പിച്ചിരുന്നത്. സിനിമയുമായുള്ള എന്റെ ആദ്യ മുഖാമുഖമായിരുന്നു അത്.അതൊരു അനന്യവും മറക്കാനാവാത്തതുമായ അനുഭവമായിരുന്നു. തിളങ്ങുന്ന വെളുത്ത മണലിൽ കുത്തിയിരുന്ന് സിനിമയുടെ മറ്റുഭക്തർക്കൊപ്പം സ്വന്തം ജന്മസ്ഥലത്തിന്റെ ഉത്ഭവത്തെ കുറിച്ചുള്ള ഐതിഹാസിക സിനിമ കാണുക-ഇതു് പിന്നീടുള്ള എന്റെ എല്ലാ സിനിമ ക്കാഴ്ചകളിലും എനിക്ക് നഷ്ടമായി".ഈ കാഴ്ച്ച പിന്നീട് വിപുലമാകുകയും പി കെ നായർ സിനിമയാണ് തന്റെ ജീവിത സ്ഥലമെന്ന് കണ്ടെത്തുകയും ചെയ്യുന്നു. മാത്രമല്ല ആ കാഴ്ചകളുടെ പ്രകാശത്തിലൂടെ ചരിത്രത്തിന്റെ കണ്ടെത്തലിലേക്കും, സമാഹരണത്തിലേക്കും എത്തി. രാജ്യത്ത് അറിയപ്പെടുന്ന ആർക്കൈവിസ്റ്റുമായി മാറി.

സിനിമയെ ഒരു ആത്മീയ അനുഷ്ഠാനമായാണ്പി.കെ നായർ കാണുന്നതു്. അതുകൊണ്ടാണ് നിരവധി പരിമിതികളെ അതിധീരമായി നേരിട്ട് ചരിത്രസമാഹരണത്തിൽ ഉറച്ചുനിന്നത്. പി കെ നായർ എഴുതുന്നു,"സിനിമാ ഹാളുകളെ ആരാധനാലയങ്ങളുമായി ബന്ധപ്പെടുത്തുന്നത് ചിലർക്ക് അരോചകമായി തോന്നുമെങ്കിലും എനിക്ക് അങ്ങനെ തോന്നുന്നില്ല. പൂനയിലെ നാഷണൽ ആർക്കൈവിന്റെ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കുന്ന കാഴ്ചക്കാരോട് അവരുടെ ഷൂസും ചെരിപ്പുകളും
പുറത്തു വെയ്ക്കാൻ ആവശ്യപ്പെടുന്ന തീരുമാനം ഞാൻ എടുത്തത് ഇതുകൊണ്ടായിരിക്കാം"(അവഗണിക്കപ്പെട്ട പ്രൊജക്ഷനിസ്റ്റ്). ഈ ആത്മാഭിനിവേശം പി.കെ നായർ ജീവിതാവസാനം വരെ നിലനിർത്തി.

ഫിലിം ആർക്കൈവിന്റെ പ്രസക്തിയും പ്രാധാന്യവും അവതരിപ്പിക്കുന്ന ലേഖനങ്ങൾ, ആ മേഖലയെ കുറിച്ചുള്ള നിരവധി അറിവുകൾ തരുന്നു. മാത്രമല്ല, തന്റെ ആർക്കൈവൽ അനുഭവങ്ങളും പങ്കു വെക്കുന്നു. ഫാൽക്കെ യുടെ രാജാ ഹരിചന്ദ്ര കണ്ടെത്തിയ ചരിത്രം വിശദമാക്കുന്നു. ശേഖരിക്കാൻ കഴിയാതെ പോയ സിനിമകളെകുറിച്ചും എഴുതുന്നു.ഇന്ത്യൻ സിനിമയുടെ ചരിത്രത്തിന്റെ വിഭിന്ന വഴികളും ഇന്ത്യൻ ഡോക്കുമെന്ററിയുടെ തുടക്കവും ഇതിൽ വായിക്കാം. വ്യക്തിത്വം തേടുന്ന മലയാളം സിനിമ എന്ന ലേഖനത്തിൽ ആദ്യ കാല മലയാള സിനിമകളുടെ വളർച്ചയും പരിമിതികളും പ്രതിസന്ധികളും ചർച്ച ചെയ്യുന്നു. ഒരു ചരിത്രകാരന്റെ സൂക്ഷ്മദൃഷ്ടി പതിഞ്ഞ ലേഖനങ്ങളാണ് എല്ലാം.
പി.കെ നായർ വിവിധ കാലങ്ങളിലായി എഴുതിയ നിരൂപണ കുറിപ്പുകൾ പുസ്തകത്തിൽഉണ്ട്..ഇന്ത്യാ വിഭജനം ഇന്ത്യൻ സിനിമയെ എങ്ങനെ ബാധിച്ചു എന്ന അന്വേഷണം ശ്രദ്ധേയമാണ്. പി.കെ നായർ എഴുതുന്നു, "ഋത്വിക് ഘട്ടക് മാത്രമാണ് എല്ലാ സിനിമകളിലേയും പ്രധാന കഥാപാത്രങ്ങളിലൂടെ വേരുകൾ അറ്റുപോവുന്നതിന്റേയും വീടുകൾ ഉപേക്ഷിച്ചു പേ കേണ്ടി വരുന്നതിന്റെയും മന:ശാസ്ത്രപരമായ ആഘാതം നിരന്തരം അവതരിപ്പിച്ചത്. വേഗത്തിലോടുന്ന ടെയിൽ ട്രാക്കിന്റെ അറ്റത്ത് വലിയ ശബ്ദത്തോടെ നിൽക്കുമ്പോൾ കോപത്തോടയും വേദനയോടെയും നായകൻ മറുഭാഗത്തേക്ക് വിരൽ ചൂണ്ടുന്ന സീൻ പോലും ഒരിക്കലും മറക്കാൻ പറ്റില്ല. ധാക്കയിൽ നിന്നുള്ള ഘടക്ക് സ്വയം വിഭജനത്തിന്റെ ഇരയായിരുന്നു. വിഭജനം അതിവൈകാരികതയുള്ള അദ്ദേഹത്തിന്റെ മനസ്സിലുണ്ടാക്കിയ മുറിവുകൾ ഒരിക്കലും മായ്ക്കാൻ കഴിഞ്ഞിരുന്നില്ല."(വിഭജനം സിനിമയിൽ )
അടൂർ ഗോപാലകൃഷ്ണൻ, ജോൺ ഏബ്രഹാം എന്നിവരുടെ ചലച്ചിത്രങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ചേർത്തിട്ടുണ്ട്. അടൂരിന്റെ സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം എന്നീ സിനിമകളെ കുറിച്ചാണ് എഴുതിയിരിക്കുന്നത്. ഇതിഹാസ തുല്യനായ സത്യജിത് റായിയുടെ അച്ചടക്കത്തോടെയുള്ള മഹത്തായ ചലച്ചിത്ര പാരമ്പര്യത്തിൽ ഉറച്ചു നിന്ന ഇന്ത്യയിലെ ഒരേയൊരു ചലച്ചിത്രകാരനാണ് അടൂർ ഗോപാലകൃഷ്ണൻ എന്ന് പി.കെ നായർ വിശേഷിപ്പിക്കുന്നു അദ്ദേഹം എഴുതുന്നു, "മലയാളിയുടെ സാംസ്ക്കാരിക ചുറ്റുപാടിലാണ് അദ്ദേഹത്തിന്റെ സിനിമകൾ ആഴത്തിൽ വേരൂന്നിയിട്ടുള്ളതെങ്കിലും മനുഷ്യരാശിയെ മൊത്തത്തിൽ വളരെയധികം ബാധിക്കുന്ന സാർവ്വത്രികസത്യങ്ങൾക്കായി അദ്ദേഹം സംസാരിക്കുന്നു ആ അർത്ഥത്തിൽ അദ്ദേഹത്തിന്റെ എല്ലാ സിനിമകൾക്കും അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയം പരിഗണിക്കാതെ സമകാലിക പ്രക്തിയുണ്ട്." ജോണിന്റെ അമ്മയറിയാൻ എന്ന ചിത്രത്തെ കുറിച്ച് ഇങ്ങനെ എഴുതുന്നു, "ഒരർത്ഥത്തിൽ, ജോൺ ഒരു സാങ്കൽപ്പിക കഥ വിവരിക്കുകയായിരുന്നു. പക്ഷേ അദ്ദേഹം സംസാരിക്കുന്നതു് നമ്മുടെ സാമൂഹിക സാംസ്ക്കാരിക ചരിത്രത്തിന്റെ ഭാഗമായി മാറിയ യഥാർത്ഥ ആളുകളേയും യഥാർത്ഥ സംഭവങ്ങളേയും കുറിച്ചാണ്.അതിനാൽ സിനിമയെ വെറും കെട്ടുകഥയായി തള്ളിക്കളയാനാവില്ല. അത് അതിനുമപ്പുറമാണ്. വരുംകാലങ്ങളിൽ നമ്മെ പ്രകോപിപ്പിക്കുന്ന രീതിയിൽ ചിന്തിപ്പിക്കാനായി അതിൽ ധാരാളം സത്യമുണ്ട്.ഏതെങ്കിലും തരത്തിലുള്ള വർഗ്ഗീകരണത്തെ നിരാകരിക്കുന്ന ഒരു പുതിയ സിനിമക്കായി ജോൺ ശ്രമിക്കുകയായിരുന്നു.ആ അർത്ഥത്തിൽ അമ്മ അറിയാൻ നിസ്സംശയമായും ഒരു നാഴികക്കല്ലാണ്."
ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് രാജേഷ് ദേവ് രാജ് എഴുതിയ അവതാരിക പി.കെ നായർ എന്ന സവിശേഷ വ്യക്തിത്വത്തിലേക്കുള്ള ശ്രദ്ധേയമായ പ്രവേശികയാണ്, ആ ജീവിതത്തിന്റെ പ്രധാനപ്പെട്ട വിവിധ സന്ദർഭങ്ങൾ അടയാളപെടുത്തുന്നു. പുസ്തകത്തിന്റെ പരിഭാഷ നിർവഹിച്ചത്, ചലച്ചിത്ര നിരൂപകനായ പി കെ സുരേന്ദ്രനാണ്
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക