Image

ഫൊക്കാന സമ്മേളനത്തില്‍ പ്രമുഖ സാഹിത്യ-സാംസ്‌കാരിക പ്രതിഭകള്‍ പങ്കെടുക്കുന്നു

കോരസണ്‍ വര്‍ഗീസ് Published on 13 June, 2026
ഫൊക്കാന  സമ്മേളനത്തില്‍  പ്രമുഖ സാഹിത്യ-സാംസ്‌കാരിക പ്രതിഭകള്‍ പങ്കെടുക്കുന്നു

പെന്‍സില്‍വാനിയയിലെ കലഹാരി റിസോര്‍ട്ടില്‍ 2026 ആഗസ്റ്റ് 6 മുതല്‍ 8 വരെ നടക്കുന്ന ഫൊക്കാന (FOKANA) അന്തര്‍ദേശീയ കണ്‍വെന്‍ഷനില്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അര്‍ഹമായ പ്രാധാന്യം നല്‍കി വിപുലമായ സാഹിത്യസമ്മേളനം സംഘടിപ്പിക്കുന്നു. മലയാളികളുടെ ലോകത്തിലെ ഏറ്റവും പഴക്കമേറിയതും സമഗ്രവുമായ സാമൂഹിക-സാംസ്‌കാരിക സംഘടനകളിലൊന്നായ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളില്‍ സാഹിത്യത്തിനും ഭാഷയ്ക്കും ലഭിക്കുന്ന പ്രാധാന്യത്തിന്റെ തുടര്‍ച്ചയായാണ് ഈ സമ്മേളനം.

നോര്‍ത്ത് അമേരിക്കയില്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ശ്രദ്ധേയമായ ഇടം സൃഷ്ടിക്കുന്നതില്‍ ഫൊക്കാന വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ നോര്‍ത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ ഒരുമിപ്പിക്കുന്ന ഏറ്റവും വലിയ സാഹിത്യവേദികളിലൊന്നായി ഈ സമ്മേളനം മാറുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. കണ്‍വെന്‍ഷന്റെ പ്രധാന വേദികളിലൊന്നില്‍ തന്നെയായിരിക്കും സാഹിത്യസമ്മേളനം അരങ്ങേറുക.

കേരളത്തില്‍ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാരും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന എഴുത്തുകാരും സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ അതുല്യ  ഫാൽക്കെ അവാർഡ് ജേതാവുമായ സംവിധായകനും എഴുത്തുകാരനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍, സമകാലിക മലയാള സാഹിത്യത്തിലെ ശക്തമായ ശബ്ദവും ഫ്രാന്‍സിസ് ഇട്ടിക്കോര ഉള്‍പ്പെടെയുള്ള ശ്രദ്ധേയ കൃതികളുടെ രചയിതാവുമായ ടി.ഡി. രാമകൃഷ്ണന്‍, സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത നോവലിസ്റ്റും മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ കെ.വി. മോഹന്‍കുമാര്‍, പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസ് പനച്ചിപ്പുറം, ശ്രദ്ധേയ നോവലിസ്റ്റും സാഹിത്യകാരനുമായ പി.പി. ജെയിംസ്, നാടക- സാഹിത്യകാരിയും ഗവേഷകയുമായ ഡോ. പ്രമീളാദേവി തുടങ്ങിയ നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

നോര്‍ത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നോവല്‍, ചെറുകഥ, കവിത, ഹാസ്യം, യാത്രാവിവരണം, ലേഖനം എന്നീ വിഭാഗങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രസിദ്ധീകരിച്ച മികച്ച കൃതികള്‍ വിലയിരുത്തി പ്രത്യേക അവാര്‍ഡുകള്‍ സമ്മാനിക്കും. കൂടാതെ നോര്‍ത്ത് അമേരിക്കന്‍ മലയാള സാഹിത്യരംഗത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയ എഴുത്തുകാര്‍ക്ക് പ്രത്യേക അംഗീകാരങ്ങളും നല്‍കും.

സമ്മേളനത്തോടനുബന്ധിച്ച് ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട മലയാള പുസ്തകങ്ങളുടെ വിപുലമായ പ്രദര്‍ശനം ഒരുക്കുന്നുണ്ട്. പുസ്തക പ്രകാശനങ്ങള്‍, പുസ്തകചര്‍ച്ചകള്‍, എഴുത്തുകാരുമായുള്ള സംവാദങ്ങള്‍, സമകാലിക സാഹിത്യത്തിലെ പുതിയ പ്രവണതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.

സാഹിത്യസമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി കോരസണ്‍ വര്‍ഗീസ് (ചെയര്‍മാന്‍), കെ. കെ. ജോണ്‍സന്‍ (കോ-ചെയര്‍മാന്‍), മുരളി ജെ. നായര്‍ (കോ-ചെയര്‍മാന്‍), ഗീത ജോര്‍ജ് (കോര്‍ഡിനേറ്റര്‍), ബെന്നി നെച്ചൂര്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം, വേണുഗോപാലന്‍ കൊക്കോടന്‍, അഭിലാഷ് തുണ്ടുമണ്ണില്‍, സന്തോഷ് പാല എന്നിവര്‍ ഉള്‍പ്പെട്ട സംഘാടകസമിതിയെ ഫൊക്കാന നേതൃത്വം നിയോഗിച്ചു.

നോര്‍ത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നോവല്‍, ചെറുകഥ, കവിത, ഹാസ്യം, യാത്രാവിവരണം, ലേഖനം,ഓര്‍മ്മക്കുറിപ്പുകള്‍ എന്നീ വിഭാഗങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ (മാര്‍ച്ച് 2024 ന് ശേഷം ) പുറത്തിറങ്ങിയ കൃതികള്‍ വിലയിരുത്തി അവാര്‍ഡുകള്‍ നല്‍കും. നോര്‍ത്ത് അമേരിക്കന്‍ എഴുത്തുകാരുടെ സമഗ്ര സാഹിത്യ സംഭാവനകള്‍ പരിഗണിച്ചും പ്രത്യേക പുരസ്‌കാരങ്ങളും നല്‍കപ്പെടും.കോരസണ്‍ വര്‍ഗീസ് (ചെയര്‍മാന്‍), കെ. കെ. ജോണ്‍സന്‍ (കോ-ചെയര്‍മാന്‍), സന്തോഷ് പാലാ  എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള  എഴുത്തുകാരുടെ സമിതി ആയിരിക്കും അവാര്‍ഡിനര്‍ഹരായവരെ തീരുമാനിക്കുക.

പുസ്തകത്തിന്റെ രണ്ട് കോപ്പികള്‍ 2026 ജൂലായ് അഞ്ചിനു മുന്‍പ് താഴെ പറയുന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ് എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു.

ചെയര്‍മാന്‍ ,ഫൊക്കാന സാഹിത്യ പുരസ്‌കാര സമിതി ,3 Lane Place, Plainview, NY 11803.

മലയാള ഭാഷയെയും സാഹിത്യത്തെയും ആഗോള മലയാളി സമൂഹവുമായി കൂടുതല്‍ ശക്തമായി ബന്ധിപ്പിക്കുന്ന ഒരു ചരിത്രപരമായ വേദിയായി ഫൊക്കാന 2026 സാഹിത്യസമ്മേളനം മാറുമെന്ന് സംഘാടകര്‍ അറിയിച്ചു.

Join WhatsApp News
Sudhir Panikkaveetil 2026-06-13 13:11:48
ഇവിടത്തെ പത്രങ്ങളിൽ വരുന്ന വിവരങ്ങൾ അനുസരിച്ച് അമേരിക്കയിൽ മലയാളി എഴുത്തുകാർ എഴുതിത്തുടങ്ങിയത് 1990 മുതലാണ്. അതിനെ അമേരിക്കൻ മലയാള സാഹിത്യം എന്ന് വിളിക്കാൻ ആരും തയ്യാറല്ലെന്ന് കാണുന്നു. അതല്ല കാര്യം.. മേല്പറഞ്ഞ കണക്ക് പ്രകാരം 36 വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടെയുള്ള എഴുത്തുകാർക്ക് ബാലാരിഷ്ടം തീരാതെ അവരെ പരിപാലിക്കാൻ നാട്ടിൽ നിന്നും പോറ്റമ്മമാരേ കൊണ്ടുവരേണ്ട ഗതികേട് ലജ്ജാവഹം.. എഴുത്തുകാർ ആരും തന്നെ പ്രതികരിക്കാത്തതുകൊണ്ട് ഇങ്ങനെ പലതും നടക്കുന്നു. പിന്നെ സമഗ്ര സംഭാവന എന്ന തട്ടിപ്പും. എന്താണ് സമഗ്ര സംഭാവന എന്ന് വ്യക്തമാക്കുന്നില്ല. നരച്ച തലയാണ് ഒരു യോഗ്യതയായി പലരും കാണുന്നത്. അപ്പോൾ കഷണ്ടികളുടെ കാര്യം കട്ടപ്പൊക ഹാ..ഹാ.. എന്തായാലും ഫൊക്കാന ഇത്രയൊക്കെ ചെയ്യുന്നതിൽ അവരോട് നന്ദി പറയുക. പരിപാടിക്ക് എല്ലാ വിജയങ്ങളും നേരുന്നു. പരിപാടികളുടെ ചെയർമാനായി പ്രവർത്തിക്കുന്ന ശ്രീ കോരസൺ വർഗീസ് ശേഷിയും ശേമുഷിയുമുള്ള സംഘാടകനാണ്. അദ്ദേഹം പരിപാടികൾ ഉജ്ജ്വലമാക്കുമെന്ന് വിശ്വാസമുണ്ട്.
ഡാഷ് മോൻ ചക്കരമാക്കിൽ 2026-06-14 00:43:07
അല്ലേ, FOKANA.. നാട്ടിൽ നിന്ന് പൊക്കിക്കൊണ്ട് വരുന്നവർ മാത്രമാണോ പ്രമുഖർ? അമേരിക്കയിൽ നിന്ന് പൊക്കിക്കൊണ്ട് വരുന്നവർ ആരും പ്രമുഖരല്ലേ?. നാട്ടിൽ നിന്ന് വരുന്ന പ്രമുഖർ, എത്ര സമയം എടുത്ത് എന്തുപറഞ്ഞാലും എത്ര ബോറടിപ്പിച്ചാലും അത് യാതൊരു കുഴപ്പവുമില്ല. എന്നാൽ അമേരിക്കയിലുള്ള നമ്മുടെ സ്വന്തം ആൾക്കാർ എത്ര നല്ല പ്രസംഗം ചെയ്താലും, അവനോട് പറയും സമയം തീർന്നു.., അവനെ കഴുത്തെ പിടിച്ചിറക്കും അല്ലെങ്കിൽ കൂവി ഇറക്കും. നിങ്ങൾ മാത്രമല്ല ഇവിടത്തെ മിക്ക എല്ലാ സംഘടനകളും ഇങ്ങനെയൊക്കെ തന്നെ ചെയ്യുന്നു. . എന്തൊരു അനീതി. എന്നാൽ നാട്ടിൽ നിങ്ങൾ അമേരിക്കൻ മലയാളിയാണെന്നും പറഞ്ഞു ചെന്നാൽ, കൈ നീട്ടി നിങ്ങളുടെ പണം മുഴുവൻ നാട്ടിൽ അടിച്ചെടുക്കും, നിങ്ങളുടെ അണ്ടർവെയർ വരെ അവർ ഊരിയെടുക്കും, കൂടുതൽ സംസാരിച്ചാൽ നിങ്ങളെ സ്റ്റേജിൽ നിന്ന് തൊഴിച്ചിറക്കും. എന്ത് ചെയ്യാം, അമേരിക്കയിൽ ആണെങ്കിൽ തന്നെയും, കഴിവുള്ളവരെ പ്രമുഖർ എന്ന് വിളിക്കാറുമില്ല. പണവും മസിൽ പവറും, ആഭിജാത്യവും ഉള്ളവരെ, ഇവിടെ കെട്ടിയെഴുന്നള്ളിക്കുന്നു. . അവരെ, സാർ, സാർ എന്ന് വിളിച്ചു പൊക്കിക്കൊണ്ട് നടക്കുന്നു. . കാര്യമായി സാഹിത്യം ഒന്നും എഴുതിയിട്ടില്ലെങ്കിലും സാഹിത്യ വേദിയിലും മുഖ്യ പ്രാസംഗികർ അവരായിരിക്കും. എന്നാൽ അനവധി കൃതികൾ എഴുതിയവനെ, അസൂയക്കാർ തൊഴിച്ച് തള്ളുകയും ചെയ്യും. അല്ലെങ്കിൽ നിങ്ങൾ വാർത്തയിൽ ഒന്ന് നോക്കൂ. പിള്ള സാർ, മഹാ പിള്ള സാർ, മാത്തു സാർ.., മഹാ മാ.. സാർ, ഡാഷ് ഡാഷ് സാർ എന്നെല്ലാം നിങ്ങൾ കേട്ടിട്ടില്ലേ?. വാർത്തകൾ അടിക്കടി വായിക്കുന്ന നിങ്ങൾ ഇതിനെപ്പറ്റിയൊക്കെ എന്ന അനലൈസ് ചെയ്യുക. ഞാനിവിടെ ഒരു വ്യക്തിയുടെയും പേര് പറയുന്നില്ല. വെറും ഡാഷ് ഡാഷ് എന്ന് മാത്രം പറയുന്നു.
കുഞ്ഞുമോൻ മത്തായി 2026-06-14 03:06:39
നമ്മുടെ ഡാഷ് മോൻ ചക്കരമാക്കിൽ പറയുന്നത്, നല്ല ചക്കര മാതിരി ശരിയാണ്. ഞാൻ യോജിക്കുന്നു. അമേരിക്കയിലെ, വെറും സാധാരണക്കാരായ പ്രമുഖരെ പ്രിയ FOKANA ഫോമ ഒക്കെ പൊക്കിക്കൊണ്ട് വരൂ. അവർക്കായി, അവരുടെ യാത്രയ്ക്ക് റൂമിനും മറ്റേതായി നിങ്ങൾ ഒരു കാശും മുടക്കണ്ട. അമേരിക്കയിലെ ഈ സാധാരണ പ്രമുഖർ അവരുടെ തന്നെ കാശ് മുടക്കി, നിങ്ങളുടെ വേദികളിൽ, അറിവിൻറെ വിസ്മയങ്ങൾ സൃഷ്ടിക്കും. അതെ അവസരത്തിൽ, നാട്ടിലെ ഈ so കോൾഡ് പ്രമുഖരെ വിമാനക്കൂലി ഹോട്ടൽ കൂലി, എയർപോർട്ട് പിക്കപ്പ്, എന്തെല്ലാം ചെയ്യേണ്ടി വരുന്നു, അതും അമേരിക്കൻ മലയാളികളുടെ കാശുകൊണ്ട്. എന്നിട്ട് അവർ വന്നാലോ ചുമ്മാ സമയം കൊല്ലി ബോറിങ്, വിഡ്ഢിത്തങ്ങൾ, വിളിച്ചുകൂട്ടി ഉറഞ്ഞുതുള്ളി പ്രസംഗിക്കും. എന്താ ഇതുവരെ ആൾക്കാര് ഒന്നും ഇത് മനസ്സിലാക്കാത്തത്. Mr. സുധീർ സാർ ആരെയാണ് ഭയപ്പെടുന്നത്, ഭയപ്പെടാതെ ഒന്നു തുറന്നു എഴുതൂ. പ്രതികരണ കോളത്തിൽ അല്ലാതെ, ലേഖനമായിട്ടും എഴുതൂ. അതുപോലെ പ്രതികരണ കോളത്തിലും തുരുതുരാ എഴുതു. അത്തരം ന്യൂസുകൾ ആവേശത്തോടെ കൈയ്യടിച്ച് ഞങ്ങൾ വായിക്കാം. അങ്ങനെ ഈ മലയാളിയും കൂടെ സമർത്ഥമാകട്ടെ. അമേരിക്കയിലെ കഴിവുള്ളവർക്ക് പ്രോത്സാഹനം കൊടുക്കുക കൊടുക്കുക. ചുമ്മാ ചിലരെ മാത്രം സാർ സാർ, ചിലരെ മാത്രം മഹാപിള്ള മഹാ പിള്ള എന്നും പറഞ്ഞു പൊക്കിയെടുത്ത് രൂപക്കൂട്ടിൽ വച്ച് ആരാധിക്കരുത്. ഞാനെന്ന പ്രതികരണക്കാരൻ എല്ലാം നിർഭയം നിരന്തരം ഇത്തരം കാര്യങ്ങൾ പറയും, പറ്റിയാൽ ഇത്തരം കാര്യങ്ങളെപ്പറ്റി ഒരു പുസ്തകം തന്നെ എഴുതാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്. അർഹതപ്പെട്ടവനെ തഴയുക, അർഹതയില്ലാത്തവനെ, അതായത് തൂറിയവനെ ആയാലും നമ്മൾ ധൈര്യമായിട്ട് എടുത്തു തോളിൽ വയ്ക്കും. തോളിൽ ഇരിക്കുന്നവന്റെ നാറ്റം സുഗന്ധമാണെന്ന് പറയും. അമേരിക്കൻ മലയാളികൾ ഗതികെട്ടട്ടില്ല. നമ്മൾ അമേരിക്കൻ മലയാളികൾ ഗതികെട്ടാൽ മാത്രം പുല്ല് തിന്നാൽ മതി. കുറെ കാലമായി ഈ അസോസിയേഷനുകളും നമ്മളും കടന്ന് പുല്ല് തിന്നുകൊണ്ടിരിക്കുകയാണ്. നാട്ടിലെ വമ്പന്മാർ മതി. നാട്ടിലെ എഴുത്ത് മതി. ഇവിടെ മലയാളി മഹാന്മാർ ഇല്ല, ഉണ്ടെങ്കിലും ചില മഹാ പിള്ളമാർ മാത്രം. അന്ന് മുട്ടത്ത് വർക്കിയെ നാട്ടിലെ ഇത്തരം ചില വമ്പന്മാർ മുറ്റത്തെ വർക്കി എന്നും വിളിച്ച അവഹേളിച്ചു. പക്ഷേ ഈ അവഹേളനക്കാർ എഴുതിയതിന്റെ 100 മടങ്ങ് വായനക്കാർ മുട്ടത്ത് വർക്കി ഉണ്ടായിരുന്നു. അതേമാതിരി അവഹേളിക്കപ്പെടുന്ന അനേകം മുട്ടത്തി വർക്കിമാർ അമേരിക്കയിൽ ഉണ്ട്. അവരെ എന്തുകൊണ്ട് പ്രമുഖർ എന്ന് വിളിക്കുന്നില്ല. ദയവായി നിങ്ങൾ നാട്ടിൽ നിന്ന് ഞങ്ങൾ തരുന്ന കാശും കൊടുത്ത് മേലെ കാണിച്ച ആ പ്രമുഖരെ പൊക്കിക്കൊണ്ട് വരികയാണെങ്കിൽ ഞാൻ അടക്കം കുറെ ആൾക്കാർ നിങ്ങളുടെ കൺവെൻഷൻ വരുന്നില്ല. ഞങ്ങടെ കാശ് Refund അപേക്ഷിക്കാൻ പോവുകയാണ്. അതേ മാതിരി സാഹിത്യകൃതികൾക്ക് നിങ്ങൾ മാർക്കിടുകയാണെങ്കിൽ അർഹതപ്പെട്ടവർക്ക്, നല്ല മാർക്ക് കൊടുത്ത അവർക്ക് അവാർഡ് കൊടുക്കും. അല്ലാതെ കണ്ട മോശം കൃതികൾക്ക് അവാർഡ് കൊടുക്കാതിരിക്കുക. മറ്റേ അവാർഡ് കിട്ടിയത് കൊണ്ട് ഞങ്ങളും കൊടുക്കുക ആണെന്ന് പറഞ്ഞു കൊടുക്കരുത്. അപ്രകാരം ചെല്ലുട്ട് അവാർഡ് കിട്ടിക്കഴിഞ്ഞാൽ അതിൻറെ മേലെ വീണ്ടും വീണ്ടും വിവിധ അവാർഡുകൾ വീണ്ടും വീണ്ടും ലഭിക്കുകയായി,. ചില അറു ബോറൻ കൃതികൾക്ക്, ഇത് അവാർഡ് കിട്ടി, ആശാൻ അവാർഡ് കിട്ടി, മാധവിക്കുട്ടി അവാർഡ് കിട്ടി, സാഹിത്യ പരിഷത്ത് അവാർഡ് കിട്ടി, സാഹിത്യ പഞ്ചായത്ത് അവാർഡ് കിട്ടി, കുഞ്ചൻ നമ്പ്യാർ അവാർഡ് കിട്ടി, എഴുത്തച്ഛൻ അവാർഡ് കിട്ടി അങ്ങനെ ഡാഷ് ഡാഷ് ഡാഷ് എണ്ണിയാലൊടുങ്ങാത്ത അവാർഡ് കിട്ടി എന്നും പറഞ്ഞ് പൊങ്ങി പൊങ്ങി നടക്കുന്ന കാലമാണിത്. ഡാഷ് മോൻ ചക്കരമാക്കി ഇനി കൂടുതലായി എഴുതുക. കൂടുതൽ പ്രതികരണം കേൾക്കാൻ ആയിട്ട് ഞങ്ങൾ കാത്തിരിക്കുകയാണ്. പ്രതികരണ എഴുത്തുകാരനായി ഇവിടെ കുത്തിയിരിക്കുന്ന regis നെടുങ്ങാട് പള്ളി എന്താ മിണ്ടാട്ടം മുട്ടി പോയോ?. റെജിസും, എതിരാളി J. Mathews ഒക്കെ എഴുതുക.
vayanakaran 2026-06-14 12:46:45
മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന ചൊല്ല് ഇവിടെ അന്വർത്ഥമാകുന്നു. തന്നെയുമല്ല ഇവിടെയുള്ള എഴുത്തുകാരെ കാണാൻ ആരും വരികയില്ലല്ലോ? അമേരിക്കയിലെ പ്രമുഖ എഴുത്തുകാരായി ഏതോ പേരിൽ മറഞ്ഞിരുന്നു കമന്റ് കോളത്തിൽ എഴുതിയവർ രാജു മൈലാപ്ര, ജയൻ വർഗീസ്, നിർമ്മല (കാനഡ/ന്യയോർക്ക് വ്യക്തമാക്കിട്ടില്ല) എന്നിവരാണ്. സംഘാടകർക്ക് കാണികൾ പ്രധാനം. ഒരു കാര്യം ചെയ്യാം പ്രമുഖ അമേരിക്കൻ മലയാളി എഴുത്തുകാരെ ഞങ്ങൾ ആദരിക്കുന്നു. അവർ അഞ്ച് മിനിറ്റ് വീതം നിങ്ങളോട് സംസാരിക്കും. സംസാരത്തിൽ ആളുകളെ "വീഴ്ത്താൻ" കഴിഞ്ഞാൽ അടുത്ത വർഷവും നിങ്ങളെ വിളിക്കാൻ ഭാരവാഹികൾ ശ്രദ്ധിക്കും.മൂന്നു പേര് കൂടാതെ പ്രമുഖരെ കണ്ടെത്താനും ബുദ്ധിമുട്ടായിരിക്കും. വായനക്കാർ കമന്റ് കോളത്തിൽ അവർക്ക് ഇഷ്ടമുള്ള എഴുത്തുകാരുടെ പേരുകൾ എഴുതുക.
Sudhir Panikkaveetil 2026-06-14 21:30:00
ആരും പറയാത്ത ഒരു രഹസ്യം. എന്നാൽ എല്ലാവര്ക്കും അറിയുന്നത്. എന്തുകൊണ്ട് നാട്ടിൽ നിന്നും എഴുത്തുകാരെ കൊണ്ടുവരുന്നു.? കാരണം ഇവിടെയുള്ള എഴുത്തുകാർ പരസ്പരം ബഹുമാനിക്കുന്നില്ല. അവർ തമ്മിൽ ശത്രുത ആണ്. തെളിവ് ഇതാ...ഇവിടെ പരക്കെ അംഗീകരിക്കപ്പെട്ട ധാരാളം വായനക്കാർ ഉള്ള എഴുത്തുകാരൻ ഹാസ്യ സാമ്രാട്ട് ശ്രീ രാജു മൈലാപ്രയെ /അല്ലെങ്കിൽ അതേപോലെ പ്രശസ്തനായ എഴുത്തുകാരനെ ഫൊക്കാന സാഹിത്യ മീറ്റിങ്ങുകൾ ഉദ്ഘാടനം ചെയ്യാൻ വിളിക്കട്ടെ...അപ്പോൾ കാണാം പുകിൽ. ഇവിടെയുള്ളവർക്ക് അംഗീകരിക്കാൻ പ്രയാസമാണ്. അപ്പോൾ പിന്നെ ഫൊക്കാന പോലുള്ള സംഘടനകൾ എന്ത് ചെയ്യും.? നമ്മൾ നമ്മളെ അംഗീകരിക്കാത്ത കാലത്തോളം ഇങ്ങനെ ഉണ്ടാകും. താൻ ഇരിക്കേണ്ടയിടത്ത് താൻ ഇരുന്നില്ലേൽ അവിടെ നായ കയറി ഇരിക്കും.. നായ്ക്കളുടെ കടി കൊള്ളാതെ രക്ഷപ്പെടുക. അല്ലെങ്കിൽ തന്നെ ഈ നായ്ക്കളെ വീട്ടിലേക്ക് സദ്യ ഉണ്ണാൻ വിളിക്കാനും മടിയില്ലാത്ത എഴുത്തുകാരും ഉണ്ട് ഇവിടെ. ഫൊക്കാനക്ക് ഈ രഹസ്യം അറിയുമോ ആവോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക