Image

ഒരു രാജവംശത്തിന്റെ പിറവി, രാജ്യത്തിന്റെയും (യാത്ര / സിക്കിം -6: സുഭാഷ് വലവൂർ)

Published on 13 June, 2026
ഒരു രാജവംശത്തിന്റെ പിറവി, രാജ്യത്തിന്റെയും (യാത്ര / സിക്കിം -6: സുഭാഷ് വലവൂർ)

സിക്കിം പ്രദേശം പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോളം ഏകീകൃതമായിരുന്നില്ല. 'ലെപ്ച' എന്ന വിഭാഗമാണ് തദ്ദേശീയരായി ഇപ്പോൾ സിക്കിം എന്നു വിളിക്കപ്പെടുന്ന പ്രദേശത്തുണ്ടായിരുന്നത്. ലെപ്ചകൾ സിക്കിം പ്രദേശത്തുമാത്രമല്ല ഉണ്ടായിരുന്നത്. ഭൂട്ടാൻ, നേപ്പാൾ എന്നീ പ്രദേശങ്ങളിലും അവർ ഉണ്ടായിരുന്നു. ഡാർജീലിങ് ഒക്കെ സിക്കിമിന്റെ ഭാഗമായിരുന്നു. നാംഗ്യാൽ രാജവംശം പിൽക്കാലത്ത് ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുത്ത പ്രദേശമാണ് ഡാർജീലിങ്. ലെപ്ചകൾക്ക് ഒരു ഏകീകൃത ഭരണമോ രാജ്യമോ ഉണ്ടായിരുന്നില്ല.

വലിയ ജനനിബിഡമല്ലാതിരുന്ന ഈ ഹിമാലയ പർവ്വത പ്രദേശത്തേക്ക് എട്ടാം നൂറ്റാണ്ടുമുതൽ തന്നെ ടിബറ്റിലേയും നേപ്പാളിലേയും തദ്ദേശീയ ജനതയിൽ നിന്ന് ചെറിയതോതിൽ കുടിയേറ്റം തുടങ്ങിയിരുന്നു എന്നു കരുതാം. അങ്ങനെയാണ് ലെപ്ചകൾക്കു പുറമേ 'ലിംബു' വിഭാഗക്കാരും 'ബൂട്ടിയാ' വിഭാഗക്കാരും ഇവിടെ പ്രബലമായത്. ബൂട്ടിയ എന്നു കേൾക്കുമ്പോൾ നമുക്കാദ്യം ഓർമ്മവരിക ഇന്ത്യയിലെ പ്രഗത്ഭ ഫുട്ബോൾ കളിക്കാരനായ ബൈചുങ് ബൂട്ടിയയെ ആയിരിക്കും. അദ്ദേഹം ഈ ഗോത്രത്തിൽ പെട്ടയാളാണ്. ഗാങ്ടോക്കിൽ കാറിൽ സഞ്ചരിക്കുമ്പോൾ ബൂട്ടിയയുടെ പേരിലുള്ള ഒരു കളിസ്ഥലം കണ്ടതായോർക്കുന്നു. ലിംബു വിഭാഗക്കാർ അനിമിസം എന്ന സമ്പ്രദായം പുലർത്തുന്നവരായിരുന്നു. ടിബറ്റൻ പ്രദേശത്തെ ബോൺ മതത്തോട് സാമ്യമുള്ള രീതികളാണ് ഇവരുടേത്. ലിംബു വിഭാഗക്കാരും സിക്കിമിലെ ആദിമ ജനതപോലെ മാറിക്കഴിഞ്ഞവരാണ്. എന്നാൽ ബൂട്ടിയ വിഭാഗക്കാരാകട്ടെ ടിബറ്റൻ പ്രദേശങ്ങളിൽ നിന്നും കുടിയേറി പാർത്തവരാണ്. അവരുടെ രീതികളിൽ പ്രകടമായ വ്യത്യസ്തത ഉണ്ടായിരുന്നു.

ഒരു ഭരണസംവിധാനത്തിലേയ്ക്ക് നയിക്കുന്ന രാഷ്ട്രീയ നേതൃത്വം ഇവർക്കാർക്കുമുണ്ടായിരുന്നില്ല.  ഈ സാഹചര്യത്തിൽ ടിബറ്റൻ ബുദ്ധമതവിശ്വാസികളുടെ ഐതിഹ്യകഥകളെ പിൻപറ്റി ഈ പ്രദേശത്ത് ഒരു മതരാഷ്ട്രം സ്ഥാപിക്കുന്നതിന് ടിബറ്റിൽ നിന്നു കുടിയേറിയ ലാമമാർ ആലോചിക്കുകയും യോഗ്യനായ ഒരാളെ കണ്ടെത്താൻ നിശ്ചയിക്കുകയും ചെയ്‌തു. അങ്ങനെ ലാമമാർ ഗാങ്ടോക്കിൽ നിന്ന് കണ്ടെത്തിയ ഫൺസോഗ് എന്ന ടിബറ്റൻ വംശജനെ മൂന്നു ലാമമാർ ചേർന്ന് ആദ്യത്തെ രാജാവായി അഭിഷേകം ചെയ്‌തു. യുക്‌സോം എന്ന സ്ഥലത്തുവെച്ചാണ് കിരീടധാരണം നടന്നത്. നോർബുഗാങ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. നിധിയുടെ കുന്ന് അല്ലെങ്കിൽ 'രത്‌നഗിരി' എന്ന അർത്ഥത്തിലാണ് നോർബു ഗാങ് എന്ന് ഈ സ്ഥലത്തെ വിശേഷിപ്പിക്കാൻ തുടങ്ങിയത്.

സിക്കിമിന്റെ വടക്കൻ പ്രദേശത്തേയും തെക്കൻ പ്രദേശത്തേയും പടിഞ്ഞാറൻ പ്രദേശത്തേയും പ്രതിനിധീകരിക്കുന്ന ഓരോ ലാമമാർ ചേർന്നാണ് രാജാവിന്റെ കിരീടധാരണം നിർവ്വഹിച്ചത്. ഇത് ഭൂമിശാസ്ത്രപരമായ പ്രതിനിധാനത്തെയും മതപരമായ അംഗീകാരത്തിന്റെയും സൂചകങ്ങളായി കണക്കാക്കാം. ഏതാണ്ട് കിഴക്കൻ അതിർത്തിയോടു ചേർന്നാണ് ഈ ചടങ്ങു നടന്നതെന്നതുകൊണ്ടാകാം മറ്റു മൂന്നു ദിക്കുകളിൽ ചുരുക്കിയത്. 1642 ലാണ് ഈ സംഭവം നടക്കുന്നത്. ഫൺസോഗ് നാംഗ്യാൽ എന്ന പേരിൽ ഫൺസോഗ് സിക്കിമിലെ ആദ്യ രാജവംശത്തിലെ ആദ്യ രാജാവായി. മുന്നൂറുവർഷത്തിലധികം ഈ രാജവംശം സിക്കിം ഭരിച്ചു.

മരങ്ങൾ ഇടതൂർന്നു നിന്നിരുന്ന പ്രവേശന ഭാഗത്തുനിന്ന് ചെറിയ ആരാധനാ മന്ദിരം ചുറ്റിയാണ് ഞാൻ ഈ കിരീടധാരണ മേടയിലേക്കെത്തിയത്.  ഒരു വലിയ പൈൻ മരത്തിന്റെ ചുവട്ടിൽ നമ്മുടെ നാട്ടിലെ നാഗത്തറ പോലെ കെട്ടിയുയർത്തിയ കരിങ്കൽ തിട്ടയിൽ ശിലാപാളികൾ കൊണ്ട് ഇരിപ്പും ചാരും തീർത്ത ഇരിപ്പിടങ്ങൾ കാണാം. തീർത്തും ലളിതമായ സംവിധാനം. അക്കാലത്തും ഇപ്പോൾ അവശേഷിച്ചിട്ടുള്ള ഇരിപ്പിടമേ ഉണ്ടായിരുന്നുള്ളുവെന്ന് കരുതുന്നു. കാരണം അന്ന് സാമ്പത്തിക കേന്ദ്രീകരണം ഉണ്ടായിരുന്നില്ലല്ലോ.  ചുറ്റും ലഭ്യമായ കല്ലും മണ്ണും വെച്ച് കെട്ടിയ സംവിധാനമാണിത്. ടിബറ്റൻ പ്രാർത്ഥനാ പതാകകൾ എല്ലാവശത്തേയ്ക്കും വലിച്ചുകെട്ടിയിട്ടുണ്ട്. അന്നത്തെ മൂന്നു ലാമമാരെ ഓർക്കുന്നതിനും പ്രാർത്ഥനകൾ നടത്തുന്നതിനുമായി നോർബുഗാങ് ചോർട്ടൻ എന്ന പേരിൽ സ്ഥാപിച്ചിട്ടുള്ള സ്‌തൂപം ഈ പരിസരത്ത് കാണാം. അല്പം മാറി ഒരു ചെറിയ തടാകവുമുണ്ട്.  

നോർബു ഗാങ് കോറോണേഷൻ ത്രോണിന്റ അൽപ്പം താഴെയായി നേരത്തേ സൂചിപ്പിച്ച പ്രാർത്ഥനാ മന്ദിരമുണ്ട്, എന്നാൽ അവിടെനിന്ന് ഒരു ചെറിയ പടിക്കെട്ടുവഴി താഴെയിറങ്ങിയാൽ 'താങ് ടോങ് ഗ്യാൽപോ' എന്ന സന്യാസിയുടെ പേരിലുള്ള ക്ഷേത്രം കാണാം. ഇദ്ദേഹം പ്രശസ്തനായത് മറ്റൊരു പേരിലാണ്. ചക്‌സാമ്പാ അഥവാ 'ഇരുമ്പു പാല ശില്പി' എന്നാണ് ആ പേര്. ടിബറ്റിലും ചുറ്റുവട്ടങ്ങളിലുമായി മലയിടുക്കുകളും നീർച്ചോലകളും കടക്കാനായി വ്യാപകമായി ഇരുമ്പുകൊണ്ടുള്ള പാലം നിർമ്മിയ്ക്കുന്നതിനു നേതൃത്വം കൊടുത്തതുകൊണ്ടാണ് ആ പേര് കിട്ടിയത്. അദ്ദേഹത്തിന്റെ ഒരു പ്രതിമ ഏറ്റവും മുകളിലെ നിലയിൽ സ്ഥാപിച്ചിട്ടുണ്ട്. അതിനടുത്തുള്ള ടെറസിൽ നിന്നു നോക്കിയാൽ താഴ്‌വരയുടെ നല്ല കാഴ്ച്ച കാണാം.

താങ് ടോങ് ഗ്യാൽപോയുടെ ക്ഷേത്രത്തിൽ ഒരു സ്വർണ്ണ സ്‌തൂപമുണ്ട്. പ്രതിമയിരിക്കുന്ന ക്ഷേത്രമന്ദിരത്തിന്റെ ഏറ്റവും താഴെയുള്ള ഹാളിലാണ് സ്വർണ്ണസ്തൂപം പ്രതിഷ്ഠിച്ചിട്ടുള്ളത്. സ്‌തൂപത്തിന്റെ പിറകിലെ ഭിത്തിയോട് ചേർന്നുള്ള തട്ടിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ വെണ്ണക്കല്ലിലുള്ള ഇടത്തരം വലിപ്പമുള്ള അനേകം ബുദ്ധന്മാരെ പല അടുക്കുകളിലായി നിരത്തി വെച്ചിട്ടുണ്ട്. ഞാനവിടെ ചെല്ലുമ്പോൾ ക്ഷേത്രത്തിൽ ചില ചടങ്ങുകളൊക്കെ നടക്കുന്നുണ്ടായിരുന്നു. അതിന്റെ ഭാഗമായി 'ടോർമ്മ' എന്ന അലങ്കാര ഭക്ഷണം തയ്യാറാക്കുന്നത് കാണാൻ കഴിഞ്ഞു. വെണ്ണയും ബാർലി വറുത്തു പൊടിച്ചതും കൊണ്ട് വിവിധ രൂപങ്ങളിൽ നിറങ്ങൾ ചേർത്താണ് ടോർമ്മ തയ്യാറാക്കുന്നത്. അവ ദേവതാ സങ്കൽപ്പത്തിലോ ഏതെങ്കിലും സമർപ്പണ വസ്തുവിന്റെ രൂപത്തിലോ ആയുധങ്ങളുടെ രൂപത്തിലോ ഒക്കെ ആകാം.  താന്ത്രിക ബുദ്ധമതത്തിൽ ആരാധനയുടെ ഭാഗമായി ടോർമ ഉപയോഗിക്കുന്നു.

സിക്കിമിലെ ആദ്യത്തെ മൊണാസ്റ്ററിയായ ഡുബ്ഡി മൊണാസ്റ്ററിയിൽ നിന്ന് ഇവിടേക്കെത്താൻ മൂന്നു കിലോമീറ്ററേ ഉള്ളൂ.

ഒരു രാജവംശത്തിന്റെ പിറവി, രാജ്യത്തിന്റെയും (യാത്ര / സിക്കിം -6: സുഭാഷ് വലവൂർ)
ഒരു രാജവംശത്തിന്റെ പിറവി, രാജ്യത്തിന്റെയും (യാത്ര / സിക്കിം -6: സുഭാഷ് വലവൂർ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക