Image

ആരാധനയുടെ അടിസ്ഥാന ചോദനകൾ (ലേഖനം: ജയൻ വർഗീസ്)

Published on 12 June, 2026
ആരാധനയുടെ അടിസ്ഥാന ചോദനകൾ   (ലേഖനം:  ജയൻ വർഗീസ്)

ഏതൊരു ആരാധനയും രൂപം കൊള്ളുന്നതിന് പിന്നിൽ  നന്ദിയുടേതായ ഒരു പ്രചോദനം ഉണ്ടായിരിക്കും. തനിക്കു കടപ്പാടുള്ള എന്തിനോടും ഏതിനോടും ഉരുത്തിരിയുന്ന നന്ദിയുടെ ബഹിസ്പുരണം ആരാധനയായി പുറത്തേക്ക് ഒഴുകുന്നതാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്ഇതിലൂടെ അകത്ത് കെട്ടിക്കിടക്കുന്നവികാരത്തള്ളിച്ചകൾക്ക് പുറത്തേക്കുള്ള ഒരു വിസർജ്ജനം സാധ്യമാവുന്നു എന്നതിലൂടെ ആശ്വാസത്തിന്റെശീതള ഛായയിൽത്തന്നെ വ്യക്തി എത്തിപ്പെടുന്നു
 

ശാസ്ത്ര സാങ്കേതിക വളർച്ചകളുടെ ചോരാക്കുട ചൂടി നിൽക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇന്നുകളിൽപ്പോലും മനുഷ്യനിൽ നിന്ന് മാത്രമല്ലാ മൃഗങ്ങളിൽ നിന്ന് പോലും പുറപ്പെടുന്ന ഒരു സ്വാഭാവിക  വിസർജ്ജനത്തിന്റെ അനിവാര്യമായ പ്രകടനമായി ഇതിനെ കാണാവുന്നതാണ്. ഉദാഹരണമായി ഒരു മനുഷ്യനിൽ നിന്ന് ഒരിക്കൽ ഒരു തീറ്റ സ്വീകരിച്ചിട്ടുള്ള   നായ കാലമെത്ര കഴിഞ്ഞാലും ആ മനുഷ്യനെ തിരിച്ചറിയുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നതായി നമുക്കറിയാം. മാംസം കടിച്ചു കീറാനുള്ള വെമ്പൽഅകത്തു സൂക്ഷിക്കുമ്പോളും അത് ചെയ്യാതെ തന്നെ സംരക്ഷിച്ചവനെ കരുതലോടെ കാത്തുസൂക്ഷിക്കുന്നതിലൂടെ നന്ദിയും അതിന്റെ ബാഹ്യ രൂപമായ ആരാധനയും ആണ് ഇവിടെ പ്രകടമാവുന്നത്.

ഒരു മൃഗമായ നായയിൽ രൂപപ്പെടുന്ന ഇതേ വികാരം തന്നെയാണ് വിശേഷ ബുദ്ധിയുള്ള മൃഗമായ മനുഷ്യനിലും പ്രകടമാവുന്നത്. തന്റേതായ യാതൊരു പങ്കുമില്ലാതെ തനിക്കു ലഭ്യമാവുന്ന പ്രാപഞ്ചിക സൗഭാഗ്യങ്ങളുടെ ആസ്വാദന നിറവിൽ തനിക്കു വേണ്ടി നിൽക്കുന്ന ഒന്ന് തന്റെ പിന്നിൽ ഉണ്ട് എന്ന ബോധ്യം തന്റെ സപ്ലയറോട് ഉണ്ടാക്കി വയ്ക്കുന്ന കടപ്പാടിന്റെ പ്രകട രൂപമാണ് നന്ദി എന്ന ഈ ആരാധന. 

തകഴിയോടും വിജയനോടും മുകുന്ദനോടും മാത്രമല്ലാ ആശാനോടും ചങ്ങമ്പുഴയോടും വയലാറിനോടും നമുക്ക് ആരാധനയുണ്ട്. നമ്മിൽ പലരും അവരെ നേരിൽ കണ്ടിട്ടില്ലെങ്കിലും അവരെ അറിയാം. അവരുടെ മനസ്സുകൾ കോറിയിട്ട രചനകളിൽ നിന്ന് നമുക്ക് അനുഭവിക്കാനായ ആസ്വാദന മാധുര്യത്തിനുള്ള നന്ദിയാണ് അവരെ നമ്മുടെ ആരാധനാ മൂർത്തികളാക്കിയത്. 

പ്രപഞ്ചത്തോടൊപ്പം പ്രപഞ്ചമായി അദ്വൈതാവസ്ഥയിൽ നില നിൽക്കുന്ന പ്രപഞ്ച മനസ്സ് കോറിയിട്ട നമുക്കറിയുന്ന രചനയാണ്‌ പ്രകൃതി എന്നതിനാൽ ഈ പ്രകൃതിയിൽ ലഭ്യമാവുന്ന വായനാ സുഖം ആസ്വദിക്കുമ്പോൾ സ്വാഭാവികമായും ആ രചയിതാവിനോട്  നമ്മിൽ ആരാധന രൂപപ്പെടുന്നു ! 

( ശാസ്ത്ര സംജ്ഞയിൽ സിങ്കുലാരിറ്റി എന്ന് അടയാളപ്പെടുത്താവുന്ന ) അമ്മ ഭ്രൂണത്തിൽ നിതാന്ത നിദ്രയിലായിരുന്ന എന്നെയും നിങ്ങളെയും പന്ത്രണ്ടു ഘനയടിയിൽ ഇത് പോലെ രൂപപ്പെടുത്തുകയും ഇതിനുള്ളിൽ സ്ഥിതി ചെയ്തു കൊണ്ട് ഇതിനെ നില നിർത്തി എന്നെക്കൊണ്ട് ഇതെഴുതിക്കുകയും നിങ്ങളെക്കൊണ്ട് ഇത് വായിപ്പിക്കുകയും ചെയ്യുന്ന ബോസ് നിലവാരത്തിലുള്ള ഒരു സംവിധാനം നമുക്ക് തന്നെ അനുഭവേദ്യമായ സത്യമായിരിക്കുന്നത് നാം  അറിയുന്നുണ്ട് എന്നതിനാൽ 

അതേ അറിവിൽ പ്രപഞ്ചത്തെ മൊത്തത്തിൽ എടുത്ത് ചിന്തിക്കുമ്പോൾ ആനുപാതികമായി പ്രപഞ്ചത്തോളം വലിയ  ആ സത്യം പ്രപഞ്ച ബോസ്സായി പ്രപഞ്ചത്തിലുമുണ്ട് എന്നത് തന്നെയല്ലേ അടിസ്ഥാന സത്യം ? 

 പ്രപഞ്ചാത്മാവ് എന്നോ പ്രപഞ്ച ബോധാവസ്ഥ എന്നോ ഒക്കെ വിളിക്കാവുന്ന ഈ രചയിതാവിനോട്, നമ്മുടേതായ യാതൊരു പങ്കുമില്ലാതെ നമ്മുടേതെന്നു നാം വിളിക്കുന്ന നമ്മുടെ  ജീവിതം നമുക്ക് ലഭ്യമാവുന്നതിനു കാരണമായിത്തീരുന്നു 

എന്നതിനാൽത്തന്നെ ആ സംവിധാനത്തോടുള്ള നമ്മുടെ നന്ദി പ്രകടനങ്ങളാണ്  സാഹചര്യ സംബന്ധികളായിനമ്മൾ അനുഷ്ടിച്ചു കൊണ്ടിരിക്കുന്ന വിവിധങ്ങളായ ഈ ആരാധനകൾ.

ഈ സത്യം തിരിച്ചറിയാതെ പോകുന്നവരെ ശാസ്ത്ര വക്താക്കൾ എന്നും സ്വതന്ത്ര ചിന്തകർ എന്നുമൊക്കെ വിളിച്ച് ആരാധിക്കുന്നവർക്ക് അടിസ്ഥാന ആണികളിൽ ചിലതെങ്കിലും ഇളകിയിട്ടുണ്ടാവാം എന്നതല്ലേ ശരി ? 

ഇതിലൂടെ ലഭ്യമാവുന്ന ആത്മ സംതൃപ്തിയുടെ അനശ്വര സംവേദനങ്ങൾ അത് അനുഭവിക്കുന്നവർക്ക് മാത്രം ലഭ്യമാവുന്ന പ്രത്യേകതയാണെന്നും, ആ സമ്പർക്ക മേഖലയ്ക്ക് പുറത്തുള്ളവർക്ക് അത് അനുഭവപ്പെടുന്നില്ലായിരിക്കാം  എന്നും നമുക്ക് സമ്മതിക്കേണ്ടതുണ്ട്. പവ്വർ സോഴ്സിൽ തൊട്ടിരിക്കുന്ന ബാറ്ററിയിൽ ചാർജ് നിറയുന്നത് അത് ഉപയോഗിക്കുന്നവർക്ക് മാത്രം തിരിച്ചറിയാനാവുന്ന പ്രത്യേകതയാണ്. എന്നതിനാൽ അല്ലാത്തവരുടെ കാഴ്ചയിൽ  എല്ലാ ബാറ്ററികളും ഒരുപോലെ ആണെന്നേ തോന്നുകയുള്ളൂ.

തയ്യൽക്കാരന്റെ ജീവന ഉപാധിയായ തയ്യൽ മെഷീൻ തുടച്ചു വൃത്തിയാക്കി ലൂബ്രിക്കന്റ് ഓയിലിട്ടു സൂക്ഷിക്കേണ്ടത് തയ്യൽക്കാരന്റെ ചുമതലയാണ്. എങ്കിലേ അയാൾക്ക്‌ വേഗത്തിൽ ആദായകരമായി ആ മെഷീനിൽ ജോലി ചെയ്യുവാൻ സാധിക്കുകയുള്ളു. അതയാൾ ചെയ്യുന്നത് മെഷീന് വേണ്ടിയാണ് എന്ന് പറയുന്നതിലുപരി അയാൾക്ക് വേണ്ടിയാണ് എന്ന് പറയുന്നതല്ലേ കൂടുതൽ ശരി ? പവ്വർ സോഴ്‌സിൽ തൊട്ടിരുന്നു കൊണ്ട് ചാർജ് നിറച്ചെടുക്കേണ്ടത്  പവ്വർ സോഴ്‌സിനെക്കാളുപരി ബാറ്ററിക്കാരന്റെ ആവശ്യമാണല്ലോ ?

ഇതുപോലെ ഒക്കെത്തന്നെയാണ് പ്രപഞ്ചാത്മാവുമായി തൊട്ടിരിക്കുന്ന മനുഷ്യാത്മാവിന്റെ അവസ്ഥയും. ചാരായവും വെള്ളവും കാഴ്ച്ചയിൽ ഒരു പോലെ ആണെങ്കിലും ചാരായത്തിലെ വീര്യം അത് അനുഭവിക്കുന്നവനു മനസ്സിലാകുന്നു !  തന്റെ വലിയ ഭാവത്തിൽ തൊട്ടിരിക്കുന്ന ചെറിയ ഭാവത്തിനും വലിയതിൽ നിന്നുള്ള ശക്തിയും സ്റ്റാറ്റസ്സും ലഭ്യമാവുന്നു ! 

ലോകത്താകമാനം ( പ്രപഞ്ചാത്മാവായ ) ദൈവം എന്ന പവ്വർ സോഴ്സിൽ തൊട്ടിരുന്നു കൊണ്ട് പവ്വർ നേടിയെടുക്കുന്ന ( ബാറ്ററികളാകുന്ന ) ജീവികൾ ആത്മ സംതൃപ്തിയുടെ അനശ്വര തീരങ്ങളിൽ അഭിരമിക്കുന്നതിനുള്ള സാഹചര്യം ഇങ്ങനെ സംജാതമാവുന്നു. ചാരായവും വെള്ളവും കാഴ്ചയിൽ ഒരു പോലെയാണെങ്കിലും ചാരായം കുടിക്കുന്നവന്  മാത്രമേ അതിലെ ലഹരി ആസ്വദിക്കാനാവുന്നുള്ളു എന്നത്പോലെ ! 

വ്യക്തി ജീവിതത്തിൽ ഓരോ മനുഷ്യനും നേടിയെടുക്കേണ്ട ഈ ഊർജ്ജ സ്വീകരണം അവന്റെ അവകാശമായതിനാൽ അവനു സ്വയം നേടിയെടുക്കാവുന്നതേയുള്ളു. അതിനായി കട നടത്തുന്നവരിൽ നിന്ന് വില കൊടുത്ത് വാങ്ങേണ്ടതില്ല. തന്നെ വിതരണം ചെയ്യുന്നതിനായി തീയോളജി ഷോപ്പ് നടത്താൻ ഒരുത്തനെയും ദൈവം ചുമതലപ്പെടുത്തിയിട്ടുമില്ല. 

തിളങ്ങുന്ന കളർഫുൾ അറബിക്കുപ്പായങ്ങളോ കറുത്ത സിൽക്കിൽ തുന്നിയെടുത്ത സവോളത്തൊപ്പികളോ ധരിക്കുന്നതു കൊണ്ട് നിന്നെക്കാൾ വലിയവനായി ഒരുത്തനെയും ദൈവം എണ്ണുന്നില്ല. അത് കൊണ്ട് തന്നെ ഒരുത്തന്റെയും കാലിൽ വീഴുവാനോ കൈ മുത്തുവാനോ നീ പോകാതിരിക്കുക. നിന്റ വിയർപ്പിന്റെ വിളയായ നിന്റെ സമ്പാദ്യം തട്ടിയെടുക്കുവാൻ വിയർക്കാതെ കാത്തിരിക്കുന്നവരെ ഒഴിവാക്കുക. നിന്റെ നെറ്റിയിൽ അവൻ ഒട്ടിച്ചു തരുന്ന വർഗ്ഗീകരണത്തിന്റെയും വിഭാഗീയതയുടെയും ലേബലുകൾ പറിച്ചെറിഞ്ഞ് വെറും പച്ചയായ മനുഷ്യനാവുക ! 

കല്ലും മുതിരയും ചേർത്ത് കൊടുക്കുന്ന ഭക്ഷണത്തിൽ നിന്ന് മുതിര വേർതിരിച്ചു ഭക്ഷിക്കുന്ന കുതിരയുടെ കഴിവ് പോലും പ്രകടിപ്പിക്കാതെ മനുഷ്യർ വെറുതേ കല്ല് കടിച്ച് പല്ല് കേടാക്കുകയാണ്. ഈ പല്ലു ചികിത്സക്കുള്ള ദന്താശുപത്രികളും സ്ഥാപിച്ചു കാത്തിരിക്കുകയാണ് യുക്തിവാദികളും സ്വതന്ത്ര ചിന്തകരുമായിട്ടുള്ള ശാസ്ത്രീയ ബുദ്ധി ജീവികൾ. 

മതത്തിന്റെ മണ്ടൻ വലകൾ പൊളിച്ച് പുറത്തു വരുന്ന  സാധുജീവികൾ തന്ത്രപരമായി വിരിച്ചിട്ടുള്ള ഇവരുടെ വലകളിൽ ലജ്‌ജാകരമായി വീണ്ടും വീണ്ടും  അകപ്പെടുന്നു ? മത ഗ്രന്ഥങ്ങളിലെ ലൈംഗിക കേളികൾ മുതൽ കഥയിലെ പാത്രങ്ങളുടെ അടിവസ്ത്രമഴിച്ച് പരിശോധിക്കുന്ന സർജിക്കൽ സ്ട്രൈക്ക് വരെയാണ് സംവാദ വേദികളിലെ പരിപാടികൾ. ഉദാഹരണമായി ലക്ഷക്കണക്കിന് വർഷങ്ങളുടെ പരിണാമ പരമ്പരയിലൂടെയാണ് മനുഷ്യൻ രൂപപ്പെട്ടത് എന്ന് ഇവരുടെ ഗുരുവായ ശാസ്ത്രം സമർത്ഥിക്കുമ്പോൾ  ആറായിരം വർഷങ്ങൾക്ക് മുൻപ് എന്ന് എഴുത്തുകാരൻ തന്നെ സമ്മതിക്കുന്ന ഏദൻ തോട്ടത്തിലെ ആദത്തിന്റെയും ഹവ്വയുടെയും കഥയിൽ ആകൃഷ്ടരായി ഇവർ അവിടെ ദൈവത്തെ അന്വേഷിച്ചു നടന്നു നാണം  കെടുകയാണ്.

ആരാധന എന്ന പേരിൽ വട്ടു പിടിച്ച് ജന ദ്രോഹം നടത്തുന്ന മരപ്പൊട്ടന്മാരുടെ നാടാണ് ഭാരതവും ഭാരതത്തിന്റെ ഭാഗമായ കേരളവും എന്ന് സമ്മതിക്കുന്നു. ഡൽഹിയിലെ തെരുവുകളിൽ മുതുക്കിപ്പശുക്കൾക്ക് സമർപ്പിക്കാനായി റൊട്ടിയും മറ്റ്‌ ഭക്ഷ്യ വസ്തുക്കളുമായി നിര നിരയായി നീങ്ങുന്ന വല്യമ്മമാരെ കണ്ടിട്ടുണ്ട്. വൃദ്ധ മൃഗങ്ങളെ സംരക്ഷിക്കുന്നു എന്ന ഇതിലെ നന്മ അംഗീകരിക്കുന്നുവെങ്കിൽക്കൂടി അത് സ്വന്തം വീടുകളിലോ പൊതു തൊഴുത്തുകളിലോ ആവുന്നതല്ലേ കൂടുതൽ ശരി എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുമുണ്ട്. ? വാഹനങ്ങളും ജനങ്ങളും ഒഴുകുന്ന പൊതു നിരത്തുകളിൽ

 ചാണകാഭിഷേകം നടത്തിച്ച് വാഹനാപകടങ്ങളും മരണ ഭീതിയും സൃഷ്ടിക്കേണ്ടതുണ്ടോ എന്നാണു ചോദ്യം ? 

കേരളത്തിലാണെങ്കിൽ അച്ചാടും  മുച്ചാടും അടിപൊളിയൻ ആനയെഴുന്നെള്ളത്തുകളാണ്. കഴുത്തും കാലുകളും ചങ്ങലകളിൽ കുരുക്കി നെറ്റിയുൾപ്പടെയുള്ള  ശരീര ഭാഗങ്ങളിൽ ലോഹ നിർമ്മിതങ്ങളായ തകിടുകളും ഘോര മണികളും കെട്ടിത്തൂക്കിയിട്ടിട്ടാണ് ആന മേക്കപ്പ്. തിടമ്പ് എന്ന പേരിലുള്ള ഒരു വികൃത ചിത്രം നാലാളുകൾ അള്ളിപ്പിടിച്ചിരിക്കുന്ന  ആനപ്പുറത്ത് പ്രദര്ശിപ്പിച്ചിട്ടാണ്  ആരാധന. 

ലോഹങ്ങളുടെ ചൊറിച്ചിലും മണികളുടെയും മനുഷ്യരുടെയും കിലുക്കങ്ങളും സഹിച്ച് ക്ഷമ കെട്ടിട്ടാണ്‌ ആന നിൽക്കുന്നത്. ഇതൊന്ന് കഴിഞ്ഞു കിട്ടിയാൽ കിട്ടാനിടയുള്ള പഴക്കുലയും ശർക്കരയും മാത്രമാണ് ആനയുടെ ലക്‌ഷ്യം. അസ്വസ്ഥ നിമിഷങ്ങളുടെ ആശ്വാസത്തിനായി ഒന്ന് തിരിഞ്ഞു പോയാൽ  പച്ച മാംസത്തിൽ തോട്ടി കൊളുത്തിയുള്ള ഭ്രാന്തൻ വലി. വേദനിച്ചോന്നു കരഞ്ഞു പോയാൽ. ( മദ ) ഭ്രാന്താരോപണത്തിൽ ക്രൂര മർദ്ദനം. ഏതൊരു ജന്തുവിനാണ് ഇവിടെ ദേഷ്യം വരാത്തത് ? 

ഭയന്ന് വിറയ്ക്കുന്ന ജനങ്ങളുടെ കൂട്ടയോട്ടം, പോലീസിന്റെ മയക്കു വേടി. ചങ്ങലകൾ പൊട്ടുന്നു, കാലിലും കൊമ്പിലും മനുഷ്യർ പിടഞ്ഞു മരിക്കുന്നു. വല്ല കാര്യവുമുണ്ടായിരുന്നോ ഒരു മൃഗത്തിന്റെ ക്ഷമയെ ഇപ്രകാരം പരീക്ഷിച്ചു ചത്തു മലയ്ക്കുവാൻ ? 

പള്ളിപ്പെരുന്നാളുകളുടെ ഇട വേളകളിൽ നാല് വാണം വിട്ടില്ലെങ്കിൽ , എന്ത് പെരുന്നാള് ? ഇവർ പറയുന്ന സ്വർഗ്ഗത്തിൽ ഒരു ദൈവമുണ്ടെങ്കിൽ അങ്ങേരുടെ ചെവിക്കല്ല് തകർത്തിട്ട് വേണം തങ്ങൾക്കതു കയ്യടക്കാൻ എന്നാണു ഭാവം. അത് കൊണ്ട് തന്നെ ഗർഭഛിദ്ര ഗുണ്ടുകളും ഹൃദയ സ്തംഭന അമിട്ടുകളും ഒക്കെയുണ്ടാവും. അറിഞ്ഞോ അറിയാതെയോ പറ്റുന്ന അബദ്ധങ്ങളിൽ അകപ്പെട്ട് അനേകായിരങ്ങൾക്കു ജീവൻ നഷ്ടപ്പെടുന്നു- വല്ല കാര്യവുമുണ്ടായിരുന്നോ എന്ന് പള്ളി / ക്ഷേത്ര ഭക്ത ശിരോമണികൾ ചിന്തിക്കണം?

അടിസ്ഥാന പരമായി നന്ദിയുള്ളവരാണ് മനുഷ്യർ. അത് കൊണ്ട് തന്നെ അതിൽ നിന്നും ആരാധന ഉണ്ടാവുന്നു. ഈ ആരാധന അടുത്ത മനുഷ്യന് അസൗകര്യം സൃഷ്ടിക്കാതെ നിർവഹിക്കുക എന്നതായിരിക്കണം  ആധുനിക ജനാധിപത്യ ബോധത്തിന്റെ പ്രാക്ടിക്കൽ പെർഫോമൻസ്. അപരനെ ദോഷകരമായി ബാധിക്കാത്ത ഏതു ആരാധനയും അനുവദനീയവും അതൊരു സദ്സമൂഹ സൃഷ്ടിക്കുള്ള സംവേദനവുമാകുന്നു. 

ആരാധനാലയങ്ങൾ ചൂഷണ രഹിതമായ സോഷ്യൽ ക്ലബ്ബ്കളായി പരിണമിപ്പിക്കുകയും അവിടെ ലഭ്യമാക്കുന്നകൊള്ളലും കൊടുക്കലും കൊണ്ട് ആരെങ്കിലും ആത്മ സംതൃപ്തി 

അനുഭവിക്കുന്നുണ്ടെങ്കിൽആരെയെങ്കിലും അനുഭവിപ്പിക്കുന്നുണ്ടെങ്കിൽ അവരെ അവരുടെ വഴിക്കുവിടുകയാവും ഭംഗിപ്രത്യേകിച്ചുംപകരം വയ്ക്കാനുള്ള മറ്റൊരു സംവിധാനം സമ്മാനിക്കാൻ ശാസ്ത്രത്തിനോകലക്കോ അനുബന്ധ സംവിധാനങ്ങൾക്ക ഇതുവരെയും സാധിച്ചിട്ടില്ല എന്ന നഗ്ന സത്യം നില നിൽക്കുമ്പോൾ ?

സകല പ്രപഞ്ച വസ്തുക്കളിലും അത്യത്ഭുതകരമായി ഉൾച്ചേർന്നിരിക്കുന്ന നന്ദി എന്ന  വികാരം എപ്രകാരംഇങ്ങനെ രൂപപ്പെട്ടു എന്ന് ചിന്തിക്കുമ്പോൾ പ്രപഞ്ചം സ്നേഹത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്നും സകലപ്രപഞ്ച വസ്‌തുക്കളിലും ആനുപാതികാവസ്ഥയിൽ സ്നേഹം  എന്ന  ഗുണം നില നിൽക്കുന്നുണ്ട് എന്നുംകണ്ടെത്താവുന്നതാണ് സ്നേഹം തന്നെയാണ് കടപ്പാടായും നന്ദിയായും ആരാധനയായുംഅനുഭവേധ്യമായി നമ്മോടൊപ്പമുള്ളത്.   അത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ദൈവം സ്നേഹമാണ് എന്ന്  വിവരമുള്ളവർ മുന്നമേ പറഞ്ഞ് വച്ചത് !

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-12 21:31:32
💥🔥ഒരു Designer ഉണ്ടെന്നാണോ ജയന്റെ അഭിപ്രായം?. ആ പ്രത്യേക 'ഒരു' Designer , ഇന്റലിജിൻറ് ആയിട്ട് ഈ ഭൂമിയുടെ 97.9999% മനുഷ്യന് വസിക്കാൻ ഒരുകാരണവശാലും യോഗ്യമല്ലാതാക്കുകയും, വെറും 2% ഭാഗത്തിൽ താഴെ മാത്രം മനുഷ്യന് വേണ്ടി മാറ്റിവയ്ക്കുകയും ചെയ്തു എന്നാണോ പറയുന്നതു?? ഈ പ്രപഞ്ചത്തിന്റെ 99.999999999 ഭാഗം വാസയോഗ്യം അല്ലാതാക്കുകയും വെറും. 0000000001% മാത്രം ബാക്കി വയ്ക്കുകയും ചെയ്തു എന്നാണോ പറയുന്നത്?? ഭൂമിയോ ,പ്രപഞ്ചമോ മനുഷ്യ കേന്ദ്രീകൃതമാണോ??? ഗാലക്സികളുടെ കൂട്ടിയിടി മനുഷ്യന് വേണ്ടിയോ പ്രപഞ്ചത്തിന് വേണ്ടിയോ ആണോ Design ചെയ്തിരിക്കുന്നത്??? ഒരു Designer ആണോ ഒന്നിൽ കൂടുതലോ??? എന്തു പറയുന്നു?? അഭിപ്രായം?? റെജിസ് 🔆
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-13 01:25:52
💥🔥 To@👉ശ്രീ. ജയൻ. {🔸}.മനുഷ്യജീവനുകൾ നില നിൽക്കാനും, നിലനിർത്താനുമായിട്ട് ഈ അതി വിശാലമായ പ്രപഞ്ചം കൃത്യമായി ആരോ ആസൂത്രണം ചെയ്തതാണോ?? {🔸}.ആരാണ് അങ്ങനെ FineTune ചെയ്യാൻ ആഗ്രഹിച്ച ഒരാൾ? {🔸}.ഒരു കുഴിയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിനു വേണ്ടി ആ കുഴി അത്ര കൃത്യമായ അളവിൽ കഴിച്ചതാണോ? {🔸}.അതോ വെള്ളം ആ കുഴിയുടെ ആകൃതി സ്വയം രൂപം പ്രാപിച്ചതാണോ??..... തുടരും...... ‼️ [കടപ്പാട് : മോനോലിത് malayalam ] റെജിസ് 🔆
ആകാശ ഗംഗയുടെ അരികിൽ 2026-06-13 01:36:43
ആകാശ ഗംഗയുടെ അരികിൽ .... ആകാശ ഗംഗയുടെ അരികിൽ /അടിയിൽ ഇരുന്ന് കാണുന്ന പ്രപഞ്ചം / കോസ്മോസ് എന്താണെന്നു നോക്കാം. *ഒരു പ്രകാശ വർഷം എന്താണ്: പ്രകാശവർഷം എന്നത് പ്രകാശം ഒരു വർഷത്തിൽ സഞ്ചരിക്കുന്ന ദൂരമാണ്. പ്രകാശം നക്ഷത്രാന്തര സ്ഥലത്തിലൂടെ സെക്കൻഡിൽ 186000 മൈൽ (300000 കിലോമീറ്റർ) വേഗതയിലും പ്രതിവർഷം 5.88 ട്രില്യൺ മൈൽ (9.46 ട്രില്യൺ കിലോമീറ്റർ) വേഗതയിലും സഞ്ചരിക്കുന്നു.- വല്ല പിടിയും കിട്ടിയോ! ഒരു മിനിറ്റിൽ പ്രകാശത്തിന് എത്ര ദൂരം സഞ്ചരിക്കാൻ കഴിയും? 11,160,000 മൈൽ. 484 ദശലക്ഷം മൈൽ അകലെയുള്ള വ്യാഴത്തിൽസൂര്യപ്രകാശം എത്താൻ 43.2 മിനിറ്റ് എടുക്കും. ഒരു മണിക്കൂറിനുള്ളിൽ പ്രകാശത്തിന് 671 ദശലക്ഷം മൈൽ സഞ്ചരിക്കാൻ കഴിയും. അതായതു പ്രകാശത്തിൻറ്റെ സ്പീഡ് സെക്കൻഡിൽ 186282 മൈൽ. ഭൂമധ്യരേഖയിൽ ഭൂമിയുടെ ചുറ്റളവ് 40075 കിലോമീറ്ററാണ് (ഏകദേശം 24901 മൈൽ) ഭൂമി പരന്നത് ആയിരുന്നുവെങ്കിൽ പ്രകാശം ഒരറ്റംമുതൽ മറ്റേ അറ്റം വരെ എത്തുവാൻ 0.134 സെക്കൻഡ് മതി. സൂര്യനിൽ നിന്ന് ഭൂമി ഏകദേശം എട്ട് പ്രകാശ മിനിറ്റ് അകലെയാണ് ഭൂമി. സൗരയൂഥത്തിൻറ്റെ അറ്റത്തു എത്തുവാൻ 1.87 വർഷമെടുക്കും. നമ്മുടെ ഏറ്റവും അടുത്തുള്ള അയൽ നക്ഷത്രമായ -Proxima Centauri പ്രോക്സിമ സെന്റോറിയിലേക്കുള്ള ദൂരം 4.25 പ്രകാശ വർഷമാണ്.വലിയ സംഖ്യകൾ മനസ്സിലാക്കുന്നതിനേക്കാൾ വളരെ ബുദ്ധിമുട്ടാണ് വലിയ ദൂരം മനസ്സിലാക്കുകയെന്നത്. അതിനാൽ പ്രകാശം ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം, അടിസ്ഥാനമാക്കി ഭുമിയിൽനിന്നുതന്നെ തുടങ്ങാം. ഭൂമി സൂര്യനിൽ നിന്ന് ശരാശരി 93 ദശലക്ഷം മൈൽ (150 ദശലക്ഷം കിലോമീറ്റർ) അകലെയാണ്. സൂര്യനെപ്പോലെയുള്ള 10,000 കോടി മുതൽ 40,000 കോടി വരെ നക്ഷത്രങ്ങൾ ആകാശഗംഗ ഗാലക്സിയിൽ ഉണ്ടെന്നാണ് അനുമാനം. ഹബിൾ,ജെയിംസ് വെബ് ടെലസ്ക്കോപ്പുകളിൽനിന്നും ലഭിച്ച അടിസ്ഥാനത്തിൽ, പ്രപഞ്ചത്തിലെ,നമുക്ക് കാണാൻപറ്റുന്ന നേരിയ എണ്ണത്തിൽപെട്ട ഏകദേശം 2 ട്രില്യൺ ഗാലക്സികളിൽ ഒന്നാണ് മിൽക്കിവേ. മിൽക്കിവേ പോലെയുള്ള ഗാലക്സികളുടെ കൂട്ടങ്ങളും അത്തരം ഗാലക്സികൂട്ടങ്ങളുടെ സൂപ്പർക്ലസ്റ്ററുകളും നിറഞ്ഞതാണ് നമുക്ക് കാണാവുന്ന പ്രപഞ്ചം. ഇത്തരം പ്രപഞ്ചങ്ങൾ -Cosmos തന്നെ ഗ്രാവിറ്റിയിലൂടെ നിലനിൽക്കാനാണ് സാദ്യത. നമ്മുടെ മിൽക്കിവേ ഗാലക്സിയിൽ 100 ​​മുതൽ 400 ബില്യൺ വരെ നക്ഷത്രങ്ങൾ അടങ്ങിയിരിക്കാം, ഇവ തമ്മിലുള്ള അകലം 100,000 പ്രകാശവർഷം വീതി/വ്യാസമുണ്ട്. നമ്മുടെ അയൽക്കാരനായ ആൻഡ്രോമിഡ ഗാലക്സി ഏകദേശം 220,000 പ്രകാശവർഷം വീതിയുള്ളതാണ്. മറ്റൊരു ഗാലക്സി, IC 1101, 4 ദശലക്ഷം പ്രകാശവർഷം വരെ വ്യാപിച്ചിരിക്കുന്നു. നാസയുടെ ദൂര ദർശിനിയുടെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി, ആകാശത്ത് കാണുന്ന ഓരോ നക്ഷത്രത്തിനും കുറഞ്ഞത് ഒരു ഗ്രഹമെങ്കിലും ഉണ്ടെന്ന് അനുമാനിക്കാം. കോടിക്കണക്കിന് നക്ഷത്രങ്ങളുള്ള മിൽക്കിവേ ഗാലക്സിയിൽ, ലക്ഷംകോടി ഗ്രഹങ്ങളുള്ളതിൽ ഒന്നുമാത്രമാണ് ഭൂമി. * ഇ ഭൂമിയിൽ, ഇസ്രായേലിലെ ഒരു ചെറിയ ഗോത്രത്തിൻറ്റെ ദൈവമാണ് നിങ്ങളുടെയും ദൈവം എന്നതാണ് നിങ്ങളുടെ വിശ്വാസം. അനന്തം അജ്ഞാതം അവർണ്ണനീയമായ പ്രപഞ്ചങ്ങളുടെ സൃഷ്ട്ടാവ് നിങ്ങളെ രക്ഷിക്കാൻ സ്വന്തം പുത്രനെ ഇ ഭൂമിയിലേക്ക്‌ അയച്ചു, നിങ്ങൾ അവനെ മരത്തിൽതുക്കി, അവൻ വീണ്ടുംവരും എന്നതാണ് നിങ്ങളുടെ വിശ്വാസം. -andrew
Jayan Varghese 2026-06-13 05:34:45
പ്രിയ റജീസും ആൻഡ്രുവും എന്നെ വളയുന്നു. അവർ അറിവ് കൊണ്ട് സമ്പന്നരായവർ ആയതിനാൽ സ്വാഗതം ചെയ്യുവാനേ എനിക്ക് കഴിയൂ. ഒരു ഡിസൈനർ ചുറ്റികയും കല്ലുളിയുമായി പുറത്ത് നിന്ന് കൊത്തിയുണ്ടാക്കുകയാണ് എന്നല്ല ഞാൻ പറഞ്ഞത്. അകത്തു തന്നെ ആയിത്തീരുകയാണ്. ഫലത്തിൽ ശില്പി ശിൽപ്പമാവുകയാണ്. ഈ ആയിത്തീരലിനുള്ള ചിന്ത രൂപപ്പെട്ടത് അതിനും മുമ്പേ ഉണ്ടായിരുന്ന ഒരു ബോധാവസ്ഥയിൽ നിന്നായിരിക്കണമല്ലോ ? ശില്പി സത്യമാണ് സൗന്ദര്യമാണ് ഊർജ്ജമാണ് ബോധമാണ്. ആ ബോധത്തിൽ നിന്നുള്ള ചിന്തയാണ് പ്രപഞ്ചമായി രൂപപ്പെട്ടത് എന്നാണ് എന്റെ ബോധ്യം. നാം കാണുന്ന സ്ഥൂലം നാം കാണാത്ത സൂക്ഷ്മത്താൽ നിയന്ത്രിക്കപ്പെടുന്നുണ്ട് എന്നതാണ് എന്റെ വാദം. അതിന് ഞാൻ എന്നെത്തന്നെയാണ് ഉദാഹരണമാക്കുന്നത്. നൂറ്റി മുപ്പത് റാത്തലുള്ള എന്നെ എന്റെ പേര് പോലും ബോധ്യപ്പെടുത്തുന്നത് യാതൊരു ഭാരവുമില്ലാത്ത എന്റെ സൂക്ഷ്മമാണ് എന്നതിനാൽ അതാണ് ഞാൻ എന്ന പ്രതിഭാസത്തിന്റെ ബോസ്സ്. ആ ബോസിനെ ഞാൻ ബഹുമാനിക്കുന്നു ചിലപ്പോൾ ആരാധിക്കുന്നു. ഒരു പ്രപഞ്ച കഷ്ണമായ എന്നിൽ സജീവമായിരിക്കുന്ന ഈ ബോസ്സ് എന്റെ വലിയ ഭാവമായ പ്രപഞ്ചത്തിലും ഉണ്ട് എന്നതാണ് എന്റെ യുക്തി. എന്റെ ജീവിതം എനിക്ക് സമ്മാനിച്ച ഈ ബോസ്സ് എന്റെ തലച്ചോറിലെ ന്യൂറോണുകൾ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങളാണ് എന്നാണ് ശാസ്ത്രകോച്ചാട്ടന്മാർ എന്നോട് പറയുന്നത്. എന്നാൽ എന്റെ ശരീരം ഇതുപോലെ പുനഃ സൃഷ്ടിച്ച് മറ്റൊരു എന്നെ എനിക്ക് തരാൻ ഞാനവരോട് പറയുന്നുണ്ട്. അവരത്‌ ചെയ്തു തരും. പക്ഷെ അകത്തു ഈ ബോസുണ്ടാവുകയില്ലത്രേ ! ആരുടേയും നിർദ്ദേശമില്ലാതെ ഒരു കവിത എഴുതുകയില്ലത്രേ ! അത് കൊണ്ട് അങ്ങിനെയൊരു പതിപ്പ് എനിക്ക് വേണ്ടാന്ന് ഞാൻ പറഞ്ഞു. കടൽത്തിര മാലകൾ പോലെ എന്നിൽ കവിത നുരയിക്കുന്ന ഒരു ബോസ് എനിക്കുണ്ടല്ലോ ? എനിക്കതു മതി. എന്റെ ബോസ്സിന്റെ വലിയ ബോസ്സായ പ്രപഞ്ചാത്മാവ് എഴുതിക്കൂട്ടിയ കവിതകളാണ് നാം അറിയുന്ന പ്രപഞ്ചം. ആൻഡ്രു പറയുന്ന വലിയ പ്രപഞ്ചം മാനേജ് ചെയ്യാൻ അങ്ങ് തന്നെ ചൂണ്ടിക്കാട്ടിയ ചെറിയ ദൈവത്തിന് സാധ്യമാവില്ല എന്നതല്ലേ യാഥാർത്യം ? അതുകൊണ്ടു തന്നെ അത് മനുഷ്യ ഭാവനയാണെന്നു വ്യക്തമാവുന്നു. ഓരോ രചനയിലും അതാതു കാലത്തിന്റെ സ്വാധീനമുണ്ട് എന്നതിനാലാണ് ആചാരങ്ങളിൽ കാതലായ വ്യത്യാസം വരുന്നത്. ഇന്ത്യയിൽ അവിലും പഴവും ശർക്കരയും നേദിക്കുമ്പോൾ മദ്ധ്യ പൗരസ്ത്യ ദേശത്ത് കൊഴുത്ത മൃഗത്തിന്റെ ചുട്ട മാംസമാണ് നേദിക്കുന്നത്. നമുക്ക് പുതിയ മാറ്റങ്ങളെപ്പറ്റി ചിന്തിക്കാം. ആരും ആരെയും ചൂഷണം ചെയ്യാത്ത ഒരു നല്ല നാളെയെ സ്വപ്നം കാണാം. ദൈവം പ്രകൃതി മനുഷ്യൻ ഇവ ഒരേ സത്യത്തിന്റെ സംയുക്ത ഭാഗങ്ങളാണ്. പരസ്പരം കരുതിക്കൊണ്ടുള്ള ഈ ഘടകങ്ങളുടെ മുന്നേറ്റം തീർച്ചയായും ഇന്നിനെക്കാൾ മെച്ചപ്പെട്ട ഒരു നാളെ നമുക്ക് സമ്മാനിക്കും ! ജയൻ വർഗീസ്.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-13 13:03:29
💥🔥No,no,no , ഒരിക്കലും അങ്ങനെ കരുത്തരുതേ ജയനേ.... No, ഒരിക്കലും ഞാൻ അങ്ങനെ കരുതിയിട്ടില്ല. പഠിക്കാനും സംശയങ്ങൾ തീർക്കണം മാത്രമാണ് ചോദ്യങ്ങൾ. കുടുക്കാനല്ല..... അത് ജയൻ മനസ്സിലാക്കണം. എനിക്ക് കുറച്ചു കൂടി ചോദ്യങ്ങൾ ചില ഭാഗങ്ങളെ കുറച്ചുണ്ട്. ഞാൻ എഴുതാം. സൺ‌ഡേസ്കൂൾ മണ്ടന്മാരോട് മാത്രമേ കുടുക്ക് ചോദ്യങ്ങൾ ഞാൻ ചോദിക്കൂ. ജയൻ ദയവായി തെറ്റിദ്ധരിക്കരുതേ.. 🙏🙏🙏 റെജിസ്
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-13 14:35:33
💥🔥 ജയനേ, നമ്മൾ ജീവനോടെ ഇരിക്കുന്നതുകൊണ്ടു മാത്രമല്ലേ പ്രപഞ്ചത്തെ നോക്കി "ഇതെല്ലാം നമുക്ക് വേണ്ടി മാത്രമല്ലേ സൃഷ്ടിച്ചത്" എന്ന് ചോദിക്കാൻ പറ്റുന്നത്?? മനുഷ്യന് വേണ്ടി പ്രപഞ്ചം ഉണ്ടായതല്ല, മനുഷ്യൻ പടി പടിയായി രൂപപ്പെട്ടു വന്നതല്ലേ?? കൊടും മാരകമായ റേഡിയേഷനും, കൊടൂരമായ തണുപ്പും നിറഞ്ഞ പ്രപഞ്ചത്തിന്റെ 99.999% ശൂന്യത ഏതായാലും ഒരു ബുദ്ധിയുള്ള ബോസ്സ് മനുഷ്യനു വേണ്ടി നിർമ്മിക്കില്ല. ഈ പ്രപഞ്ചം മനുഷ്യനു വേണ്ടി ഒരാൾ നിർമ്മിച്ചിരുന്നതായിരുന്നുവെങ്കിൽ അത് ഇത്രയും അപകടകരവും പ്രതികൂല കരവും ആയിരിക്കുമായിരുന്നില്ല. അതു കൊണ്ട് ഇതു മനുഷ്യനു വേണ്ടി ഉണ്ടാക്കി എന്ന് വേണമെങ്കിൽ വിശ്വസിക്കാം എന്നു മാത്രം.. ഫൈൻ Tuning ഒരു തോന്നൽ മാത്രമാണ്. അങ്ങനെ തോന്നുന്നതിനും കുഴപ്പമില്ല. യുറാനസ്സിൽ ഒരു ചിരിക്കുന്ന ബാക്റ്റീരിയ ഇരിപ്പുണ്ട്, അതെന്റെ ബോസ്സ് ആണ്, ആ ബോസ്സിനെ ഞാൻ ആരാധിക്കും എന്നു ജയൻ പറഞ്ഞാൽ, it is ok, Have a good day എന്നു മാത്രമേ ഞാൻ പറയൂ , ഈശ്വരാ വഴക്കില്ലല്ലോ. 🤣🤣🤣. ഇനിയും മനുഷ്യന്റെ ശരീര ഘടന ഒന്നു നോക്കിക്കേ... അവിടെ ബുദ്ധിയുള്ള ഒരു വാച്ച് maker നെ ഒരിക്കലും കാണാൻ സാധിക്കില്ല. മനുഷ്യന്റെ , പ്രത്യേകിച്ചും സ്ത്രീയുടെ, ജനനേന്ദ്രിയവും വിസർജ്ജനാവയവും ഇത്രയും അടുത്ത് fit ചെയ്ത ഒരു ഉണ്ടാക്കർ, അവനെ എന്തു വിളിക്കണം...... ശ്വസിക്കുന്ന കുഴലിലൂടെ ഭക്ഷണവും ഇറങ്ങി പോകുന്ന സ്ഥിതി.... മനുഷ്യന്റെ മരണത്തിനു വരെ കാരണമാവുന്ന അവന്റെ വയറിലെ appendix എന്ന ഒരാവശ്യവുമില്ലാത്ത ഗ്രന്ഥി....., ഒറാങ് ഉട്ടാനുമായുള്ള 98% DNA സാദൃശ്യത,... കണ്ണിന്റെ blind spot, കണ്ണിന്റെ ഒരു ഒപ്റ്റിക്കൽ ഞരമ്പ് താഴെ ഹൃദയത്തിനെ ചുറ്റി വരിഞ്ഞു തിരികെ കണ്ണിൽ എത്തുന്നത്.... Sinus കാവിറ്റി, ഇടുപ്പ് എല്ല് ഇടുങ്ങിയതും വലിയ തലയോട്ടിയും മനുഷ്യ പ്രസവം മരണം വരെ സംഭവിക്കാവുന്ന രീതിയിൽ ഭീതിദമായി അപകടകരമാക്കുന്നത്...... ചെറിയ താടിയെല്ലിൽ ഇത്രയും അധികം പല്ലുകളും 4 wisdom tooth ന്റെ പ്രശ്നങ്ങളും........... യാതൊരു പ്രയോജനവും ഇല്ലാത്ത പുരുഷ ശരീരത്തിലെ മുല ഞെട്ടുകൾ......., സ്വന്തമായി വിറ്റാമിൻ സി, വിറ്റാമിൻ D ഉൽപ്പാധിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവില്ലായ്മ......Cancer കോശങ്ങൾ....... മറ്റൊരു ജീവിയെ കൊന്നു തിന്നേണ്ടിയ അവസ്ഥ..... നിയാണ്ടർത്താലുകളുമായുള്ള നമ്മുടെ അത്ഭുതകരമായ സാമ്യം...... ഇതൊന്നും design ചെയ്യപ്പെട്ട പൂർണ്ണതയുള്ള ഒരു ശരീരമല്ലാ. ഒരു ബുദ്ധിയില്ലാത്ത ദൈവം ഇതെല്ലാം ഇങ്ങനെ സൃഷ്ടിച്ചു എന്നല്ല പറയുന്നത് , ദൈവത്തിന്റെ കഴിവില്ലായ്മയുമല്ല, മറിച്ച് "പടി പടിയായുള്ള പരിണാമത്തിന്റെ അനിവാര്യമായ പരിമിതികളെയാണ് " ഇതെല്ലാം സൂചിപ്പിക്കുന്നത്. ഇനിയും എത്രയെത്ര ഉദാഹരണങ്ങൾ..... ‼️ തുടരും........ റെജീസ് 🔆
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-13 23:21:44
💥🔥പ്രപഞ്ചം ശാന്തവും സുരക്ഷിതവും ആണെന്ന് നാം തെറ്റിദ്ധരിച്ചു പോയതല്ലേ?? അങ്ങേയറ്റം അക്രമാസക്തവും അനന്തവുമായുള്ള ഒരു യുദ്ധക്കളമാണ് ഈ പ്രപഞ്ചം എന്ന്‌ ,സർവ്വത്തിനേയും വിഴുങ്ങുന്ന തമോ- ഗർത്തങ്ങളും, ആയിരക്കണക്കിന് നക്ഷത്രങ്ങളെ നശിപ്പിക്കുന്ന ഗാലക്സികളുടെ കൂട്ടിയിടിയും, സൂപ്പർനോവ സ്ഫോടനങ്ങളും, നിരന്തരം പ്രപഞ്ചത്തിൽ നടന്നു കൊണ്ടിരിക്കുന്നതായ മാറ്റങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നു.. ഇതെങ്ങനെ ബുദ്ധിയുള്ള ഒരു ബോസ്സ് design ചെയ്തെന്ന് പറയാനാകും ?? അതിന്റെ ആവശ്യകത എന്ത്?? Dark മാറ്ററും ഡാർക് energy യും കൊണ്ടു നിറഞ്ഞ ഈ മഹാശൂന്യതയിൽ മനുഷ്യനു എന്ത് പ്രാധാന്യം ആണുള്ളത്?? ഈ പ്രപഞ്ചം ക്രമേണ മരവിച്ചു പോകുകയും പിന്നെ നശിച്ചുപോകുകയും ചെയ്തു കൊണ്ടിരിക്കുകയാണെന്നല്ലേ Entropy വ്യക്തമാക്കുന്നത്?? ജീവന് അനുകൂലമായ ഒന്നും തന്നേ ഈ മഹാ ശൂന്യതയിൽ ഇല്ലാ. ഒരു രൂപ കല്പനയുടെ ഫലമല്ല ഈ പ്രപഞ്ചം എന്നതിന് ഇതിൽ കൂടുതൽ എന്തു തെളിവാണ് വേണ്ടത്?? സൗരയൂഥത്തിലേക്ക് നോക്കിയാൽ തന്നേ മനസ്സിലാകും ,ഒരു വിഡ്ഢിദൈവത്തിന് പോലും ഇങ്ങനെ ഒന്നു design ചെയ്യാനാകില്ലയെന്ന് . അത്രയ്ക്കും ജീവന് ഭീഷണിയാണ് ചുറ്റുപാടും നിന്നും ഉണ്ടാകുന്ന സൗര ക്കാറ്റ് ഉൾപ്പെടെയുള്ള എല്ലാ നീക്കങ്ങളും. ഭൂമിയിൽ തന്നേ ഓക്സിജനും ഓസോൺ പാളിയും എന്നാണ് രൂപപ്പെട്ടു വന്നത്?? ഒരു മാന്ത്രീക ഡിസൈനർ ഇല്ലാ എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവല്ലേ ഭൂമിയിലെ 99% ജീവി വർഗ്ഗങ്ങളും ഇല്ലാതായതും ,ഭൂമിയിലെ മഹാ ഭൂരിപക്ഷ പ്രദേശങ്ങളും വാസയോഗ്യമല്ലെന്നുള്ളതും.??? എന്നാണ്, എങ്ങനെയാണ് ഒരു goldilock zone ഉരു തിരിഞ്ഞു വന്നത്??? സൂര്യനിൽ നിന്നുള്ള സൗര കാറ്റും ഭൂകമ്പങ്ങളും മഹാപ്രളയങ്ങളും എന്താണ് തെളിയിക്കുന്നത്?? മനുഷ്യന്റെ അതിജീവനം തന്നെ ഒരു പോരാട്ടത്തിന്റെ കഥയല്ലേ ആഫ്രിക്കയിലെ സാവന്നകൾ മുതലിങ്ങോട്ട്......ഇനിയും എത്രയെത്ര ഉദാഹരണങ്ങൾ..... ‼️തുടരും....[കടപ്പാട് :monoലിത് malayalam ] റെജീസ് 🔆
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-14 03:39:08
💥🔥ജയനേ, ജയന്റെ അഭിപ്രായത്തിൽ ഇപ്പോൾ ഈ "പ്രപഞ്ച boss" ഈ ഭൂമിയുടെയോ, പ്രപഞ്ചത്തിന്റെയോ, നാം മനുഷ്യരുടേയോ കാര്യങ്ങളിൽ ഇടപെടാറുണ്ടോ??? അദ്ദേഹത്തിന്റെ /അതിന്റെ സാന്നിധ്യം ഉണ്ടോ ഇവിടെ??? അതോ ഇപ്പോൾ നിഷ്ക്രീയൻ / നിഷ്ക്രീയം ആണോ?? റെജിസ് 🔆
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-14 04:14:52
💥🔥ശ്രീ. ജയന്റെ 05:34:45 - പ്രതികരണം - അതിനെ അതു പോലെ തന്നേ എടുക്കുന്നു. ലേഖനത്തേക്കാൾ Factual. അംഗീകരിക്കുന്നു , ഞാൻ യോജിക്കുന്നു എല്ലാ പോയിന്റുകളോടും. Except - "ശിൽപ്പി, designer, ആത്മാവ്, ദൈവം, ബോസ്സ് " etc. - [{ ചിലപ്പോൾ ആശയങ്ങൾ വിപുലമാക്കാൻ, ചില സംഞ്ജകൾ ജയൻ ഉപയോഗിക്കുന്നതായിരിക്കാം, സമ്മതിക്കാം.}] ജയന്റെ മിക്കവാറും എല്ലാ എഴുത്തുകളേയും, കവിതകളേയും ഞാൻ അംഗീകരിക്കുന്നു , ചിലതൊക്കെ, ചിലടത്ത് ഉപയോഗിക്കാറുമുണ്ട്. റെജീസ് . 🔆 [രണ്ടു മൂന്നു ചോദ്യങ്ങൾ കൂടി ബാക്കി ഉണ്ട്, ഞാൻ എഴുതും.]🔹💪
Jayan Varghese 2026-06-14 05:14:40
ഉണ്ടായിരുന്ന കുഴിയിലേക്ക് ഒഴുകി നിറഞ്ഞ വെള്ളം കുഴിയുടെ ആകൃതിയിൽ ആയത് ഒരു മുൻ പ്ലാനിങ്ങിന്റെ ഫലമായിട്ടല്ല സമ്മതിച്ചു. വെള്ളത്തിനും മുൻപേ കുഴി അവിടെ ഉണ്ടായിരുന്നത് കൊണ്ടാണല്ലോ വെള്ളത്തിന് ആ ആകൃതി സ്വീകരിക്കാനായത് ? കൂഴിയുണ്ടാവാൻ ഒരു ഭൂമി വേണമായിരുന്നു, ഭൂമിയുണ്ടാവാൻ ഒരു സൗരയൂഥം വേണമായിരുന്നു, സൗരയൂഥമുണ്ടാവാൻ ഒരു മിൽക്കിവേ ? ഇങ്ങനെ പിന്നോട്ട് പോയിപ്പോയി ഇനി പോകാൻ ഇടം ഇല്ലാത്ത ഒരൊന്നിൽ എത്തുമല്ലോ ? അവിടെ നിന്ന് എങ്ങനെ പ്രപഞ്ചമുണ്ടായി എന്ന് പ്രിയ സുഹൃത്തുക്കൾ എനിക്ക് പറഞ്ഞു തരണം. ഉണ്ടായതിനു ശേഷമുള്ള അളവുകളും തൂക്കങ്ങളും വിശദമായി നമ്മൾ ചർച്ച ചെയ്യുന്നത്‌ നമ്മുടെ നില കുറേക്കൂടി മെച്ചപ്പെടുത്താൻ എന്തെങ്കിലും വഴിയുണ്ടോ എന്നാരായാനാണ്. കുറെ ശാക്തിക സംവിധാനങ്ങളുടെ സമന്വയത്തിലൂടെ സംഭവിച്ച മഹാത്ഭുതമാണ് പ്രപഞ്ചം എന്ന് ഏതൊരു സ്വതന്ത്ര ചിന്തകനും സമ്മതിക്കുന്ന നിലയ്ക്ക് അകത്തോ പുറത്തോ അതിനായി ഒരു പ്രചോദനം അഥവാ ചിന്ത ഉണ്ടായിരുന്നോ എന്നതിന് പ്രിയ സുഹൃത്തുക്കൾ എനിക്ക് ഉത്തരം പറഞ്ഞു തരണം. ഇല്ലായിരുന്നു എന്ന പതിവ് പല്ലവി ആണെങ്കിൽ അന്നുണ്ടായ ആ പ്രപഞ്ചത്തിന്റെ പരിണാമ പരമ്പരയിലെ വർത്തമാന യാഥാർഥ്യങ്ങളായ നമ്മൾ എന്ന കഷണങ്ങളിൽ നിലവിലുള്ള ബോസ് എന്ന ബോധം എങ്ങിനെ വന്നുപെട്ടു എന്നത് കൂടി വിശദീകരിക്കുമല്ലോ ?“ ഞാനെന്താടോ കോന്തൻ വാര്യരെ ഇങ്ങനെയായിപ്പോയത് “ എന്ന മംഗലശേരി നീലകണ്ഠന്റെ ചോദ്യം പോലെ ഈ പ്രപഞ്ചം ഇങ്ങിനെയൊക്കെ ആയിപ്പോയി. “ ഞാളെ പുത്തീല് രണ്ടല്ലാ പക്ഷി മൂന്നാണ് “ എന്ന ശ്രീനിവാസൻ ഡയലോഗ് പോലെ എനിക്കുമുണ്ട് കുറെ പരിഷ്‌ക്കാര പദ്ധതികൾ. ഒന്നും നടപ്പില്ല. ‘ ഇത്രയ്ക്കു തണുപ്പായിരുന്നെങ്കിൽ അമേരിക്കയ്ക്ക് പോരണ്ടായിരുന്നു ‘എന്ന് ചിന്തിക്കുന്ന മലയാളിയെപ്പോലെ ജീവിതം എന്ന വിസാ കിട്ടിയവർ ഇനി അനുഭവിക്കുക തന്നെ. അപ്പോൾ വീണ്ടും നമ്മുടെ ചോദ്യങ്ങൾ ബാക്കി വരുന്നു. തണുപ്പും മഞ്ഞും ഒക്കെ ആണെങ്കിലും ഒരു കയ്യിൽ സ്ക്കോച്ചും മറുകയ്യിൽ ചിക്കൻ കാലുമായിട്ടിരിക്കുമ്പോൾ വഴിയേ പോയവനെ വിളിച്ചു കയറ്റി ഒപ്പം ഇരുത്തിയ ഈ സംവിധാനത്തോട് ശകലം നന്ദി ആകാം. അൽപ്പം ആരാധനയും ! ( പ്രിയ റജീസിന്റെ വിലപ്പെട്ട കമന്റുകൾക്കായി കാത്തിരിക്കുന്നു ) ജയൻ വർഗീസ്.
Jayan Varghese 2026-06-14 14:53:02
പ്രപഞ്ച ബോസ് ഭൂമിയുടെയോ മനുഷ്യരുടെയോ കാര്യങ്ങളിൽ ഇടപെടാറുണ്ടോ എന്ന പ്രിയ റജീസിന്റെ ചോദ്യം - ഉണ്ടല്ലോ. ആ ഉണ്ടല്ലോയിലാണ് നമ്മുടെ വർത്തമാനാവസ്ഥ ഇന്ന് ഇതുപോലെ നമ്മൾ അനുഭവിക്കുന്നത്. ട്രക്ക് ലോഡുകളായി പുനലൂരിലെ പേപ്പർ മില്ലിലെത്തുന്ന ഈറ്റ കടലാസായി പുറത്തു വന്നേ തീരൂ. അതാണ് അവിടത്തെ എഞ്ചിനീയറിംഗ് സംവിധാനം. അത് ഡിസൈൻ ചെയ്ത ആളുടെ മനസിലാണ് ആദ്യം കടലാസ്സ് രൂപം കൊണ്ടത് എന്നതിനാൽ അതാണ് ഇടപെടൽ. പൾപ്പായിക്കഴിഞ്ഞ ഈറ്റയിൽ നിന്ന് ഒരു ഓടക്കുഴലിനുള്ള ഈറ്റ വേണമെന്ന് നമ്മൾ ആഗ്രഹിക്കരുത് നടക്കില്ല. കട്ടില് മൂട്ടയെ അടിച്ചു കൊല്ലാനുള്ള ചുറ്റികയും പലകയുമായി വരാൻ പറഞ്ഞാൽ ദൈവത്തിന് നേരമില്ല. റൂഫ് തുരന്ന് ആട് ബിരിയാണി ഇറങ്ങി വരണം എന്ന് പറഞ്ഞാലും വരില്ല. ഇതെല്ലാം ലഭ്യമാവാനുള്ള സാഹചര്യങ്ങൾ ഒരുങ്ങി നിന്ന ഒരിടത്താണ് നീയുള്ളത് എന്നതിനാൽ നീ മനസ്സ് വച്ചാൽ മതി കിട്ടും. അതെ ആ മനസ്സാണ് പ്രപഞ്ച മനസ്സിൽ നിന്ന് നിനക്ക് അളന്നു കിട്ടിയ നിന്റെ വീതം. അതിലൂടെയാണ് ഇടപെടൽ അഥവാ ചാർജിങ്. കഴുതപ്പുലിക്കുള്ള ചീഞ്ഞ മംസത്തിൽ നിന്ന് ഓടിയകലാൻ മൂക്ക് നിന്നോട് പറയും. അതാണ് ഇടപെടൽ. അനുസരിക്കാതെ ആർത്തിയോടെ നീയത് തിന്നും - കൊളറാ പിടിച്ചു ചാവാം - ചാവാതിരിക്കാം. ഇതാണ് ഗീതാകാരൻ പറഞ്ഞ കർമ്മ ഫലം. ഓടക്കുഴൽ വേണമായിരുന്നെങ്കിൽ നേരത്തെ എടുക്കണമായിരുന്നു. പ്രപഞ്ചം സ്നേഹത്തിൽ ഉരുവായി എന്നാണ് എന്റെ വിലയിരുത്തൽ. മനുഷ്യൻ എന്ന ഈ മൺ ചിരാതിൽ ഒരു മനോഹര നാളമായി കത്തി നിൽക്കുക എന്നത് തന്നെയായിരിക്കണം ദൈവം ലക്‌ഷ്യം വച്ചിട്ടുണ്ടാവുക. ആദിയുടെ അന്ധകാരത്തിൽ ആ തിരിവെട്ടം മാത്രമായിരുന്നിരിക്കണം ആ മനസ്സിൽ ! അവിടെ നിന്നാരംഭിക്കുകയാണ് പ്രപഞ്ച പരിണാമ പരമ്പരയുടെ പ്രവാഹിനികൾ. തന്റെ ഓമനയുടെ മൃദു ചർമ്മ ത്തിന് സുഖം പകരുകയും ഒന്നിൽ നിന്നു മറ്റൊന്നിലേക്കുള്ള പതിപ്പുകൾ അനുസ്യൂതം വിരിഞ്ഞിറങ്ങുന്നതിനുള്ള സാഹചര്യങ്ങളൂടെ മാന്ത്രിക വായു കുമിള പൊതിഞ്ഞു വച്ച് സൗരയൂഥത്തിൽ അത്യതിശയ കരമായി പറന്നു നിൽക്കുന്ന നീലപ്പക്ഷിയായ ഈ ഭൂമി സുന്ദരി വരെ ! തൽക്കാലം നിർത്തുന്നു. ആവശ്യമെങ്കിൽ തുടരുന്നതാണ്. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക