
സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ സമരവുമായി ബന്ധപ്പെട്ട് തൃശൂരിൽ ഇന്നലെ നഴ്സുമാർക്ക് നേരെ പോലീസ് മർദനവും ലാത്തിച്ചാർജ്ജും നടന്നതിൽ പ്രതിഷേധിച്ച് ഇന്ന് നേഴ്സ്മാർ സൂചന പണിമുടക്കും കരിദിനവും നടത്തി . ലേബർ ഓഫീസിലേക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു എൻ എ) നടത്തിയ പ്രതിഷേധ മാർച്ചിനിടെ പോലീസും നഴ്സുമാരുമായി സംഘർഷമുണ്ടാവുകയും കലക്ട്രേറ്റിൽ പ്രവേശിച്ച നഴ്‌സുമാർക്കെതിരെ പോലീസ് ലാത്തി വീശുകയുമായിരുന്നു .
തൃശ്ശൂർ ജൂബിലി മിഷൻ, അമല ആശുപത്രികളിലെ തൊഴിൽ പ്രശ്‌നം ചൂണ്ടിക്കാട്ടി ജില്ലാ ലേബർ ഓഫീസിലേക്ക് യുഎൻഎയുടെ നേതൃത്വത്തിൽ നേഴ്‌സുമാർ നടത്തിയ പ്രതിഷേധ സമരത്തിലാണ് സംഘർഷമുണ്ടായത്. പിന്നീട് ജില്ലാ ലേബർ ഓഫീസ് നേഴ്‌സുമാർ ഉപരോധിച്ചു. തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ വിഷയം ചർച്ച ചെയ്യാം എന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.എന്നാല്‍ ഇതിന് പിന്നാലെ ഇന്ന് നടക്കാനിരുന്ന തൊഴില്‍ വകുപ്പിന്റെ ഔദ്യോഗിക ചര്‍ച്ച മാറ്റിവെച്ചതായി അറിയിപ്പ് വന്നതോടെയാണ് നഴ്സുമാര്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.
ഇന്നത്തെ സൂചന പണിമുടക്കിലൂടെയും കരിദിനാചരണത്തിലൂടെയും തങ്ങളുടെ ആവശ്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് യുഎന്‍എയുടെ തീരുമാനം.