
മാനവചരിത്രത്തിലെ ഏറ്റവും ആകര്‍ഷകവും വിസ്മയഭരിതവുമായ ഒന്നാണ് ആകാശവിസ്മയങ്ങളെക്കുറിച്ചുള്ള പഠനങ്ങളും അന്വേഷണങ്ങളും. അതില്‍ത്തന്നെ മനുഷ്യന്‍ പണ്ടുകാലം തൊട്ടേ കണ്ടിരുന്ന ഏറ്റവും വലിയ സ്വപ്നമായിരുന്നു ഭൂമിയുടെ കാഴ്ചപ്പരപ്പിലുള്ള ചന്ദ്രനിലേക്കൊരു യാത്ര. രാത്രികാലങ്ങളില്‍ വെള്ളിനിലാവ് പൊഴിക്കുന്ന അമ്പിളിമാമനെ തൊടണമെന്നത് വെറുമൊരു ഭാവനയോ സുന്ദരമായ സ്വപ്നമോ മാത്രമായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ശാസ്ത്രസാങ്കേതികവിദ്യയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച ആ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കി മാറ്റി.
പതിറ്റാണ്ടുകളായി മനുഷ്യന്‍ ചന്ദ്രനെ നോക്കി കവിതകളെഴുതിയും കഥകള്‍ മെനഞ്ഞും കഴിഞ്ഞുകൂടി. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഈ സ്വപ്നത്തിന് ചിറകുകള്‍ മുളച്ചു. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ നിലനിന്നിരുന്ന ബഹിരാകാശ മത്സരം ചന്ദ്രയാത്രയ്ക്കുള്ള വഴി വേഗത്തിലാക്കി. 1969 ജൂലൈ 21-ല്‍ അമേരിക്കയുടെ അപ്പോളോ 11 എന്ന ബഹിരാകാശ പേടകത്തില്‍ കമാന്‍ഡര്‍ നീല്‍ ആംസ്‌ട്രോങ്, ലൂണാര്‍ മോഡ്യൂള്‍ പൈലറ്റ് ബസ്സ് ആല്‍ഡ്രിന്‍ എന്നിവര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ കാലുകുത്തിയതോടെ ആ സുന്ദര സ്വപ്നം ഒടുവില്‍ യാഥാര്‍ത്ഥ്യമായി. ''മനുഷ്യന് ഇതൊരു ചെറിയ ചുവടുവെപ്പാണ്, എന്നാല്‍ മനുഷ്യരാശിക്ക് ഇതൊരു വന്‍ കുതിച്ചുചാട്ടമാണ്...'' എന്ന ആംസ്‌ട്രോങ്ങിന്റെ വാക്കുകള്‍ ലോകചരിത്രത്തില്‍ സ്വര്‍ണ്ണലിപികളാല്‍ എഴുതപ്പെട്ടു.
സമീപകാല ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളിലൊന്നിലേക്കാണ് ഇനി നാസ കുതിക്കാന്‍ പോകുന്നത്. നാസ പ്രഖ്യാപിച്ച ആര്‍ട്ടെമിസ് 3 ദൗത്യത്തില്‍ 2027-ല്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് നടത്തുന്ന അതീവ വെല്ലുവിളി നിറഞ്ഞ പരീക്ഷണ പരമ്പരകളാണുള്ളത്. 2028-ലെ ആര്‍ട്ടെമിസ് 4 ദൗത്യത്തില്‍ ബഹിരാകാശയാത്രികരെ ചന്ദ്രന്റെ ഉപരിതലത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്ന രണ്ട് ചാന്ദ്ര ലാന്‍ഡറുകള്‍ പരീക്ഷിക്കുകയാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. ഡോക്കിങ് പരിശീലനത്തിനായി 2027-ഓടെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ പരീക്ഷണ പറക്കല്‍ നടത്താനും, 2028-ഓടെ ആര്‍ട്ടെമിസ് 4 ദൗത്യത്തില്‍ മനുഷ്യരെ ചന്ദ്രോപരിതലത്തില്‍ ഇറക്കാനുമാണ് നാസ നിലവില്‍ പദ്ധതിയിടുന്നത്. റാന്‍ഡി ബ്രെസ്‌നിക്, ലൂക്ക പാര്‍മിറ്റാനോ, ഫ്രാങ്ക് റൂബിയോ, ആന്‍ഡ്രേ ഡഗ്ലസ് എന്നിവരാണ്. റാന്‍ഡി ബ്രെസ്‌നിക് ആണ് കമാന്‍ഡര്‍. ലൂക്ക പര്‍മിറ്റാനോ പൈലറ്റും, ഫ്രാങ്ക് റൂബിയോയും ആന്‍ഡ്രെ ഡഗ്ലസും മിഷന്‍ സ്‌പെഷ്യലിസ്റ്റുകളുമാണ്.
ചന്ദ്രോപരിതലത്തില്‍ ഇറക്കുന്ന ദൗത്യത്തിന് മുന്നോടിയായുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റ് പരീക്ഷണ പറക്കലാണ് നാല് യാത്രികരുമായി പോകുന്ന ആര്‍ട്ടെമിസ് 3 ദൗത്യത്തില്‍ നടക്കുക. ആര്‍ട്ടെമിസ് 2 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി രണ്ട് മാസത്തിന് ശേഷമാണ് ആര്‍ട്ടെമിസ് 3 ദൗത്യവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ നാസ പുറത്തുവിടുന്നത്. 2026 ഏപ്രില്‍ 1നാണ് ആര്‍ട്ടെമിസ് 2 വിജയകരമായി വിക്ഷേപിച്ചത്. 2026 ഏപ്രില്‍ 10-ന് ദൗത്യസംഘം വിജയകരമായി ഭൂമിയില്‍ തിരികെയെത്തി. 1972-ലെ അപ്പോളോ 17 ദൗത്യത്തിനുശേഷം മനുഷ്യര്‍ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിനപ്പുറം ആദ്യമായി സഞ്ചരിച്ച 10 ദിവസത്തെ ദൗത്യമാണിത്. അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ എത്തിക്കാനുള്ള നാസയുടെ ശ്രമത്തിന്റെ ഭാഗമാണ് ആര്‍ട്ടെമിസ് ദൗത്യം. ആര്‍ട്ടെമിസ് 3 ദൗത്യത്തില്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ പദ്ധതിയില്ലെങ്കിലും, ഡോക്കിങ് പരീക്ഷണം ഉള്‍പ്പെടെ നടത്താനാണ് നാസയുടെ പദ്ധതി. ബ്ലൂ ഒറിജിന്റെ ബ്ലൂ മൂണ്‍ ലാന്‍ഡറുമായും സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് ഹ്യൂമന്‍ ലാന്‍ഡിങ് സിസ്റ്റമായും ഓറിയോണ്‍ പേടകം ഡോക്ക് ചെയ്യും.
കമാന്‍ഡറായ റാന്‍ഡി ബ്രെസ്‌നിക്കിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. 2009-ല്‍ അറ്റ്‌ലാന്റിസ് സ്‌പേസ് ഷട്ടിലിലും പിന്നീട് സോയൂസ് പേടകത്തിലും ഐ.എസ്.എസിലേക്ക് പോയിട്ടുണ്ട്. മാത്തമാറ്റിക്‌സില്‍ ബിരുദമുള്ള ഇദ്ദേഹം വിരമിച്ച യു.എസ് മറൈന്‍ കേണല്‍ കൂടിയാണ്. 95 തരം വിമാനങ്ങളിലായി 7000 മണിക്കൂറിലധികം പറക്കല്‍ പരിചയമുണ്ട്. 2018 മുതല്‍ ആര്‍ട്ടെമിസ് പേടകങ്ങളുടെ വികസനത്തിന് മേല്‍നോട്ടം വഹിക്കുന്നു.
ലൂക്ക പാര്‍മിറ്റാനോയുടെയും മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. 2013-ലും 2019-ലും സോയൂസ് പേടകത്തില്‍ ഐ.എസ്.എസിലേക്ക് പോയി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാന്‍ഡറാകുന്ന മൂന്നാമത്തെ യൂറോപ്യനും ആദ്യത്തെ ഇറ്റാലിയനുമാണ് ഇദ്ദേഹം. പൊളിറ്റിക്കല്‍ സയന്‍സിലും ഫ്‌ലൈറ്റ് ടെസ്റ്റ് എഞ്ചിനീയറിംഗിലും ബിരുദാനന്തര ബിരുദമുണ്ട്. ഇറ്റാലിയന്‍ വ്യോമസേനയില്‍ കേണലായ ഇദ്ദേഹത്തിന് 2000 മണിക്കൂറിലധികം പറക്കല്‍ പരിചയമുണ്ട്.
ഫ്രാങ്ക് റൂബിയോയുടെ രണ്ടാമത്തെ ബഹിരാകാശ യാത്രയാണിത്. 2022 സെപ്റ്റംബര്‍ മുതല്‍ 2023 സെപ്റ്റംബര്‍ വരെ തുടര്‍ച്ചയായി 371 ദിവസങ്ങള്‍ ബഹിരാകാശത്ത് കഴിഞ്ഞ്, ഏറ്റവും കൂടുതല്‍ കാലം ഒറ്റയടിക്ക് ബഹിരാകാശത്ത് കഴിഞ്ഞ അമേരിക്കന്‍ ബഹിരാകാശയാത്രികന്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. യു.എസ് ആര്‍മിയില്‍ 28 വര്‍ഷത്തിലധികം സേവനമനുഷ്ഠിച്ച ഇദ്ദേഹം ഒരു ഏവിയേറ്ററും ഫിസിഷ്യനും (ഡോക്ടര്‍) കൂടിയാണ്.
ആന്‍ഡ്രേ ഡഗ്ലസ്ിന്റെ ആദ്യ ബഹിരാകാശ യാത്രയാണിത്. ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ ബാക്കപ്പ് അംഗമായിരുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും സിസ്റ്റംസ് എഞ്ചിനീയറിംഗില്‍ പി.എച്ച്.ഡിയും ഉള്‍പ്പെടെ നാല് ബിരുദാനന്തര ബിരുദങ്ങളുണ്ട്. യു.എസ് കോസ്റ്റ് ഗാര്‍ഡിലും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി അപ്ലൈഡ് ഫിസിക്‌സ് ലബോറട്ടറിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അതേസമയം, ബഹിരാകാശരംഗത്ത് ലോകരാഷ്ട്രങ്ങളുടെ മുന്‍നിരയിലേക്ക് ഇന്ത്യയെ നയിച്ചതും ചന്ദ്രനെ തേടിയുള്ള നമ്മുടെ യാത്രകളാണ്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആര്‍.ഒ വിഭാവനം ചെയ്ത ചന്ദ്രയാന്‍ ദൗത്യങ്ങള്‍ ഭാരതീയരുടെ സ്വപ്നങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം പകര്‍ന്നു. 2008-ലെ ചന്ദ്രയാന്‍-1ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി ലോകത്തെ ഞെട്ടിച്ചു. 2023-ലെ ചന്ദ്രയാന്‍-3 ചന്ദ്രന്റെ ആര്‍ക്കും കടന്നുചെല്ലാന്‍ കഴിയാതിരുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വിജയകരമായി പേടകം ഇറക്കി ഇന്ത്യ ചരിത്രം കുറിച്ചു. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി. ഈ വിജയങ്ങള്‍ ചന്ദ്രയാത്ര എന്നത് കേവലം വികസിത രാജ്യങ്ങളുടെ മാത്രം കുത്തകയല്ലെന്നും, കഠിനാധ്വാനവും ദൃഢനിശ്ചയവുമുണ്ടെങ്കില്‍ ഏതൊരു സ്വപ്നവും കൈപ്പിടിയിലൊതുക്കാമെന്നും തെളിയിച്ചു.
ചന്ദ്രയാത്ര വെറുമൊരു വിനോദയാത്രയോ സാഹസികതയോ മാത്രമല്ല. ഭാവിയില്‍ അങ്ങനെ സംഭവിക്കാനു സാധ്യതയുണ്ട്. എന്നാല്‍ ഭൂമിയുടെ ഉത്പത്തിയും പ്രപഞ്ചത്തിന്റെ രഹസ്യങ്ങളും മനസ്സിലാക്കാന്‍ ചന്ദ്രനിലെ പഠനങ്ങള്‍ സഹായിക്കുന്നു. ഭാവിയില്‍ മനുഷ്യന് ജീവിക്കാന്‍ അനുയോജ്യമായ സാഹചര്യങ്ങള്‍ അവിടെയുണ്ടോ എന്ന് കണ്ടെത്താനും അവിടെയുള്ള അപൂര്‍വ്വ ധാതുക്കളും ഊര്‍ജ്ജസ്രോതസ്സുകളും മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കാനും ഈ യാത്രകള്‍ വഴിതുറക്കുന്നു. ആര്‍ട്ടെമിസ് പോലുള്ള വന്‍കിട പദ്ധതികള്‍ സാധാരണക്കാര്‍ക്ക് ചന്ദ്രനിലേക്ക് യാത്ര ചെയ്യാനുള്ള 'ബഹിരാകാശ ടൂറിസം' എന്ന ആശയത്തോട് അടുത്തുകൊണ്ടിരിക്കുന്നതാണ്.
അസാധ്യമെന്ന് കരുതിയ പലതും മനുഷ്യന്റെ ഇച്ഛാശക്തിക്ക് മുന്നില്‍ വഴിമാറുമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ചന്ദ്രയാത്ര. പണ്ട് മുത്തശ്ശിക്കഥകളില്‍ മാത്രം കേട്ടിരുന്ന അമ്പിളി മാമനിലേക്ക് ഇന്ന് മനുഷ്യന്‍ നിരന്തരം യാത്രകള്‍ നടത്തുന്നു. ശാസ്ത്രം വളരുന്നതിനനുസരിച്ച് ചന്ദ്രന്‍ ഒരു താവളമാക്കി മാറ്റി അവിടെനിന്ന് ചൊവ്വയിലേക്കും മറ്റ് ദൂരെയുള്ള ഗ്രഹങ്ങളിലേക്കും മനുഷ്യന്‍ യാത്ര തിരിക്കുന്ന നാളുകള്‍ വിദൂരമല്ല. മനുഷ്യന്റെ ജിജ്ഞാസയും ശാസ്ത്രബോധവും നിലനില്‍ക്കുന്നിടത്തോളം കാലം ഈ ആവേശ യാത്രകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.