
നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നായ ഫൊക്കാന ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ഇത്തവണ കുടുംബകേന്ദ്രിതമായ പുതിയ ആശയങ്ങളുമായും ശ്രദ്ധേയമായ സാംസ്‌കാരിക പരിപാടികളുമായും ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. അമേരിക്കയിലെ പ്രശസ്തമായ കല്‍ഹാരി റിസോര്‍ട്ടില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍, സംഘടനാ അംഗങ്ങളെ മാത്രമല്ല, ഫൊക്കാനയ്ക്ക് പുറത്തുള്ള മലയാളി കുടുംബങ്ങളെയും യുവതലമുറയെയും ഒരുമിപ്പിക്കുന്ന വേദിയായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മോഹിനിയാട്ടത്തിലും ചെണ്ടമേളത്തിലും ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിടുന്ന വമ്പന്‍ പരിപാടികള്‍, കുടുംബങ്ങള്‍ക്ക് അനുയോജ്യമായ റിസോര്‍ട്ട് സൗകര്യങ്ങള്‍, വനിതാ-യുവജന പങ്കാളിത്തത്തിന് നല്‍കുന്ന പ്രാധാന്യം എന്നിവയാണ് ഇത്തവണത്തെ പ്രത്യേകതകള്‍. കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍, വെല്ലുവിളികള്‍, പ്രതീക്ഷകള്‍ എന്നിവയെക്കുറിച്ച് ഫൊക്കാന കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ആല്‍ബര്‍ട്ട് ആന്റണി കണ്ണംപിള്ളി സംസാരിക്കുന്നു...
ഫൊക്കാനയുടെ വരാനിരിക്കുന്ന കല്‍ഹാരി കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ എങ്ങനെയാണ് പുരോഗമിക്കുന്നത്?
വളരെ സന്തോഷകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ തന്നെ കല്‍ഹാരി കണ്‍വെന്‍ഷന്റെ കിക്കോഫ് നടത്തിയിരുന്നെങ്കിലും കേരള കണ്‍വെന്‍ഷനെ ബാധിക്കാതിരിക്കാന്‍ സെപ്റ്റംബര്‍ മുതല്‍ മാത്രമാണ് സജീവമായ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നത്. ആദ്യ ഘട്ടത്തില്‍ തന്നെ എല്ലാ റൂമുകളും ബുക്ക് ആയി. പിന്നീട് ആളുകളുടെ അഭ്യര്‍ത്ഥനപ്രകാരം അധിക റൂമുകള്‍ ലഭ്യമാക്കിയെങ്കിലും അവയും വേഗത്തില്‍ നിറഞ്ഞു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം, രജിസ്റ്റര്‍ ചെയ്തവരില്‍ വലിയൊരു വിഭാഗം ഫൊക്കാനയ്ക്ക് പുറത്തുള്ളവരാണ്. ഫൊക്കാനയെ കൂടുതല്‍ കുടുംബങ്ങളിലേക്കും പുതിയ തലമുറയിലേക്കും എത്തിക്കുക എന്ന ലക്ഷ്യം വലിയ തോതില്‍ വിജയിച്ചുവെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍.
ഇത്തവണ കണ്‍വെന്‍ഷന്‍ നടത്താന്‍ കല്‍ഹാരി റിസോര്‍ട്ട് തിരഞ്ഞെടുക്കാന്‍ കാരണമെന്താണ്?
ഈ കണ്‍വെന്‍ഷനെ ഒരു കുടുംബസംഗമവും അവധിക്കാല അനുഭവവുമാക്കി മാറ്റണമെന്നായിരുന്നു ഞങ്ങളുടെ ചിന്ത. കല്‍ഹാരി അമേരിക്കയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ വാട്ടര്‍ പാര്‍ക്കുകളിലൊന്നുള്ള റിസോര്‍ട്ടാണ്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന സൗകര്യങ്ങളുണ്ട്. നഗരങ്ങളുടെ തിരക്കില്‍ നിന്ന് അകന്ന് ശാന്തമായ അന്തരീക്ഷത്തിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. മലനിരകളും മനോഹരമായ സായാഹ്ന കാഴ്ചകളും വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ആയിരക്കണക്കിന് റൂമുകളും ഈ വേദിയുടെ പ്രത്യേകതകളാണ്. കുടുംബങ്ങളോടൊപ്പം സമയം ചെലവഴിക്കാനുള്ള മികച്ച അവസരമാണ് ഇത്.
രജിസ്‌ട്രേഷനും താമസസൗകര്യങ്ങളും സംബന്ധിച്ച സാഹചര്യം എന്താണ്?
റൂമുകളുടെയും കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്റെയും നടപടികള്‍ പൂര്‍ത്തിയായി. ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 31,2025 വരെ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനു മുമ്പേ എല്ലാ റൂമുകളും വിറ്റുതീര്‍ന്നു. സാധാരണയായി ഓഗസ്റ്റ് മാസത്തില്‍ ഈ റിസോര്‍ട്ടിലെ ഒരു രാത്രിയുടെ നിരക്ക് 700 മുതല്‍ 800 ഡോളര്‍ വരെയാണ്. എന്നാല്‍ കുടുംബങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കാന്‍ ഞങ്ങള്‍ പ്രത്യേക പാക്കേജുകള്‍ ഒരുക്കി. അത് വലിയൊരു സാമ്പത്തിക വെല്ലുവിളിയായിരുന്നു, പക്ഷേ ഫൊക്കാനയുടെ ഒത്തുചേരലില്‍ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അനുഭവം നല്‍കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
ഇത്തവണത്തെ പ്രധാന ആകര്‍ഷണങ്ങള്‍ ഏതൊക്കെയാണ്?
രണ്ട് മെഗാ ഇവന്റുകളാണ് പ്രത്യേക ശ്രദ്ധ നേടുന്നത്. ഒന്നാമത്തേത് മോഹിനിയാട്ടത്തിലൂടെ ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള ശ്രമമാണ്. ആദ്യം 400-500 പേരെ പ്രതീക്ഷിച്ചിരുന്നെങ്കിലും രജിസ്‌ട്രേഷന്‍ അവസാനിക്കുമ്പോള്‍ 1000 ത്തില്‍ അധികം പേര്‍ ഇതില്‍ ചേര്‍ന്നു. നോര്‍ത്ത് അമേരിക്കയില്‍ ഇത്രയധികം പേര്‍ മോഹിനിയാട്ടത്തില്‍ താല്‍പര്യം കാണിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. രണ്ടാമത്തേത് ചെണ്ടമേളമാണ്. അതിലും ഏകദേശം 500 ല്‍ കൂടുതല്‍ താളമേളക്കാര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നമ്മുടെ സംസ്‌കാരത്തെ അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള വലിയ അവസരമായിരിക്കും ഈ രണ്ട് പരിപാടികളും. എല്ലാ പ്രധാന പരിപാടികളും ഇന്‍ഡോര്‍ സംവിധാനത്തിലാണ് നടക്കുന്നത്. രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ പ്രവേശനമുണ്ടാകൂ. റിസോര്‍ട്ടിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ വളരെ കര്‍ശനമാണ്. നിയന്ത്രിത പ്രവേശനവും പ്രൊഫഷണല്‍ സുരക്ഷാ സംവിധാനങ്ങളും ഉള്ളതിനാല്‍ എല്ലാവര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാന്‍ സാധിക്കും. പ്രസിഡന്റ് സജിമോന്‍ ആന്റണിയുടെ ഒരു വിഷനോടും മിഷനോടും കൂടിയുള്ള പ്രവര്‍ത്തനം ഫൊക്കാന ഇന്ന് പുതിയ തലത്തില്‍ എത്തിക്കഴിഞ്ഞു.
വനിതകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതികളുണ്ടോ?
തീര്‍ച്ചയായും. ഫൊക്കാനയുടെ വിമന്‍സ് ഫോറം വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു. യുവതികള്‍ക്കായുള്ള മിസ് ഫൊക്കാന മത്സരം, സ്ത്രീകളുടെ ബ്യൂട്ടി പേജന്റായ 'മലയാളി മങ്ക' എന്നിങ്ങനെ വനിതാ കേന്ദ്രീകൃത പരിപാടികള്‍ ഈ വര്‍ഷവും ഉണ്ടാകും. വനിതകളുടെ കഴിവുകളും നേതൃത്വവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന നിരവധി പരിപാടികള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
സുവനീറിനെക്കുറിച്ച് പറയാമോ?
സുവനീറിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക കമ്മിറ്റിയാണ് കൈകാര്യം ചെയ്യുന്നത്. രചനകള്‍ സ്വീകരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. സുവനീറിന്റെ പ്രകാശനം കണ്‍വെന്‍ഷന്‍ വേദിയില്‍ വെച്ചുതന്നെയായിരിക്കും.
ഇത്ര വലിയൊരു കണ്‍വെന്‍ഷന്റെ നേതൃത്വം വഹിക്കുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ്?
ഇത് വലിയ ഉത്തരവാദിത്തമാണ്. സാമ്പത്തികമായും സംഘടനാപരമായും നിരവധി ഘടകങ്ങള്‍ ഇതിലുണ്ട്. അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളിലും വ്യക്തതയും കൃത്യമായ ആസൂത്രണവും ഉറപ്പാക്കുകയാണ് ചെയ്യുന്നത്. ഒരാള്‍ക്ക് മാത്രം ചെയ്യാനാകുന്ന കാര്യമല്ല ഇത്. മികച്ച സംഘത്തെ രൂപീകരിച്ച് ഉത്തരവാദിത്തങ്ങള്‍ പങ്കുവെച്ചാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. അതിന്റെ ഫലമാണ് ഇതുവരെ ലഭിച്ച മികച്ച പ്രതികരണവും വിജയവും. ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി,ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയ് ചാക്കപ്പന്‍ എന്നിവര്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ എല്ലാവരും തന്നെ നല്ലരീതിയില്‍ കൂടെനില്‍ക്കുന്നത് വലിയ കരുത്താണ്. യാതൊരുവിധ അംഗീകാരവും പ്രതീക്ഷിക്കാതെ ആത്മാര്‍ത്ഥമായി ഒപ്പം നില്‍ക്കുന്ന സുഹൃത്തുക്കളുടെയും സംഘടനാപ്രവര്‍ത്തകരുടെയും സമയത്തിനും പരിശ്രമത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. സ്‌പോണ്‍സര്‍മാരുടെ അകമഴിഞ്ഞ പിന്തുണയും ഈ അവസരത്തില്‍ എടുത്തുപറയാന്‍ ആഗ്രഹിക്കുന്നു.

കുടുംബത്തിന്റെ പിന്തുണ?
ഇത്ര വലിയൊരു കണ്‍വെന്‍ഷന്റെ ചുമതല ഏറ്റെടുക്കുമ്പോള്‍ കുടുംബത്തിന്റെ പിന്തുണ വളരെ വിലപ്പെട്ടതാണ്. ഭാര്യ ഷൈനി ഒരു ആശുപത്രിയില്‍ സീനിയര്‍ സിസ്റ്റം ആപ്ലിക്കേഷന്‍ അനലിസ്റ്റായി ജോലി ചെയ്യുകയാണ്. മൂത്ത മകള്‍ ആന്‍മരിയ ലോ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി അറ്റോര്‍ണിയായി കരിയര്‍ ആരംഭിക്കുന്ന ഘട്ടത്തിലാണ്. മകന്‍ അലോഷ്യസ്. മൂന്നാം വര്‍ഷ കോളജ് വിദ്യാര്‍ത്ഥിയാണ്. കുടുംബത്തിലെ ഓരോരുത്തരുടെയും താല്‍പര്യങ്ങളും കാഴ്ചപ്പാടുകളും മനസിലാക്കിക്കൊണ്ടാണ് സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ ആകര്‍ഷകമായ ഒരു കണ്‍വെന്‍ഷന്‍ വിഭാവനം ചെയ്യാന്‍ സാധിച്ചത്.
കുടുംബാംഗങ്ങളുടെ താല്‍പര്യങ്ങള്‍ മനസിലാക്കി അതിനെ കണ്‍വെന്‍ഷന്‍ ആസൂത്രണത്തിന്റെ ഭാഗമാക്കിയത് ഇത്തവണ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കാന്‍ സഹായകമായിട്ടുണ്ട്. ഫൊക്കാനയുടെ ഭാവി കുടുംബങ്ങളിലൂടെയും യുവതലമുറയിലൂടെയുമാണ് വളരേണ്ടത്. അതുകൊണ്ടാണ് എല്ലാവര്‍ക്കും തങ്ങളുടെതായ ഇടവും അനുഭവവും ലഭിക്കുന്ന തരത്തില്‍ കണ്‍വെന്‍ഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കണ്‍വെന്‍ഷന്റെ ബിസിനസ്, സാമൂഹിക, ബൗദ്ധിക പരിപാടികളെക്കുറിച്ച് പറയാമോ?
ഫൊക്കാന കണ്‍വെന്‍ഷന്‍ ഒരു സാംസ്‌കാരിക ആഘോഷം മാത്രമല്ല, സമൂഹത്തിന്റെ വിവിധ മേഖലകളെ ഒരുമിപ്പിക്കുന്ന വേദി കൂടിയാണ്. ഇന്ത്യയുടെ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി, വിവിധ കേന്ദ്ര-സംസ്ഥാന ജനപ്രതിനിധികള്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയ പ്രമുഖരെ കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പദ്മവിഭൂഷണ്‍ അടൂര്‍ ഗോപലകൃഷ്ണന്‍ , പ്രമുഖ വ്യവസായി എം. എ. യൂസഫലിയും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത്തവണ യുവതലമുറയ്ക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ബിസിനസ് മീറ്റ് ആസൂത്രണം ചെയ്തിരിക്കുന്നത്. സംരംഭകത്വത്തിലും തൊഴില്‍ സാധ്യതകളിലും താല്‍പര്യമുള്ള യുവാക്കള്‍ക്ക് പ്രമുഖ ബിസിനസ് നേതാക്കളുമായി ആശയവിനിമയം നടത്താനും പുതിയ അവസരങ്ങള്‍ കണ്ടെത്താനും ഇത് സഹായകരമാകും.
അതോടൊപ്പം സാഹിത്യ സെമിനാര്‍, മീഡിയ സെമിനാര്‍ തുടങ്ങിയ ബൗദ്ധിക ചര്‍ച്ചകളും സംഘടിപ്പിക്കുന്നുണ്ട്. വിവിധ മേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന ഈ സെഷനുകള്‍ അമേരിക്കന്‍ മലയാളി സമൂഹം നേരിടുന്ന സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ആശയവിനിമയത്തിനും വേദിയാകും. കുടുംബങ്ങള്‍ക്കും യുവജനങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സമഗ്രമായ ഒരു കണ്‍വെന്‍ഷനാണ് ഉദ്ദേശിക്കുന്നത്.
കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള താങ്കളുടെ സന്ദേശം?
ഇത് ഒരു സാധാരണ സമ്മേളനമായി മാത്രം കാണരുത്. കുടുംബങ്ങള്‍ക്കും യുവതലമുറയ്ക്കും ഒരുമിച്ച് സമയം ചെലവഴിക്കാനും നമ്മുടെ സംസ്‌കാരവും പാരമ്പര്യവും ആഘോഷിക്കാനും ഉള്ള വലിയ അവസരമാണ്. നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഐക്യവും ശക്തിയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന വേദിയായിരിക്കും ഈ കണ്‍വെന്‍ഷന്‍. എല്ലാവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.