Image

വ്യാഖ്യാന വ്യക്തതക്കായി ധര്‍മ്മ സംവാദം സംഘടിപ്പിച്ച് കെ.എച്ച്.എന്‍.എ യുവ കൂട്ടായ്മ

(സുരേന്ദ്രന്‍ നായര്‍ : കെ.എച്ച്.എന്‍.എ ന്യൂസ് ) Published on 10 June, 2026
വ്യാഖ്യാന വ്യക്തതക്കായി ധര്‍മ്മ സംവാദം സംഘടിപ്പിച്ച് കെ.എച്ച്.എന്‍.എ യുവ കൂട്ടായ്മ

ഹൂസ്റ്റണ്‍ : കെ.എച്ച്.എന്‍.എ യുവ ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ അദ്വൈതാശ്രമം മഠാധിപതി പൂജ്യ സ്വാമി ചിദാനന്ദപുരിയുമായി വിപുലമായ ധര്‍മ്മ സംവാദം സംഘടിപ്പിച്ചു. യങ് ഹിന്ദുസ് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍, സങ്കല്‍പ് ഹ്യൂസ്റ്റണ്‍, വിശ്വ ഹിന്ദു പരിഷത്, ശങ്കര അദ്വൈതാശ്രമം ഫോര്‍ ഗ്ലോബല്‍ എന്‍ലൈറ്റന്‍മെന്റ് (SAGE) എന്നീ യുവ ഹൈന്ദവ കൂട്ടായ്മകളുടെ സഹകരണത്തോടെ റിച്ച്മണ്ടിലെ സ്വാമിനാരായണ്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ''ധര്‍മ്മ ഡയലോഗ്'' എന്ന പേരിലുള്ള പരിപാടിയില്‍ അറുപതിലധികം യുവതീയുവാക്കള്‍ പങ്കെടുത്തു.

ആര്‍ഷഭാരത ധര്‍മ്മസങ്കല്‍പ്പത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് യുവാക്കള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യാഖ്യാന വ്യക്തതയോടെയും വേദാന്ത ദര്‍ശനങ്ങളുടെ അടിസ്ഥാനത്തിലുമാണ് സ്വാമി ചിദാനന്ദപുരി മറുപടി നല്‍കിയത്.

അമേരിക്കന്‍ പാഠ്യപദ്ധതികളില്‍ കാര്യമായി ഉള്‍ക്കൊള്ളാത്തതും പലപ്പോഴും വ്യാഖ്യാന വൈകല്യങ്ങള്‍ മൂലം സങ്കീര്‍ണമാക്കപ്പെട്ടതുമായ ധര്‍മ്മസങ്കല്‍പ്പത്തെക്കുറിച്ചുള്ള അടിസ്ഥാന സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടാണ് സംവാദം ആരംഭിച്ചത്. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും അവയുടെ സ്വാഭാവിക ക്രമത്തില്‍ നിലനിര്‍ത്തുകയും പരസ്പര ആശ്രിതമായ പ്രകൃതിയുടെ താളലയം സംരക്ഷിക്കുകയും ചെയ്യുന്നതാണ് ധര്‍മ്മമെന്നും, അത് മതസങ്കല്‍പ്പങ്ങള്‍ക്ക് അതീതമായ ഒരു സര്‍വ്വലൗകിക തത്വമാണെന്നും സ്വാമി വേദാന്ത രഹസ്യങ്ങള്‍ ഉദാഹരിച്ച് വിശദീകരിച്ചു.

അതീവ ജിജ്ഞാസയോടെ തുടര്‍ചോദ്യങ്ങള്‍ ഉന്നയിച്ച യുവാക്കള്‍ക്ക് ഭാരതീയ ധര്‍മ്മദര്‍ശനം എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന ഇന്‍ക്ലൂസീവ് ആയ ഒരു ജീവിതവീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദേശങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഉള്‍ക്കൊള്ളാവുന്ന ഈ ധര്‍മ്മസങ്കല്‍പ്പം കേവലം വിശ്വസിക്കാനുള്ളതല്ലെന്നും, വിവേചനബുദ്ധിയോടെ നിരൂപണം ചെയ്ത് സ്വയം ബോധ്യപ്പെടേണ്ടതാണെന്നും ഭഗവദ് ഗീതയുടെ ഉപസംഹാര അധ്യായം ഉദ്ധരിച്ച് സ്വാമി വിശദീകരിച്ചു.

മതവൈരങ്ങളും വിഭാഗീയ പ്രവണതകളും ശക്തിപ്രാപിക്കുന്ന ഇന്നത്തെ ലോകത്ത്, എല്ലാ ചിന്താപദ്ധതികളെയും ഉള്‍ക്കൊള്ളുന്ന വിശ്വസാഹോദര്യത്തിന്റെ സന്ദേശവാഹകരാകാന്‍ ധര്‍മ്മാനുസരണം യുവതലമുറയെ സഹായിക്കുമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവാക്കള്‍ പങ്കെടുത്ത സദസ്സില്‍ ധര്‍മ്മവും ദര്‍ശനങ്ങളും വിശദീകരിക്കുന്നതിനിടെ, ''ഇന്ത്യ'' എന്ന രാഷ്ട്രീയ പരാമര്‍ശത്തേക്കാള്‍ ''ഭാരതീയം'' എന്ന സാംസ്‌കാരിക വിശേഷണമാണ് കൂടുതല്‍ ഉചിതമെന്ന് സ്വാമി ചൂണ്ടിക്കാട്ടിയത് പങ്കെടുത്തവര്‍ക്ക് പുതിയ ചിന്തകള്‍ സമ്മാനിച്ചു.

മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്ന പരിപാടിയില്‍ കെ.എച്ച്.എന്‍.എ മുന്‍ പ്രസിഡന്റുമാരായ സുരേന്ദ്രന്‍ നായര്‍, ജി.കെ. പിള്ള, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ രമണി പിള്ള, രവീന്ദ്രന്‍ നായര്‍, അനിത മധു എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. സൂര്യജിത് സുഭാഷിതന്‍ പ്രാര്‍ത്ഥനാഗീതം ആലപിച്ചു.

ഹ്യൂസ്റ്റണ്‍ കലാക്ഷേത്ര അവതരിപ്പിച്ച ആസ്വാദ്യകരമായ ചെണ്ടമേളത്തെ തുടര്‍ന്ന് ശബരി സുരേന്ദ്രന്‍ പൂജ്യ സ്വാമി ചിദാനന്ദപുരിയെയും മറ്റ് അതിഥികളെയും സ്വാഗതം ചെയ്തു. യങ് ഹിന്ദുസ് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ പ്രസിഡന്റ് ഹരിപ്രിയ സുന്ദറും സെക്രട്ടറി മേഘ്‌ന കറയും ചോദ്യോത്തരവേളയ്ക്ക് നേതൃത്വം നല്‍കി.

കെ.എച്ച്.എന്‍.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ 2027 ജൂലൈയില്‍ ഫ്‌ലോറിഡയില്‍ നടക്കുന്ന ഗ്ലോബല്‍ ഹിന്ദു സംഗമത്തില്‍ കൂടുതല്‍ യുവജന പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും, എല്ലാ കുടുംബങ്ങളുടെയും സാന്നിധ്യവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നതായും റീജിയണല്‍ വൈസ് പ്രസിഡന്റ് സൂര്യജിത് തന്റെ ഉപസംഹാര പ്രസംഗത്തില്‍ അറിയിച്ചു. തുടര്‍ന്ന്  നന്ദി രേഖപ്പെടുത്തിയതോടെ പരിപാടി സമാപിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക