Image

ഭാസുരസങ്കൽപ്പങ്ങളും കുറെ യാഥാർത്ഥ്യങ്ങളും (തമിഴകം/ വിജയ്‌ സര്‍ക്കാര്‍ : പി കെ ശ്രീനിവാസൻ)

Published on 10 June, 2026
ഭാസുരസങ്കൽപ്പങ്ങളും കുറെ യാഥാർത്ഥ്യങ്ങളും (തമിഴകം/ വിജയ്‌ സര്‍ക്കാര്‍ : പി കെ ശ്രീനിവാസൻ)

തമിഴകത്തിൻെറ ദ്രാവിഡകുത്തക സംസ്കാരത്തിൻെറ കടയ്ക്കൽ കത്തിവച്ചുകൊണ്ട് അധികാരക്കസേരയിൽ കയറിയിരുന്ന നടൻ സി ജോസഫ് വിജയ് തമിഴ് വെട്രികഴകം (ടിവികെ) അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ആരും വിശ്വസിക്കുന്നില്ല. എന്നാൽ നിലവിലുള്ള വിശ്വാസങ്ങളെ അമ്പരപ്പിക്കാൻ വിജയ്ന് കഴിഞ്ഞിരിക്കുന്നു. 59 വർഷം ഭരണത്തിൽനിന്ന് മാറിനിൽക്കേണ്ടിവന്ന തമിഴ്നാട്ടിലെ കോൺഗ്രസിന് ഒരിക്കലും ഭരണപങ്കാളിത്തം കൈവരിക്കാനാവില്ലെന്ന ചിന്താഗതിക്ക് മാറ്റം വന്നു. അധികാരത്തോടുള്ള ഡിഎംകെയുടെ ആർത്തിയെയാണ് വിജയ് സർക്കാർ അട്ടിമറിച്ചിരിക്കുന്നത്. കോൺഗ്രസിൻെറ അടിത്തറ തകർത്ത ശേഷം നാൽപ്പത്തൊമ്പത് വർഷം മാറിമാറി ഭരിച്ച ദ്രാവിഡകക്ഷികൾ ഇതുവരെ കോൺഗ്രസിനെ വെറും തുറുപ്പുശീട്ടുകളാക്കി മാറ്റുകയായിരുന്നു. വിജയ്ൻെറ മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് മന്ത്രിമാർ കടന്നുവരുന്നതോടെ തമിഴക രാഷ്ട്രീയഭൂപടത്തിൽ പുതിയ വിശ്വാസങ്ങളും വിതാനങ്ങളും അരങ്ങേറുകയാണ്. “കേന്ദ്രഭരണം കോൺഗ്രസിന് സംസ്ഥാന ഭരണം ഞങ്ങൾക്ക്”  എന്ന അലിഖിത മുദ്രാവാക്യവുമായി വർഷങ്ങളായി മുന്നേറിക്കൊണ്ടിരിക്കുന്ന ദ്രാവിഡ സംസ്കാരത്തിന് നേരെ വിരൽ ചൂണ്ടി  നിൽക്കുകയാണ് കോൺഗ്രസ്.

വിസികെ, മുസ്ലിംലീഗ് തുടങ്ങിയ കക്ഷികൾ വിജയ് സർക്കാരിനെ പിന്തുണയ്ക്കുകയും ഭരണത്തിൽ പങ്കാളികളാവുകയും ചെയ്തതോടെ തമിഴക രാഷ്ട്രീയത്തിൽ അസാധാരണമായ മുന്നേറ്റമാണ് സംഭവിക്കുന്നത്. മോഡിക്കെതിരെ കെട്ടിപ്പൊക്കിയ ഇന്ത്യാമുന്നണിയുടെ തകർച്ചയാണ് ഇപ്പോൾ നാം കാണുന്നത്. ദ്രാവിഡകക്ഷികളുടെ അഹന്തയാണ് ഇവിടെ പതഞ്ഞുപൊങ്ങുന്നത്. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ വിജയിച്ചുകഴിഞ്ഞാൽ ഘടകക്ഷികൾക്ക് ഭരണത്തിൽ പങ്കാളിത്തം നൽകില്ലെന്ന വാശിയിലായിരുന്നു ഡിഎംകെ. വെറും അടിമകളെപ്പോലെ നിൽക്കാൻ തങ്ങൾ തയ്യാറല്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതോടെ ഇന്ത്യാസഖ്യം മുട്ടിടിച്ചുവീണു. വിജയ്ൻെറ പാർട്ടിയാണ് കോൺഗ്രസിനെ ഈ ദുരന്തത്തിൽനിന്ന് മോചിപ്പിച്ചത്.    

തമിഴകത്ത് തികച്ചും ഒരു മതേതരഭരണത്തിൻെറ തുടക്കം ആരംഭിച്ചിരിക്കുകയാണ്. 35 മന്ത്രിമാരുടെ പട്ടിക നോക്കിയാൽത്തന്നെ ആശാവഹമായ മുന്നേറ്റമാണ് കണുന്നത്. 22 മന്ത്രിമാരിൽ 50 വയസ്സിനു താഴെയുള്ളവരാണ് അധികവും. 15 വർഷമായി വയസ്സന്മാരുടെ കൂത്തരങ്ങായിരുന്നു തമിഴക മന്ത്രിസഭകൾ. 51 വയസ്സുള്ള വിജയ്ൻെറ സഭയിൽ മന്ത്രിമാരുടെ ആവറേജ് വയസ്സ് 44.6 ആണ്. 2021 ലെ സ്റ്റാലിൻ മന്ത്രിസഭയിലാകട്ടെ അത് 61.3 ആയിരുന്നു. ഇപ്പോഴത്തെ മന്ത്രിമാരിൽ ഒൻപതു പേർ മുപ്പതുകളിൽ നിൽക്കുന്നവരാണ്. അതിൽ രണ്ടു വനിതകളും. പ്രായം കുറഞ്ഞവർ അഴിമതിയിൽ പിന്നിലായിരിക്കുമെന്ന ചിന്തയാണ് ഇവിടെ പ്രകടമാകുന്നത്. ടിവികെ മന്ത്രിസഭയിൽ 70-80 വയസ്സിൽപ്പെട്ടവരിൽ ഒരാൾ മാത്രം- എഐഎഡിഎംകെയിൽനിന്ന് ടിവികെയിൽ എത്തിയ കെഎ സെങ്കോട്ടിയൻ. എട്ട് പേർ ദളിത് വിഭാഗത്തിലുള്ളവരാണ്. ഇതൊരു പുരോഗമനപരമായ നീക്കമാണ്.  

ജനങ്ങളുടെ വിശ്വാസമാർജ്ജിക്കാനും  അവരുടെ പ്രതീക്ഷകൾക്ക് ആക്കം വർദ്ധിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് തുടക്കത്തിൽ തന്നെ ടിവികെ സർക്കാർ ആരംഭിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ നാലായിരത്തോളം മദ്യഷാപ്പുകളിൽ 717 എണ്ണം അടച്ചുപൂട്ടാനുള്ള തീരുമാനമാണ് ജനങ്ങളെ ആദ്യം ആഹ്ലാദിപ്പിച്ചത്. സ്കൂളുകളുടെയും ആരാധനാലയങ്ങളുടെയും ബസ്റ്റാൻഡുകളുടെയും സമീപത്തുള്ള മദ്യഷാപ്പുകളാണ് അടച്ചുപൂട്ടാൻ പോകുന്നത്. മുൻസർക്കാരാകട്ടെ 50 മീറ്റർ അകലെ എന്ന നയമാണ് സ്വീകരിച്ചിരുന്നത്. വിജയ് അത് 500 മീറ്ററായി ഉയർത്തിയിരിക്കുന്നു. കഴിഞ്ഞദിവസം ലഹരിമരുന്ന് വിൽപ്പനയിലും മറ്റും ഏർപ്പെട്ടിരുന്ന 133 പേരെ അറസ്റ്റുചെയ്തതോടെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

പ്രകടനപത്രിയിൽ പ്രഖ്യാപിച്ചിരുന്ന പല വാഗ്ദാനങ്ങളും നടപ്പിലാക്കാനുള്ള നടപടികൾ ഗവൺമെൻറ് സ്വീകരിച്ചുതുടങ്ങി. മുഖ്യമന്ത്രി ആയിരുന്ന കാലത്ത് സാധാരണക്കാർക്ക് വേണ്ടി ജയലളിത ആരംഭിച്ചിരുന്ന “അമ്മ ഉണവകം” (അമ്മ ഭക്ഷണാലയം) സ്റ്റാലിൻെറ ഭരണകാലത്ത് പരിമിതികളുടേയും അഴിമതികളുടേയും  കുത്തൊഴുക്കിൽ പെട്ടുപോയിരുന്നു. സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് മൂന്നുനേരം ആഹാരം നൽകുന്ന പ്രസ്ഥാനമായിരുന്നു അമ്മ ഉണവകം.  അതിൻെറ ഗുണനിലവാരം മെച്ചപ്പെടുത്താനും വിജയ് സർക്കാർ മുൻകൈയെടുക്കുന്നു.

വർഷങ്ങളായി തമിഴ്നാട്ടിലെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. അതിനൊരു പരിഹാരം കാണാതെ രക്ഷയില്ലെന്ന് നിലപാട് പല വിദഗ്ധരും ഉന്നയിച്ചിട്ടുള്ളതുമാണ്. അതിൻെറ അടിസ്ഥാനത്തിലാണ് ടിവികെ പ്രകടനപത്രികയിൽ അതുമായി ബന്ധപ്പെട്ട പുതിയ ചില ആശയങ്ങൾ ആവിഷ്കരിച്ചത്. “നമത് ഊരിൽ നമ്മക്കാക വേലൈവായ്പ്പ്” (നമ്മുടെ നാട്ടിൽ നമുക്ക് ജോലി),  വെട്രി സ്കിൽ ട്രെയിനിങ് ഉറപ്പ് പദ്ധതി എന്നിവയൊക്കെ തമിഴ് യുവാക്കളെ ജീവിതത്തിൻെറ മുൻനിരയിൽ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. വിദ്യാഭ്യാസലോണുകൾ, തൊഴിൽ രഹിതർകക്കുള്ള ധനസഹായം തുടങ്ങിയ നിരവധി പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു.

ടിവികെയുടെ പ്രകടനപത്രികയിൽ ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ചത് സ്ത്രീകളുടെ പ്രശ്നങ്ങളിലാണ്. കുടുംബത്തിൻെറ നെടുംതൂണുകൾ സ്ത്രീകളാണെന്നും അവരുടെ ഉന്നമനത്തിലൂടെ മാത്രമേ ഒരു സമൂഹത്തെ ഉയർത്താൻ കഴിയൂ എന്നും പലപ്പോഴും നമ്മുടെ സർക്കാരുകൾ മറന്നു പോകാറുണ്ട്. ഏറ്റവുമധികം ദളിതർ കഷ്ടത അനുഭവിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. അവരുടെ അവസ്ഥ മോശമായതു കൊണ്ടാണ് ഉന്നത ജാതിയിൽ നിന്ന് അവർക്ക് മോശപ്പെട്ട ഇടപെടലുകളും  സമീപനങ്ങളും നേരിടേണ്ടി വരുന്നതെന്ന് ടിവികെ സംഘം കണ്ടെത്തിയിരുന്നു. അതിനാൽ സ്ത്രീകളുടെ ഉയർച്ചയ്ക്ക് വേണ്ടി നിരവധി കാര്യങ്ങൾ ചെയ്യാൻ വിജയ് ഇപ്പോൾ മുന്നോട്ടു വരികയാണ്.

കുടുംബത്തിൻെറ ചുമതല വഹിക്കുന്ന 60 വയസ്സിന് താഴെയുള്ള കുടുംബിനികൾക്ക് പ്രതിമാസം 2500 രൂപയും പ്രായം ചെന്നവർക്കും വിധവകൾക്കും അംഗവൈകല്യമുള്ളവർക്കും പ്രതിമാസം 3000 രൂപ അലവൻസും കൊടുക്കുമെന്ന് സർക്കാർ ഉറപ്പുനൽകുന്നു. അന്നപൂരണി സൂപ്പർ എന്ന വിഭാഗത്തിൽ ഒരു കുടുംബത്തിന് വർഷം ആറ് ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകാനും പദ്ധതികൾ ആരംഭിച്ചിരിക്കുന്നു.  അണ്ണൻ തീർ തിട്ടം പദ്ധതി അനുസരിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളുടെ വിവാഹത്തിന് 8 ഗ്രാം സ്വർണവും സിൽക്ക് സാരിയും സർക്കാർ സമ്മാനമായി നൽകും. സ്ത്രീകളുടെ സ്വയംസഹായ ഗ്രൂപ്പുകൾക്ക് പലിശയില്ലാതെ 5 ലക്ഷം രൂപ വരെ ലോൺ നൽകും. തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് 4000 രൂപയും ഡിപ്ലോമോ / ഐടിഐ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക്  2500 രൂപയും പ്രതിമാസം ധനസഹായവും ലഭിക്കും. പുതുതായി 5 ലക്ഷം പേർക്ക് സർക്കാർ ജോലി നൽകും.

വിജയ് പ്രകടനപത്രികയിലൂടെ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികൾക്ക് മാത്രം ഒരു ലക്ഷം കോടി രൂപ വേണ്ടിവരും എന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ സ്റ്റാലിൻ സർക്കാർ 65000 കോടിയാണ് ഇത്തരം പദ്ധതികൾക്ക് ചിലവിട്ടിരുന്നത്. ഇന്നത്തെ  വരുമാനം ഇല്ലാത്ത അവസ്ഥയും പരിഗണിക്കേണ്ടതാണ്. 2025-26 ലെ ജിഎസ്ഡിപി മൂന്ന് ശതമാനം ആയിരുന്നത് 3.5- 4 ശതമാനംവരെ ഉയരാനും സാധ്യത കാണുന്നുണ്ട്. കൂടാതെ സർക്കാർ ജീവനക്കാർക്ക് ശമ്പള വർദ്ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ടിവി കേക്ക് വ്യക്തമായ ധാരണയില്ലാതെയാണ് ഇത്തരം സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. അതിവിശാലമായ ഇത്തരം പ്രഖ്യാപനങ്ങൾ സാമ്പത്തികമായ തലകുത്തി വീണിരീക്കുന്ന  ഒരു സംസ്ഥാനത്തിന് താങ്ങാൻ പറ്റുമോ എന്ന് അവർ ആശ്ചര്യപ്പെടുന്നു. തെരഞ്ഞെടുപ്പിന് മുൻപ് വിജയ് നൽകിയ ഇത്തരം മോഹന വാഗ്ദാനങ്ങൾ ആണ് ടിവികെയുടെ വിജയം ഉറപ്പിച്ചത്. സ്ത്രീകളിലും പുതിയ വോട്ടർമാരായ യുവതീയുവാക്കളിലും ഇതെല്ലാം വൻതോതിലുള്ള മനംമാറ്റത്തിന് കാരണമായിരുന്നു.

മുകൾത്തട്ടിൽ നിന്നുള്ള ഭരണപരിഷ്കാരങ്ങൾക്ക് സർക്കാർ ശ്രമം ആരംഭിച്ചു കഴിഞ്ഞു. പോലീസിൻെറ തലപ്പത്ത് തന്നെ വമ്പൻ അഴിച്ചുപണി തുടങ്ങി. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ പലരെയും സ്ഥലം മാറ്റിക്കഴിഞ്ഞു. അതേപോലെ വികസനവുമായി ബന്ധപ്പെട്ട പല വകുപ്പുകളിലും കാതലായ മാറ്റങ്ങൾ വരുത്തിത്തുടങ്ങിയിരിക്കുന്നു. സ്റ്റാലിൻ ഭരണകൂടത്തോട് മമത കാണിച്ചവരെ മാറ്റിനിർത്തിയാൽ മാത്രമേ ഭരണം സുതാര്യമാകൂ എന്ന് വിജയ് വിശ്വസിക്കുന്നുണ്ടാകണം. സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ടവരെ അറിയിക്കാനും പരിഹാര നടപടികൾ സ്വീകരിക്കാനും പൊതുജനങ്ങൾക്കായി ചില ആപ്ലിക്കേഷനുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

അഴിമതിയില്ലാത്ത ഒരു ഭരണകൂടത്തിന് മാത്രമേ സംസ്ഥാനത്തെ മുൻനിരയിൽ എത്തിക്കാൻ കഴിയൂ എന്ന് ടിവികെ സർക്കാർ വിശ്വസിക്കുന്നു. മികച്ച ഭരണസംഘത്തെ അതിനായി സജ്ജമാക്കുകയാണ് ഇപ്പോഴത്തെ വിജയ്ൻെറ ലക്ഷ്യം. സ്റ്റാലിൻ ഭരണകൂടത്തിൽ പരിചയസമ്പന്നരായ നിരവധി മന്ത്രിമാർ ഉണ്ടായിരുന്നു. എന്നാൽ വിജയ് സർക്കാരിൽ വേണ്ടത്ര മുൻപരിചയമുള്ളവർ കുറവാണ്. അത് ഈ സർക്കാരിൻെറ പ്രകടനങ്ങളെ എത്രത്തോളം ബാധിക്കും എന്നാണ് വിദഗ്ധർ ചിന്തിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക