Image

ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ധർമ്മസങ്കടങ്ങൾ (അച്യുതം 5: മാങ്ങാട് രത്‌നാകരൻ)

Published on 10 June, 2026
ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ധർമ്മസങ്കടങ്ങൾ (അച്യുതം 5: മാങ്ങാട് രത്‌നാകരൻ)

ഒക്‌ടോബർ വിപ്ലവത്തിന്റെ നാട്ടിൽ കമ്യൂണിസം, സ്റ്റാലിൻ എന്ന 'മഹാമേരു'വിന്റെ സമഗ്രാധിപത്യത്തിനു കീഴിലമരുകയും സോവിയറ്റ് യൂണിയൻ സാമ്രാജ്യത്വശക്തികളെപ്പോലെ അധിനിവേശകരാവുകയും ചെയ്ത വിപര്യയം, സി.അച്യുതമേനോന്റെ വിശ്വാസപ്രമാണങ്ങളിലുണ്ടാക്കിയ സംഘർഷങ്ങളെക്കുറിച്ച് ഈ പംക്തിയിൽ എഴുതിയിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് അതൊരു ആദർശത്തിന്റെയും സ്വപ്നത്തിന്റെയും തകർച്ചയായിരുന്നു. പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നതിനെക്കുറിച്ചുപോലും അച്യുതമേനോൻ ആലോചിച്ചിരുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായ കെ.ദാമോദരനാണ് അച്യുതമേനോനെ അനുനയിപ്പിച്ച് പാർട്ടിയിൽത്തന്നെ പിടിച്ചുനിർത്തിയത്.

അക്കാലത്തെ കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ച് പാർട്ടി അച്ചടക്കം ജീവശ്വാസം പോലെ പരമപ്രധാനമായിരുന്നു. അഭിപ്രായഭിന്നതകൾ പാർട്ടിക്കകത്തുമാത്രമേ ചർച്ച ചെയ്യാനാവുമായിരുന്നുള്ളൂ, അതല്ലെങ്കിൽ ശത്രുവിനെ ആയുധമണിയിക്കലാവും ആത്യന്തിക ഫലം. അതുകൊണ്ടുതന്നെ പാർട്ടി പ്രസിദ്ധീകരണങ്ങളിൽ അവർ ശുഭാപ്തിവിശ്വാസത്തോടെ മാത്രം എഴുതി, അച്യുതമേനോനും അപവാദമല്ല.

പക്ഷേ സ്വകാര്യ കത്തുകളിൽ അച്യുതമേനോൻ തന്റെ വിശ്വാസത്തകർച്ചയെക്കുറിച്ച് വിശദമായിത്തന്നെ എഴുതിയിട്ടുണ്ട്. സമകാലീന ആഗോളസംഭവവികാസങ്ങളെക്കുറിച്ചുള്ള നിശിതമായ അഭിപ്രായങ്ങളും രേഖപ്പെടുത്തി. അച്യുതമേനോൻ പ്രിയ സുഹൃത്തായ കെ.വി.കെ.വാര്യർക്ക് എഴുതിയ കത്തുകൾ അതിനാൽത്തന്നെ വിലപ്പെട്ട ഒരു രാഷ്ട്രീയ-ജീവചരിത്രരേഖയാണ്. 1943 മുതൽ പാർട്ടിയിലെ പിളർപ്പുവരെ (1964) കമ്യൂണിസ്റ്റ് പാർട്ടി അംഗവും, ഒരുവട്ടം നിയമസഭാംഗവും (1952), 1980-മുതൽ മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് വിഭാഗത്തിന്റെ പ്രവർത്തകനുമായിരുന്നു കെ.വി.കെ.വാര്യർ. വാര്യർക്ക് അച്യുതമേനോൻ എഴുതിയ കത്തുകളിൽ നിന്നും തെരഞ്ഞെടുത്തവ അച്യുതമേനോന്റെ 33 കത്തുകൾ എന്ന പേരിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. (ഡി.സി.ബുക്‌സ്, 1991) ഈ പുസ്തകത്തിന്റെ ആധികാരികതയെയും സാംഗത്യത്തെയും ചൊല്ലി പ്രസിദ്ധീകൃതമായ വേളയിൽ വിവാദമുയർന്നിരുന്നു എന്ന വസ്തുതയും മറക്കാവുന്നതല്ല. അച്യുതമേനോൻ മരിച്ച് മൂന്നുമാസം കഴിഞ്ഞപ്പോഴാണ് പുസ്തകം വരുന്നത്.

ഈ കത്തുകളിൽ വ്യക്തിപരമായ കാര്യങ്ങളെക്കാൾ മുന്നിൽവരുന്നത് രാഷ്ട്രീയമാണ്. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം തുടങ്ങിക്കഴിഞ്ഞിരുന്നു. കിഴക്കൻ യൂറോപ്പിൽ, ബെർലിൻ മതിൽ കിഴക്കൻ ജർമ്മനിയിലെ ഇരുമ്പുമറ ഭേദിച്ച്, സ്വാതന്ത്ര്യമോഹികളായ ജനത കല്ലിന്മേൽ കല്ലവശേഷിക്കാതെ തകർത്തിരുന്നു. ഹംഗറി, പോളണ്ട് ചെക്കോസ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളെല്ലാം കമ്മ്യൂണിസത്തെ കൈയൊഴിഞ്ഞ് സോഷ്യൽ ഡെമോക്രസിയെയും മറ്റു ജനാധിപത്യ സംവിധാനങ്ങളെയും സ്വീകരിച്ചിരുന്നു. ഈ ഘട്ടത്തിലാണ് (1989-91) അച്യുതമേനോൻ സുഹൃത്തിന്റെ കത്തുകൾക്ക് മറുപടിയെഴുതുന്നത്. രാഷ്ട്രീയചിന്തകൻ കൂടിയായിരുന്ന അച്യുതമേനോൻ പഴയതുപോലെ ന്യായീകരണത്തിനോ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കാനോ മുതിരാതെ തന്റെ അഭിപ്രായങ്ങൾ മറയില്ലാതെ രേഖപ്പെടുത്തുകയാണ്:

അച്യുതമേനോന്‍ ജനങ്ങള്‍ക്കിടയില്‍ (ഫോട്ടോ: പുനലൂർ രാജൻ)

''നാമെല്ലാവരും ഒരു കാലത്ത് താലോലിച്ചുവളർത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥിതി ഇന്നെന്താണ്? സോവിയറ്റ് പാർട്ടി കഷ്ടിച്ചു നിലനിൽക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു-ഗോർബച്ചേവിന്റെ നേതൃത്വം നിമിത്തം-എന്നാൽ ചൈനയിലും ജി.ഡി.ആറിലും നിലനിൽക്കുമോ? പോളണ്ടിലും ഹംഗറിയിലും ഇപ്പോൾതന്നെ സ്വയം പിരിഞ്ഞുപോകുന്ന നിലയിലെത്തി. ഇന്ത്യയിലോ? ഒരു കാലത്തും ഗുണംപിടിക്കാത്ത നിലയിലാണ്... നിങ്ങൾ പണ്ടൊരു കാലത്ത് ഞാൻ ദൽഹിയിൽ ആയിരുന്ന കാലത്ത് എനിക്കെഴുതിയതായി ഓർക്കുന്നു. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും നേതൃത്വമാണ് നമുക്ക് പറ്റിയത്, മാർക്‌സിന്റെയും ലെനിന്റേതുമല്ലെന്ന്. ഇന്നു ഞാനും അങ്ങനെ കരുതുന്ന ഒരാളാണ്. ഇന്ന് അതൊന്നും പറഞ്ഞിട്ടു കാര്യമില്ല.'' (12-10-1989).

''താത്ത്വികമായി ഞാൻ മാർക്‌സിസത്തിന്റെ ശക്തിപ്രയോഗസിദ്ധാന്തത്തിൽ വിശ്വസിക്കുകതന്നെ ചെയ്തു... പക്ഷേ ഇന്നു ഞാൻ അപ്രകാരം വിശ്വസിക്കാത്ത ഒരാളാണ്. മറ്റു രാജ്യങ്ങളിൽ സ്ഥിതി എന്തുതന്നെയായാലും നമ്മുടെ രാജ്യമായ ഇന്ത്യയിൽ ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തമാണ് സാമൂഹിക പരിവർത്തനത്തിനുള്ള ഏറ്റവും നല്ല ഉപാധി.'' (26-5-89)

''കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇനിയും പ്രസക്തിയുണ്ടെന്ന വിശ്വാസം നിങ്ങൾക്ക് ഇന്നുണ്ടെന്നു തോന്നുന്നു. പക്ഷേ അത്രയും ശുഭാപ്തിവിശ്വാസം എനിക്കില്ല. ഞാനിന്നും പാർട്ടി അംഗമാണ്. അപ്പോൾ അങ്ങനെ പറഞ്ഞുകൂടാത്തതാണ്. പക്ഷേ, എന്റെ ഉള്ളിന്റെയുള്ളിൽ തോന്നുന്നതാണു പറഞ്ഞത്. കാരണമെന്തെന്നോ? കമ്മ്യൂണിസ്റ്റ് നേതൃത്വം ഇത്രയൊക്കെയായിട്ടും ഗോർബച്ചേവ് പറയുന്ന New thinking ഉൾക്കൊള്ളാൻ സന്നദ്ധരല്ല എന്നെനിക്കു തോന്നുന്നു.'' (5-6-90)

''എന്നെ ഗാന്ധിയനെന്നു പറയാമോ എന്നെനിക്കറിഞ്ഞുകൂടാ പേർ എന്തായാലും എന്റെ മനസ്സാക്ഷിക്ക് തൃപ്തികരമായി തോന്നുന്ന ഒരു രാഷ്ട്രീയവിശ്വാസം വേണമെന്നിടത്താണു ഞാൻ.'' (1-2-91)

അച്യുതമേനോന്റെ ഈ തുറന്നുപറച്ചിലിൽ, അതെത്രമാത്രം സ്വകാര്യമായാലും, വെളിവാകുന്ന ഒരു യാഥാർത്ഥ്യമുണ്ട്. അംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യൻ മനസ്സിൽ ഗാന്ധിജിയുടെ സാന്നിധ്യം ഉപ്പുപോലെ അലിഞ്ഞുചേർന്നിരിക്കുന്നു. ആദ്യകാല കമ്യൂണിസ്റ്റുകാരിൽ മിക്കവരും ഗാന്ധിജിയുടെ അഹിംസാദർശനമോ രാഷ്ട്രീയ കാഴ്ചപ്പാടോ സ്വീകരിച്ചിരുന്നില്ലെങ്കിലും ലാളിത്യം, ധാർമ്മികമൂല്യങ്ങൾ തുടങ്ങിയവ സ്വാംശീകരിച്ചിരുന്നു. അച്യുതമേനോൻ പക്ഷേ സൈദ്ധാന്തികമായിത്തന്നെ ഗാന്ധിജിയിലേക്ക് അടുക്കുന്നതാണ് ഈ കത്തുകളിൽ നാം കണ്ടത്.

പുനലൂര്‍ രാജന്‍ മഞ്ഞു തൊപ്പിയുമായി 

ഗാന്ധിയൻ കമ്യൂണിസ്റ്റ് എന്ന വിശേഷണം മോരും മുതിരയും പോലെയാണെന്നും അവ ഭിന്നദിശകളിലേക്ക് സഞ്ചരിക്കുന്നവയാണെന്നും താത്ത്വികമായി തലനാരിഴകീറി വിശകലനം ചെയ്യാവുന്നതേയുള്ളൂ. പക്ഷേ ഇന്ത്യൻ മനസ്സിനെ സംബന്ധിച്ച് അതൊരു സൂക്ഷ്മയാഥാർത്ഥ്യമാണ്. ഗാന്ധി-മാർക്‌സ് ദ്വന്ദ്വം സ്വജീവിതത്തിൽ അനുഭവിച്ച തായാട്ട് ശങ്കരനെ, ഡോ.സുകുമാർ അഴീക്കോട് ഗാന്ധിയൻ കമ്യൂണിസ്റ്റ് എന്നൊരിക്കൽ വിശേഷിച്ചിരുന്നു. പിൽക്കാലത്ത്, കയ്യൂർ സമരകാലത്തെ കമ്യൂണിസ്റ്റ് പോരാളിയും സി.പി.ഐ നേതാവും, പതിനഞ്ചാം വയസ്സിൽ കോഴിക്കോട്ടുനിന്നുള്ള ഉപ്പുകുറുക്കൽ യാത്രയിൽ പങ്കുകൊണ്ട ധീരദേശാഭിമാനിയുമായിരുന്ന കെ.മാധവൻ (1915-2016) ആത്മകഥയ്ക്കു പേരിട്ടത് ഒരു ഗാന്ധിയൻ കമ്യൂണിസ്റ്റിന്റെ ഓർമ്മക്കുറിപ്പുകൾ എന്നാണ്. 
അച്യുതമേനോൻ ഈ കത്തുകളെഴുതിയിട്ട് മൂന്നരപ്പതിറ്റാണ്ട് പിന്നിടുന്നു. ഗാന്ധിജി ഇന്ന് കമ്യൂണിസ്റ്റ് പാർട്ടിക്ക് അസ്പൃശ്യരല്ല. വർഗ്ഗീയതയ്‌ക്കെതിരെയും മതേതരത്വത്തിനുവേണ്ടിയും പോരാടാൻ ഗാന്ധിജിയെയാണ് അവർ വിളിച്ചുണർത്തുന്നത്. സോവിയറ്റ് കമ്യൂണിസത്തിന്റെ 'ഏകഛത്രാധിപതി'യായിരുന്ന സ്റ്റാലിനെ രണ്ടു കമ്യൂണിസ്റ്റ് പാർട്ടികളുടെയും മഹാസമ്മേളനങ്ങളിൽ ഒരു തപാൽസ്റ്റാമ്പിന്റെ വലിപ്പത്തിലുള്ള ചിത്രമായിപ്പോലും ഇന്നു കാണാനില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക