Image

പ്രശസ്ത സംവിധായകന്‍ പി.ഭാരതിരാജ അന്തരിച്ചു

Published on 10 June, 2026
പ്രശസ്ത സംവിധായകന്‍ പി.ഭാരതിരാജ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്രസംവിധായകന്‍ പി. ഭാരതിരാജ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മകന്‍ മനോജിന്റെ അകാല വിയോഗത്തിന് പിന്നാലെ ഭാരതിരാജയുടെ ആരോഗ്യംമോശമായിരുന്നു. ഗ്രാമീണ കഥകള്‍ക്ക് പുനര്‍നിര്‍വചനം നല്‍കുകയും നിരവധി പുതിയ പ്രതിഭകളെ സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്ത സംവിധായകനാണ് ഭാരതിരാജ. തമിഴ് സിനിമയിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരില്‍ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്.


16 വയതിനിലെ, കിഴക്കേ പോകുമെയില്‍, സിഗപ്പു റോജകള്‍, നിഴല്‍ഗല്‍, അലൈകള്‍ ഓയിവതില്ലൈ, മുതല്‍ മര്യാദൈ, കിഴക്കു ചീമയിലെ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളാണ്. 2020-ലാണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രമായ 'മീണ്ടും ഒരു മര്യാദൈ' പുറത്തിറങ്ങിയത്. അടുത്തിടെ മോഹന്‍ലാല്‍ നായകനായ തുടരും എന്ന ചിത്രത്തില്‍ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തില്‍ ഭാരതിരാജ എത്തിയിരുന്നു.

തേനി അല്ലി നഗരത്തില്‍ പെരിയമായ തേവരുടേയും മീനാക്ഷിയമ്മാളിന്റേയും മകനായി ജനിച്ചു. ചിന്നസ്വാമി എന്നായിരുന്നു യഥാര്‍ഥ പേര്. 1977-ല്‍ 16 വയതിനിലെ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി. ആറു തവണ ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. ഹിന്ദിയിലും തെലുങ്കിലും ചിത്രങ്ങള്‍ സംവിധാനംചെയ്തിട്ടുണ്ട്. 2004-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

രണ്ടുമക്കളാണ്. നടനും സംവിധായകനും നിര്‍മാതാവുമായ മനോജ് ഭാരതിരാജ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ അന്തരിച്ചു. മകള്‍ ജനനി, ഭാര്യ ചന്ദ്രലീല
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക