Image

ഡോ. മറിയ ഉമ്മന്‍ യുകെയിലേക്ക്; ഐ ഒ സി (യു കെ)യുടെ 'പുതുയുഗ സംഗമം 2026' ജൂണ്‍ 27ന് ഓള്‍ഡ്ഹാമില്‍ ഉദ്ഘാടനം നിര്‍വഹിക്കും

റോമി കുര്യാക്കോസ് Published on 09 June, 2026
 ഡോ. മറിയ ഉമ്മന്‍ യുകെയിലേക്ക്; ഐ ഒ സി (യു കെ)യുടെ 'പുതുയുഗ സംഗമം 2026' ജൂണ്‍ 27ന് ഓള്‍ഡ്ഹാമില്‍ ഉദ്ഘാടനം നിര്‍വഹിക്കും

ഓള്‍ഡ്ഹാം: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ ഒ സി) യു കെ - കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'പുതുയുഗ സംഗമം 2026' ഫാമിലി മീറ്റ് ജൂണ്‍ 27-ന് ഓള്‍ഡ്ഹാമില്‍ സംഘടിപ്പിക്കും. മിഡ്ലാന്‍ഡ്‌സ് ഏരിയ യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സാമൂഹിക പ്രവര്‍ത്തകയും ഐ ടി പ്രൊഫഷണലുമായ ഡോ. മറിയ ഉമ്മന്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

കേരളത്തിന്റെ ജനനായകനും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും ഓര്‍മ്മകള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് 'ഉമ്മന്‍ ചാണ്ടി സ്മൃതി നഗര്‍' എന്ന പേരില്‍ സജ്ജമാക്കുന്ന വേദിയിലാണ് കുടുംബസംഗമം നടക്കുന്നത്. ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിപ്പിടിച്ച മതേതരത്വത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും സന്ദേശം പ്രവാസി സമൂഹത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും പരിപാടിക്കുണ്ട്.

യു കെയിലെ ഒരു രാഷ്ട്രീയ സംഘടന സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കുടുംബസംഗമങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന പരിപാടിയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളെ ഒരുമിപ്പിക്കുന്ന വേദിയായാണ് 'പുതുയുഗ സംഗമം 2026' സംഘടിപ്പിക്കുന്നത്.

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ആഘോഷം, പൊതുസമ്മേളനം, സംഗീത-നൃത്ത വിരുന്ന്, മിഡ്ലാന്‍ഡ്‌സ് ഏരിയ യൂണിറ്റുകളുടെ വനിതാ-യുവജന വിങ്ങുകളുടെ രൂപീകരണം, പുതിയ യൂണിറ്റുകള്‍ക്ക് ചുമതലാപത്രം കൈമാറല്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികളെയും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച യൂണിറ്റുകളെയും ചടങ്ങില്‍ ആദരിക്കും. വ്യക്തികള്‍ക്കുള്ള 'കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം', മികച്ച യൂണിറ്റുകള്‍ക്കുള്ള 'സംഘടനാശ്രേഷ്ഠ പുരസ്‌കാരം', യു കെയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച പ്രവര്‍ത്തകര്‍ക്കുമുള്ള 'സേവാശ്രേഷ്ഠ പുരസ്‌കാരം' എന്നിവ ഡോ. മറിയ ഉമ്മന്‍ സമ്മാനിക്കും.

വേദി:

ഉമ്മന്‍ ചാണ്ടി സ്മൃതി നഗര്‍
St. Herbert's Parish Centre
148 Broadway, Chadderton
Oldham OL9 0JY

പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ നല്‍കിയിരിക്കുന്ന രജിസ്‌ട്രേഷന്‍ ലിങ്ക് വഴി എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. സീറ്റുകള്‍ പരിമിതമാണ്.

രജിസ്‌ട്രേഷന്‍ ലിങ്ക്:
https://forms.gle/d7Hv2rDyQ9d1UL4n7

പരിപാടിയുടെ പ്രധാന സംഘാടകരായ ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ്, ഓള്‍ഡ്ഹാം യൂണിറ്റ് പ്രസിഡന്റ് പുഷ്പരാജന്‍, വൈസ് പ്രസിഡന്റ് ജിതിന്‍ ജെയിംസ്, നോര്‍ത്ത് വെസ്റ്റ് മാഞ്ചസ്റ്റര്‍ റീജിയന്‍ പ്രസിഡന്റ് സോണി ചാക്കോ എന്നിവര്‍ അറിയിച്ചു.

പ്രവാസി കോണ്‍ഗ്രസ് കുടുംബങ്ങളുടെ ഐക്യത്തിന്റെയും സംഘടനാ കരുത്തിന്റെയും വിളംബരമായി മാറുന്ന 'പുതുയുഗ സംഗമം 2026' മിഡ്ലാന്‍ഡ്‌സ് മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ-കുടുംബ കൂട്ടായ്മകളിലൊന്നായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക