Image

ജോര്‍ജ് മണ്ണിക്കരോട്ട്: അഗ്‌നിപഥത്തില്‍ ഒരു ഏകാന്ത പഥികന്‍ (ഡോ.ജോസഫ് പൊന്നോലി)

Published on 08 June, 2026
ജോര്‍ജ് മണ്ണിക്കരോട്ട്: അഗ്‌നിപഥത്തില്‍ ഒരു ഏകാന്ത പഥികന്‍ (ഡോ.ജോസഫ് പൊന്നോലി)

അമേരിക്കൻ മലയാളി നോവലിസ്റ്റും സാഹിത്യ ചരിത്രകാരനുമായ ശ്രീ ജോർജ് മണ്ണിക്കരോട്ട് അന്തരിച്ചു. ആദരാഞ്ജലികൾ അർപ്പിക്കുന്നു


1974 മുതൽ അര നൂറ്റാണ്ടു കാലം അമേരിക്കയിൽ ന്യൂയോർക്കിലും ഹ്യുസ്റ്റണിലും സാമൂഹ്യ സാംസ്കാരിക മത മാധ്യമ സാഹിത്യ മേഖലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഒരു അതുല്യ പ്രതിഭയാണ് ശ്രീ ജോർജ് മണ്ണിക്കരോട്ട്. നോവലിസ്റ്റ്, ലേഖകൻ, പത്ര പ്രവർത്തകൻ, സാഹിത്യ ചരിത്രകാരൻ, ചിത്രകാരൻ, പ്രഭാഷകൻ, പല സാമൂഹ്യ സംഘടനകളുടെയും നേതൃത്വ നിരകളിൽ പ്രവർത്തിച്ച ഒരു അസാമാന്യ വ്യക്തിത്വം എന്നീ നിലകളിൽ ശ്രീ മണ്ണിക്കരോട്ട് പ്രസിദ്ധനാണ്. ഇന്ത്യയിൽ 11 വര്ഷം ആർമി മെഡിക്കൽ കോറിൽ ജോലി ചെയ്തതിനു ശേഷമാണ് കുടുംബസമേതം അമേരിക്കയിൽ എത്തുന്നത്.

1982 ൽ അദ്ദേഹം എഴുതി പ്രസിദ്ധപ്പെടുത്തിയ “ജീവിതത്തിന്റെ കണ്ണീർ” എന്ന നോവൽ ആണ് അമേരിക്കയിൽ പ്രസിദ്ധപ്പെടുത്തിയ ആദ്യത്തെ മലയാളം നോവൽ. അദ്ദേഹം എഴുതിയ “അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം” ഒരു ഗവേഷണ ഗ്രന്ഥവും വിജ്ഞാന കോശവുമാണ്.

രോഗബാധിതനായി അവശനായി നഴ്സിംഗ് ഹോമിൽ കഴിയുന്ന ശ്രീ മണ്ണിക്കരോട്ടുമായി നടത്തിയ അഭിമുഖ സംഭാഷണങ്ങളുടെ ചില കുറിപ്പുകളാണ് ഇവിടെ രേഖപ്പെടുത്തുന്നത്.

സെപ്തംബർ 8, 2023. വെള്ളിയാഴ്ച. ശ്രീ ജോർജ് മണ്ണിക്കരോട്ടിനെ 10 മണിക്കു അദ്ദേഹം താമസിക്കുന്ന മിസ്സോറി സിറ്റിയിലെ നഴ്സിംഗ് ഹോം അഥവാ അസ്സിസ്റ്റഡ് ലിവിങ് സെന്റര് (assisted living center) ൽ ചെന്നു കാണാം എന്നു സമ്മതിച്ചതിൻ പ്രകാരം അവിടെയെത്തി. എന്നെ കാത്ത് ഒരു വീൽ ചെയറിന്റെ പിറകിൽ ശ്രീ ജോർജ് മണ്ണിക്കരോട്ട് നിൽപ്പുണ്ടായിരുന്നു. പരസ്പര സ്നേഹത്തിൻറെ സൂചകമായി ഒരു ആലിംഗനത്തിനു ശേഷം അദ്ദേഹം തന്റെ റൂമിലേക്ക് എന്നെ ആനയിച്ചു.

അദ്ദേഹം സാവധാനം വീൽ ചെയർ തള്ളിനീക്കി തന്റെ കസേരയിൽ ഇരുന്നു. മുൻപിൽ കമ്പ്യൂട്ടറും ഒരു ആമസോൺ അലെക്സാ വീഡിയോ ഫോണും സമീപത്തു സെൽഫോണും. റൂമിൽ ഒരു ബെഡും. ആ മുറിയിൽ തന്നെ ബുക്ക്ഷെൽഫിൽ അദ്ദേഹം എഴുതിയ ഏതാനും പുസ്തകങ്ങളും മറ്റുള്ളവർ അയച്ചുകൊടുത്ത പുസ്തകങ്ങളും അടുക്കിവച്ചിരിക്കുന്നു. ഇതിനു മുൻപ് അദ്ദേഹത്തിൻറെ വസതിയിൽ കണ്ട ബൃഹത്തായ പുസ്തക ശേഖരവും ലൈബ്രറിയും ഞാൻ ഓർത്തു.

കഴിഞ്ഞ വർഷം (2022 ൽ) ഇഹലോകവാസം വെടിഞ്ഞ തന്റെ പ്രിയതമ ഏലിയാമ്മ ഫോട്ടോയിലൂടെ അലമാരയിൽ സുസ്മേരവദനയായി തന്നെ നോക്കിയിരുപ്പുണ്ട്. മക്കളുടെ ഫോട്ടോയും മേശപ്പുറത്തുണ്ട്. ചുവരിൽ the Lords Prayer, Serenity Prayer എന്നിവ തൂങ്ങിക്കിടക്കുന്നു.

" 80 വർഷം പിറകോട്ടു തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു?” ഞാൻ സംഭാഷണം തുടങ്ങി.
“കിട്ടിയ സാഹചര്യത്തിൽ കഴിയുന്നതുപോലെ ചെയ്തു. കല, സാഹിത്യം, സാമൂഹ്യ സാംസ്കാരിക, മത, മാധ്യമ മേഖലകളിൽ എല്ലാം. എന്റെ വെബ്സൈറ്റ് എന്റെ ജീവിതത്തിന്റെ പല ഏടുകളും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. "

"ജീവിതത്തിൽ ഏറ്റവും സംതൃപ്തി തോന്നിയ അഥവാ സന്തോഷത്തിന്റെ ഓർമ്മകൾ ഒന്ന് വിവരിക്കാമോ?"

അഗ്നിയുദ്ധം
" പുസ്തകങ്ങൾ എഴുതുമ്പോൾ കൂടുതൽ സന്തോഷം തോന്നും. “ജീവിതത്തിന്റെ കണ്ണീർ” എന്ന നോവൽ ആണ് ആദ്യം പ്രസിദ്ധീകരിച്ചത്. പക്ഷേ ആദ്യം എഴുതിയ നോവൽ ‘അഗ്നിയുദ്ധം’ ആണ്. വടക്കേ ഇന്ത്യയിൽ പഞ്ചാബിലെ അമിത്‌സറിൽ ഇന്ത്യൻ ആർമി മെഡിക്കൽ കോറിൽ ജോലി ചെയ്യുമ്പോളാണ് അത് എഴുതിയത്. 1962 മുതൽ 1973 വരെ, 11 വർഷത്തോളം പട്ടാളത്തിൽ ജോലി ചെയ്ത അനുഭവങ്ങളാണ് അതിന്റെ പശ്ചാത്തലം. അമൃതസറിൽ വച്ചുണ്ടായ ഒരു മലയാളി ജവാന്റെ മരണമാണ് ആ നോവൽ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്."

1962 ൽ ചൈനയുമായുള്ള യുദ്ധം തുടങ്ങിയപ്പോഴാണ് പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിൽ ബി.എ. ഇക്കണോമിക്സ് ഡിഗ്രിക്കു പഠിച്ചിരുന്ന ശ്രീ മണ്ണിക്കരോട്ട് ബിരുദം പൂർത്തിയാക്കാതെ ആർമി മെഡിക്കൽ കോറിൽ ചേരുന്നത്. അതിനു മുൻപ് മലയാളം വിദ്വാൻ കോഴ്സ് പഠിച്ചിരുന്നു. അമേരിക്കയിൽ എത്തിയതിനു ശേഷം സൈക്കോളജിയിൽ ഡിഗ്രിയും മാസ്റ്റേഴ്സ് ബിരുദവും നേടി.

ഞാൻ മുറിയിലെ അലമാരിയിൽ നിന്നും “അഗ്നിയുദ്ധം” എന്ന നോവൽ എടുത്തു മറിച്ചു നോക്കി. 1989 ൽ നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം പ്രസിദ്ധീകരിച്ച 455 പേജുകളുള്ള ബ്റഹുത്തായ നോവൽ. വേണുഗോപാലിൻറെ പട്ടാള ജീവിതം ലക്നൗ, ആഗ്രാ, അമൃത്ത്‌സർ, മദ്രാസ്, ഡെൽഹി, ഡറാഡൂൺ, ശ്രീനഗർ, ഊട്ടി, നീഫാ (ഇന്നത്തെ അരുണാചൽ പ്രദേശ്) തുടങ്ങിയ സ്ഥലങ്ങളിൽകൂടി കടന്നു പോയപ്പോൾ അദ്ദേഹത്തിൻറെ ജീവിതത്തിൽ കടന്നു വന്ന പല കഥാപാത്രങ്ങളും ഇതിൽ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഭാരതത്തിന്റെ ജീവിത വൈവിധ്യവും സാംസ്കാരിക വൈവിധ്യവും ജീവിതമാകുന്ന അഗ്നിയുദ്ധത്തിന്റെ വിവിധ വശങ്ങളും ഈ നോവലിലെ കഥാപാത്രങ്ങളിലൂടെ കഥാകൃത്തു തുറന്നു കാട്ടുന്നു.

1992 ലെ ഫൊക്കാനാ ലിറ്റററി അവാർഡ് “അഗ്നിയുദ്ധം” നോവലിന് ലഭിച്ചു.

വിവാഹം
ഞങ്ങളുടെ സംഭാഷണം തുടർന്നു.
“ആർമിയിൽ ജോലി ചെയ്യുമ്പോളാണ് 1972 മേയ് മാസം പത്തനംതിട്ടക്കാരിയായ ഏലിയാമ്മയെ വിവാഹം ചെയ്യുന്നത്. ഏലിയാമ്മ ഇന്ത്യൻ ആർമിയിൽ നേഴ്ഴ്സിംഗ് ട്യൂട്ടറും ക്യാപ്റ്റനും ആയിരുന്നു. പൂനെയിൽ വെച്ച് മുൻപു കണ്ടിരുന്നുവെങ്കിലും ഡെൽഹിയിലെ ആർമി ഹോസ്പിറ്റലിൽ ജോലി ചെയ്യുമ്പോഴാണ് ഏലിയാമ്മയുമായി കൂടുതൽ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. “

അമേരിക്കൻ ജീവിതം
“ആർമിയിൽ കമ്മീഷൻഡ് ഓഫീസറാകാനുള്ള സർവീസ് സെലക്ഷൻ ബോർഡ് ഇൻറർവ്യൂവിൽ പരാജയം നേരിടേണ്ടി വന്നു. ജീവിതത്തിൽ ഉയരാനുള്ള കൂടുതൽ അവസരങ്ങൾക്കു വേണ്ടി തേനും പാലും ഒഴുകുന്നു എന്നു സങ്കല്പിച്ചിരുന്ന അമേരിക്കയിലേക്കു വരാൻ മോഹമുണ്ടായിരുന്നു. അതുകൊണ്ട് ആർമിയിൽ നിന്നും 1973ൽ ഡിസ്ചാർജ് നേടി. ന്യൂയോർക്കിൽ മോൺടിസെല്ലോ എന്ന സ്ഥലത്ത് 1974ൽ ജോലി കിട്ടി അമേരിക്കയിൽ താമസമായി. 1975 ൽ ഏലിയാമ്മയും രണ്ടു കുട്ടികളും വന്നു ചേർന്നു. ഏലിയാമ്മയും ജോലിയിൽ പ്രവേശിച്ചു. 1980 ൽ ഹ്യൂസ്റ്റണിലേക്കു കുടുംബസമേതം താമസം മാറി.”

“അമേരിക്ക" എന്ന നോവൽ
അമേരിക്കൻ മലയാളികളുടെ ആദ്യകാല കുടിയേറ്റത്തിന്റെ 25 വർഷത്തെ ചരിത്രം “അമേരിക്ക" എന്ന നോവലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 1970 കളിൽ അമേരിക്കയിലേക്ക് കുടിയേറി വന്ന മലയാളി നേഴ്സുമാരുടേയും കുടുംബാംഗങ്ങളുടേയും അമേരിക്കൻ ജീവിതത്തിൻറെ പരുപരുത്ത യാഥാർത്ഥ്യങ്ങളാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്. അമേരിക്കയിലെ മലയാളികളുടേയും കുടുംബങ്ങളുടേയും ജീവിതം പരിഹാസരൂപേണ ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. മലയാളികളെ മലയാളികൾ തന്നെ പ്രത്യേകിച്ചു സ്ത്രീകളെ ചൂഷണം ചെയ്യുന്നത് ഇതിൽ തുറന്നു കാട്ടിയിട്ടുണ്ട്.

1997 ൽ വിശാല കൈരളി അവാർഡ് ഈ നോവലിന് ലഭിക്കുകയുണ്ടായി.

ശ്രീ മണ്ണിക്കരോട്ട് തുടർന്നു തന്റെ ജീവിതത്തിന്റെ നാൾവഴികൾ വിശദീകരിച്ചു.

ജീവിതത്തിന്റെ കണ്ണീർ
"ജീവിതത്തിന്റെ കണ്ണീർ” എന്ന നോവലാണ് അമേരിക്കയിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ മലയാളം നോവൽ. അമേരിക്കയിൽ വന്നതിനു ശേഷമാണ് 1982 ൽ ആ നോവൽ പ്രസിദ്ധപ്പെടുത്തുന്നത്.

കല്ലടയാറിൻറെ തീരത്ത് പത്തനാപുരത്തു പട്ടാഴി എന്ന ഗ്രാമത്തിൽ മണ്ണിക്കരോട്ടു വീട്ടിലെ ചെറുപ്പകാല ജീവിതത്തിൽ മനസ്സിൽ തട്ടിയ ചുറ്റും കണ്ട ജീവിത യാഥാർത്ഥ്യങ്ങളാണ് ആ നോവലിൽ. 1940-60 കാലഘട്ടത്തിൽ കേരളത്തിലെ പാവങ്ങളുടെ ദുരിതപൂർണ്ണമായ ജീവിതം, ദാരിദ്ര്യം, പെൺകുട്ടികളുടെ ദുഃഖങ്ങളും പ്രയാസങ്ങളും, സ്ത്രീധനം എന്ന സാമൂഹ്യ വിപത്ത്, ഇങ്ങനെയുള്ള വിഷയങ്ങളാണ് ആ നോവലിൽ ലീന എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചു പ്രതിപാദിച്ചത്.

" ഈ മൂന്നു നോവലുകൾ കൂടാതെ അകലുന്ന ബന്ധങ്ങൾ, മൗന നൊമ്പരങ്ങൾ, എന്ന കഥാ സമാഹാരവും ബോധധാര, ഉറങ്ങുന്ന കേരളം, മാറ്റമില്ലാത്ത മലയാളികൾ എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രവാസി മലയാള സാഹിത്യ ചരിത്രം
'’ശ്രീ മണ്ണിക്കരോട്ട് അറിയപ്പെടുന്നതു് ഒരു മലയാളസാഹിത്യ ചരിത്രകാരനായിട്ടാണ്. ആ രംഗത്തെ നേട്ടങ്ങൾ ഒന്നു വിശദീകരിച്ചാലും'’

“അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം ആദ്യമായി ഞാൻ പ്രസിദ്ധീകരിച്ചത് 2007 ൽ ആണ്. അതിനു പ്രചോദനം നൽകിയത് ഡോ. എം.എം. ബഷീറാണ്. അദ്ദേഹം ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കാ (ലാനാ) എന്ന സംഘടനയുടെ മീറ്റിംഗിൽ സംബന്ധിച്ചതിനു ശേഷമാണ് അങ്ങനെ ഒരു ചരിത്ര പുസ്തകം എഴുതാനുള്ള ആശയം മുന്നോട്ടു വെച്ചത്. 2011ലെ ലാനാ അവാർഡ് ഈ കൃതിക്കു ലഭിക്കുകയുണ്ടായി.

2007 ൽ പ്രസിദ്ധീകരിച്ച പുസ്തകം വിപുലീകരിച്ചാണ് 2021 ൽ അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസിദ്ധീകരിച്ചത്. പ്രതീക്ഷിച്ചതിലും കൂടുതൽ ശ്രമകരമായിരുന്നു ആ ഉദ്യമം. പലരും നിരുത്സാഹപ്പെടുത്തി. വിവരങ്ങൾ ശേഖരിക്കുന്നത് ദുഷ്കരമായിരുന്നു.

എങ്കിലും അതിൽ മൂന്നു ഭാഗങ്ങളിലായി പല വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാം ഭാഗം വിവരിക്കുന്നത് അമേരിക്കൻ കുടിയേറ്റ ചരിത്രം അതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കുടിയേറ്റം, മലയാളികളുടെ കുടിയേറ്റം, കലാ സാംസ്കാരിക വളർച്ച എന്നീ വിഷയങ്ങളാണ്.

രണ്ടാം ഭാഗം പ്രധാനമായും വിവരിക്കുന്നത് മലയാള ഭാഷയുടെ വളർച്ച, സാഹിത്യ സംഘടനകൾ, പ്രസിദ്ധീകരണങ്ങൾ, പത്രങ്ങൾ, മാസികകൾ, നവ മാധ്യമങ്ങൾ എന്നിവയാണ്.

മൂന്നാം ഭാഗം പല സാഹിത്യ മേഖലകളിലും പ്രാവീണ്യം തെളിയിച്ച എഴുത്തുകാരെക്കുറിച്ചും അവരുടെ കൃതികളെക്കുറിച്ചുമാണ്. അവയിൽ കവിത, ചെറുകഥ, നോവൽ, നാടകം, ലേഖനം, ബാലസാഹിത്യം, ഹാസ്യം, സഞ്ചാര സാഹിത്യം, വിവർത്തനം, ആത്മകഥ, ജീവചരിത്രം, നിരൂപണം, ക്രൈസ്തവ സാഹിത്യം എന്നിവ വേർതിരിച്ച് ഉൾപ്പെടുത്തിയിട്ടുണ്ട്.

391 പേജിൽ അച്ചടിച്ച ഈ ഗ്രന്ഥം മലയാള സാഹിത്യ ചരിത്ര ശാഖയിലെ ഒരു ഗവേഷണ പ്രബന്ധമായി കണക്കാക്കി ശ്രീ ജോർജ് മണ്ണിക്കരോട്ടിന് ഏതു സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ലഭിക്കുമായിരുന്നു എന്ന് ഡോ. എം. എം. ബഷീർ ആ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. “

പത്ര പ്രവർത്തനം
“പത്രപ്രവർത്തന രംഗത്തെ നേട്ടങ്ങൾ കൂടുതൽ വിശദീകരിക്കാമോ?"

“1992 ലാണ് “കേരളനാദം" എന്ന u മാസിക ഞാൻ തുടങ്ങുന്നത്. അതിൻറെ ചീഫ് എഡിറ്റററും പബ്ലിഷറുമായി അഞ്ചു വർഷം തുടർന്നു. അതിലെ മുഖപ്രസംഗത്തിലെ സാമൂഹ്യവിമർശനങ്ങൾ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു. " വീണ്ടും കഴുത" എന്ന ലേഖനം പല മലയാളി പ്രസ്ഥാനങ്ങളിൽ നേതൃത്വത്തിൽ ഇരിക്കുന്ന കഴുതകൾ എന്ന് വിശേഷിപ്പിക്കാവുന്ന ആൾക്കാരെക്കുറിച്ചായിരുന്നു.

ന്യൂയോർക്കിൽ നിന്നും പ്രസിദ്ധപ്പെടുത്തിയിരുന്ന “മലയാളപത്രം” ആഴ്ചപ്പതിപ്പിൽ ഞാൻ എഴുതിയ ഒരു ലേഖനം അമേരിക്കൻ മലയാളി സമൂഹത്തിൽ സ്ത്രീകൾ അവഗണിക്കപ്പെടുന്നു എന്നതിനെക്കുറിച്ചായിരുന്നു. ആ ലേഖനം അഞ്ചാറു മാസം പുരുഷമേധാവിത്വത്തെ താങ്ങുന്നവർ നിശിതമായി വിമർശിച്ചു. കാറു ബാറാക്കുന്ന പുരുഷപ്രകൃതിയെക്കുറിച്ചും ഞാൻ എഴുതി. ആ ലേഖനങ്ങളും എഡിറ്റോറിയലും പലരെയും എൻറെ ശത്രുക്കളാക്കി.”

“ബോധധാര” എന്ന ലേഖന സമാഹാരം ഞാൻ ഹ്യുസ്റ്റണിൽ നിന്നും പബ്ലിഷ് ചെയ്തിരുന്ന “കേരള നാദം” മാസികയിൽ എഴുതിയ എഡിറ്റോറിയലുകളുടെ സമാഹാരമാണ്. ” “കേരള നാദം” എഡിറ്റോറിയലുകൾക്കു 1996 ഫൊക്കാനാ ജേർണലിസം അവാർഡ് ലഭിക്കുകയുണ്ടായി.

സാമൂഹ്യ പ്രവർത്തനങ്ങൾ
“ശ്രീ മണ്ണിക്കരോട്ട് സാമൂഹ്യ പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്നല്ലോ. അവയെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുണ്ട്.”

“1980 ൽ ഹ്യുസ്റ്റണിൽ കേരള കൾച്ചറൽ അസോസിയേഷൻ എന്നൊരു സംഘടന ഉണ്ടായിരുന്നു. ഞാൻ അതിന്റെ മാഗസിൻ എഡിറ്റർ ആയിരുന്നു. പിന്നീട് മലയാളി അസോസിയേഷൻ (മാഗ്) രൂപം കൊണ്ടു. 2009 ൽ ഞാൻ മാഗിന്റെ പ്രസിഡന്റ് ആയി.

ഫൊക്കാനയുടെ സാഹിത്യ സമ്മേളനം വൈസ് ചെയര്മാൻ, ചെയര്മാൻ എന്നീ നിലകളിലും ഫൊക്കാന യുടെ എക്സിക്യൂട്ടീവ് വൈസ് ചെയര്മാന്ആയും പ്രവർത്തിച്ചു.

ഹ്യുസ്റ്റണിലെ കത്തോലിക്കരെ ഒരുമിപ്പിക്കാൻ ഇന്ത്യ കാത്തോലിക് കമ്മ്യൂണിറ്റി ഓഫ് ഹ്യുസ്റ്റണ് എന്ന സംഘടനയിൽ സജീവമായി പ്രവർത്തിച്ചു. മൂന്നു പ്രാവശ്യം അതിന്റെ പ്രസിഡന്റ് ആയിരുന്നു. അതിനുശേഷം ഹ്യുസ്റ്റണിൽ മലങ്കര കത്തോലിക്കാ സഭയിൽ സജീവമായി നേതൃത്വ നിരയിൽ പ്രവർത്തിച്ചു.”

സാഹിത്യ സംഘടനകൾ: മലയാളം സൊസൈറ്റി
“ഹ്യുസ്റ്റണിലെ സാഹിത്യ സംഘടനകളിലെ പ്രവർത്തനം എങ്ങനെയായിരുന്നു?”

“ ഞാൻ ആദ്യം പ്രവർത്തിച്ച സാഹിത്യ സംഘടന 1989 ൽ രൂപം കൊണ്ട കേരള റൈറ്റേഴ്‌സ് ഫോറം ഹ്യുസ്റ്റൺ ആയിരുന്നു. ആ സംഘടനയുടെ പ്രസിഡന്റ് ആയിട്ടും പ്രവർത്തിച്ചു. ഇതു കൂടാതെ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ രൂപീകരണത്തിനു നേതൃത്വനിരയിൽ പ്രവർത്തിച്ചു. 1996ൽ ഡാളസിൽ നടന്ന ഫൊക്കാന കൺവെൻഷനിൽ ആണ് ലാന രൂപം കൊണ്ടത്.

പിന്നീട് 1997 ൽ ഭാഷയുടെ ബോധവത്കരണവും, വളർച്ചയും ഉയർച്ചയും ലക്ഷ്യമാക്കി മലയാളം സൊസൈറ്റി ഓഫ് അമേരിക്കാ സ്ഥാപിച്ചു. എന്നോടൊപ്പം ജോളി വില്ലി, ജോർജ് ഉമ്മൻ, പൊന്നു പിള്ള എന്നിവർ ആദ്യകാലം മുതൽ സഹകരിച്ചു. മലയാളം സൊസൈറ്റി മലയാള ഭാഷയേയും സാഹിത്യകാരന്മാരെയും പ്രോത്സാഹിപ്പിക്കാൻ വേണ്ടി എല്ലാ മാസവും മീറ്റിംഗ് കൂടാറുണ്ട്. മലയാളം സൊസൈറ്റിയുടെ നേതൃത്വത്തിൽ “സർഗദീപ്തി” എന്നൊരു പുസ്തകം 2017ൽ പ്രസിദ്ധീകരിക്കുകയുണ്ടായി. “

അംഗീകാരം: അവാർഡുകൾ
“മറ്റു അംഗീകാരം, അവാർഡുകൾ?

“നേരത്തെ സൂചിപ്പിച്ച കൃതികൾക്കു ലഭിച്ച അവാർഡുകൾ കൂടാതെ മറ്റു സാംസ്കാരിക സംഘടനകളിൽ നിന്നും ലഭിച്ച അവാർഡുകളിൽ ചിലതാണ്:

1991 മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യുസ്റ്റൻ - മലയാള സാഹിത്യത്തിന് നൽകിയ സ്തുത്യർഹ സേവനങ്ങൾക്കുള്ള അവാർഡ്
2008 ലെ ഫോമായുടെ ലിറ്റററി അവാർഡ്
2008 ലെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അവാർഡ്
2016 - വിചാരവേദി, ന്യൂ യോർക്ക് മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾക്ക് ഉള്ള ലിറ്റററി അവാർഡ്,
2018- ഈ - മലയാളി ലിറ്റററി അവാർഡ് സാഹിത്യത്തിനുള്ള ആജീവനാന്ത സംഭാവനകൾക്ക്
2019 -ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ലിറ്റററി അവാർഡ്

പ്രതിസന്ധികൾ
തുടർന്നുള്ള സംഭാഷണം അദ്ദേഹത്തിന്റെ ജീവിതത്തിലേക്കും പ്രതിസന്ധികളിലേക്കും വെളിച്ചം വീശുന്നതായിരുന്നു.

“ജീവിതത്തിലെ പ്രതിസന്ധികൾ, വെല്ലുവിളികൾ എങ്ങനെ തരണം ചെയ്തു?”

“അമേരിക്കയിൽ വന്നപ്പോൾ ആദ്യം ജീവിതം കരുപ്പിടിപ്പിക്കുവാനുള്ള ശ്രമമായിരുന്നു. അമേരിക്കയിൽ വന്നു ഏതാണ്ട് ഒൻപതു വര്ഷം കഴിഞ്ഞപ്പോൾ ഏലിയാമ്മയുടെ കാഴ്ച ശക്തി കുറഞ്ഞു തുടങ്ങി. അലോപ്പതി, ആയുർവ്വേദം, ഹോമിയോ അങ്ങനെ പല ചികിത്സകളും അമേരിക്കയിലും നാട്ടിലും നോക്കി. ക്രമേണ കാഴ്ച പൂര്ണമായിട്ടും നഷ്ടപ്പെട്ടു. പ്രതികൂല സാഹചര്യത്തിലും സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ ഞാൻ ഏർപ്പെട്ടിരുന്നു.

2021ൽ ഞങ്ങൾ രണ്ടു പേർക്കും നഴ്സിംഗ് ഹോമിലേക്ക് മാറേണ്ടി വന്നു. അസഹനീയമായ വേദന എന്നെ അലട്ടുന്നുണ്ടായിരുന്നു. കാലക്രമേണ ഏലിയാമ്മക്ക് ഓർമ്മശക്തിയും നഷ്ട്ടപ്പെട്ടു അൾഷെമേയേഴ്സ് രോഗം പിടിപെട്ടു. 2022 ൽ ഏലിയാമ്മ ഞങ്ങളോട് എന്നെന്നേക്കുമായി യാത്ര പറഞ്ഞു. “

വിശ്വാസം
“പ്രതിസന്ധികൾ തരണം ചെയ്യാനുള്ള ശക്തി തരുന്നത് ദൈവം എന്ന ആ പ്രപഞ്ച ശക്തി ആണ് എന്ന് ഞാൻ കരുതുന്നു. പ്രാർത്ഥനയുടെ ശക്തി എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടുണ്ട്. വേദനയിൽ മാധുര്യം കണ്ടെത്താമെന്നും കനലിൽ പൂ വിടർത്താമെന്നും ഞാൻ മനസ്സിലാക്കി.

ഞാൻ ഒരു ദൈവ വിശ്വാസി ആണ്. എങ്കിലും മതത്തിന്റേയും ആത്മീയതയുടെയും പേരിൽ നടക്കുന്ന ചൂഷണത്തിനും അധികാര ദുർവിനിയോഗത്തിനും എതിരായി ഞാൻ ശബ്ദം ഉയർത്തിയിട്ടുണ്ട്. എഴുതിയിട്ടുണ്ട്. “

കുടുംബം
“എനിക്ക് മൂന്നു ആൺ മക്കളാണ്. ജറാൾഡ്, സച്ചിൻ എന്നിവർ ഹ്യുസ്റ്റണിലും സെവിൽ പെൻസിൽവാനിയായിലും കുടുംബമായി ജീവിക്കുന്നു.”

ഏകാന്തത
“ഇപ്പോഴുള്ള ഏകാന്തത എങ്ങനെ നേരിടുന്നു?”

" ജീവിതത്തിൽ സ്വാതന്ത്ര്യം ഇല്ലെങ്കിൽ എന്തു ജീവിതം? കൂട്ടിലടയ്ക്കപ്പെട്ട പക്ഷിയേപ്പോലെയുള്ള ജീവിതം വിരസമാണ്. ചലന സ്വാതന്ത്ര്യം ഇല്ലാതാകുമ്പോൾ വിഷമം തോന്നും. പിന്നെ അസുഖങ്ങൾ. ഇവയെല്ലാം മാനസികമായി നമ്മേ തളർത്തും. ഒരു മുറിയിൽ അടച്ചിട്ട ഏകാന്ത ജീവിതം ഒരു വെല്ലുവിളി തന്നെയാണ്. ഇപ്പോൾ വായിക്കാനും എഴുതാനും പ്രയാസമാണ്. പക്ഷേ ഇതെല്ലാം ജീവിതത്തിന്റെ ഭാഗമായി കണക്കാക്കി മുന്നോട്ടു പോകുന്നു. സുഹൃത്തുക്കളുടെ സ്വരം കേൾക്കുന്നത് സന്തോഷകരമാണ്."

പിന്നീടുള്ള ചോദ്യവര്‍ഷത്തിന് അദ്ദേഹം നൽകിയ മറുപടികൾ:

“ജോർജ് മണ്ണിക്കരോട്ട് ആരാണ്?”
“ഒരു സാധാരണ മനുഷ്യൻ”

“എന്തായി അറിയപ്പെടാനാണ് ആഗ്രഹം?”
“എഴുത്തുകാരൻ”

“പൂർത്തിയാകാത്ത അഭിലാഷങ്ങൾ”
“കൂടുതൽ എഴുതണമെന്നുണ്ട്. അതു സാധിക്കുന്നില്ല. ഒരു പ്രവാസി വിദ്യാർത്ഥിയുടെ കഥയെ അവലംബിച്ചെഴുതിയ ഒരു നോവൽ ആരംഭിച്ചതാണ് അതു പൂർത്തിയാക്കാൻ പറ്റുന്നില്ല. ആത്മകഥയും പൂർത്തിയായില്ല.”

“പ്രവാസി മലയാള സാഹിത്യത്തെപ്പറ്റിയുള്ള അഭിപ്രായം?”
“ഗുണ നിലവാരമുള്ള സാഹിത്യ കൃതികൾ വിരളമാണ്.”

“പ്രവാസി മലയാള സാഹിത്യകാരന്മാരെപ്പറ്റി അഭിപ്രായം?”
“യഥാർഥ സാഹിത്യകാരന്മാർ വിരളമാണ്. “

“പ്രവാസി മലയാള സാഹിത്യത്തിന്റെ ഭാവി?”
“ശരിയായ അഭിപ്രായം പറയാൻ പ്രയാസം. എങ്കിലും കേരളത്തിൽ നിന്നുള്ള കുടിയേറ്റം ഉള്ളിടത്തോളം കാലം ഭാഷയും സാഹിത്യവും ഒരു പരിധിവരെ നിലനിൽക്കും. “

“വളരുന്ന എഴുത്തുകാർക്കുള്ള സന്ദേശം?”
“നിലവാരമുള്ള സാഹിത്യം എന്താണെന്നു മനസ്സിലാക്കണം. സ്വയം വിമർശകരാകണം. വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയണം. “

ജീവിതമാകുന്ന അഗ്നിയുദ്ധത്തിന്റെ അഗ്നിപഥത്തിൽ തികച്ചും ഏകനായി ശ്രീ മണ്ണിക്കരോട്ട് യാത്ര തുടരുന്നു. എങ്കിലും മലയാളം സൊസൈറ്റിയുടെ മീറ്റിംഗുകളിൽ സൂംമീറ്റിംഗ് വഴി പങ്കെടുക്കാറുണ്ട്. മക്കളുടേയും, നഴ്സിംഗ് ഹോമിലെയും പരിചരണത്തിൽ അദ്ദേഹം സംതൃപ്തനാണ്.

ഞാൻ ശ്രീ മണ്ണിക്കരോട്ടിനോട് യാത്ര പറയുമ്പോൾ ചുവരിൽ കണ്ട ലോർഡ്‌സ് പ്രേയർ, സെറിനിറ്റി പ്രേയർ അദ്ദേഹത്തിന്റെ ആന്തരിക ശക്തിയുടെ ഉറവിടം സൂചിപ്പിക്കുന്നുണ്ടായിരുന്നു എന്നു തോന്നി.

ഈ ലേഖനം പൂർത്തിയാക്കുന്നതിനായി ഞാൻ അദ്ദേഹത്തെ വീണ്ടും രണ്ടു പ്രാവശ്യം കൂടി സന്ദർശിക്കുകയുണ്ടായി. തുടർന്ന് നടന്ന സംഭാഷണത്തിൽ നിന്നും ലഭിച്ച കൂടുതൽ വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2023 ഒക്ടോബർ 3നു കാണുമ്പോൾ അദ്ദേഹം കൂടുതൽ ഉന്മേഷവാനും ഊർജ്ജസ്വലനുമായിരുന്നു. ഊന്നുവടിയുടെ സഹായത്താൽ നടന്ന് കാറിൽ കയറി അദ്ദേഹത്തിന്റെ വീട്ടിലേക്കു എന്നെ കുട്ടിക്കൊണ്ടു പോയി. വീട്ടിലെ എല്ലാ മുറികളിലും കയറിയിറങ്ങി. തന്റെ പുസ്തകശേഖരം എനിക്കു കാണിച്ചുതന്നു. പുസ്തകങ്ങളോടും വായനയോടും എഴുത്തിനോടുമുള്ള അദ്ദേഹത്തിൻറെ സ്നേഹവും ആത്മസമർപ്പണവും പ്രകടമായിരുന്നു. ശാരീരിക വിഷമതകളെ അതിജീവിക്കാനുള്ള ഒരു വീരയോദ്ധാവിന്റെ ശക്തമായ മനസ്സ് അവിടെ കാണാമായിരുന്നു. തന്റെ പൂർത്തിയാകാത്ത അഭിലാഷങ്ങൾ നിറവേറും എന്ന പ്രതീക്ഷയോടെ നടന്നു നീങ്ങുന്ന അഗ്നിപഥത്തിലെ ആ ഏകാന്ത പഥികനോട് ശുഭാപ്തി വിശ്വാസത്തോടെ ഞാൻ യാത്ര പറഞ്ഞു.
 

Join WhatsApp News
Elcy Yohannan Sankarathil 2026-06-09 02:38:32
A great literary warrior was Mr. George Manikkarot, we had talked so many times, while he was in tne Nursing home, I felt so sad that he had so many dreams to be fulfilled, he worked so hard for the growth of Malayalam literature, for the publishing of the research novel 'Pravasi Malayala Sahithya Charithram' he spent countless hours, days and years and so much money to publish it, my name and my literary efforts are also written in it, I have a copy of that precious book, the struggle he went through when his lovely wife lost her sight was a testing time of his life, he lived a great life with patience aqnd perseverance, he lived for the growth of Malayalam in his host county, I really mourn for the loss of a great soul, may his soul be in the safest place for ever, go in peace my beloved Georgekutty. Pranamam !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക