Image

പെണ്ണും ദൈവവും (ലേഖനം: ഡോ.റോസി തമ്പി)

Published on 06 June, 2026
പെണ്ണും ദൈവവും (ലേഖനം: ഡോ.റോസി തമ്പി)

ദൈവം മനുഷ്യനെ സൃഷ്ടിച്ചു.എല്ലാ മതങ്ങളും വിശ്വസിക്കുന്ന സത്യമാണത്. യഹൂദ ക്രൈസ്തവ വിശ്വാസ പ്രകാരം പ്രപഞ്ചവും അതിലെ സകല ചരാചരങ്ങളും ഉണ്ടാകട്ടെ എന്ന ഒറ്റ വാക്ക് കൊണ്ടാണ്. എന്നാൽ മനുഷ്യനെ സ്വന്തം ഛായയിൽ മണ്ണ് കൊണ്ട് കുഴച്ചുണ്ടാക്കി സ്വന്തം ശ്വാസം ഊതി ജീവൻ വരുത്തി എന്നാണ്.അങ്ങനെ ദൈവത്തിന്റെ സ്വന്തം ഛായയാണ് മനുഷ്യന് .ബൈബിളിലെ ആദ്യ പുസ്തകമായ ഉൽപ്പത്തി പുസ്തകത്തിലാണ് സൃഷ്ടിയുടെ വിവരണം ഉള്ളത്.അതിൽ ആദ്യ അദ്ധ്യായത്തിൽ ദൈവം മനുഷ്യനെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നാണ്.അതായത് മനുഷ്യൻ എന്ന പദം പുല്ലിംഗമായിരുന്നില്ല. പിന്നീട് രണ്ടാം അദ്ധ്യായത്തിൽ ഒരിക്കൽ കൂടി സ്ത്രീയെ സൃഷ്ടിക്കുന്നത് കാണാം അതിങ്ങനെയാണ് .പുരുഷൻ ഏകനായിരിക്കുന്നത് നന്നല്ല,  അതുകൊണ്ട് അവന് തുണയായി സ്ത്രീയെ സൃഷ്ടിച്ചു.അതും കഴിഞ്ഞാണ് ചെറിയ ക്ലാസു മുതൽ നമ്മൾ പഠിച്ച ആദാമിന്റെ വാരിയെല്ലിന്റ കഥ. സർവ്വശക്തനായ ദൈവം സ്ത്രീയെ വീണ്ടും അതായത് മൂന്നാമതും സൃഷ്ടിക്കുന്നു. അതാകട്ടെ ആദി പുരുഷനായ ആദത്തെ ഉറക്കി കിടത്തി ഒരു മേജർ സർജറി നടത്തി ഒരു വാരിയെല്ല് ഊരിയെടുത്ത് അതിൽ കളിമണ്ണ് പൊതിഞ്ഞ് സുന്ദരിയായ സ്ത്രീയാക്കി മാറ്റി ജീവൻ വെപ്പിച്ച് ആദത്തിന്റെ അരികിൽ നിർത്തി ആ ദത്തെ ഉണർത്തി .അപ്പോൾ അവൻ  പറഞ്ഞു " ഒടുവിൽ ഇതാ എന്റെ അസ്ഥിയിൽ നിന്നുള്ള അസ്ഥിയും മാംസത്തിൽ നിന്നുള്ള മാംസവും നരനിൽ നിന്ന് എടുക്കപ്പെട്ടതുകൊണ്ട് നാരി എന്നിവൾ വിളിക്കപ്പെടും." അങ്ങനെ നാളുകൾ കഴിഞ്ഞു ചപലയായ സ്ത്രീ ദൈവത്തെ ധിക്കരിച്ച് തോട്ടത്തിലെ നടുവിലെ ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുകയും തന്റെ പുരുഷന് കൊടുക്കുകയും ചെയ്തു. പുരുഷൻ അതു തിന്നുമ്പോഴേക്കും ദൈവം തൊണ്ടയിൽ പിടിക്കുകയും അങ്ങനെ പുരുഷന് തൊണ്ടയിൽ ഒരു മുഴ വരികയും ചെയ്തു.( Adam's Apple ). അതോടെ അവർ നഗ്നരാണെന്നു തിരിച്ചറിഞ്ഞു. ദൈവം ആദത്തോടു ചോദിച്ചു: "നീ നഗ്നനാണെന്ന് നിന്നോട് ആരു പറഞ്ഞു. ഞാൻ തിന്നരുത് എന്നു പറഞ്ഞ മരത്തിന്റെ പഴം നീ തിന്നോ?" അവൻ പറഞ്ഞു: അങ്ങ് എനിക്ക് കൂട്ടിനു തന്ന സ്ത്രീ ആ മരത്തിന്റെ പഴം എനിക്കു തന്നു.ഞാൻ അതു തിന്നു. ദൈവം സ്ത്രീയോടു ചോദിച്ചു നീ എന്താണ് ഈ ചെയ്തത്. അവൾ പറഞ്ഞു സർപ്പം എന്നെ വഞ്ചിച്ചു .ഞാൻ പഴം തിന്നു. ഉടനെ ദൈവം സർപ്പത്തെ ഭൂമിയിലെ ഏറ്റവും വെറുക്കപ്പെട്ട ജീവിയായി ശപിച്ചു. മാത്രമല്ല. നിന്റെ സന്തതികളും സ്ത്രീയുടെ സന്തതികളും തമ്മിൽ ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർത്തും നീ അവന്റെ കുതി കാലിൽ പരിക്കേൽപ്പിക്കും. സ്ത്രീയെ ദൈവം നീ കഠിനവേദനയനുഭവിച്ച് പ്രസവിക്കും എന്നും പുരുഷനെ നിന്റെ നെറ്റിയിലെ വിയർപ്പു കൊണ്ട് ഭക്ഷിക്കണം എന്നും ശപിച്ചു. അവരെ എദൻ തോട്ടത്തിൽ നിന്ന് പുറത്താക്കി. അങ്ങനെ പുരുഷനെ ദൈവത്തിൽ നിന്ന് അകറ്റിയ ആദിപാപത്തിന്റെ ഉടമയായി സ്ത്രീ. ഇതാണ് സ്ത്രീയെ കുറിച്ചുള്ള പുരുഷ നിർമ്മിത മിത്ത് .സ്ത്രീയെ ദൈവത്തിന് അസ്വീകാര്യയാക്കുകയാണ് ആദ്യത്തെ മൂന്ന് അദ്ധ്യായം കൊണ്ട് ബൈബിൾ ചെയ്തു തീർക്കുന്നത്.

   സ്വതന്ത്രയായ സ്ത്രീ അപകടകാരിയാണ് എന്നു ഉറപ്പിക്കുന്നതാണ് ഹവ്വയുടെ ആദിപാപത്തിന്റെ കഥ. ഇത് തന്നെയാണ് പ്രവാചക മതങ്ങൾക്കപ്പുറത്തും നമ്മുടെ മനുവും മനസ്സിലാക്കിയത്. ഒരു സ്ത്രീയും ഒരിക്കലും സ്വതന്ത്ര്യം അർഹിക്കുന്നില്ല എന്ന് സ്മൃതി ചേർത്തു വെച്ചു. സ്മൃതിയെ ശ്രുതി പിൻതുടരുകയല്ലാതെ മറ്റുവഴിയില്ലല്ലോ?

  പെണ്ണിനെ ദൈവത്തിൽ നിന്ന് അകറ്റിയതോടുകൂടി പുരുഷന് എളുപ്പമായി. താനാണ് ദൈവത്തിന്റെ പ്രതിപുരുഷൻ. ദൈവം പുരുഷനാണ് .അപ്പോൾ പുരുഷൻമാർ മാത്രമാണ് ദൈവത്തിന്റെ പിൻതുടർച്ച ." ആബ്രഹാത്തിന്റയും, ഇസ ഹാക്കിൻെറയും, ഇസ്രായേലിന്റെയും ദൈവമാണ്. ഇങ്ങേയറ്റം യേശു രക്ഷകനും ദൈവപുത്രനും അഭിഷിക്തനമായി മാറുമ്പോൾ ദാവീദിന്റെ പുത്രനുമാണ്.അങ്ങനെ സ്ത്രീ പാരമ്പര്യം ചരിത്രത്തിൽ നിന്ന് തുടച്ചു മാറ്റപ്പെട്ടു. ഹിസ് സ്റ്റോറി (History) ഉണ്ടാക്കിയെടുത്തു.

   സ്ത്രീയെക്കുറിച്ച് പുരുഷന് എന്നും അത്ഭുതമായിരുന്നു. അവന് അവളെ മനസ്സിലായതേയില്ല. ഒന്നുകിൽ പിശാച് അല്ലെങ്കിൽ ദേവത. ഒന്നുകിൽ വേശ്യ അല്ലെങ്കിൽ കുലസ്ത്രീ. സ്ത്രീയെ കുറിച്ച് പുരുഷൻ എത്ര സങ്കല്പിച്ചിട്ടും അവൾ അവനുമുമ്പിൽ ഒരു പ്രഹേളികയായി നിന്നു. രാത്രി എത്ര ഉപദ്രവിച്ചാലും രാവിലെ ചിരിച്ചു കൊണ്ട് ഒരു കട്ടൻ കാപ്പിയുമായി അവൾ മുന്നിൽ വരുന്നു. തനിക്ക് ഒരു സമയം ഒരു കാര്യം മാത്രമേ ചെയ്യാൻ കഴിയൂ എന്നിരിക്കെ അവൾ ഒരുപാടു കാര്യങ്ങൾ ഒരേ സമയം ചെയ്യുന്നു.. വീടു വൃത്തിയാക്കുന്നു. പാചകം ചെയ്യുന്നു. കുഞ്ഞിനെ നോക്കുന്നു. അങ്ങനെ അങ്ങനെ തന്റെ എല്ലാ കാര്യങ്ങളും ചെയ്തു തരുന്നു. ഒരു പ്രതിഫലവും പ്രതീക്ഷിക്കുന്നില്ല. എത്ര അപമാനിച്ചാലും അതൊന്നും അവളെ ബാധിക്കുന്നില്ല. മാത്രമല്ല ശാരീരികമായി തന്നെക്കാൾ ശക്തി കുറഞ്ഞവളായിട്ടും രതിയിൽ പോലും അവളെ തൃപ്തിപ്പെടുത്താൻ തനിക്ക് കഴിയുന്നില്ലല്ലോ എന്ന വേവലാതി. അതു കൊണ്ടു തന്നെ തന്റെ കണ്ണു തെറ്റിയാൽ അവൾ തന്നെക്കാൾ കേമനായ പുരുഷന്റെ അടുത്തു പോകുമോ എന്ന പേടി. സ്വന്തം കുഞ്ഞ് തന്നെയാണോ അവൾ പ്രസവിച്ചത് എന്ന ഭയം അവനെ എപ്പോഴും വേട്ടയാടുന്നു.എന്നാൽ ഒരമ്മയും തന്റെ കുഞ്ഞിനെ പ്രതി സംശയിക്കാറില്ല. പറഞ്ഞു വന്നത് പുരുഷന്റെ ഈ അരക്ഷിതത്വമാണ് അവൻ സ്ത്രീയുടെ മേൽ പ്രയോഗിക്കുന്നതും അവളെ അടിമയായി വെക്കുന്നതിനും കാരണം എന്നാണ്. എന്റെ കുട്ടി എന്ന് പിതൃത്വം അവകാശപ്പെടുമ്പോഴും അവന് ഭയമുണ്ട് അത് അവന്റെ കുഞ്ഞ് തന്നെയോ എന്ന്.

     രണ്ട് കാര്യങ്ങളാണ് സ്ത്രീയിൽ അവൻ അത്ഭുതത്തോടെ കാണുന്നത്. ഒന്ന് അവളുടെ സഹജാവബോധം . മറ്റൊന്ന് അവളുടെ വിപധി ധൈര്യം. സഹജാവബോധം എന്നത് അവളുടെ ഇന്റൂഷനാണ്. ഉൾവിളിയാണ്. അതു കൊണ്ട് ഭർത്താവ് മറ്റൊരാളോട് വഴക്കുണ്ടാക്കാൻ പോകുമ്പോൾ അവൾ തിരിച്ചുവിളിക്കും. പക്ഷേ അവന്റെ അഹന്ത അത് പെണ്ണിന്റെ പിൻവിളിയാക്കി. പിൻവിളി ഒരു കരുതലാണെന്നതിന് പകരം അത് തന്റെ വഴിമുടക്കുന്നതാണ് എന്നു കല്പിച്ചു. അങ്ങനെ പെൺ ചൊല്ലു കേൾക്കുന്നവന് പെരുവഴി ആധാരം എന്ന ചൊല്ലുണ്ടാക്കി.നാരി നടിച്ചേടവും നാരകം നട്ടേടവും മുടിയും എന്ന് പാവം നാരകത്തെ കൂടി വലിച്ചിഴച്ചു.അങ്ങനെ സ്ത്രീവിരുദ്ധമായ ധാരാളം ശൈലികളും പഴംചൊല്ലുകളും ഓരോ ഭാഷയിലും ഉണ്ടായി.

   രണ്ടാമത്തെ വിപധി ധൈര്യമാകാട്ടെ അവന് സങ്കല്പിക്കാനേ വയ്യ. ഞാനാണ് രക്ഷകൻ എന്ന് അഹങ്കരിക്കുന്ന അവൻ ഉണ്ടാക്കുന്ന സകല ദുരിതങ്ങളെയും അവൾ അതിജീവിക്കുന്നു.പിയാത്തയും ഗാന്ധാരിയും, സീതയും എല്ലാം അവനെ അതിശയിപ്പിക്കുന്നു.

   ഈ രണ്ടു ഗുണങ്ങളും അവൾക്ക് ലഭിക്കുന്നതാകാട്ടെ അവളുടെ ദൈവം സൃഷ്ടിയിൽ തന്നെ അവർക്ക് അധികമായി നല്കിയ ഗർഭപാത്രം എന്ന അവയവത്തിന്റെ പ്രവർത്തനം മൂലമാണ്. ജീവനെ വളർത്തുകയാണ് അതിന്റെ ലക്ഷ്യം. തന്റെ ശരീരത്തിൽ മറ്റൊരു ജീവനെകൊണ്ടു നടക്കാനും, അതിനെ പുർണ്ണ വളർച്ചയിൽ പ്രസവിച്ച് ഭൂമിയിൽ ഏറ്റവും നിസ്സഹായജീവിയായ മനുഷ്യ ശിശുവിനെ ഒരു അഞ്ചു വയസ്സുവരെയെങ്കിലും സംരക്ഷിച്ചില്ലെങ്കിൽ അതിന് അതിജീവിക്കാൻ കഴിയില്ല എന്നിരിക്കെ അതിനെ പരിചരിക്കാനുള്ള ശക്തിയാണത്. സ്വതേ ദുർബ്ബല - പോരാത്തതിന് ഗർഭിണി എന്ന് പുരുഷന് ഒരു ഗർഭിണിയായ പെൺകുട്ടിയെ കണ്ടാൽ തോന്നുമെങ്കിലും എത്ര അനായാസമായാണ് അവൾ പത്തു മാസവും കുഞ്ഞിനെ തന്റെ ഉദരത്തിൽ കൊണ്ടു നടക്കുന്നത്. ഇടുപ്പെല്ല് തകരുന്ന മരണകരമായ വേദനയനുഭവിച്ച് കുഞ്ഞിന് ജന്മം നൽകുകയും ആ കുഞ്ഞിനെ ജീവനെക്കാൾ ജീവനായി കരുതുകയും ചെയ്യുന്നു.

   ഒരു പെൺകുട്ടി ഋതുമതിയാകുന്നതു മുതൽ അവളിൽ ഈ മാറ്റം ദൃശ്യമാകുന്നു. ജീവനോടുള്ള കരുതൽ ആണ് അതിൽ പ്രധാനം. വളരെ സ്വഭാവികമായി അവൾ ജീവന്റെ പക്ഷത്തേക്ക് മാറുന്നു. ശാക്തികരണം പലപ്പോഴും അവളെ പുരുഷ മൂല്യങ്ങളുടെ പാരുഷ്യങ്ങളും ഹിംസയും പരിശീലിപ്പിക്കുന്നെങ്കിലും സ്വഭാവികമായി അവൾ സ്നേഹത്തിന്റെയും കരുണയുടെയും പക്ഷത്തായിരിക്കും. അതു കൊണ്ടാണ് മറ്റുള്ളവരുടെ സങ്കടം കാണുമ്പോഴും അവൾക്ക് നിലവിളിക്കാൻ കഴിയുന്നത്.അപൂർവ്വമായി നിവർത്തികേടുകൊണ്ട് ഒരു സ്ത്രീ എന്തെങ്കിലും ക്രൂരത കാണിച്ചാൽ അത് പ്രധാന വാർത്തയാകുന്നതും അതുകൊണ്ടാണ്.

   സ്ത്രീയുടെ ശരീരത്തിൽ സംഭവിക്കുന്ന രാസപരിണാമങ്ങളെ അവന് ഒരിക്കലും മനസ്സിലാവുകയില്ല. ഋതുമതിയാകുന്നതും, ഗർഭിണിയാകുന്നതും ,പ്രസവിക്കുന്നതും പ്രസവം കഴിഞ്ഞ് ഏകദേശം മൂന്നു മണികൂർ ആകുമ്പോഴേക്കും ഏതോ ഒരു ഞരമ്പ് പാൽ ഞരമ്പാകുന്നതും ആ പാൽ കുഞ്ഞിന് അമൃതാകുന്നതും ഒന്നും അവന് അനുഭവിക്കാൻ കഴിയാത്തതുകൊണ്ടുതന്നെ മനസ്സിലാക്കാനും കഴിയില്ല.എന്നാൽ അത് തനിക്ക് അപ്രാപ്യമായ കാര്യമെന്ന് അവനറിയാം. അതിന്റെ പേരിൽ അവളെ കുടുതൽ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ടതിന് പകരം ആ കാലമെല്ലാം അവൻ അവളെ അശുദ്ധയായി പ്രഖ്യാപിച്ചു.ആ സമയത്തെല്ലാം അവൾ അവന്റെ മുന്നിലും അവന്റെ ദൈവത്തിന്റെ മുന്നിലും അശുദ്ധയാണെന്നു പ്രഖ്യാപിച്ചു.തീണ്ടാരിയും പെറ്റ പെലയും അങ്ങനെ അവളുടെ യശസ്സിനെ താഴ്ത്താൻ അവൻ കണ്ടു പിടിച്ച ഉപാധികളാണ്. യഹൂദർക്ക് ആൺകുട്ടിയെ പ്രസവിച്ചാൽ 40 ദിവസവും പെൺകുട്ടിയെ പ്രസവിച്ചാൽ അമ്മക്ക് 70 ദിവസവും പെലയാണ്. ആ സമയത്ത് അവൾക്ക് ദേവാലയത്തിൽ പ്രവേശിക്കാൻ പാടില്ല.

  ഇത് ഇവിടെയും അങ്ങനെ. ഋതുമതിയാകുക എന്നതാണ് ഒരു ജീവിവർഗ്ഗത്തിന്റെ ഏറ്റവും ആനന്ദകരമായ കാര്യം. എന്തെന്നാൽ സ്വന്തം വംശം നിലനിൽക്കാനുള്ള ഏക മാർഗ്ഗമാണത്. പക്ഷേ ആ സമയത്ത് അവൾക്ക് തന്റെ അമ്പലത്തിൽ പോകാനോ എന്തിന് വീട്ടിൽ സന്ധ്യക്ക് വിളക്കു വെക്കാനോ ആൺകുട്ടികളെ പോലും തൊടാനോ പാടില്ല. അവൾ തീണ്ടീ കൂടാത്തവളാണ്.

ഇതൊന്നും പണ്ടെന്നോ കഴിഞ്ഞു പോയ കാര്യമല്ല. ഇപ്പോൾ സാക്ഷര കേരളം അനുഭവിക്കുന്നതാണ്.ശബരിമല സ്ത്രീ പ്രവേശനം സുപ്രീം കോടതി വിധി  മലയാളിയെ ഈ സ്ത്രീവിരുദ്ധതയുടെ ആഴങ്ങൾ നമുക്കു കാണിച്ചു തന്നതാണ്. ഒമ്പതിലും അമ്പതിലും ശബരിമലയിൽ സ്ത്രീകൾ കയറരുത് എന്ന നിയമം എങ്ങനെ ഉണ്ടായതായാലും അവളിലെ സ്ത്രീത്വത്തെ അപമാനിക്കുക മാത്രമാണ് ആ ആചാരത്തിന്റെ ലക്ഷ്യം. ആ കാലം തന്റെ ദൈവത്തിന് താൻ അഹിതയാണ് എന്നു വരുന്നതിലൂടെ സ്ത്രീ സെക്കൻറ് സെക്സ് ആണ് എന്നു തന്നെയാണ് ആചാരം ഉറപ്പിക്കുന്നത്.ഈ ഒരു വിഷയത്തിൽ അഭ്യസ്തവിദ്യരും സ്വയം ധനം സമ്പാദിക്കുന്നവരുമായ സ്ത്രീകൾ പോലും രണ്ടു പക്ഷത്തായി. റെഡി ടൂ വെയ്റ്റ് എന്നാണ് ഒരു വിഭാഗം സ്ത്രീകൾ ഉയർത്തിയ മുദ്രാവാക്യം. ഞങ്ങൾ 50 വയസ്സിനു ശേഷം അതായത് തങ്ങളുടെ സ്ത്രീത്വം (ഗർഭം ധരിക്കാനുള്ള കഴിവ്) അവസാനിച്ചിട്ട് ഞങ്ങൾ ശബരിമലയിൽ പോയി അയ്യപ്പനെ കണ്ടോളാം.ആചാരം തെറ്റിക്കണ്ട എന്ന് .

അത് സ്ത്രീകളുടെ കുറ്റമല്ല. അത്ര ശക്തമാണ് ജന്മം മുതൽ അവൾ സ്വയം കേട്ടു ശീലിച്ച സ്ത്രീവിരുദ്ധത .അത് തന്നെ അപമാനിക്കുന്നതാണ് എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം പുരുഷ മൂല്യബോധം കൊണ്ട് സ്ത്രീ സമൂഹം മാറിക്കഴിഞ്ഞു. സ്ത്രീയുടെ ശത്രു സ്ത്രീയാണ് എന്ന പുരുഷ മൊഴി നൂറുവട്ടം ശരിയെന്ന് സ്ത്രീകളും ഏറ്റുപറയും.പുരുഷൻ ഉണ്ടാക്കിയ സ്ത്രീവിരുദ്ധമായ എല്ലാ ആചാരങ്ങളും സംരക്ഷിച്ചു നിലനിർത്തുന്നത് സ്ത്രീകളാണ് എന്നതാണ് പുരുഷന്റെ വിജയം. സദാചാരം എന്ന ഒരു കൂർത്ത തോട്ടിയിൽ നിസ്സഹായനായ പുരുഷൻ സ്ത്രീയെ ഭയപ്പെടുത്തി നിർത്തിയിരിക്കയാണ്. എന്നാൽ ഒരു ദിവസം അവൾ സ്വയം തിരിച്ചറിയും -കസാദ് സാക്കീസിന്റെ ഫ്രാൻസിസ് അസിസ്സീയിലെ ക്ലാരയെ പോലെ എല്ലാ സ്ത്രീകളും വിളിച്ചു പറയും പുരുഷന്റെതു പോലെ തന്നെ ദൈവത്തിനു മുമ്പിൽ ഉയർന്നു നിൽക്കുന്ന ഒരാത്മാവ് തനിക്കു മുണ്ടെന്ന്. ആ കാലം ഇനി വിദൂരമല്ല. ദൈവമേ! എന്നെ സ്ത്രീയായും മൃഗമായും സൃഷ്ടിക്കാതിരുന്നതിന് അങ്ങേക്ക് നന്ദി എന്ന യഹൂദരുടെ പ്രാർത്ഥന സ്ത്രീകൾ ഇങ്ങനെ തിരുത്തും. ദൈവമേ! നിന്റെ സൃഷ്ടികളിൽ നീ എന്നെ സ്ത്രീയായി സൃഷ്ടിച്ചതിൽ ഞാൻ നിനക്ക് നന്ദി പറയുന്നു. അതാണ് എന്റെ ദൈവത്തോടുള്ള എന്റെ പ്രാർത്ഥന .ആത്മീയത സ്ത്രൈണമാണ്. ആത്മ-ശരീരങ്ങൾ ഒന്നിച്ചാണ് ഈശ്വരനെ പ്രാപിക്കുന്നത്. അതാണ് സ്ത്രീയുടെ ആത്മീയത. അത് ഒന്നിനെയും ഒഴിവാക്കാത്തതും സകലതിനെയും ചേർത്തു പിടിക്കുന്നതുമാണ്. വിഭാഗീയതകൾ ഇല്ലാത്ത ഒരാത്മീയതയാണ് യഥാർത്ഥ ആത്മീയത. വരും കാലത്തിന്റെ ആത്മീയത അതാണ്.പെണ്ണും ദൈവവും ഒന്നിക്കുമ്പോഴാണ് അത് സാധ്യമാകുക. അപ്പോൾ 3000 വർഷം കൊണ്ട് 5ooo യുദ്ധങ്ങളുടെ വീര സാഹസികത പറയാനുണ്ടാകില്ല. ഭയത്തിന്റെതല്ലാത്ത ഒരു നവലോകമായിരിക്കും നിർമ്മിക്കപ്പെടുക. അതാണ് വരാനിരിക്കുന്ന സ്വർഗ്ഗരാജ്യം .അതിന്  സമയമായി. അല്ല സമയം അതിക്രമിച്ചു. പെണ്ണും ദൈവവും ഒന്നിക്കുന്ന ആ നവലോകമാകട്ടെ നമ്മുടെ ലക്ഷ്യം. അത് പുരഷന് എതിരല്ല അവനെ കൂടുതൽ സ്വതന്ത്രനാക്കുന്ന രാസവിദ്യയാണത്. അവൻ ഇപ്പോൾ എടുത്താൽ പൊന്താതെ ശ്വാസം മുട്ടി കൊണ്ടു നടക്കുന്ന രക്ഷകവേഷത്തിൽ നിന്ന് അവൻ മുക്തി നേടാം. സ്വയം രക്ഷിക്കാൻ കഴിയാത്തവനാണ് സ്ത്രീയുടെ രക്ഷകനായി വേഷം കെട്ടുന്നത് എന്ന വിരോധാഭാസം അപ്പോൾ അവനിൽ നിന്ന് ഒഴിഞ്ഞു പോകും. സ്ത്രീയും പുരുഷനും മനുഷ്യവംശത്തിലെ തുല്യജീവികളെന്നിരിക്കെ സ്ത്രീ പുരുഷനെ ഭയപ്പെടുന്നത് പുരുഷന് തന്നെ അപമാനമാണെന്ന് അവൻ തിരിച്ചറിയണമെങ്കിൽ പെണ്ണ് അവളുടെ ദൈവത്തെ ചേർത്തു പിടിക്കുക തന്നെ വേണം. അപ്പോൾ മാത്രമേ സാമൂഹ്യനീതീ ഭൂമിയിൽ സാധ്യമാകൂ.

Join WhatsApp News
Sunil 2026-06-06 18:27:44
Great article, Miss Thampy. You are blaming men for everything but leave the Gods alone. In fact, Gods like Jehovah or Allahu are the worst. They are brothers and they hate women. They think women are just toys. Most Hindu Gods are sweet. Women also should be blamed. Most women take their infants to church every Sunday, so that all the stupid creation stories become embedded in those innocent heads of the babies. Women should stop taking babies to church until they become 18 years old. We will create a better generation.
സ്ത്രീയുടെ പുരാണം: #1 2026-06-06 19:36:26
സ്ത്രീയുടെ പുരാണം: #1 ആദിമ സ്ത്രീയുടെ സൃഷ്ട്ടി മുതൽ ശബരിമലയിൽ കയറി ദൈവത്തെ വന്ദിക്കാൻ അനുവാദം ഇല്ലാത്ത സ്ത്രീയുടെ ചരിത്രം വളരെ വിശദമായി ഭംഗിയായി ഡോ. റോസി തമ്പി വിവരിച്ചിരിക്കുന്നു. ഇതിൻകൂടെ അൽപ്പം; ബൈബിൾ+സെക്കുലർ ചരിത്രം+മറ്റു സാഹിത്യങ്ങൾ; കൂട്ടി ഒരു മസാല കൂടി ചേർക്കട്ടെ!. 1] ആദാമിൻറ്റെ ആദ്യഭാര്യ, ലിലിത് : ജൂത നാടോടിക്കഥകളിൽ, പുരാതന മെസൊപ്പൊട്ടേമിയൻ കാറ്റിൻറ്റെ ആത്മാവിൽ നിന്ന് പരിണമിച്ച ഒരു സങ്കീർണ്ണ രൂപമാണ് ലിലിത്. ആദമിന് തുല്യയായി സൃഷ്ടിക്കപ്പെട്ട ലിലിത്തിനെ കിഴടക്കാൻ ആദം ശ്രമിച്ചു. മത്സരബുദ്ധിയായ ലിലിത് ആദമിന് കീഴടങ്ങുന്നതിനു പകരം ഏദനിൽ നിന്ന് ഓടിപ്പോയി,- [പുതിയനിയമത്തിലെ പൗലോസിനെ വെല്ലുവിളിച്ചു] [ഇന്നൊക്കെ ഓട്ടോക്കാരൻറ്റെ കൂടെ ഒളിച്ചോടുന്നതുപോലെ] പിന്നീട് കുഴപ്പങ്ങൾ, വശീകരണം, ശിശുമരണ സാധ്യത എന്നിവയുമായി ബന്ധപ്പെട്ട ഒരു രാത്രി ഭൂതമായി മാറി. "ലിലിത്ത്" എന്ന പേര് സുമേറിയൻ- ലിലിതു-വിൽ നിന്നാണ് ഉരുത്തിരിഞ്ഞത് , അതായത് സ്ത്രീ കാറ്റ് ആത്മാവ് അല്ലെങ്കിൽ രാത്രി ഭൂതം; എന്നർത്ഥം. എബ്രായ ബൈബിളിൽ, യെശയ്യാവ് 34:14- ൽ, '' വനഭൂതം വനഭൂതത്തെ വിളിക്കും;'' -ലിലിത്തിനെ പരാമർശിക്കുന്നു. 8-10 നൂറ്റാണ്ടിലെ -Alphabet of Ben Sira- ബെൻ സിറയുടെ അക്ഷരമാല എന്ന ഇതിഹാസത്തിലൂടെയാണ് ലിലിത് ഏറ്റവും പ്രശസ്തി നേടിയത്സൃ. ദൈവം ആദാമിനെ സൃഷ്ടിച്ച അതേ മണ്ണിൽ നിന്ന് ലിലിത്തിനെ സൃഷ്ടിച്ചു, അവളെ ആദമിന് തുല്യയാക്കി. പുരുഷദൈവം സൃഷ്ട്ടിച്ച ആദാമിലെ ആൽഫാ മെയിൽ സിൻഡ്രം സടകുടഞ്ഞെഴുന്നേറ്റു. ലിലിത് ആദമിന് വിധേയ ആയിരിക്കണം; - പ്രത്യേകിച്ച് ലൈംഗിക ബന്ധത്തിൽ - എന്ന് ആദം ശഠിച്ചു. ലിലിത്ത് വഴങ്ങാൻ വിസമ്മതിച്ചു. അവൾ ദൈവത്തിൻറ്റെ അവർണ്ണനീയമായ നാമം ഉച്ചരിച്ചു, ഏദൻ തോട്ടത്തിൽ നിന്ന് ചെങ്കടലിൻറ്റെ തീരത്തേക്ക് പറന്നു. അവളെ തിരികെ കൊണ്ടുവരാൻ ദൈവം മൂന്ന് മാലാഖമാരെ - സെനോയ്, സാൻസെനോയ്, സെമാൻജെലോഫ് - അയച്ചു. അവൾ വിസമ്മതിച്ചപ്പോൾ, പിശാചുക്കൾക്ക് ജന്മം നൽകട്ടെ എന്നവള് ശപിച്ചു. പരമ്പരാഗത ജൂത പുരാണങ്ങളിലെ നിരവധി ദുശ്ശകുന വേഷങ്ങൾ ലിലിത്തിൽ ചാർത്തി. കുട്ടികളെ മോഷ്ടിക്കുന്നയാൾ: ഗർഭിണികളെ ഭീഷണിപ്പെടുത്തുകയും നവജാത ശിശുക്കളെ മോഷ്ടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവളാണ് ലിലിത് എന്നവർ വിശ്വസിച്ചു. നവജാതശിശുക്കളെ ലിലിത്തിൽ നിന്ന് സംരക്ഷിക്കാൻ, പരമ്പരാഗത സമൂഹങ്ങൾ മൂന്ന് മാലാഖമാരുടെ പേരുകൾ ഉൾക്കൊള്ളുന്ന സംരക്ഷണ അമ്യൂലറ്റുകൾ ഉപയോഗിച്ചു. താൽമുദിലും കബാലിസ്റ്റിക് ഗ്രന്ഥങ്ങളിലും, ലിലിത്തിനെ' രാത്രിയിൽ പുരുഷൻമാരെ സന്ദർശിച്ചു അവർക്കു സ്കലനം ഉണ്ടാക്കുന്ന ഒരു ദുർഭൂതമായും കാണാം. ആധുനിക ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും ജൂത ചിന്തകരും ലിലിത്തിനെ റാഡിക്കൽ സ്വാതന്ത്ര്യത്തിൻറ്റെയും ലൈംഗിക സ്വയംഭരണത്തിൻറ്റെയും സ്ത്രീശക്തിയുടെയും പ്രതീകമായി വീണ്ടെടുത്തിട്ടുണ്ട്. അടിമത്തത്തിനു പകരം നാടുകടത്തൽ തിരഞ്ഞെടുത്ത ലോകത്തിലെ "ആദ്യത്തെ ഫെമിനിസ്റ്റ്" ആയി ലിലിത്തിനെ ആഘോഷിക്കപ്പെടുന്നു. -andrew
സ്ത്രീയുടെ പുരാണം #2 2026-06-06 20:55:07
സ്ത്രീയുടെ പുരാണം #2 2- ആദമെന്നുപേരുള്ള സ്ത്രീ: ''ആണും പെണ്ണുമായി അവരെ സൃഷ്‍ടിച്ചു; സൃഷ്‍ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്ക് ആദാമെന്നു പേരിടുകയും ചെയ്തു''- ഉൽപ്പത്തി 5:2 - = ആദം എന്നത് പുരുഷൻറ്റെ പേര്മാത്രമല്ല, ആദിമ ആണിൻറ്റെയും പെണ്ണിൻറ്റെയും പേരാണ് ആദം. ആദം എന്ന് പേരുള്ള സ്ത്രീയെ പിന്നെ ബൈബിളിൽ കാണാനേയില്ല. 3- ''ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്‍ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്‍ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്‍ടിച്ചു.'' ഉൽപ്പത്തി 1: 27. പുരുഷനൊപ്പം സൃഷ്ട്ടിച്ച സ്ത്രീയുടെ ബാക്കി കഥകളും ബൈബിളിലില്ല. ''1: 28 ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്‍ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകല ഭൂചരജന്തുവിന്മേലും വാഴുവിൻ എന്ന് അവരോടു കല്പിച്ചു''-. ദൈവം 2 പേരെയും അനുഗ്രഹിച്ചു, സകലത്തെയും വാഴുവാൻ 2 പേരോടും പറയുന്നു. ഇ സ്ത്രീ എവിടെ? 1:31 ''31 താൻ ഉണ്ടാക്കിയതിനെയൊക്കെയും ദൈവം നോക്കി, അത് എത്രയും നല്ലത് എന്നു കണ്ടു''- ദൈവം നല്ലത് എന്ന് കണ്ട സ്ത്രീ എവിടെ? 4- ആദത്തിൻറ്റെ ഭാര്യ സ്ത്രീ: ഉല്പത്തിയുടെ ഒന്നാം അദ്ധ്യായത്തിൽ ആദമെന്നു പേരുള്ള സ്ത്രീക്ക് എന്തുപറ്റി?. ദൈവം ഇ കഥ മറന്നോ അതോ മറ്റൊരു ദൈവമോ?. നോക്കു !- ഉൽപ്പത്തി 2:18 ''അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവനു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്ന് അരുളിച്ചെയ്തു'' ഇ മനുഷ്യന് തക്കതായ തുണ ദൈവം തേടുന്നത് മനുഷ്യ സ്ത്രീയിൽ അല്ല. ''19 യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തുനിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവയ്ക്ക് എന്തു പേരിടുമെന്നു കാൺമാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടത് അവയ്ക്ക് പേരായി; 20 മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാ കാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യനു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല. 21 ആകയാൽ യഹോവയായ ദൈവം മനുഷ്യന് ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്ന് എടുത്ത് അതിനു പകരം മാംസം പിടിപ്പിച്ചു.''- അതായത് പുരുഷനുവേണ്ടി ദൈവം ആദ്യം ഇണയെ നോക്കിയത് കന്നുകാലികളിലാണ്. തക്കതായ ഇണയെ ലഭിക്കാതെ വന്നതിനാലാണ് ദൈവം ആദമിൻറ്റെ വാരിയെല്ല് ഊരിയത്. 5-സ്ത്രീ പുരുഷൻറ്റെ സ്വത്തു: ബൈബിളിലെ സ്ത്രീ പുരുഷൻറ്റെ സ്വത്താണ്. പുരുഷന് ഭാര്യമാരും വെപ്പാട്ടികളും ദാസിമാരും ഒക്കെ ലൈംഗിക ഇണകൾ /ഇരകളായി കൈവശം വെക്കാം. എന്നാൽ സ്ത്രീക്ക് ഒന്നിലധികം പുരുഷനുമായി ലൈംഗിക ബന്ധം പാടില്ല. അങ്ങനെ ചെയ്താൽ അവളെ കല്ലെറിഞ്ഞു കൊല്ലും. അവളെ വെഭിചാരിണി എന്ന് വിളിക്കപ്പെടും. ഒരു പുരുഷൻറ്റെ സ്വത്തായ സ്ത്രീയുമായി മറ്റൊരു പുരുഷൻ ലൈംഗികമായി ബന്ധപ്പെട്ടാൽ അവൻ നടത്തുന്നത് മോഷണമാണ്, കാരണം ഉടമസ്ഥൻറ്റെ അനുവാദം ഇല്ലാതെ അവൻറ്റെ സ്വത്തായ സ്ത്രീയെ ഉപയോഗിക്കുന്നത് മോഷണമാണെന്ന് 10 കല്പനകളിൽ തന്നെ കാണുന്നത്. പുരുഷൻ ഒരു സ്ത്രിയെ റേപ്പ് ചെയ്താൽ നേരിയ പിഴ കൊടുത്താൽ മതിയാവും. സ്ത്രീകളെ ആടുമാടുകളുടെ കൂടെയാണ് എണ്ണിയിരുന്നത്. ആടുമാടുകളുടെകൂടെ സ്ത്രീകളെ വിൽക്കുകയും വാങ്ങുകയും ചെയ്തിരുന്നു. 6-ഏദനിലെ ഹൗവ്വ: ഏദനിലെ ഹൗവയുടെ കഥ ആക്ഷേപസാഹിത്യമാണ്. യഹോവക്കൊപ്പം യെരുശലേം ദേവാലയത്തിൽ ആരാധിക്കപ്പെട്ട ദേവതയാണ് അശേര. സ്ത്രീ ദേവതകൾ ജ്ഞാനമാണ്, അവരുടെ പുണ്യക്ഷേത്രങ്ങളാണ് കാവുകളും തോട്ടങ്ങളും. നൻമ്മ തിൻമ്മകളുടെ അറിവിൻറ്റെ വിർഷം, അശേര ദേവിയുടെ സ്വത്താണ്. ബൈബിൾ സാഹിത്യം യാഹേവിസ്റ്റ്/പുരോഹിത എഴുത്തുകാർ കൈഅടക്കിയപ്പോൾ അശേര ദേവിയെ അവളുടെ തോട്ടത്തിൽനിന്നും പുറത്താക്കി അവിടെ യാഹിൻറ്റെ കെരൂബുകളെ കാവൽ നിർത്തുന്ന കഥ അവർ ഉണ്ടാക്കി. 7- ആധുനിക സ്ത്രീകൾ: ആധുനിക സ്ത്രീകൾ ഇന്നും പഴയ അവസ്ഥയിൽനിന്നും പുരോഗതി പ്രാപിച്ചിട്ടില്ല. സ്ത്രീകളെ കണ്ടാൽ തപസ്സു തെറ്റുന്ന ദൈവങ്ങളെ തൊഴുവാൻ എന്തിന് ബഹളം? അത്തരം ദൈവങ്ങളെ അവഗണിക്കു അതാണ് ഫെമിനിസം. പുരുഷനൊപ്പം തുല്യത അതാണ് സ്ത്രീക്ക് വേണ്ടത്. -andrew
Mariamma Ninan, Kottayam. 2026-06-06 21:25:59
താലി പറിച്ചെറിയുന്ന ഫെമിനിസം: ഒരു യോഗത്തിൽ ചെന്നപ്പോൾ കണ്ടതാണ് പാസ്റ്ററുടെ ബന്ധുക്കളായ സ്ത്രികൾ മുക്കുപണ്ടങ്ങൾ ഊരി ബക്കറ്റിൽ ഇടുന്നു. ബക്കറ്റു ഓരോസ്ത്രീകളുടെയും മുന്നിൽ എത്തുമ്പോൾ അവരും മാലയും വളയും വിവാഹ മോതിരവും താലിയും ബക്കറ്റിൽ ഊരി ഇടുന്നു. സ്ത്രീകളുടെ ആഭരണങ്ങൾ അടിച്ചെടുക്കാൻ കുറുക്കൻ പാസ്റ്റർ കണ്ടുപിടിച്ച വിദ്യ. കമ്മികളെക്കാൾ മുൻപ് ബക്കറ്റ് പിരിവ് തുടങ്ങിയതും ഇവർതന്നെ. വിദേശ പണത്തിൻറ്റെ ഒഴുക്ക് മോദിജി അടച്ചു, കമ്മികൾ എന്നും സമരവും. ഇനിയും ബക്കറ്റ് പിരിവ് എന്നും പിരിവ്. യുഡിഫ് സർക്കാർ ഇ ബക്കറ്റ് പിരിവ് നിരോധിക്കണം.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-07 00:53:57
💥🔥മതങ്ങളെയും ദൈവങ്ങളെയും ഭൂമിയിൽ ജീവനോടെ നില നിർത്തുന്നതു തന്നേ സ്ത്രീകളാണ് . പക്ഷേ, വിരോധാഭാസം എന്നു പറയട്ടേ ദൈവത്തിന് സ്ത്രീകളെ കണ്ണിന് കണ്ടു കൂടാ, പ്രത്യേകിച്ചും Semetic മത ദൈവങ്ങൾക്ക്.മരുന്നിന് പോലും അവർക്കൊരു പെൺദൈവം ഇല്ലല്ലോ. 'വിശ്വാസം', എന്തുകൊണ്ടോ അത് അവളുടെ കൂടെ പ്പിറപ്പാണ്. സ്ത്രീകൾ വിശ്വസിക്കുന്നതു നിർത്തിയാൽ ദൈവത്തിന്റെ കാര്യം പിന്നെ കട്ടപ്പൊക. അവരിലൂടെയാണ് 'ദൈവം' എന്ന പാമ്പ് വീടുകളിലേക്ക് ഇഴഞ്ഞു കയറി വരുന്നത്, പ്രത്യേകിച്ചും ഭാരതം പോലുള്ള മൂന്നാം ലോക രാജ്യങ്ങളിൽ. പേഗൻ മതങ്ങളിലാണ് പെൺദൈവങ്ങളുടെ അയ്യരുകളി..... എന്നിരുന്നാലും യഹോവ ,യുദ്ധത്തിൽ പിടിക്കുന്ന "സ ചർമ്മ" പെണ്ണുങ്ങളെ ആസ്വദിക്കുമായിരുന്നു എന്നു പഴയനിയമം അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്. റെജിസ് ✳️
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-08 08:13:13
💥🔥പെണ്ണിന്റെ ശവപ്പറമ്പ് ആണ് എല്ലാ മതങ്ങളും . എന്നാലോ , ദൈവത്തേയും മതത്തെയും വിശ്വാസത്തേയും ജീവനോടെ നിലനിർത്തുന്നത് പെണ്ണ് ആണുതാനും. പുരുഷന്റെ ഉൽപ്പന്നമായ ദൈവവും മതവും, ഇത്രമാത്രം വൃത്തികെട്ട സ്ത്രീവിരുദ്ധത പ്രകടിപ്പിക്കുന്നതിൽ ഒരു ഫെമിനിച്ചിക്കും എതിർപ്പില്ലാത്തതിൽ അത്ഭുതപ്പെടാനുണ്ടോ??? പച്ചയ്ക്ക് പച്ച,പെണ്ണിനെ പച്ചത്തെറി പറയുന്നതാണ് മത സാഹിത്യങ്ങളെല്ലാം തന്നെ.എന്നാൽ പോലും ഒരു അവളുമാർക്കും ഒരക്ഷരം മിണ്ടണ്ടാ. അത്രയ്ക്കുണ്ട് ഭയപ്പെടുത്തി കീഴടക്കുന്ന ദൈവകഥാപാത്രത്തിന്റെ ആഴത്തിലുള്ള വേരോട്ടം അവളിൽ. ഇത് ഒരു ലൈംഗീക രോഗമാണ്. പെൺ തലമുറകളിലേക്ക് പകരുന്ന HIV. [{ "വിശ്വാസം അവൾക്കും, വിപ്ലവം അവനും" എന്നൊരു ചൊല്ല് തന്നെ രൂപപ്പെട്ടിട്ടുണ്ട്.]} റെജീസ് 🔆
കാൽവിനിസവും പൊന്തക്കോസും 2026-06-08 13:20:00
കാൽവിനിസവും പൊന്തക്കോസും : സെമിറ്റിക് മതങ്ങളിൽ ഒന്നിലും പെണ്ണിന് സ്വാതന്ത്രം ഇല്ല. പെണ്ണിൻറ്റെ ജയിലറകളാണ് മതങ്ങൾ. ഇ ജയിൽ അറകളെ നിലനിർത്താനും അവിടുത്തെ കാവൽക്കാരായി കറക്ക്ഷൻ ഓഫീസറാമ്മയെ തീറ്റി പോറ്റാനും സ്ത്രീകൾതന്നെ കഷ്ട്ടപ്പെടുന്നു. പെന്തക്കോസിലും കാൽവിനസത്തിലും സ്ത്രീകൾക്ക് സ്വാതന്ത്രം ഉണ്ട് എന്ന് ഒരു പാസ്റ്റർ പറഞ്ഞു. കാൽവിനിസം കാൽ വിനാശമയി ബ്രദറൺ ആയി, ബ്രതറൺ പല കൾട്ടുകളുമായി. എല്ലായിടത്തും സ്ത്രീകൾ വെറും ഉപഭോഗ വസ്തുക്കൾ മാത്രം. അതിനാൽ കാൽവിനിസവും പൊന്തക്കോസും എന്താണെന്നു നോക്കാം. കാൽവിനിസത്തിൻറ്റെ അഞ്ച് പോയിന്റുകൾ (TULIP) T -പൂർണ്ണമായ കഴിവില്ലായ്മ: വീഴ്ച കാരണം, മനുഷ്യവർഗം പാപത്താൽ പൂർണ്ണമായും ദുഷിപ്പിക്കപ്പെടുകയും സ്വന്തമായി ദൈവത്തെ തിരഞ്ഞെടുക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. വാക്യങ്ങൾ: റോമർ 3:10-12 ("നീതിമാൻ ആരുമില്ല, ഒരുത്തൻ പോലുമില്ല"), എഫെസ്യർ 2:1-3, യിരെമ്യാവ് 17:9. U - ഉപാധികളില്ലാത്ത തിരഞ്ഞെടുപ്പ്: ലോകസ്ഥാപനത്തിനു മുമ്പ്, ദൈവം ചില വ്യക്തികളെ രക്ഷയ്ക്കായി തിരഞ്ഞെടുത്തത് ദൈവത്തിൻറ്റെ മുൻ ഉദ്ദേശ്യത്തിൻറ്റെ അടിസ്ഥാനത്തിലാണ്, വെക്തികളിലുള്ള മുൻകൂട്ടി കണ്ട യോഗ്യതയുടെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിലല്ല. വാക്യങ്ങൾ: എഫെസ്യർ 1:4-5, 11 ("ലോകസ്ഥാപനത്തിന്നു മുമ്പെ അവൻ നമ്മെ അവനിൽ തിരഞ്ഞെടുത്തു"), റോമർ 9:11-16. L - പരിമിതമായ പാപപരിഹാരം (പ്രത്യേക വീണ്ടെടുപ്പ്): ക്രിസ്തുവിൻറ്റെ മരണം എല്ലാവരുടെയും രക്ഷക്കായിട്ടുള്ളതല്ല; തിരഞ്ഞെടുക്കപ്പെട്ടവരുടെ മാത്രം രക്ഷ ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു, വാക്യങ്ങൾ: യോഹന്നാൻ 10:11, 15 ("ആടുകൾക്കുവേണ്ടി ഞാൻ എന്റെ ജീവൻ കൊടുക്കുന്നു"), മത്തായി 1:21, യോഹന്നാൻ 17:9. I - അപ്രതിരോധ്യമായ കൃപ: ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ രക്ഷയിലേക്ക് വിളിക്കുമ്പോള്‍, അവര്‍ക്ക് അതിനെ ചെറുക്കാന്‍ കഴിയില്ല. പരിശുദ്ധാത്മാവ് അവരെ ആകര്‍ഷിക്കുകയും, അവരെ മാനസാന്തരപ്പെടുത്തുകയും ചെയ്യുന്നു. വാക്യങ്ങൾ: യോഹന്നാൻ 6:37, 44 ("പിതാവ്... ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരാൻ കഴിയില്ല"), പ്രവൃത്തികൾ 13:48. P - വിശുദ്ധരുടെ സ്ഥിരോത്സാഹം: ദൈവം തിരഞ്ഞെടുത്ത് തന്നിലേക്ക് ആകർഷിച്ചവർ ഒരിക്കലും ഒടുവിൽ വീണുപോകുകയില്ല, മറിച്ച് അവസാനം വരെ വിശ്വാസത്തിൽ നിലനിൽക്കും. വാക്യങ്ങൾ: യോഹന്നാൻ 10:27-29, റോമർ 8:29-30, ഫിലിപ്പിയർ 1:6. മറ്റ് പ്രധാന തത്വങ്ങൾ: ദൈവത്തിൻറ്റെ ഉദ്ദേശ്യം നിറവേറ്റുന്നതിനായി മനുഷ്യൻറ്റെ എല്ലാ തീരുമാനങ്ങളും പ്രവൃത്തികളും ദൈവം സജീവമായി നിയന്ത്രിക്കുന്നു. വാക്യങ്ങൾ: സങ്കീർത്തനം 115:3, യെശയ്യാവ് 14:27. കാൽവിനിസം സോള സ്ക്രിപ്ചുറ (തിരുവെഴുത്ത് മാത്രം), സോള ഫിഡെ (വിശ്വാസം മാത്രം), സോള ഗ്രാഷ്യ (കൃപ മാത്രം), സോളസ് ക്രിസ്റ്റസ് (ക്രിസ്തു മാത്രം), സോളി ഡിയോ ഗ്ലോറിയ (ദൈവത്തിന് മാത്രം മഹത്വം) എന്നിവയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. -andrew
കാൽവിനിസവും പൊന്തക്കോസും #2 2026-06-08 13:22:20
കാൽവിനിസവും പൊന്തക്കോസും #2 : സെമിറ്റിക് മതങ്ങളിൽ ഒന്നിലും പെണ്ണിന് സ്വാതന്ത്രം ഇല്ല. പെണ്ണിൻറ്റെ ജയിലറകളാണ് മതങ്ങൾ. ഇ ജയിൽ അറകളെ നിലനിർത്താനും അവിടുത്തെ കാവൽക്കാരായി കറക്ക്ഷൻ ഓഫീസറാമ്മയെ തീറ്റി പോറ്റാനും സ്ത്രീകൾതന്നെ കഷ്ട്ടപ്പെടുന്നു. പെന്തക്കോസിലും കാൽവിനസത്തിലും സ്ത്രീകൾക്ക് സ്വാതന്ത്രം ഉണ്ട് എന്ന് ഒരു പാസ്റ്റർ പറഞ്ഞു. കാൽവിനിസം കാൽ വിനാശമയി ബ്രദറൺ ആയി, ബ്രതറൺ പല കൾട്ടുകളുമായി. എല്ലായിടത്തും സ്ത്രീകൾ വെറും ഉപഭോഗ വസ്തുക്കൾ മാത്രം. അതിനാൽ കാൽവിനിസവും പൊന്തക്കോസും എന്താണെന്നു നോക്കാം. *പെന്തക്കോസ്തുകാർക്ക് വ്യക്തമായ വിശ്വാസ സംഹിതകൾ ഇല്ല. ഓരോ പാസ്റ്റർമാരുടെയും അവനോനിസം ആണ് പെന്തക്കോസ്ത് ഉപദേശം. ചിലർക്ക് ദൈവം യഹോവ മാത്രം. എന്നാൽ പലതരം യഹോവ ഉണ്ടായിരുന്നു എന്നതും CE 70ൽ ദേവാലയം വീണതോടെ യഹോവയെ ''മിസ്സിംഗ്'' ആണെന്നും അവർ ഇന്നും അറിയുന്നില്ല. ചില പെന്തക്കോസ്തുകാർ യേശുവിനെ മാത്രം എടുക്കുന്നു. പഴയ നിയമം പൂർണ്ണമായി തള്ളുന്നു. എന്നാൽ ഹീബ്രു ബൈബിളിലെ കൽപ്പനകൾ ഒന്നും വിടാതെ പൂർണ്ണമായി അനുസരിച്ചാൽ മാത്രമേ രക്ഷ ലഭിക്കയുള്ളു എന്ന വാക്യങ്ങൾ ഇതുവരെ അവർ കണ്ടില്ല എന്ന് തോന്നുന്നു. പഴയ നിയമത്തെ പൂർണ്ണമായും തള്ളിയ ഇവർ തന്നെ പറയുന്നു- യേശുവിൻറ്റെ ജീവിതവും പ്രവർത്തികളും എല്ലാം പഴയനിയമത്തിൽ മുൻകൂട്ടി പ്രവചിച്ചിട്ടുണ്ട് എന്ന്. സുവിശേഷങ്ങളിൽ എഴുതിയിരിക്കുന്നു.: യേശു കൂനിയുടെ കൂനു നിവർത്തി, പക്ഷെ ഇന്നും ഇവർ സത്യത്തെ നോക്കാൻ ഭയന്നു കൂനികൾ ആയി തുടരുന്നു. സത്യത്തെ ദർശിക്കാൻ മടികാണിച്ചു കണ്ണുകൾ അടച്ചു അന്ധരായി മറ്റുള്ളവരെ വഴി നടത്തുന്നു. "“കുരുടന്നു കരുടനെ വഴികാട്ടുവാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലയോ?''-ലുക്കോ 6:39 -andrew
നാരദ സൂത്രങ്ങൾ! 2026-06-10 00:16:07
ഒരു കള്ളൻ അമ്പലത്തിൽ കയറി മോഷ്ടിച്ചാൽ അവിടുത്തെ അന്തേവാസി ദൈവം അറിയില്ല. ദൈവത്തെത്തന്നെ മോഷ്ടിച്ചാലും ദൈവം അറിയില്ല. പക്ഷെ ആർത്തവമുള്ള പെണ്ണ് അമ്പലത്തിൽ കയറിയാൽ ദൈവം കോപിക്കും.!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക