
പെല്ലിങിലുള്ളപ്പോൾ സിക്കിമിന്റെ ഒരു പഴയ തലസ്ഥാനത്തിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയിരുന്നു. അവലോകിതേശ്വര പ്രതിമയുടെ അധികം ദൂരെയല്ല. നാലോ അഞ്ചോ കിലോമീറ്റർ മാത്രം. ഒരു പഴയ തലസ്ഥാനം എന്നു പറയാൻ കാര്യം പല തലസ്ഥാനങ്ങളുണ്ടായിരുന്നു എന്നതു കൊണ്ടാണ്. സിക്കിം എന്ന ഹിമാലയ രാജ്യത്തിന്റെ ആദ്യ തലസ്ഥാനം യുക്സോം ആയിരുന്നു.
പൊതുവർഷം 1642 ൽ സിക്കിമിലെ ആദ്യത്തെ ചോഗ്യാലാണ് ഭരണമേറ്റതോടെ യുക്സോമിൽ തലസ്ഥാനം സ്ഥാപിച്ചത്. ടിബറ്റൻ ഭാഷയിൽ ചോഗ്യാൽ എന്ന വാക്കിന്റെ അർത്ഥം 'ധർമ്മരാജാവ്' എന്നാണ്. രാജ്യത്തിന്റെ അധിപൻ എന്നതോടൊപ്പം മതനേതാവും കൂടി ആകുമ്പോഴാണ് ധർമ്മരാജാവ് എന്ന സ്ഥാനം കിട്ടുന്നത്. ടിബറ്റിൽ നിന്നും പീഡനം ഭയന്ന് സിക്കിം ഭാഗത്തേയ്ക്ക് എത്തുകയും അവിടെ വാസമുറപ്പിക്കുകയും ചെയ്ത മൂന്നു സന്യാസിമാർ ചേർന്നാണ് ഫൺസോങ് നംഗ്യാൽ എന്ന ചെറുപ്പക്കാരനെ ആദ്യത്തെ ചോഗ്യാലായി അഭിഷേകം ചെയ്തത്. അതുവരെ സിക്കിം പ്രദേശത്ത് ഏകീകൃതമായ ഒരു ഭരണസംവിധാനമുണ്ടായിരുന്നില്ല. രണ്ടാമത്തെ ചോഗ്യാലായ ടെൻസുങ് നംഗ്യാലിന്റെ കാലത്ത് തലസ്ഥാനം യുക്സോമിൽ നിന്ന് കുറച്ചുകൂടി തന്ത്രപരമായ സ്ഥലമെന്നു തോന്നിയ റാബ്ഡെൻറ്റ്സെയിലേക്ക് മാറ്റുകയുണ്ടായി. താഴ്വരയിൽ നിന്ന് പടനീക്കമുണ്ടായാൽ കാണത്തക്കവിധം സൗകര്യപ്രദമായ ഒരു സ്ഥാനമായിരുന്നു അത്. എന്നാൽ മറ്റൊരു വിപത്ത് രാജാവ് തിരിച്ചറിഞ്ഞില്ല.

1842 ൽ ഏഴാമത്തെ ചോഗ്യാലിന്റെ കാലത്ത് നേപ്പാളിൽ നിന്നുള്ള ഗൂർഖാ സൈന്യത്തിന്റെ ആക്രമണത്തിൽ റാബ്ഡെന്റ്സെയിലെ തലസ്ഥാനം ഏതാണ്ട് പൂർണ്ണമായും തകർന്നു. റാബ്ഡെന്റ്സെ നേപ്പാളിന്റെ കിഴക്കൻ അതിർത്തിയോട് അടുത്തായതുകൊണ്ടും ഗൂർഖകൾക്ക് അവിടേയ്ക്ക് എത്തിച്ചേരാൻ മലമ്പാതകൾ ഉള്ളതുകൊണ്ടുമാണ് അപ്രതീക്ഷിതമായ ആക്രമണത്തിൽ തലസ്ഥാനം വീണുപോയത്. അത്തരത്തിലൊരു സംഭവവികാസം പ്രതീക്ഷിച്ചിരുന്നതല്ല. അതേത്തുടർന്നാണ് തലസ്ഥാനം തുംലോങിലേയ്ക്ക് മാറ്റിയത്.
മെയിൻ റോഡിൽ നിന്നും പ്രധാനകവാടം കടന്നാൽ പുരാവസ്തുമേഖലയിലേക്ക് എത്തണമെങ്കിൽ ഒരു ചെറിയ കാട്ടിലൂടെ രണ്ടുകിലോമീറ്ററോളം നടക്കണം. വഴിയൊക്കെ കൃത്യമായി വെട്ടിയിട്ടിട്ടുണ്ട്. എങ്കിലും വളഞ്ഞുപുളഞ്ഞുപോകുന്നതുകൊണ്ട് മുൻപിലെ വഴി കാണാൻ ബുദ്ധിമുട്ടായിരുന്നു. പക്ഷെ ചിലസ്ഥലങ്ങളിൽ ഇനിയുള്ള ദൂരം കുറിക്കുന്ന ചെറിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. സാമാന്യം ഇടതൂർന്ന വൃക്ഷങ്ങൾ കാണാം. ചിലയിടങ്ങളിൽ കുറുക്കുവഴിപോലെ രണ്ടാമതൊരു നടപ്പാത കണ്ടേയ്ക്കാം. അപൂർവ്വം ചിലർ മാത്രമേ ആ വഴികളിലൂടെ നടക്കുന്നതായി കണ്ടുള്ളൂ. എന്തായാലും നല്ല ട്രെക്കിങ്ങ് ആയിരുന്നു.

അവിടെയെത്തിയാൽ അവശിഷ്ടങ്ങൾക്കിടയിൽ നടക്കാനായി കല്ലുവിരിച്ച നടപ്പാതകളും ഇടയ്ക്കുള്ള സ്ഥലത്ത് പുൽത്തകിടിയും ഉണ്ടായിരുന്നു. രാജഗൃഹത്തിന്റെയും രാജസഭയുടേയും അവശിഷ്ടങ്ങൾ കൃത്യമായി കാണാം. രാജാവിന്റെ സിംഹാസനം ഉണ്ടായിരുന്ന സ്ഥാനം കണ്ടെത്തുകയും പ്രജകൾക്ക് രാജാവിനോട് ആവലാതി പറയാനുള്ള പൊതുവിടം തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ബുദ്ധമതത്തിന് ഔദ്യോഗികമായി പ്രാധാന്യം നൽകിയ രാജകുടുംബമാണ് നാംഗ്യാൽ രാജവംശം. ആ പ്രദേശത്ത് സുലഭമായ കല്ലുകൾ ഉപയോഗിച്ചാണ് കോട്ടയും രാജമന്ദിരവുമൊക്കെ നിർമ്മിച്ചയിട്ടുള്ളത്. 'റിസും ഗോംപ' എന്ന പേരിൽ ഒരു മൊണാസ്റ്ററി തന്നെ ഇവിടെയുണ്ടായിരുന്നതായി കരുതപ്പെടുന്നു. എന്നാൽ മതിയായ തെളിവു ലഭിച്ചിട്ടില്ല. അതുകൊണ്ടാകണമല്ലോ ഡുബ്ഡി മൊണാസ്റ്ററിയെ സിക്കിമിലെ ആദ്യ മൊണാസ്റ്ററിയായി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു വലിയ വെണ്ണക്കല്ല് സന്യാസിമഠത്തിന്റെ തെളിവെന്ന രീതിയിൽ അവിടെ കാണാം. നാട്ടുകാർ അതിനുമുൻപിൽ പ്രാർത്ഥന നടത്തുന്നു. കൊട്ടാരത്തോട് ചേർന്നുതന്നെയാണ് മൂന്നു പ്രാർത്ഥനാ സ്തൂപങ്ങൾ ഉള്ളത്. സാധാരണ കല്ലുകളുപയോഗിച്ചു നിർമ്മിച്ചതാണ് സ്തൂപങ്ങൾ. സ്തൂപങ്ങളിൽ ചിലപ്പോൾ തൂവെള്ള നിറത്തിലുള്ള 'ഖാട്ട' വസ്ത്രം ആരെങ്കിലും സമർപ്പിച്ചിട്ടുണ്ടാവും. ഖാട്ട വസ്ത്രം ബഹുമാനത്തെ കുറിക്കുന്ന വസ്ത്രമാണ്.
ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഇവിടെയൊരു ചെറിയ മ്യൂസിയം തുറന്നിട്ടുണ്ടെങ്കിലും ഞാൻ ചെല്ലുമ്പോൾ അതു തുറന്നിട്ടുണ്ടായിരുന്നില്ല

റാബ്ഡെന്റ്സെ അവശിഷ്ടങ്ങൾ ഒറ്റപ്പെട്ട സന്ദർശനയിടമല്ല. ടിബറ്റൻ ബുദ്ധിസവുമായി ബന്ധപ്പെട്ട അഞ്ചാറു സ്ഥലങ്ങൾ കൂടിചേർന്നുള്ള യാത്രയിലെ ഒരു കാഴ്ചയാണ്. ഞാൻ ഒറ്റയ്ക്കു പോയതുകൊണ്ട് സാധാരണ വിനോദസഞ്ചാര പരിപാടികളുടെ യാത്രാക്രമം നോക്കിയില്ല. പെല്ലിങ്ങിൽ രണ്ടു ദിവസം തങ്ങുന്നതുകൊണ്ട് സൗകര്യപ്രദമായി യാത്രകൾ ക്രമീകരിച്ചു. പൊതുവെ ട്രാവൽ ഏജൻസികൾ ഡുബ്ഡി മൊണാസ്റ്ററിയിൽ ആദ്യം സന്ദർശനം നടത്തും. നേരത്തേ പറഞ്ഞതുപോലെ ഡുബ്ഡിയാണ് സിക്കിമിലെ ആദ്യത്തെ മൊണാസ്റ്ററി. പതിനേഴാം നൂറ്റാണ്ടിന്റെ പകുതിയോടെ, അതായത് നാംഗ്യാൽ രാജവംശം സ്ഥാപിതമായശേഷം അവരുടെ ഉത്സാഹത്തിലാണ് ഈ മൊണാസ്റ്ററി സ്ഥാപിതമായത്. നോർബുഗാങ് കോറോണഷൻ ത്രോൺ, പേമയാങ്സെ മൊണാസ്റ്ററി, താഷിഡിങ് മൊണാസ്റ്ററി, സംഗ ചോലിങ് മൊണാസ്റ്ററി, ഖേച്ചുപെൽറി തടാകം എന്നിവയാണ് സാധാരണ ഈ സർക്യൂട്ടിൽ പെടുത്തുന്ന മറ്റു സ്ഥലങ്ങൾ.
തിരിച്ചിറങ്ങി പ്രധാനകവാടത്തിൽ എത്തുന്നതിനു മുൻപ്, നന്നായി പരിരക്ഷിച്ചിട്ടുള്ള പക്ഷി സങ്കേതം കാണാം. ഇവിടെ നിർബന്ധമായും കയറണം. കാരണം, ഹിമാലയപ്രദേശങ്ങളിലെ നിരവധി പക്ഷികളെ വളരെ അടുത്തുതന്നെ കാണാവുന്നതാണ്. 'സിഡ്കിയോങ് തുൽക്കു ബേർഡ് പാർക് ' എന്നാണ് അതിന്റെ പേര്. സിക്കിമിലെ പത്താമത്തെ ചോഗ്യാലിന്റെ പേരാണ് അത്. കഷ്ടിച്ച് പത്തുമാസം മാത്രമേ അധികാരത്തിലിരുന്നുള്ളൂവെങ്കിലും ആധുനികരീതിയിൽ വനവൽക്കരണം എന്ന സങ്കൽപ്പം സർക്കാർ തലത്തിൽ മുന്നോട്ടുവെച്ച പ്രകൃതിസ്നേഹി ആയിരുന്നു അദ്ദേഹം. സിക്കിമിലെ വനവൽക്കരണത്തിന്റെ പിതാവായി അദ്ദേഹം അറിയപ്പെടുന്നു. പക്ഷിസങ്കേതം മുഴുവൻ നടന്നുകാണാനുള്ള ഉയർത്തിക്കെട്ടിയതുൾപ്പെടെയുള്ള നടപ്പാതകൾ ഉണ്ട്. അവിടെയെത്തുന്ന ഏതാണ്ടെല്ലാവരും ഏറെനേരം ഫോട്ടോസെഷനുവേണ്ടി ചെലവഴിക്കുന്നത് കാണാം.
