
നമ്മൾ ഒരിക്കൽപോലും നേരിൽ കണ്ടിട്ടില്ല.
ഇങ്ങനെ മുതിർന്നവരോട് സംസാരിക്കുമ്പോലെ നിന്നോട് സംസാരിക്കാമോ!
പക്ഷേ എനിക്കിന്ന് ഇങ്ങനെയൊരു കത്തെഴുതേണ്ടി വന്നു.
“നിന്നെപ്പറി ആദ്യം കേട്ടപ്പോഴേ നീ ഈ ഭൂമിയിൽ ജനിക്കാതെപോയിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചുപോയി.
ഇപ്പോൾ നിന്റെ നിശ്ചലമായ കാൽവെള്ള കണ്ട് ഞാൻ ഭയന്നു.
എങ്ങനെ നീ ഈ വേദന സഹിച്ചു.
ഭൂമിക്ക് താങ്ങാൻ പറ്റിയിട്ടുണ്ടാവില്ല,ആരുമില്ലാത്ത നിന്നെ വാരിയെടുത്തു മടിത്തട്ടിൽ ചേർത്തില്ലേ.
നീ ഇപ്പോൾ അവിടെ സുഖമായി ഉറങ്ങുന്നു എന്നോർക്കുമ്പോഴും എന്റെ നെഞ്ച് ഭാരത്താൽ മുങ്ങുന്നു.
എന്റെ മകനെ ഇന്ന് ഞാൻ കൂടുതൽ സ്നേഹിച്ചു, നീ കാരണം.
എന്റെ ജനിക്കാത്ത രവി മോന്റെ മുഖവും ഞാൻ ഓർക്കാൻ ശ്രമിച്ചു, നിന്നെ ഓർത്തപ്പോൾ.
ഇനി കുഞ്ഞുങ്ങൾ ഉണ്ടാകാതെ പോകട്ടെയെന്ന് ഈ ലോകത്തെ ശപിച്ചു കളയാൻ എനിക്ക് തോന്നി, നീ കാരണം.
ഈ ഭൂമിയിൽ തൊട്ടു നടന്ന നിന്റെ പൊള്ളലേറ്റ ഓരോ വിരലും എനിക്ക് തൊടാൻ തോന്നുന്നു.
പക്ഷേ എനിക്ക് പേടിയാകുന്നു മോനെ.
അപ്പോൾ ഒന്നുമറിയാത്ത നീ എന്നെ നോക്കി ചിരിച്ചാലോ.
അതുവേണ്ട.
നിന്റെ ചിരി പോലും എനിക്ക് താങ്ങാൻ കഴിയില്ല.
മരിച്ചുപോയ നിന്റെ ശാന്തമായ ചിരി.
ജീവിച്ചിരുന്നപ്പോൾ നീ ചിരിച്ചിരുന്നില്ലയെന്ന ചിന്തയിൽ ഞാൻ മരിച്ചുപോകും.
മോൻ ദൈവത്തോടിന്നു പറയണം അമ്മമാരെയെല്ലാം ദൈവങ്ങളാക്കണേയെന്ന്, കുഞ്ഞുങ്ങളെ കൈവെള്ളയിൽ പൊതിയുന്ന ദൈവങ്ങൾ.“