Image

കൂട്ടായ്മയുടെ ശക്തിയിലാണ് ഫോമായുടെ ഭാവി: ബിജു തോണിക്കടവിൽ

-മീട്ടു റഹ്മത്ത് കലാം Published on 02 June, 2026
കൂട്ടായ്മയുടെ ശക്തിയിലാണ് ഫോമായുടെ ഭാവി: ബിജു തോണിക്കടവിൽ

അമേരിക്കൻ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോമാ ഇരുപതാം വർഷത്തിലേക്ക് കടക്കുമ്പോൾ, സംഘടനയെ കൂടുതൽ ജനകീയമാക്കാനും സാമ്പത്തിക സുതാര്യത ഉറപ്പാക്കാനുമുള്ള വ്യക്തമായ കർമ്മപരിപാടികളുമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണ് ബിജു തോണിക്കടവിൽ. താഴെത്തട്ടിൽ നിന്നുള്ള സംഘടനാ പരിചയവും ഫോമായുടെ റീജിയണൽ വൈസ് പ്രസിഡന്റ്, ജോയിന്റ് ട്രഷറർ, ട്രഷറർ എന്നീ നിലകളിലെ പ്രവർത്തന മികവും കൈമുതലായുള്ള അദ്ദേഹം, സംഘടനയുടെ ഭാവി കാഴ്ചപ്പാടുകളും ജീവകാരുണ്യ പദ്ധതികളും യുവജന പങ്കാളിത്തത്തെക്കുറിച്ചുള്ള നിലപാടുകളും വ്യക്തമാക്കുന്നു...

ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്ന് എങ്ങനെയാണ് തീരുമാനമെടുത്തത്?

കഴിഞ്ഞ കുറേ വർഷങ്ങളായി ഫോമായുടെ സജീവ പ്രവർത്തകനാണ്. ഈ കാലയളവിൽ അമേരിക്കയിലുടനീളമുള്ള നിരവധി സുഹൃത്തുക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ സാധിച്ചു. അവരുമായി നടത്തിയ ആശയവിനിമയങ്ങളും അവർ നൽകിയ നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ആഗ്രഹത്തിന് അടിത്തറയായത്. ഇത്രയും കാലത്തെ സംഘടനാ പ്രവർത്തന പരിചയവും സുഹൃത്തുക്കളുടെ പിന്തുണയും ഒപ്പമുള്ളപ്പോൾ, സമൂഹത്തിനായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് എന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.

ഫോമായുടെ വിവിധ പദവികളിലുള്ള അനുഭവങ്ങൾ താങ്കളെ എങ്ങനെയാണ് വളർത്തിയത്?

കേരള അസോസിയേഷൻ ഓഫ് പാംബീച്ചിന്റെ പ്രസിഡന്റായിരുന്ന സമയത്താണ് ഫോമായുമായി കൂടുതൽ അടുപ്പം തുടങ്ങുന്നത്. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കുട്ടികൾക്കായി ഫോമാ വാർഡ് നിർമ്മിച്ച പദ്ധതിയിൽ എന്റെ അസോസിയേഷനിൽ നിന്ന് വലിയൊരു തുക നൽകിക്കൊണ്ടാണ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഞാൻ സജീവമാകുന്നത്. പിന്നീട് ഫോമാ സൺഷൈൻ റീജിയൺ ചെയർമാനായും ആർ.വി.പി.യായും പ്രവർത്തിക്കാൻ അവസരം ലഭിച്ചു.

ഒട്ടുമിക്ക അസോസിയേഷൻ ആഘോഷങ്ങളിലും പങ്കെടുക്കാറുണ്ട്. യുവജനങ്ങൾക്കായി ഡ്രഗ് അവയർനെസ് ക്ലാസ്, അമേരിക്കൻ രാഷ്ട്രീയത്തെക്കുറിച്ചുള്ള സിമ്പോസിയങ്ങൾ, സ്പോർട്സ് ടൂർണമെന്റുകൾ, ഏവിയേഷൻ അക്കാദമി ടൂർ എന്നിവ സംഘടിപ്പിച്ചു. മൂന്ന് സ്റ്റേജുകളിലായി യൂത്ത് ഫെസ്റ്റിവലുകൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടത്താൻ സാധിച്ചു. ഫോമാ ഷിക്കാഗോ കൺവെൻഷനിൽ സുവനീർ സബ് എഡിറ്ററായും പ്രവർത്തിച്ചു.

കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ എന്റെ റീജിയണിൽ നിന്ന് ഏഴ് വീടുകൾ നിർമ്മിച്ച് നൽകാൻ കഴിഞ്ഞു; അതിൽ ഒരു വീട് എന്റെ സ്വന്തം അസോസിയേഷന്റെ വകയായിരുന്നു. കൂടാതെ മൂന്ന് വീടുകളുടെ പൂർത്തീകരണത്തിനായി 6000 ഡോളർ നൽകാനും സാധിച്ചു. കോവിഡ് കാലത്തിന്റെ തുടക്കത്തിൽ റീജിയന്റെ നേതൃത്വത്തിൽ ഫോണിലൂടെ 'ഡോക്ടറോട് ചോദിക്കാം' എന്ന പരിപാടിയും സോഷ്യൽ വർക്കർമാരെ ഉൾപ്പെടുത്തി ഹെൽപ് ലൈനും ആരംഭിച്ചു. ലോക്ക്ഡൗൺ സമയത്ത് മുതിർന്നവർക്കായി ചട്ടിയിലും മറ്റും കൃഷി ചെയ്യുന്നതിനെപ്പറ്റി 'കൃഷിപാഠം' എന്ന പരിപാടിയും ഫോണിലൂടെ എല്ലാ ആഴ്ചയും നടത്തിവന്നു.

കോവിഡ് പ്രതിസന്ധിയുടെ മൂർദ്ധന്യാവസ്ഥയിലാണ് ഫോമാ ജോയിന്റ് ട്രഷററായി പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നത്. ആ സമയത്ത് കേരളത്തിലേക്ക് 18 വെന്റിലേറ്ററുകൾ എത്തിക്കാൻ സാധിച്ചു. അതിൽ മൂന്ന് വെന്റിലേറ്ററുകളും ഒരു കണ്ടെയ്നർ മെഡിക്കൽ സാമഗ്രികളും എന്റെ സുഹൃത്ത് മുഖേന അഡ്വന്റ് ഹെൽത്ത് ഹോസ്പിറ്റൽ സിസ്റ്റത്തിൽ നിന്ന് സൗജന്യമായി ലഭ്യമാക്കാനായി. 'ഫോമാ സാന്ത്വന സംഗീതം' എന്ന പരിപാടിയുടെ കോർഡിനേറ്ററായി 85 എപ്പിസോഡുകളിലായി 80-ൽ പരം അമേരിക്കൻ മലയാളി കുട്ടികൾക്ക് വേദിയൊരുക്കാനും നിരവധി വനിതകളെ ആങ്കർമാരായി അവതരിപ്പിക്കാനും കഴിഞ്ഞു.

അടിയന്തര സാഹചര്യങ്ങളിൽ സഹായിക്കാനായി രൂപീകരിച്ച 'എമർജൻസി ഹെൽപ്പിംഗ് ഹാൻഡ് കമ്മിറ്റി'യിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർക്കാൻ എനിക്ക് സാധിച്ചു. അന്തരിച്ച പ്രിയ കലാകാരൻ സോമസുന്ദരത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകി കൊണ്ടാണ് ആ പദ്ധതിക്ക് തുടക്കം കുറിച്ചത്. അന്ന് പ്രസിഡന്റിനൊപ്പം നാട്ടിൽ പോകാനും പ്രളയ രക്ഷാപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുക്കാനും കഴിഞ്ഞു. കേരള കൺവെൻഷനോടനുബന്ധിച്ച് ഫോമായുടെ ഒരു രൂപ പോലും ചെലവാക്കാതെ മെഡിക്കൽ ക്യാമ്പുകൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞു. ബൈലോ കമ്മിറ്റി അടക്കം ഒട്ടുമിക്ക സബ് കമ്മിറ്റികളിലും പ്രവർത്തിച്ചതിലൂടെ സംഘടനയുടെ ഘടനയും പഴയകാല നേതാക്കളുടെ ആശയങ്ങളും കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചു.

സംഘടനാ പ്രവർത്തനത്തിലും സാമ്പത്തിക കൃത്യത ഉറപ്പാക്കുന്നതിലും താങ്കളുടെ മുൻകാല പശ്ചാത്തലം എങ്ങനെ സഹായിക്കുന്നു?

താഴെത്തട്ടിൽ നിന്ന് ഘട്ടംഘട്ടമായി ഉയർന്നു വന്നതാണ് എന്റെ സംഘടനാ ജീവിതം. അസോസിയേഷനിൽ ഓഡിറ്റർ, കമ്മിറ്റി അംഗം, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷമാണ് പ്രസിഡന്റാകുന്നത്. സാമ്പത്തിക കൃത്യതയുടെ കാര്യത്തിൽ ക്ലബ്ബ് ട്രഷറർ പദവി മുതൽ ഓർത്തഡോക്സ് സമുദായത്തിലെ എന്റെ ഇടവകയിൽ നാല് വർഷം ട്രസ്റ്റിയായി പ്രവർത്തിച്ചതും, ഞാൻ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പോഷക സംഘടനയുടെ ജില്ലാ ഭാരവാഹിയായുള്ള പ്രവർത്തനവും, സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്ന നിലയിലുള്ള അനുഭവങ്ങളും വലിയ കരുത്തായി. അവിടെ നിന്ന് ലഭിച്ച സാമ്പത്തിക അച്ചടക്കമാണ് ഫോമാ ട്രഷറർ എന്ന നിലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായമായത്.

ട്രഷറർ പദവി വലിയൊരു വെല്ലുവിളിയായിരുന്നോ?

തീർച്ചയായും. ട്രഷറർ പദവി തന്നെയായിരുന്നു ഇതുവരെ ഏറ്റെടുത്തതിൽ ഏറ്റവും വലിയ വെല്ലുവിളി. ഫോമായുടെ കണക്കുകൾ പൂർണമായും സത്യസന്ധമായും സുതാര്യമായും സമയബന്ധിതമായും കൈകാര്യം ചെയ്യണമെന്ന നിർബന്ധം എനിക്ക് ഉണ്ടായിരുന്നു. വരവ്-ചെലവ് കണക്കുകൾ അതാത് ദിവസം തന്നെ രേഖപ്പെടുത്തുകയും വൗച്ചറുകൾ, ബില്ലുകൾ, ഇൻവോയിസുകൾ, മിനിറ്റ്സ് എന്നിവ കൃത്യമായി സൂക്ഷിക്കുകയും ചെയ്തു. ഫോമായുടെ ചരിത്രത്തിലാദ്യമായി 'ക്വിക്ക് ബുക്സ്' സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കണക്കുകൾ ഡിജിറ്റലായി ഫീഡ് ചെയ്യുകയും  എല്ലാ മാസവും ബാങ്ക് അക്കൗണ്ടുകളുമായി റീകൺസൈൽ ചെയ്യുകയും ചെയ്തു.

മിഡ് ടേം ജനറൽ ബോഡി, കൺവെൻഷൻ ജനറൽ ബോഡി, ഹാൻഡിംഗ് ഓവർ ജനറൽ ബോഡി എന്നിവിടങ്ങളിൽ ക്വിക്ക് ബുക്സിലൂടെ ഫോമായ്ക്ക് ഒരു ഡോളർ പോലും ചെലവില്ലാതെ കൃത്യമായ കണക്കുകൾ അവതരിപ്പിക്കാൻ കഴിഞ്ഞു. ആത്മാർത്ഥതയോടെയും ഉത്തരവാദിത്തത്തോടെയും ആ ചുമതല നിർവഹിക്കാൻ കഴിഞ്ഞതിലും ഫോമായുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തുക മിച്ചം വെച്ച് പുതിയ കമ്മിറ്റിയെ ഏൽപ്പിക്കാൻ കഴിഞ്ഞതിലും വലിയ ആത്മസംതൃപ്തിയുണ്ട്.

ഫോമാ വില്ലേജ് പദ്ധതിയുമായുള്ള അനുഭവം എന്തായിരുന്നു?

ഫോമായുടെ യശസ്സ് ഉയർത്തിയ പദ്ധതിയായിരുന്നു ഫോമാ വില്ലേജ്. അതിന്റെ കോർഡിനേറ്ററായി പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു. എന്റെ റീജിയണിൽ നിന്ന് ഏഴ് വീടുകൾ നൽകാൻ കഴിഞ്ഞു. അസോസിയേഷനുകൾ നൽകിയ തുകയ്ക്ക് അവരുടെ പേരിൽ തന്നെ വീടുകൾ നിർമ്മിച്ച് നൽകുമെന്ന ഉറപ്പ് നൽകിയതോടെ വിശ്വാസ്യത വളർന്നു. ഭവനം നഷ്ടപ്പെട്ടവർക്ക് താക്കോൽ കൈമാറുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന സന്തോഷം കാണുന്നത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. പഴയകാല നേതാക്കളോടൊപ്പം പ്രവർത്തിക്കാനും നിരവധി കാര്യങ്ങൾ പഠിക്കാനും ഇത് സഹായിച്ചു.

കഴിഞ്ഞ ഫോമാ കൺവെൻഷനിൽ 88,854 ഡോളർ മിച്ചം വെക്കാൻ കഴിഞ്ഞതിന്റെ രഹസ്യം എന്തായിരുന്നു?

വയനാട് ദുരന്തബാധിതർക്കായി കുറഞ്ഞത് 50,000 ഡോളറെങ്കിലും കണ്ടെത്തണമെന്ന് ജനറൽ ബോഡി ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കൺവെൻഷൻ ചെലവുകൾ നിയന്ത്രിക്കുകയും അനാവശ്യ ചിലവുകൾ ഒഴിവാക്കുകയും ചെയ്തു. മുൻകാലങ്ങളിൽ നഷ്ടം വന്ന വഴികൾ പഠിച്ച ശേഷമാണ് ഞങ്ങൾ മുന്നോട്ട് പോയത്. സ്വന്തം നേട്ടങ്ങൾക്കായി സംഘടനയുടെ പണം ഉപയോഗിക്കുന്നത് അവസാനിപ്പിച്ചു. നാട്ടിൽ നിന്ന് കലാകാരന്മാരെ കൊണ്ടുവരുമ്പോൾ കുടുംബസമേതം കൊണ്ടുവരുന്ന രീതിയും പോക്കറ്റ് മണി നൽകുന്നതും നിർത്തലാക്കി; ബിസിനസ് ക്ലാസ് യാത്രകൾ ഒഴിവാക്കി സാധാരണ ക്ലാസുകളിലാക്കി. അനാവശ്യ ആഡംബര ചെലവുകൾ ഒഴിവാക്കി, കൂടുതൽ സ്പോൺസർമാരെ കണ്ടെത്തുകയും പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്തു.

കൺവെൻഷൻ ചെയർമാനും പ്രസിഡന്റും കമ്മിറ്റിയും ഉൾപ്പെടെ എല്ലാവരും ചേർന്ന കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് ഈ തുക മിച്ചം വെക്കാൻ സാധിച്ചത്. ഫോമായുടെ ചരിത്രത്തിൽ ആദ്യമായി മൂന്ന് സി.പി.എമാർ ഓഡിറ്റ് ചെയ്ത കണക്കുകളാണ് ഞങ്ങൾ അവതരിപ്പിച്ചത്. കാൻ കൂൻ, പുന്റ കാനാ എന്നീ കൺവെൻഷനുകൾ ഉൾപ്പെടെയുള്ളവയിൽ നിന്ന് ലഭിച്ച സാമ്പത്തിക അച്ചടക്കത്തിന്റെ പാഠങ്ങൾ അടുത്ത കൺവെൻഷൻ കൂടുതൽ മനോഹരവും ഫോമാ ഫാമിലിക്ക് ആനന്ദമുള്ളതും നല്ല ചിട്ടയുമുള്ളതുമാക്കാൻ സഹായകമാകും.

ജനറൽ ബോഡിയിൽ ഹർഷാരവത്തോടെയാണ് കണക്കുകൾ പാസാക്കിയത്. എങ്കിലും ചിലർ നുണപ്രചാരണം നടത്തുന്നതിൽ ഖേദമുണ്ട്. ഇലക്ഷന് വേണ്ടി അത്തരം പ്രചാരണങ്ങൾക്ക് ഞങ്ങൾ ഒരിക്കലും മുതിരില്ല.

ഫോമായെ കൂടുതൽ ജനകീയ സംഘടനയാക്കാൻ എന്താണ് കാഴ്ചപ്പാട്?
ഫോമായുടെ നട്ടെല്ല് അതിന്റെ അംഗസംഘടനകളാണ്. തെരഞ്ഞെടുപ്പ് സമയത്ത് വോട്ടിനോ ഡെലിഗേറ്റിനോ വേണ്ടി മാത്രം അവരെ സമീപിക്കുന്ന രീതിയോട് എനിക്ക് യോജിപ്പില്ല. സംഘടനകളിൽ പ്രശ്നങ്ങൾ ഉണ്ടാക്കി പിളർപ്പ് സൃഷ്ടിക്കുന്നത് ഫോമായെ ദുർബലപ്പെടുത്തും. അംഗസംഘടനകളുടെ ആഘോഷങ്ങളിൽ പങ്കെടുക്കുകയും അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും വേണം. കൂടുതൽ പ്രതിനിധികളെ സബ് കമ്മിറ്റികളിലും പ്രവർത്തനങ്ങളിലും ഉൾപ്പെടുത്തും. പുതിയ ആശയങ്ങൾക്കും യുവജന പങ്കാളിത്തത്തിനും കൂടുതൽ പ്രാധാന്യം നൽകുമ്പോൾ സംഘടന സ്വാഭാവികമായി കൂടുതൽ ജനകീയമാകും. വയനാട് പുനരധിവാസ ഫണ്ട് രൂപീകരിക്കാൻ മുന്നിൽ നിന്നതുപോലെ, സംഘടനയിലെ ആളുകൾ എപ്പോൾ വിളിച്ചാലും ലഭ്യമാകുന്ന തരത്തിൽ എപ്പോഴും ഉത്തരവാദിത്തത്തോടെ ഇടപെടാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്.

ഫോമായുടെ ഭാവി ജീവകാരുണ്യ പദ്ധതികൾ എന്തൊക്കെയാണ്?

ഫോമായുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് ജീവകാരുണ്യ പ്രവർത്തനം. മുൻകാല കമ്മിറ്റികൾ ചെയ്ത നല്ല കാര്യങ്ങൾ ലോകശ്രദ്ധയിൽ കൊണ്ടുവരുന്നതോടൊപ്പം പുതിയ പദ്ധതികളും നടപ്പിലാക്കും. ഫോമാ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഭവനരഹിതർക്കായി 20 വീടുകൾ നിർമ്മിച്ച് നൽകണമെന്നാണ് ഞങ്ങളുടെ ടീമിന്റെ ആഗ്രഹം. ആദ്യ വീടിന്റെ തുക ഞങ്ങളുടെ ആറംഗ ടീം ചേർന്നാണ് നൽകുക. ബാക്കി വീടുകൾ റീജിയണുകളുടെയും ഫോമാ സ്നേഹികളുടെയും സഹായത്തോടെ പൂർത്തിയാക്കും.

അതുപോലെ തന്നെ അമേരിക്കൻ മലയാളികളുടെ ആവശ്യങ്ങൾ അറിഞ്ഞ് അവരെയും ചേർത്ത് പിടിച്ചുകൊണ്ടുള്ള പദ്ധതികൾ നടപ്പാക്കും. അതോടൊപ്പം അമേരിക്കൻ മലയാളികളുടെ വസ്തുവകകൾ നാട്ടിൽ സംരക്ഷിക്കുന്നതിനായി കേന്ദ്രതലത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാനും ലോയർമാരെ ഉൾപ്പെടുത്തി ഒരു ലീഗൽ ഹെൽപ് ലൈൻ ആരംഭിക്കാനും ഉദ്ദേശിക്കുന്നുണ്ട്. മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവർക്കായി മുൻഗണനാക്രമത്തിൽ പുതിയ പദ്ധതികൾ മാനിഫെസ്റ്റോയിലൂടെ ഞങ്ങൾ അവതരിപ്പിക്കും.

ല്ലാവരെയും ഒപ്പം നിർത്തുന്ന നേതൃത്വശൈലി എങ്ങനെ രൂപപ്പെട്ടു?

നാട്ടിലും ഇവിടെയുമായി വിവിധ മേഖലകളിൽ പ്രവർത്തിച്ച അനുഭവമുണ്ട്. ക്ലബ്ബ് പ്രവർത്തനങ്ങളിൽ യുവാക്കളെയും, യൂണിയൻ പ്രവർത്തനങ്ങളിൽ തൊഴിലാളികളെയും, ഇടവകയിൽ വിശ്വാസികളെയും, ബാങ്ക്-പഞ്ചായത്ത് തലങ്ങളിൽ പൊതുജനങ്ങളെയും ഒപ്പം നിർത്തി മാത്രമേ മുന്നോട്ട് പോകാൻ കഴിയുമായിരുന്നുള്ളൂ. എല്ലാവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേൾക്കുകയും, തിരുത്തേണ്ടവ തിരുത്തിയും എല്ലാവരുടെയും സമ്മതത്തോടെ കാര്യങ്ങൾ ചെയ്യുകയുമാണ് എന്റെ രീതി. എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാൽ അവരെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിക്കാറുണ്ട്. ഈ സ്നേഹബന്ധങ്ങളാണ് എന്റെ ശക്തി.

പുതിയ തലമുറയെയും യുവജനങ്ങളെയും ഫോമായിലേക്ക് ആകർഷിക്കാൻ എന്താണ് ചെയ്യേണ്ടത്?

യുവജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കി അവർക്കൊപ്പം നിൽക്കുകയാണ് പ്രധാനം. കലാകായിക മത്സരങ്ങൾ, സെമിനാറുകൾ, സിമ്പോസിയങ്ങൾ, അക്കാദമിക് ക്ലാസുകൾ, ജോബ് ഫെയറുകൾ, മെന്റൽ-ഫിസിക്കൽ ഹെൽത്ത് പദ്ധതികൾ എന്നിവ സംഘടിപ്പിക്കണം. എല്ലാ റീജിയണുകളിലും ശക്തമായ യൂത്ത് കമ്മിറ്റികൾ രൂപീകരിക്കും.

ഞാൻ ട്രഷറർ ആയിരുന്നപ്പോൾ ടാമ്പയിലും ഫോർട്ട് ലോഡറിലുമായി 250-ഓളം യുവാക്കളെ പങ്കെടുപ്പിച്ച് വിജയകരമായി പരിപാടികൾ നടത്താൻ സാധിച്ചു. ഇപ്പോൾ നിരവധി യുവാക്കൾ പുതിയ ആശയങ്ങളുമായി ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ പ്രൊപ്പോസലുകൾ തന്നിട്ടുണ്ട്. അതാണ് ഏറ്റവും വലിയ പ്രതീക്ഷ.

അമേരിക്കൻ മലയാളി സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തെല്ലാമാണ്?

അമേരിക്കൻ സംസ്കാരവും കേരളീയ സംസ്കാരവും തമ്മിലുള്ള വ്യത്യാസമാണ് പ്രധാന വെല്ലുവിളി. ഇത് കുട്ടികളിലും മാതാപിതാക്കളിലും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതിന് പരിഹാരമായി നമ്മൾ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും.

ഫോമായുടെ അടുത്ത തലമുറ നേതാക്കളെ വളർത്തിയെടുക്കാൻ എന്താണ് ചെയ്യുക?

ഫോമായുടെ എല്ലാ അസോസിയേഷനുകളുടെയും ഉദ്ദേശലക്ഷ്യങ്ങൾ നമ്മുടെ ഭാഷയും കലകളും സംസ്കാരവും പൈതൃകവും വരും തലമുറകൾക്ക് പകർന്നു നൽകുക എന്നതാണല്ലോ. അതിനുവേണ്ടി കൃത്യമായ പദ്ധതികൾ നമ്മൾ നടപ്പിലാക്കും. കൂടാതെ എല്ലാ റീജിയനുകളിലും വളരെ ശക്തമായ യൂത്ത് കമ്മിറ്റികൾക്ക് രൂപം നൽകും.

ഞാൻ ട്രഷറർ ആയിരുന്ന കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ജൂനിയർ അഫയേഴ്സ് ഫോറം’ എന്ന കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റി നടത്തിയ പരിപാടികൾ ഫോമായെ കൂടുതൽ കുടുംബങ്ങളിലേക്കും കുട്ടികളിലേക്കും എത്തിക്കാൻ സഹായിച്ചു. തീർച്ചയായും അതുപോലുള്ള പുതിയ പദ്ധതികൾ ആവിഷ്കരിച്ച് കുട്ടികളെയും യൂത്തിനെയും ഫോമായിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആദ്യ 100 ദിവസങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികൾ എന്തൊക്കെയാണ്?

ആദ്യ 100 ദിവസങ്ങളിൽ, ഫോമാ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന എല്ലാ പദ്ധതികൾക്കുമായി സബ് കമ്മിറ്റികൾ രൂപീകരിക്കുകയും എത്രയും പെട്ടെന്ന് തന്നെ അതാത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രോജക്റ്റുകൾക്ക് തുടക്കം കുറിക്കുകയുമാണ് പ്രധാന ലക്ഷ്യം. മാനിഫെസ്റ്റോയിലെ എല്ലാ കാര്യങ്ങളും കൃത്യമായി ഇതിൽ ഉൾക്കൊള്ളിച്ചിരിക്കും.

തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഫോമായുടെ ഐക്യം നിലനിർത്താൻ എതിർപക്ഷ സ്ഥാനാർത്ഥികളെ എങ്ങനെ കാണുന്നു?

എതിർപക്ഷത്തുള്ള എല്ലാവരുമായും നല്ല ബന്ധമാണ് ഞാൻ പുലർത്തുന്നത്. ഈ തിരഞ്ഞെടുപ്പിനെ പൂർണമായും സ്പോർട്സ്മാൻ സ്പിരിറ്റിലാണ് കാണുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഗ്രൂപ്പ് വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോകാൻ ഞാൻ മുന്നിലുണ്ടാകും. സംഘടനയിലെ ഗ്രൂപ്പ് പ്രവർത്തനങ്ങളും വ്യക്തിഹത്യ നടത്തുന്ന രീതികളും അവസാനിപ്പിക്കേണ്ടതാണ്. ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കുന്നത് സംഘടനയ്ക്ക് തന്നെയാണ് ദോഷം ചെയ്യുക. ഫോമായുടെ ബൈലോയിൽ ഉറച്ചുനിന്നുകൊണ്ട്, കൗൺസിലുകളെ വിശ്വാസത്തിലെടുത്ത് മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങൾ കേട്ട് മുന്നോട്ട് പോകും. ഞാൻ ഉണ്ടാക്കിയെടുത്ത സ്നേഹബന്ധങ്ങൾ ഇതിന് കരുത്ത് നൽകും. ഒരു മികച്ച നേതാവിന് വേണ്ടത് എല്ലാവരെയും കേൾക്കുക, എല്ലാ വശവും പഠിച്ച് തീരുമാനമെടുക്കുക, എടുക്കുന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുക എന്നിവയാണെന്ന് ഞാൻ വിശ്വസിക്കുന്നു.

വിജയിച്ചാൽ ഫോമായുടെ ചരിത്രത്തിൽ താങ്കളുടെ ടീം എങ്ങനെ ഓർമ്മിക്കപ്പെടണം എന്നാണ് ആഗ്രഹിക്കുന്നത്?

'ടീം വോയ്‌സ് ഓഫ് ഫോമാ' മുന്നോട്ട് വെച്ച മാനിഫെസ്റ്റോ സമയബന്ധിതമായി പൂർത്തീകരിച്ച ഒരു ടീം എന്ന് കേൾക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എല്ലാവരെയും കൂട്ടിയോജിപ്പിക്കുകയും ജനമനസ്സുകളിൽ സ്ഥാനം പിടിക്കുകയും എല്ലാവരുടെയും ആശയങ്ങൾക്ക് അവസരം നൽകിയതുമായ ഒരു ടീമായി ചരിത്രത്തിൽ ഓർമ്മിക്കപ്പെടണം എന്നാണ് ആഗ്രഹം. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയാണ് എന്റെ ഈ സംഘടനാ ജീവിതത്തിന്റെ വിജയം. കഴിഞ്ഞ കാലങ്ങളിലെ നല്ല പ്രവർത്തനങ്ങൾ തുടരുന്നതിനൊപ്പം പുതിയ പദ്ധതികളിലൂടെ ഫോമായ്ക്ക് മികച്ചൊരു മുഖം നൽകാൻ ഞങ്ങൾ ശ്രമിക്കും.

അമേരിക്കൻ മലയാളി സമൂഹത്തോട് അവസാനമായി എന്താണ് അഭ്യർത്ഥിക്കാനുള്ളത്?

'ടീം വോയ്‌സ് ഓഫ് ഫോമാ' എന്ന പേരിൽ ഈ വരുന്ന ഫോമാ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഞാൻ മത്സരിക്കുന്ന വിവരം ഏവരും അറിഞ്ഞുകാണുമല്ലോ. ഇത് എന്റെ ഒരു അഭ്യർത്ഥനയായി കരുതി നിങ്ങളുടെ വിലയേറിയ വോട്ട് നൽകി ഞങ്ങളെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഫോമായുടെ പ്രവർത്തനങ്ങൾ സത്യസന്ധമായും സുതാര്യമായും സാമൂഹിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഉത്തരവാദിത്തത്തോടെ എല്ലാവർക്കും സ്വീകാര്യമായ തരത്തിൽ നവീകരിച്ച് നടപ്പിലാക്കാൻ ഞങ്ങൾക്ക് കഴിയും. അതിന് ഞങ്ങളെ പ്രാപ്തരാക്കുന്നത് ഞങ്ങളുടെ പ്രവർത്തന പരിചയമാണ്.

എന്നെ കൂടാതെ ജനറൽ സെക്രട്ടറിയായി മത്സരിക്കുന്ന പോൾ പി ജോസ്  ഫോമായുടെ നിലവിലുള്ള ജോയിന്റ് സെക്രട്ടറിയും ഫോമായുടെ  മെട്രോ റീജിയൻ മുൻ ആർ.വി.പിയും കേരള സമാജം ഓഫ് ന്യൂയോർക്കിന്റെ അമ്പതാമത് പ്രസിഡന്റുമായിരുന്നു. സുവർണ്ണ ജൂബിലി ആഘോഷം അടക്കമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കിയിട്ടുള്ളതാണ്.
ട്രഷററായി മത്സരിക്കുന്നത് ഫോമായുടെ ആദ്യകാലം മുതലുള്ള പ്രവർത്തകനും പിന്നീട് നാഷണൽ കമ്മിറ്റി മെമ്പർ, എമ്പയർ റീജിയൻ ആർ.വി.പി, വൈസ് പ്രസിഡന്റ്, ഹെൽപ്പിംഗ് ഹാൻഡ് കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ച പ്രദീപ് നായരാണ്. വൈസ് പ്രസിഡന്റായി ഡാളസ് മലയാളി അസോസിയേഷൻ പ്രസിഡന്റും ഫോമാ മുൻ നാഷണൽ കമ്മിറ്റി അംഗവും  ലാംഗ്വേജ് ആൻഡ് എജ്യൂക്കേഷൻ കമ്മിറ്റി ചെയർമാനുമായ സാമുവേൽ മത്തായിയും, ജോയിന്റ് സെക്രട്ടറിയായി കമ്മ്യൂണിറ്റി ഡോക്ടർ അവാർഡ് ജേതാവും വിമൻസ് ഫോറം ഭാരവാഹിയുമായ ഡോ. മഞ്ജു പിള്ളയും മത്സരിക്കുന്നു. ഒരു ഡോക്ടർ ഭരണസമിതിയിലേക്ക് കടന്നുവരുന്നത് ഫോമായുടെ ചരിത്രത്തിൽ ആദ്യമാണ്.  ജോയിന്റ് ട്രഷററായി മത്സരിക്കുന്നത് നാഷണൽ കമ്മിറ്റി മെമ്പറായും ആർ.വി.പിയായും ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ച ജോൺസൺ കണ്ണൂക്കാടനാണ്. അദ്ദേഹത്തിന്റെ പ്രസിഡൻസിയിൽ ആരംഭിച്ച ഭവന നിർമ്മാണ പദ്ധതി ഇന്ന് 31 വീടുകളിൽ എത്തിനിൽക്കുന്നു.

ഈ ആറംഗ ടീമിന്റെ പ്രവർത്തന പരിചയവും ബന്ധങ്ങളും ഫോമായുടെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ കരുത്താകും. ഗ്രൂപ്പുകൾക്കതീതമായി നമുക്ക് ഒന്നിച്ച് അമേരിക്കൻ മലയാളികളുടെയും നമ്മുടെ മാതൃരാജ്യത്തിലെ സുഹൃത്തുക്കളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാം. ഞങ്ങളുടെ പാനലിന് നിങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകി വിജയിപ്പിക്കണമെന്ന് ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു. നന്ദി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക