
ദമ്മാം: 2025-2026 അധ്യയന വര്‍ഷത്തില്‍ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയെഴുതിയ മിഡില്‍ ഈസ്റ്റ് മേഖലയിലെ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളെ ബാധിച്ച അതീവ ഗൗരവമുള്ള വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് നവയുഗം നിവേദനം നല്‍കി.
ഇറാന്‍-അമേരിക്ക യുദ്ധത്തിന്റെ അടിയന്തര സാഹചര്യങ്ങളെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റ് മേഖലയിലെ സ്‌ക്കൂളുകളില്‍ നടത്തേണ്ടിയിരുന്ന ചില സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. ആ പരീക്ഷകള്‍ക്ക് പകരം സ്‌കൂളില്‍ മുന്‍കാലങ്ങളില്‍ നടന്ന പീരിയോഡിക്ക് പരീക്ഷകളുടെയും സ്‌കൂള്‍ ഇന്റേണല്‍ അസസ്മെന്റുകളുടെയും മാര്‍ക്കുകള്‍ അന്തിമ മൂല്യനിര്‍ണയത്തിനായി പരിഗണിക്കപ്പെട്ടു.
ഇത്തരത്തിലുള്ള നടപടികള്‍ അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കപ്പെട്ടതായിരിക്കാമെങ്കിലും, അതിന്റെ അനിഷ്ടഫലമായി നിരവധി അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ പ്രതികൂലമായി ബാധിക്കപ്പെട്ടിരിക്കുകയാണ്.
സിബിഎസ്ഇ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ പ്രധാനമായും അന്തിമ ബോര്‍ഡ് പരീക്ഷകളെ കേന്ദ്രീകരിച്ചാണ് തയ്യാറെടുപ്പുകള്‍ നടത്തുന്നത് എന്നത് പൊതുവെ അംഗീകരിക്കപ്പെട്ട കാര്യമാണ്. കാരണം, ഉയര്‍ന്ന വിദ്യാഭ്യാസ പ്രവേശനത്തിനും ഭാവി തൊഴില്‍ സാധ്യതകള്‍ക്കും നിര്‍ണായകമായത് ഈ പരീക്ഷകളാണ്. അതേസമയം, ഇന്റേണല്‍ അസസ്മെന്റുകളും, പീരിയോഡിക് പരീക്ഷകളും സാധാരണയായി പരിശീലന ഘട്ടങ്ങളായി മാത്രം കണക്കാക്കപ്പെടുന്നതുകൊണ്ട്, അവ വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ കഴിവിനെയോ അന്തിമ പ്രകടന സാധ്യതകളെയോ കൃത്യമായി പ്രതിഫലിപ്പിക്കണമെന്നില്ല.
ഇതിന്റെ ഫലമായി, അന്തിമ ബോര്‍ഡ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് പ്രതീക്ഷിച്ചിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ അവരുടെ സാധാരണ അക്കാദമിക് നിലവാരത്തേക്കാള്‍ വളരെ കുറഞ്ഞ മാര്‍ക്കുകള്‍ നേടിയിരിക്കുകയാണ്.
കൂടാതെ, അടുത്തിടെ നടപ്പിലാക്കിയ ഓണ്‍സ്‌ക്രീന്‍ മൂല്യനിര്‍ണയ സംവിധാനം പല കേസുകളിലും പ്രതീക്ഷിക്കാത്ത വിധം കുറഞ്ഞ മാര്‍ക്കുകള്‍ക്ക് കാരണമായിരിക്കാമെന്ന ആശങ്ക വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഉയര്‍ത്തുന്നുണ്ട്.
ഈ അസാധാരണ സാഹചര്യങ്ങള്‍ മൂലം ഒന്ന് അല്ലെങ്കില്‍ അതിലധികം വിഷയങ്ങളില്‍ പരാജയപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുക, മികച്ച അക്കാദമിക് നിലവാരമുള്ള വിദ്യാര്‍ത്ഥികളുടെ മാര്‍ക്കില്‍ വലിയ ഇടിവുണ്ടാകുക എന്നീ പ്രതിസന്ധികള്‍ ഗള്‍ഫ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലത്തില്‍ കാണുന്നു.
ഇത് മൂലം ഇന്ത്യയിലെയും വിദേശത്തെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതും, സ്‌കോളര്‍ഷിപ്പുകള്‍, മെറിറ്റ് അടിസ്ഥാനത്തിലുള്ള അവസരങ്ങള്‍, പ്രൊഫഷണല്‍ കോഴ്‌സുകളിലെ യോഗ്യതകള്‍ എന്നിവ നഷ്ടപ്പെടാനുള്ള സാധ്യതയും ഉണ്ടായതിനാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ചുള്ള കടുത്ത മാനസിക സമ്മര്‍ദ്ദവും, അനിശ്ചിതത്വവും മൂലം വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കും ഗുരുതരമായ വിദ്യാഭ്യാസ-മാനസിക പ്രതിസന്ധികള്‍ ഇപ്പോഴുണ്ട്.
മുകളില്‍ പറഞ്ഞ സാഹചര്യങ്ങള്‍ പരിഗണിച്ച്, ഇന്ത്യന്‍ സര്‍ക്കാരും, CBSE അധികാരികളും ഈ വിഷയം അടിയന്തരമായി പരിഹരിയ്ക്കാന്‍ താഴെപറയുന്ന ആശ്വാസ നടപടികള്‍ സ്വീകരിയ്ക്കണമെന്ന് നവയുഗം സാംസ്‌ക്കാരിക വേദി ആവശ്യപ്പെടുന്നു.
1. പരീക്ഷാ കാലയളവിലെ അസാധാരണ സാഹചര്യങ്ങള്‍ മൂലം ബാധിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി അനുയോജ്യമായ ഗ്രേസ് മാര്‍ക്ക് അല്ലെങ്കില്‍ പ്രത്യേക പാസിംഗ് സഹായം അനുവദിക്കുക.
2. DASA-CIWG പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യതാ മാര്‍ക്ക് നിലവിലെ 75%ല്‍ നിന്ന് 60% ആയി താല്‍ക്കാലികമായി കുറയ്ക്കുക. മുന്‍ വര്‍ഷങ്ങളില്‍ നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങള്‍ പരിഗണിച്ചുകൊണ്ടായിരിക്കണം ഇത്.
3. ഒരു അക്കാദമിക് വര്‍ഷം നഷ്ടപ്പെടാതെ, ഒന്നിലധികം വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും വേഗത്തില്‍ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാനുള്ള അനുമതി നല്‍കുക.
4. മിഡില്‍ ഈസ്റ്റിലെ ബാധിത പരീക്ഷാ കേന്ദ്രങ്ങള്‍ക്കായി ന്യായമായ പ്രത്യേക റിവ്യൂ അല്ലെങ്കില്‍ മോഡറേഷന്‍ സംവിധാനം നടപ്പിലാക്കുക.
തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങള്‍ മൂലം അക്കാദമിക് ഭാവി ബാധിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസമാകുന്ന വിധത്തില്‍ ഈ നടപടികള്‍ സ്വീകരിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി നിവേദനത്തില്‍ ആവശ്യപ്പെട്ടു..