
1973-ൽ കൃഷ്ണൻ നായർ സംവിധാനം ചെയ്ത രക്തരക്ഷസ് എന്ന ഹൊറർ നാടകം തലമുറകളോളം പ്രേക്ഷകരെ ഭയപ്പെടുത്തുന്നത് എന്തുകൊണ്ടു്? ചോദ്യത്തിന് ഉത്തരം നൽകാൻ, ഒരാൾ അത് അനുഭവിക്കണം.
ആദ്യമായി കലാനിലയത്തിന്റെ ഹൊറർ–ഫാന്റസി നാടകമായ രക്തരക്ഷസ് കാണുന്നത് 1980-കളിലാണ്. തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയിലുള്ള ആറ്റിങ്ങൽ എന്ന ടൗണിൽ KSRTC ബസ് സ്റ്റാൻഡിനു പിറകിലായിരുന്നു വേദി. വെറും 12 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന എന്നെ ഒരു ബന്ധു ടിക്കറ്റ് എടുത്തു വേദിയിലേക്ക് തള്ളിവിട്ടിട്ട് മുങ്ങി. അയാളോട് എന്റെ കൂടെയിരിക്കാനായിരുന്നു വീട്ടിൽനിന്നുള്ള നിർദേശം. പക്ഷെ അയാൾ ഈ നാടകം ഒരിക്കൽ കണ്ടതാണെന്നും, വീണ്ടും കാണാൻ ധൈര്യമില്ലെന്നും, നാടകം കഴിയുമ്പോൾ കൂട്ടികൊണ്ടു പോകാൻ വരാമെന്നും പറഞ്ഞു ഒഴിവായി. മൂന്നു മണിക്കൂർ ഭയന്ന് വിറച്ചു ഞാൻ തള്ളിനീക്കി. വീട്ടിലെത്തി കിടക്കുമ്പോൾ അതാ യക്ഷി ജനാലക്കു പുറത്തു്. ജനാല അടച്ചു. വീണ്ടും യക്ഷി. ഒന്നുരണ്ടു ദിവസം അങ്ങനെ എന്റെ ഉറക്കം നശിച്ചു.

തലമുറകളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ നാടകം അടുത്തിടെ കോട്ടയത്തെ നാഗമ്പടം ഗ്രൗണ്ടിൽ അരങ്ങേറിയപ്പോൾ വീണ്ടും കാണുകയുണ്ടായി. 1952-ൽ കൃഷ്ണൻ നായർ സ്ഥാപിച്ച കലാനിലയം എന്ന നാടക സംഘം, ദൃശ്യകലയുടെയും സാങ്കേതിക നവീകരണത്തിന്റെയും സവിശേഷമായ സംയോജനത്തിലൂടെ ഇന്ത്യയിലെ വാണിജ്യ നാടകങ്ങളെ മാറ്റി മറിക്കയുണ്ടായി. നിമിഷങ്ങൾക്കുള്ളിൽ ദൃശ്യങ്ങളെ മാറ്റാൻ കഴിയുന്ന കൂറ്റൻ സെറ്റുകൾ, കാതടപ്പിക്കുന്ന ഇടി, മിന്നൽ, എന്നിവയെ തുടർന്ന് കനത്ത മഴ, വേദിയിൽ വിമാനത്തിന്റെ ലാൻഡിംഗ്, കാറുകളുടെ ചീറിപ്പായൽ എന്നിവ കലാനിലയത്തിന്റെ സവിശേഷതകളായിരുന്നു. ഗുരുവായൂരപ്പൻ, കായംകുളം കൊച്ചുണ്ണി, നാരദൻ കേരളത്തിൽ, കടമറ്റത്ത് കത്തനാർ തുടങ്ങിയ ജനപ്രിയ നാടകങ്ങൾ നിർമ്മിച്ചതിന് പേരുകേട്ട ഈ സംഘം, ആ കാലഘട്ടത്തിലെ സിനിമയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ അഡ്വാൻസ്ഡ് ആയിരുന്നു. 1963-ൽ കൃഷ്ണൻ നായർ, അതുവരെയുള്ള നാടക സങ്കൽപ്പത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട്, തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഒരു സ്ഥിരം വേദി എന്ന നൂതനമായ ആശയം അവതരിപ്പിച്ചു. മാസങ്ങളോളം ഒരേ വേദിയിൽ തുടർച്ചയായി നാടകങ്ങൾ കാണുന്നതിന്റെ അത്ഭുതകരമായ അനുഭവം പ്രദാനം ചെയ്ത പുതിയ പരീക്ഷണത്തെ നാടകപ്രേമികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു.

1973-ൽ കൃഷ്ണൻ നായർ സംവിധാനം ചെയ്ത രക്തരക്ഷസ് എന്ന ഹൊറർ നാടകം തലമുറകളോളം പ്രേക്ഷകരെ ഭയപ്പെടുത്തുന്നത് എന്തുകൊണ്ടു്? ചോദ്യത്തിന് ഉത്തരം നൽകാൻ, ഒരാൾ അത് അനുഭവിക്കണം. കേരളത്തിലെ കോഴിക്കോട് ജില്ലയിൽ മാർച്ച് അവസാനവാരം അവതരിപ്പിക്കാൻ പോകുന്ന രണ്ടര മണിക്കൂർ ദൈർഘ്യമുള്ള "രക്തരക്ഷസ്: ചാപ്റ്റർ 1", കൃഷ്ണൻ നായരുടെ മകൻ അനന്തപദ്മനാഭൻ പുനരുജ്ജീവിപ്പിച്ച 7.1 ഡോൾബി ശബ്ദമുള്ള ഒരു നൂതന പതിപ്പാണ്.
പരമ്പരാഗത വൈദ്യനായ തന്റെ പിതാവിനൊപ്പം കാട്ടിൽ താമസിക്കുന്ന ലക്ഷ്മി എന്ന പെൺകുട്ടിയുടെ കഥയാണ് രക്തരക്ഷസ് വിവരിക്കുന്നത്. ലക്ഷ്മി തന്റെ രൂപഭാവത്തിൽ അതൃപ്തയായിരുന്നു, പിതാവിന്റെ കൈവശമുള്ള ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന കാട്ടുചെടികൾ ഉപയോഗിക്കുന്നത് തന്റെ സൗന്ദര്യം വർദ്ധിപ്പിക്കുമെന്ന് അവൾ വിശ്വസിച്ചു. നിർഭാഗ്യവശാൽ, സൗന്ദര്യത്തിനായുള്ള അവളുടെ ശ്രമം തിരിച്ചടിയായി, അതിന്റെ ഫലമായി അവൾ ഒരു രക്തരക്ഷസ് ആയി രൂപാന്തരപ്പെടുന്നു.

രക്തം ചാലിക്കുന്ന രംഗങ്ങൾ മാത്രം കാണുന്നത് വെല്ലുവിളി നിറഞ്ഞതാണ്, അതാണ് അതിന്റെ ജനപ്രീതിയുടെ മുഖമുദ്ര - കുട്ടികളായിരിക്കുമ്പോൾ നാടകം കണ്ടവർ ഇപ്പോഴും അത് കാണാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഒഴുകിയെത്തുന്നതിന്റെ കാരണം. ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പിന്തുണയോടെ പുനരുജ്ജീവിപ്പിച്ച പതിപ്പ് കൊടുങ്ങല്ലൂർ, എറണാകുളം, കൊല്ലം, കോട്ടയം എന്നിവിടങ്ങളിൽ ഇതിനകം അരങ്ങേറി മികച്ച പ്രതികരണമാണ് നേടിയത്.
പാലക്കാട് സ്വദേശിയായ ചാർട്ടേഡ് അക്കൗണ്ടന്റായ ജാൻകി വിനോദ് യക്ഷിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, ചിപ്പി തിലക് രക്തരക്ഷസിനു ജീവൻ നൽകുന്നു. 1970-കളിലെ ഒരു ഹൊറർ നാടകത്തെ പുനരുജ്ജീവിപ്പിക്കുന്നതിലും ഇന്നത്തെ ചെറുപ്പക്കാരെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിൽ അതിന്റെ സത്ത നിലനിർത്തുന്നതിലും താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് അനന്തപദ്മനാഭന് ഒരുപാടു പറയാനുണ്ട്.
കൃഷ്ണൻ നായരുടെ (1917-1980) മരണ ശേഷം, കലാനിലയം നാടക സംഘം പുനരാരംഭിക്കാൻ അനന്തപദ്മനാഭന് കുറച്ചു വർഷങ്ങൾ വേണ്ടിവന്നു. 2003-ൽ മലയാള സിനിമാനടൻ ജഗതി ശ്രീകുമാറിനൊപ്പം (അദ്ദേഹത്തിന്റെ പിതാവ് ജഗതി എൻ കെ ആചാരിയാണ് കലാനിലയത്തിലെ മിക്കവാറും എല്ലാ നാടകങ്ങളുടെയും തിരക്കഥ രചിച്ചതു്) കലാനിലയം നാടക ദർശനം ആരംഭിച്ചുകൊണ്ട് അദ്ദേഹം നാടകങ്ങളെ പുനരുജ്ജീവിപ്പിച്ചു. തുടക്കത്തിൽ രക്തരക്ഷസ് തുടർന്ന് കടമറ്റത്ത് കത്തനാർ, കായംകുളം കൊച്ചുണ്ണി, നാരദൻ കേരളത്തിൽ എന്നിവ അദ്ദേഹം അവതരിപ്പിച്ചു. പുതിയ തലമുറയുടെ ആവശ്യങ്ങൾക്കനുസൃതമായി സാങ്കേതികവിദ്യയുടെ വശങ്ങളിൽ നാടകങ്ങൾ വളരെ മികച്ചതാണെന്ന് തെളിഞ്ഞു. അതിശയിപ്പിക്കുന്ന രംഗങ്ങൾ, സംഗീത നൈപുണ്യം, നാടക മികവ് എന്നിവയാൽ നിറഞ്ഞ നാടകങ്ങളെ ആളുകൾ സ്വാഗതം ചെയ്തു. രക്തരക്ഷസ് തമിഴിൽ 'രാരാ രക്ഷസാരാത്രി' എന്ന പേരിൽ പുനർനിർമ്മിക്കുകയും 2009-ൽ കോയമ്പത്തൂരിലും ചെന്നൈയിലും അവതരിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ മറ്റു നഗരങ്ങളിലേക്ക് സ്റ്റേജ് വ്യാപിപ്പിക്കണമെന്നുണ്ടായിരുന്നു പക്ഷെ അതത്ര എളുപ്പമായിരുന്നില്ല. ഒന്നാമതായി ഭാഷ, പിന്നെ വലിയ സ്റ്റേജ് നിർമിക്കുന്നതിനുള്ള വസ്തുക്കളുടെ ദൗർലഭ്യം.

സിനിമയിൽ തിരക്കുണ്ടായിരുന്നിട്ടും ജഗതി ശ്രീകുമാർ 2012-ഇൽ അദ്ദേഹത്തിന് ഒരു വാഹന അപകടം സംഭവിക്കുന്നതുവരെ കലാനിലയവുമായി സഹകരിച്ചിരുന്നു. പിന്നെ അനന്തപദ്മനാഭൻ ഒറ്റക്കാവുകയായിരുന്നു. ഇതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ അമ്മയും നാടക നടിയുമായ കൊടുങ്ങല്ലൂർ അമ്മിണി അമ്മയുടെ (1927-2017) മരണം. തന്റെ അച്ഛൻ കൃഷ്ണൻ നായരുടെ കാലം മുതലേ അമ്മിണിയമ്മ ഒരു നല്ല പിന്തുണ നൽകിയിരുന്നു കലാനിലയത്തിന്റെ വളർച്ചയിൽ. അതുകൊണ്ട് അമ്മയുടെ മരണം അനന്തപദ്മനാഭന് സഹിക്കുന്നതിലും ഏറെ ആയിരുന്നു. ബുദ്ധിമുട്ടിയെങ്കിലും അദ്ദേഹം മുന്നോട്ടുപോയി. പല എക്സ്പിരിമെന്റൽ നാടകങ്ങൾ ചെയ്തു, ഡ്രാമ കോഴ്സുകൾ സംഘടിപ്പിച്ചു. അങ്ങനെ പലതും. 2020-ഇൽ ദേശീയ ലോക്ക്ഡൗൺ വരുമ്പോൾ, എല്ലാ കലാ പ്രവർത്തനങ്ങളും നിയന്ത്രിക്കപ്പെട്ടു. പഴയ രീതിയിൽനിന്ന് ഒരു മാറ്റം മൊത്തത്തിൽ കലാനിലയത്തിനു ആവശ്യമായിരുന്നു. വളരെ വേഗം പുരോഗമിക്കുന്ന ടെക്നോളജി അതിന്റെ ഉപയോഗം കലാ രംഗത്ത് വലിയ മാറ്റങ്ങളാണ് വരുത്തിയത്. ഒരു നല്ല സ്‌പോൺസർഷിപ് ഇല്ലാതെ മുന്നോട്ടുപോകാൻ കഴിയാതെവന്നു. ഒടുവിൽ 2023-ഇൽ കലാനിലയം നാടകവേദിയെ മൾട്ടി നാഷണൽ കമ്പനി ആയ ഏരീസ് ഗ്രൂപ്പ് ഏറ്റെടുത്തു.
ഏരീസ് കലാനിലയം ആർട്സ് ആൻഡ് തിയേറ്റർ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ട കലാനിലയം 2024 ഒക്ടോബറിൽ കൊടുങ്ങല്ലൂരിൽ 'രക്തരക്ഷസ് ചാപ്റ്റർ 1' അരങ്ങേറി. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. കൊല്ലം, എറണാകുളം, കോട്ടയം, തൃശൂർ എന്നീവിടങ്ങളിൽ വലിയ ആൾത്തിരക്കായിരുന്നു നാടകം കാണാൻ. പലപ്പോഴും 'ഹൗസ് ഫുൾ' ആവുകയുണ്ടായി. പല ഭാഗത്തു നിന്നും നാടകം കാണാൻ വന്നവർക്ക് ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടി വന്നു.

രക്തരക്ഷസ് എന്ന നാടകം പുനരാവിഷ്കരിക്കുമ്പോൾ, അനന്തപദ്മനാഭൻ ഒരു കാര്യം തീരുമാനിച്ചിരുന്നു. നാടകത്തിന്റെ സത്ത നഷ്ടപ്പെടരുത്. പല കോമഡി രംഗങ്ങൾ ഇന്നത്തെ കാലഘട്ടത്തിനു യോഗിക്കുന്നതല്ല അതുകൊണ്ടു അവ ഒഴിവാക്കി അതേസമയം നാടകത്തിന്റെ തനിമയെ ബാധിക്കുന്ന ഒന്നിലും അദ്ദേഹം കൈ വച്ചില്ല. 'സൽകലാദേവിതൻ ചിത്രഗോപുരങ്ങളേ' എന്ന ഗാനം അതിനു തെളിവാണ്. പാപ്പനംകോട് ലക്ഷ്മണൻ രചിച്ചു വി ദക്ഷിണാമൂർത്തി സംഗീതം നിവഹിച്ച ഈ ഗാനം കലാനിലയം നാടകങ്ങളുടെ ഒരു തുടക്ക ഗാനമായിരുന്നു. പ്രധാനമായും രണ്ടു കാര്യങ്ങളിലാണ് അനന്തപദ്മനാഭൻ ശ്രെദ്ധിച്ചത്: ചെറുപ്പക്കാർക്കും മുതിർന്നവർക്കും ഒരു പോലെ നാടകം ഇഷ്ടപ്പെടണം. ഒരുപാടു 3-ഡി കട്ട്ഔട്ട്കൾ ഉപയോഗിച്ച്, പിന്നെ സൗണ്ട് ഇന്നത്തെ ഏറ്റവും അഡ്വാൻസ്ഡ് ആയ 7.1 ഡോൾബി സിസ്റ്റം ആണ് ഉപയോഗിച്ചത്. ഇതിനൊക്കെ പുറമെ 10000 ചതുരശ്രയടിയുള്ള സ്റ്റേജ്, അതിൽ 700 പേർക്കിരിക്കാവുന്ന എയർ കണ്ടിഷൻഡ് സീറ്റിങ് ഫെസിലിറ്റി. പഴയ കാലത്തേ ഒരു സാങ്കല്പിക കഥ ഇന്ന് അവതരിപ്പിക്കുമ്പോൾ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ പലതും അങ്ങനെ പരിഹരിക്കാൻ കഴിഞ്ഞു. അതുകൊണ്ടാവാം , ഈ നാടകം കാണാൻ പല ഭാഗത്തുനിന്നും ഇപ്പോഴും ആളുകൾ തടിച്ചു കൂടുന്നത്.
രക്തരക്ഷസ് പോലുള്ള ഒരു നാടകത്തിന്റെ അവതരണം ഒരു സംവിധായകനെ സംബന്ധിച്ച് വെല്ലുവിളികൾ നിറഞ്ഞതാണു്. ഏതാണ്ട് 120 പേർ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഏകദേശം 70 പേർ അഭിനേതാക്കൾ ആണ്. യക്ഷിയായ് വേഷമിട്ട ജാൻകി ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് ആണ്. രാവിലെ ഓൺലൈനായി തന്റെ ആസ്‌സൈന്മെന്റ്സ് ചെയ്തു തീർക്കുന്ന തിരക്കിലാണ് ജാൻകി. ഉച്ചയോടെ വേദിയിലെത്തും പിന്നെ അവർ മറ്റൊരു ലോകത്താണ്. സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിശ്വാസമാണ് ജാൻകിയെ അഭിനയത്തിലേക്ക് കൊണ്ടുവന്നത്. സിനിമാ ജീവിതത്തിന്റെ ഗ്ലാമർ ഇല്ലാത്ത നാടകജീവിതം എന്തുകൊണ്ട് സ്വീകരിച്ചു എന്ന ചോദ്യത്തിന് മറുപടി ഉറച്ചതായിരുന്നു. രക്തരക്ഷസ് പോലുള്ള നാടകത്തിന്റെ സാധ്യത അനന്തമാണെന്നും, കാഴ്ചക്കാരുമായി നേരിട്ടുള്ള ഒരു ഇടപെടലിന് അത് വഴിതെളിക്കുന്നു എന്നുള്ളതുമാണ്. താൻ സിനിമയേക്കാൾ നാടകം ഇഷ്ടപ്പെടുന്നു. പ്രൊഫഷണൽ ജീവിതവും നാടക ജീവിതവും ഒന്നിച്ചു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ഈ പാലക്കാട്ടുകാരി.
നാടകം കഴിഞ്ഞു പുറത്തിറങ്ങി അനന്തപദ്മനാഭനോടും ജാൻകിയോടും സംസാരിച്ചിരിക്കവേ പലരും ഇവരെ കാത്തു പുറത്തു നിൽക്കുന്നുണ്ട്. അതിൽ വിദേശത്തു നിന്ന് ലീവിന് വന്നവരുണ്ട്, രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിൻ നിന്ന് വന്നവരുണ്ട്, കൂടാതെ കേരളത്തിന്റെ പല ഭാഗത്തു നിന്നുള്ളവരും. ഇവർക്കൊക്കെ രക്തരക്ഷസുമായി ബന്ധപ്പെട്ടു അവരുടേതായ അനുഭവങ്ങൾ പങ്കുവെക്കാനുണ്ടു്. പലരും കുട്ടിക്കാലത്തു ഈ നാടകം കണ്ടവരാണ്. ചിലർ ഒന്നിലധികം തവണ പല വേദികളിൽ. ഏതാണ്ട് 53 വര്ഷം കഴിഞ്ഞിരിക്കുന്നു, എങ്കിലും എന്തുകൊണ്ട് ഈ നാടകം ഇന്നും നമ്മെ ഭയപ്പെടുത്തികൊണ്ടിരിക്കുന്നു. ഈ ഭയത്തിന്റെ രഹസ്യമെന്താണ്? ജാൻകി ചിരിക്കുന്നു, അന്തപദ്മനാഭനും. അടുത്ത ഷോ തുടങ്ങാറായി.