Image

ക്ലിഫ്ഹൗസ് എനിക്ക് തരൂ പ്ലീസ് (രാഷ്ട്രീയ ഹാസ്യ വിമർശനം: സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 08 May, 2026
ക്ലിഫ്ഹൗസ് എനിക്ക് തരൂ പ്ലീസ് (രാഷ്ട്രീയ ഹാസ്യ വിമർശനം: സുനിൽ വല്ലാത്തറ ഫ്ലോറിഡ)

കമ്യുണിസ്റ്റ് കോട്ടയായ കണ്ണൂരിൽ ജനിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷേദ്യനായ ദേശീയ നേതാവ് കെ സി വേണുഗോപാൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത് മറ്റൊരു കമ്യുണിസ്റ്റ് ഉരുക്കു കോട്ടയായ ആലപ്പുഴയിൽ ആണ്‌

തൊണ്ണൂറ്റി ആറിലെ തെരഞ്ഞെടുപ്പിൽ തികച്ചും അപരിചിതമായ ആലപ്പുഴയിലേയ്ക്കു ജന്മദേശമായ കണ്ണൂരിലെ പയ്യന്നൂരിൽ നിന്നും ഒരു പായ് വഞ്ചി തുഴഞ്ഞു ആലപ്പുഴ കടപ്പുറത്തു വന്ന കെ സി വളരെ കഷ്ടപ്പെട്ട് ഇലക്ഷൻ പ്രചരണവും രാഷ്ട്രീയ അഭ്യാസവും പയറ്റി ആണ്‌ കരുത്തനായ എതിർ സ്‌ഥാനാർഥി സി പി ഐ ലെ പി എസ് സോമശേഖരനെ അറബികടലിലേയ്ക്കു തൂക്കി എറിഞ്ഞു ആദ്യമായി കേരള നിയമസഭയ്ക്കുള്ളിൽ പൊട്ടിച്ചിരിച്ചുകൊണ്ട് കയറി ചെന്നത്

വീണ്ടും രണ്ടായിരത്തി ഒന്നിലും രണ്ടായിരത്തി അറിലും കെ സി ആലപ്പുഴയിൽ അങ്കം വെട്ടി വെന്നിക്കൊടി പാറിച്ചെങ്കിലും കെ സി യുടെ രാഷ്ട്രീയ ജാതകത്തിലെ ശുക്രൻ തെളിഞ്ഞത് രണ്ടായിരത്തി ഒൻപതിലെ ലോക്സഭ തെരഞ്ഞെടുപ്പോട് കൂടി ആണ്‌

രണ്ടായിരത്തി നാലിൽ കോൺഗ്രസിന്റെ ഏറ്റവും സമൂന്നതരായ നേതാക്കളിൽ ഒരാളായ വി എം സുധീരനെ ഇരുപത്തി രണ്ടു വർഷമായി വീട്ടിലിരുത്തിയ സി പി എം സ്വതന്ത്രൻ ഡോക്ടർ കെ എസ് മനോജിനെ കരകവിഞ്ഞൊഴുകിയ കവനാറ്റിൻകര കായലിലേയ്ക്കു കറക്കി എറിഞ്ഞു വിടർന്ന കണ്ണുകൾ ഉള്ള വെളുത്തു ചുവന്ന സുമുഖനായ കെ സി അങ്ങനെ ഇന്ത്യൻ പാർലമെന്റിലും സ്‌ഥാനം പിടിച്ചു

പിന്നെ കണ്ടത് ദേശീയ രാഷ്ട്രീയത്തിൽ കെ സി യുടെ തേരോട്ടം ആയിരുന്നു. രണ്ടായിരത്തി നാലിലെ ഉമ്മൻചാണ്ടി ഗവണ്മെന്റിൽ മൂന്നാം ഗ്രൂപ്പ്‌ പ്രതിനിധിയായി ഗ്രൂപ്പ്‌ നേതാവ് രമേശ്‌ ചെന്നിത്തലയുടെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങി സത്യപ്രതിജ്ഞ ചെയ്ത കെ സി രണ്ടാം മൻമോഹൻ സിംഗ് ഗവണ്മെന്റിൽ രണ്ടായിരത്തി പതിനൊന്നിൽ ആരുടെയും കാലിൽ തൊടാതെ സഹമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തു കേരളത്തിൽ മടങ്ങി എത്തിയത് ഒരു യോദ്ധാവിന്റെ പരിവേഷത്തോടെ ആയിരുന്നു

ഡൽഹിയാണ് തന്റെ രാഷ്ട്രീയ കളരിക്ക് പറ്റിയ ആസ്‌ഥാനം എന്ന് മനസ്സിലാക്കിയ കെ സി വീണ്ടും രണ്ടായിരത്തി പതിനാലിൽ ആലപ്പുഴയിൽ അങ്കം കുറിച്ചു വളരെ ഈസിയായി ജയിച്ചു ഡൽഹിക്ക് പറന്നെങ്കിലും മോദി തരംഗത്തിൽ യൂ പി എ ഗോവെര്മെന്റ് ന് തുടർ ഭരണം കിട്ടാതായതോടെ കെ സി യുടെ കേന്ദ്രത്തിലെ ക്യാബിനറ്റ് മന്ത്രി മോഹത്തിന് മങ്ങൽ ഏറ്റു

പക്ഷേ വിട്ടു കൊടുക്കുവാൻ തീയിൽ കുരുത്ത കെ സി തയ്യാറായില്ല. ആലപ്പുഴ ഹാർബറിലെ ഏറ്റവും ഫ്രഷ് ആയ കൊഞ്ചും ചെമ്മീനും വറത്തും പൊരിച്ചും കരിമീൻ മപ്പാസ് ആക്കിയും ആലപ്പുഴയിൽ നിന്നും ഡൽഹിയ്ക്കു പോകുമ്പോൾ എല്ലാം മീൻ കൊതിയൻ ആയ രാഹുൽജിയ്ക്കു എരിവ് കുറച്ചു കൊണ്ടുപോയി കൊടുത്തു കെ സി രാഹുൽജിയുടെ സീഫൂഡ് സ്വപ്നങ്ങളിലെ നായകൻ ആയി

രണ്ടായിരത്തി പതിനേഴിൽ    അതിന്റെ പ്രതിഫലം രാഹുൽജി കെ സി ക്കു കൊടുത്തത് എ ഐ സി സി ജനറൽ സെക്രട്ടറി ആക്കിക്കൊണ്ടായിരുന്നു

പക്ഷേ ഒന്നുകിൽ കേന്ദ്രത്തിൽ ക്യാബിനറ്റ് റാങ്കോട് ആഭ്യന്തിര മന്ത്രി മന്ത്രിസഭയിലെ രണ്ടാമൻ അതല്ലങ്കിൽ കേരളത്തിൽ കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ഈ സ്വപ്നവും ആയി ഡൽഹിയിലെ ഫൈവ്സ്റ്റാർ പൊളിറ്റിക്സിന്റെ മുഴുവൻ ചൂതാട്ടവും തന്റെ ഡൽഹി വാസത്തിൽ മനപ്പാടം ആക്കിയ കെ സി ആലപ്പുഴയിൽ മുഴുത്ത തിരുത കിട്ടാഞ്ഞിട്ട് കൊച്ചിയിൽ മട്ടാഞ്ചേരി ഹാർബറിൽ പോയി വലിയ തിരുത വാങ്ങി മാങ്ങയും തേങ്ങാപ്പാലും ചേർത്ത് ഫിഷ് മസാല ആക്കി രാഹുൽജിക് കൂടാതെ കുറച്ചു സോണിയാജിക്കും കൊണ്ടുപോയി കൊടുത്തു

പിറ്റേ ദിവസം തന്നെ അതിന് റിസൾട്ട്‌ ഉണ്ടായി എ ഐ സി സി യുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ആയി കെ സി നിയമിതൻ ആയി

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഹൈക്കമാൻഡ് ആയി മാറിയ വേണുജി കരുത്തനായ മോദിജി ഉള്ള കാലത്തോളം കേന്ദ്രത്തിൽ കോൺഗ്രസ്‌ അധികാരത്തിൽ വരില്ലെന്ന് മനസ്സിലാക്കിയതോടെ പിന്നീട് കേരളത്തിൽ കരുക്കൾ നീക്കി തുടങ്ങി

അതിന്റെ ആദ്യ പടി ആയി രണ്ടായിരത്തി ഇരുപത്തി ഒന്നിലെ നിയമസഭ തെരഞ്ഞെടുപ്പിൽ യൂ ഡി എഫ് പരാജയപ്പെട്ടപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന രമേശ്‌ ജിക് ഒരു അവസരം കൂടി നൽകണമെന്ന് രമേശ്‌ജിയും ഒപ്പം ഉമ്മൻചാണ്ടിയും പതിനെട്ടു അടവും പയറ്റിയതാണ് പക്ഷേ അഞ്ചു വർഷം മുൻപിൽ കണ്ട വേണുജി താരതമ്യേന വലിയ നേതാവല്ലാത്ത ഒരു എം എൽ എ മാത്രം ആയ വി ഡി സതീശൻജിക് വേണ്ടി നില കൊണ്ടു

പത്തു വർഷം തുടർച്ചയായി ഭരിക്കുന്ന പിണറായിക്കു ജനവികാരം എതിരാകുമെന്നും യൂ ഡി എഫ് ജയിക്കുമ്പോൾ ഹൈക്കമാൻഡ് ആയ തനിക്കു ഡൽഹിയിൽ നിന്നും ചാർട്ടർ ചെയ്ത വിമാനത്തിൽ പറന്നിറങ്ങി മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തു നേരെ ക്ലിഫ്ഹൗസിലെ സ്വിമ്മിംഗ് പൂളിൽ ഒന്ന് നീന്തി കുളിക്കാമെന്നും ധരിച്ചിരുന്ന വേണുജിയെ ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ അഞ്ചു വർഷം കൊണ്ടു സതീശൻജി മറ്റൊരു വി എസ് അച്ചൂതാനന്ദൻ ആയി മാറിയിരിക്കുന്നത്

യൂ ഡി എഫ് നൂറു സീറ്റ് നേടി അധികാരം കിട്ടിയില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന് കഴിഞ്ഞ ഒരു വർഷമായി ഉച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്ന സതീശൻജി യുടെ വാക്കാണ് ഇത്രയും വലിയ വിജയം കോൺഗ്രസിനു സമ്മാനിച്ചതെങ്കിൽ ഇനി വേണുജി എങ്ങാനും മുഖ്യമന്ത്രി ആയാൽ സതീശൻജി വനവാസത്തിനു പോകേണ്ടി വരുമോ

 

Join WhatsApp News
Jayan varghese 2026-05-09 02:25:20
ആശാരിയും അമ്മാവനും കുടി പണി കഴിഞ്ഞു വീട്ടിലേയ്ക്കുള്ള യാത്രയിൽ കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു വഴിയിൽ ഒരു കാട്ടുപന്നി അനക്കമില്ലാതെ കിടക്കുന്നു. പന്നിയെ ആരെടുക്കും എന്ന് തർക്കമായി. ഒടുവിൽ ഭാഗിച്ചെടുക്കാം എന്ന് തീരുമാനമായി. ആശാരി തന്റെ മുഴക്കോലെടുത്തു പന്നിയുടെ പുറത്തു വച്ച് വീതുളി കൊണ്ട് “ ഇതമ്മാവന് ” എന്നും പറഞ്ഞ് ഒറ്റ വര. ഉറങ്ങിക്കിടക്കുകയായിരുന്ന പന്നി ചാടിയെണീറ്റ് വക്രയിട്ട് ആശാരിയെയും അമ്മാവനെയും നടുക്കി കാട്ടിലേക്ക് മറഞ്ഞു കളഞ്ഞു. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക