Image

ചിന്താമൃത്യു; ഒരു അനുതാപം (ടി.എൻ. സാമുവൽ)

Published on 07 May, 2026
ചിന്താമൃത്യു; ഒരു അനുതാപം (ടി.എൻ. സാമുവൽ)

വിശ്വവിജ്ഞാനം വിരൽ തുമ്പിലാക്കിയ 
വിജ്ഞരാം ധന്യരെ നിങ്ങൾക്കഭിവാദ്യം 
അറിവിൻറെ വാതിൽ തുറന്നില്ല   ഞങ്ങളെ-
ന്നനുതാപ ഹൃദയത്തോടറിയിക്കട്ടെ!

ഭൂതകാലത്തിൻറെ ബാക്കിപത്രങ്ങളിൽ 
ഭാഗ്യമനേഷിക്കും പാന്ഥർ ഞങ്ങൾ 
ജീവിതാനന്തര ജീവിതംപോലുള്ള 
ജീർണ്ണിച്ച ഭാണ്ഡവും തോളിലേറി!

സ്വർഗ്ഗരാജ്യത്തിൻറെ സ്വപ്ന ലഹരിയിൽ 
സ്വേച്ഛാധിപതികളെ വാഴ്ത്തിപ്പാടും 
അന്ധമായ്  കുമ്പിട്ടങ്ങാരാധിച്ചു ഞങ്ങൾ 
അടിമത്ത ഗർത്തത്തിൽ വീണുപോയി!

വിശ്വാസമാചാരം മന്ത്രങ്ങൾ സിദ്ധികൾ 
വിപണിയിലെന്നുമുണ്ടായിരുന്നു 
വികലമാം വാദങ്ങളൂരുവിട്ടു ഞങ്ങളോ 
വിമതരെ സൃഷ്ടിച്ചുകൊണ്ടിരുന്നു!


അടിമത്ത ചങ്ങല പൊട്ടിച്ചാരെങ്കിലും 
അടിപണിയാനായി നോക്കുന്ന നേരവും 
അറിയാതെ പോലുമാ സ്വാതന്ത്ര്യബോധത്തെ 
അനുകൂലമാക്കുവാനായില്ല ഞങ്ങൾക്ക്!

പാടാൻ ഞങ്ങൾക്കുണ്ട് വെളിപാടിൻ സൂക്തങ്ങൾ 
ആടുവാനുണ്ടല്ലോ അനുയോജ്യവേഷങ്ങൾ 
വിജ്ഞാനലബ്‌ധിക്കനുസൃതമായൊരു 
വിശ്വാസ പദ്ധതിയില്ല പക്ഷെ!

ചിന്തിച്ചുക്കൂട്ടുവാനായില്ല  ഞങ്ങൾക്ക് 
ചിത്തം കടത്തിലാണെന്നതുമോർക്കണം 
മിത്തുകൾ കൊണ്ടു നിറയുന്ന ചിന്തകൾ 
മൃത്യുവിന്നെയറിയാതെ വരിച്ചുപോയി!

                              ----0----

Join WhatsApp News
thomaskalathoor 2026-05-12 02:25:02
Good poem Mr.T.N.Samuel. You really expressing the real problem of "thinking people" , they can't find the truth, and Love in the religious humanity. They are wandering like they lost something...... You expressed thatin your poem.
G. Puthenkurish 2026-05-12 04:14:57
വായന എന്നത് നമ്മുടെ അജ്ഞതയുടെ പൂട്ടുകൾ തുറന്ന് നമ്മെ വിമുക്തരാക്കാനാണ് ഉദ്ദേശിച്ചത്. എന്നാൽ ദുഃഖകരമായി, ഇന്നും അനേകം പേർ പഴങ്കഥയായ ആചാരങ്ങളിലും പാരമ്പര്യമായി ലഭിച്ച ചട്ടങ്ങളിലും ബന്ധിക്കപ്പെട്ട നിലയിലാണ്. കവിക്ക് സംശയമുണ്ട് — ആളുകൾ ഇന്നും അവരുടെ ഭാഗ്യം കഴിഞ്ഞ കാലത്ത് അന്വേഷിക്കുകയാണോ, മരണാനന്തരജീവിതത്തിലും സ്വർഗ്ഗത്തിലും ഉള്ള പ്രത്യാശയെ ആശ്രയിച്ച് ഇപ്പോഴത്തെ ജീവിതത്തെ ന്യായീകരിക്കുകയാണോ. ഏകാധിപതികളെ പ്രശംസിക്കാനും അവരുടെ മുന്നിൽ തലകുനിക്കാനും ആളുകൾക്ക് യാതൊരു ലജ്ജയും ഇല്ലാത്തതുപോലെ തോന്നുന്നു. അടിച്ചമർത്തുന്നവരെ ആരാധിക്കുന്നതിലൂടെ, അടിമത്തത്തിന്റെ ചങ്ങലകൾ സ്വമേധയാ ഏറ്റെടുത്തിരിക്കുകയാണ് മനുഷ്യർ — കവിയുടെ കാഴ്ചപ്പാട് അതാണ്. സ്വതന്ത്രചിന്തയുടെ മരണം എല്ലായിടത്തും വ്യക്തമാണ്. രാഷ്ട്രീയം, മതം — ഇവ രണ്ടും ഈ തീയിൽ ഇന്ധനം ചേർക്കുകയാണ്. ആഴത്തിൽ ചിന്തിപ്പിക്കുന്ന ഒരു കവിത. Congratulations TN
Raju Thomas 2026-05-12 22:37:57
സ്വതന്ത്രചിന്തകനായ കവിയുടെ പരിദേവനം ചിന്താർഹമാണ്. A step ahead of Shakespeare's Hamlet. "What a piece of work is a man! How noble in reason! How infinite in faculty! In form, in moving, how express and admirable! In action how like an angel! In apprehension how like a god! The beauty of the world The paragon of animals!" ['angel' and 'god' here to be taken figuratively] എന്നാൽ, ചിന്ത മരിച്ച മനുഷ്യരുടെ കാര്യമോ?. അവരുടെ ചിന്ത മരിച്ചുപോയി എന്ന് അവർ അറിയുന്നുമില്ല. അവർ ഒരുകാലത്തും മാറിച്ചിന്തിക്കാൻ പോകില്ല. .ഒരു ചോദ്യം: മനുഷ്യനാണ് ഏറ്റവും മഹത്തായ ജീവി എന്നതിനു കാരണം അവനു ദൈവവിശ്വാസമുണ്ട് എന്നതാണോ , അതോ അവന് ചിന്തിക്കാൻ സാധിക്കുന്നു എന്നതോ? ഞാൻ പറയും, രണ്ടാമത്തേതെന്ന്, നാം വെറുതെ പറയും, ഇന്നയാൾ ഉത്പതിഷ്ണുവാണ് എന്നൊക്കെ. സ്വയം ചിന്തിക്കാത്തൊരാൾ എങ്ങനെ പുരോഗമനേച്ഛുവാകും! . "I think, therefore I am"--ഡെക്കാർട്ട്, Rene Decartes. മനുഷ്യന് ചിന്തിക്കാൻ സാധിക്കുന്നു, ചിന്ത പല രീതികളിൽ സംവേദിപ്പിക്കാൻ സാധിക്കുന്നു. ചിന്താശേഷി മരിച്ചുപോയാലോ? അതാണിവിടെ പ്രതിപാദ്യം,.അത് കവി പരത്താതെ, പദ്യരൂപത്തിൽ (അതും കാവ്യഭാഷയിലും വൃത്തത്തിലും) കാര്യം നാം ശ്രദ്ധിച്ചുപോകുംവിധം പറഞ്ഞിരിക്കുന്നു. കവി സാമുവലിന് അഭിവാദ്യങ്ങൾ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക