
നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വന്‍ വിജയത്തിന് പിന്നാലെ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി കസേരയ്ക്കായി ചരടുവലികള്‍ നടത്തുമ്പോള്‍ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയ്ക്ക് ഫെയ്‌സ്ബുക്കിലൂടേയും മെയ്‌ലിലൂടേയും സന്ദേശ പ്രവാഹം. ‘പട നയിച്ചവന്‍ നാട് നയിക്കട്ടെ’ എന്ന മുദ്രാവാക്യങ്ങളോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയ പ്രചാരണം തുടങ്ങിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ പേജില്‍ കമന്റുകള്‍ പെരുകുകയാണ്.
കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രവര്‍ത്തകരേയും നേതാക്കളേയും അഭിനന്ദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിന് താഴെ സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് നിരവധിപേരാണ് കമന്റിട്ടിരിക്കുന്നത്. ഇംഗ്ലീഷിലാണ് കമന്റുകളേറെയും. രാജസ്ഥാനിലേയും മധ്യപ്രദേശിലെയുംപോലെ ചെയ്യരുതെന്നും പാര്‍ട്ടിപ്രവര്‍ത്തകരുടെയും പൊതുജനത്തിന്റെയും മനസ്സ് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നുമുള്ള ഓര്‍മ്മപ്പെടുത്തലും ചിലര്‍ നടത്തിയിട്ടുണ്ട്.