
അടുത്ത ജനുവരിയിൽ ഫ്ലോറിഡ ഗവർണർ സ്ഥാനം ഒഴിയുന്ന റോൺ ഡിസന്റിസ് (47) പ്രസിഡന്റ് സ്ഥാനത്തേക്ക് 2028ൽ മത്സരിക്കുമെന്നു സൂചനകൾ. അദ്ദേഹത്തെ ക്യാബിനറ്റിൽ എടുക്കാൻ പ്രസിഡന്റ് ട്രംപ് താല്പര്യം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഈ റിപ്പോർട്ടുകൾ വന്നത്.
മത്സരത്തിന് ഒരുങ്ങുന്നതിന്റെ ഭാഗമായി ഡിസന്റിസ് ഈയാഴ്ച്ച ബെവർലി ഹിൽസിൽ മിൽക്കൻ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ആഗോള സമ്മേളനത്തിലും മേയ് 19നു ന്യൂ യോർക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ വാർഷിക യോഗത്തിലും മുഖ്യ പ്രഭാഷണം നടത്തും.
പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമോ എന്നു തിങ്കളാഴ്ച്ച ചോദിച്ചപ്പോൾ ഡിസന്റിസ് പറഞ്ഞു: "എനിക്ക് ഈ പ്രായത്തിൽ 2028ലോ അതു കഴിഞ്ഞോ മത്സരിക്കാൻ ഏറെ ഇടമുണ്ടെന്നു തോന്നുന്നു."
പിന്നീട് പറഞ്ഞതിലൊക്കെ പ്രചാരണ സ്വഭാവം ഉണ്ടായിരുന്നു: "റിപ്പബ്ലിക്കൻ അനുഭാവികളേക്കാൾ 300,000 ഡെമോക്രാറ്റുകൾ കൂടുതൽ ഉള്ള സമയത്താണ് 2018ൽ ഞാൻ ഫ്ലോറിഡ പിടിച്ചത്. ഇപ്പോൾ 1.5 മില്യൺ റിപ്പബ്ലിക്കൻ അനുഭാവികൾ അവിടെ കൂടുതലായുണ്ട്."
ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയെ $1.8 ട്രില്യൺ ആക്കിയെന്നു അദ്ദേഹം പറഞ്ഞു. ക്രൈം നിരക്ക് 50 വർഷത്തിൽ ഏറ്റവും താഴെയായി.
ഡിസന്റിസ് മത്സരിക്കും എന്നതൊരു രഹസ്യമല്ലെന്നു ഒരു റിപ്പബ്ലിക്കൻ വൃത്തം ഉദ്ധരിച്ചു 'ന്യൂ യോർക്ക് പോസ്റ്റ്' പറഞ്ഞു.
2024 റിപ്പബ്ലിക്കൻ പ്രൈമറികളിൽ ഡോണൾഡ് ട്രംപുമായി രൂക്ഷമായി മത്സരിച്ച ഡിസന്റിസ് ഇപ്പോൾ പ്രസിഡന്റിന്റെ നയങ്ങൾ നടപ്പാക്കുന്നതിൽ ഊർജസ്വലത കാണിക്കുന്നുണ്ട്. "അദ്ദേഹത്തെ എനിക്ക് വളരെ ഇഷ്ടമാണ്," ട്രംപ് വെള്ളിയാഴ്ച്ച പറഞ്ഞു.
2024ൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ ട്രംപിനൊപ്പം മത്സരിച്ച ഡിസന്റിസ് പ്രൈമറികളിൽ പിന്നിലായപ്പോൾ പിന്മാറുകയായിരുന്നു. പിന്നീടദ്ദേഹം ട്രംപിനെ എൻഡോഴ്സ് ചെയ്തു.
ട്രംപിന്റെ പ്രസിഡൻഷ്യൽ ലൈബ്രറി ഫ്ളോറിഡയിലാണ് സ്ഥാപിക്കുക. ഒരു വിമാനത്താവളത്തിനും ചില റോഡുകൾക്കും ട്രംപിന്റെ പേരിടാൻ ഡിസന്റിസ് ബില്ലുകൾ ഒപ്പിട്ടിട്ടുമുണ്ട്.
ഫ്ലോറിഡയിലെ കോൺഗ്രസ് ഡിസ്ട്രിക്ടുകൾ പുനർ നിർണയം ചെയ്തു റിപ്പബ്ലിക്കൻ പാർട്ടിക്കു കൂടുതൽ സീറ്റുകൾ ഉറപ്പാക്കാനുളള നീക്കവും ട്രംപിനെ ഏറെ സുഖിപ്പിക്കുന്നതാണ്.
ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോവം, അറ്റോണി ജനറൽ പാം ബോണ്ടി, ലേബർ സെക്രട്ടറി ലോറി ഷാവേസ്-ഡിറീമർ എന്നിവരെ നീക്കം ചെയ്ത ട്രംപ് പകരം നിയമനങ്ങൾ നടത്തിയിട്ടില്ല.
ഡിസന്റിസിനു ഡിഫെൻസ് സെക്രട്ടറിയുടെ ജോലിയിൽ താല്പര്യമുണ്ടെന്നാണ് റിപ്പോർട്ട്.
ഡിസന്റിസിനു സ്വതന്ത്ര വോട്ടർമാരുടെ ഇടയിൽ നല്ല സ്വാധീനം ഉണ്ടെന്നു അദ്ദേഹത്തിന്റെ മുൻ ദേശീയ വക്താവ് ക്രിസ്റ്റിന പ്യൂഷോ പറയുന്നു.
വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ആണ് ഇപ്പോൾ റിപ്പബ്ലിക്കൻ നിരയിൽ 2028 പ്രസിഡന്റ് സ്ഥാനാർഥികളിൽ ഏറ്റവും പിന്തുണ നേടിയിട്ടുള്ളത്.
DeSantis reported eyeing 2028 White House run