
മാതംഗലീല എന്ന പേര് തന്നെ ആനപ്രേമിയായ എനിക്ക് വല്ലാതെ അങ്ങ് ബോധിച്ചുപോയി. അതുകൊണ്ട് ബുക്ക് പ്രീ ബുക്കിംഗ് ചെയ്തു വാങ്ങി.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സന്തോഷ് എച്ചിക്കാന ത്തിന്റെ ഈ ആദ്യ നോവലിന് 342/ പേജുകൾ ഉണ്ട്. നല്ല ലേ ഔട്ടും, ഫോണ്ട് സൈസും, ഫോണ്ട് ക്ലാരിറ്റിയും വായനയെ നന്നായി ഫേവർ ചെയ്തതിനാൽ 342 പേജുകൾ എത്രവേഗം കടന്നുപോയി എന്ന് എനിക്ക് തന്നെ അറിയില്ല. ചെറുകഥകളിലൂടെ വായന ഹൃദയങ്ങളെ പിടിച്ചടക്കിയ എഴുത്തുകാരനാണ് സന്തോഷ് എച്ചി ക്കാനം.
പുസ്തകത്തിന്റെ പേരും കവർ പേജും കണ്ടിട്ട് ആരും ഇതൊരു ആന പുസ്തകം എന്ന് എന്നേ പോലെ തെറ്റിദ്ധരിക്കരുത്. കാട്ടാനക്കൂട്ടങ്ങളുടെ ആനത്താരകൾ പോലെ ഉൾക്കാടു കളിലേക്ക് പ്രവേശിക്കുന്ന ഒരു ഫീലാണ് വായനയിൽ തോന്നിയത്. ഏറെ നിഗൂഢതകൾ ഉണ്ടിതിൽ. ഒരു നിഗൂഢ ലോകം.
ആനകളെക്കുറിച്ച് സന്തോഷ് അത്യാവശ്യം നന്നായി സ്റ്റഡി ചെയ്തിട്ടുണ്ട്. ആനയുടെ തുമ്പിക്കൈയുടെ അറ്റത്തുള്ള തൂണിക്കൈ,പുഷ്കല ഭാഗം, എന്നൊക്കെ എഴുതി കണ്ടപ്പോൾ എനിക്ക് ഏറെ സന്തോഷം തോന്നി.
കഥ തുടങ്ങുന്നത് തിരുമിറ്റക്കോട് എന്ന 'ആന ബാലേട്ടന്റെ ' മരണവാർത്ത വിയ്യൂർ ജയിലിൽ നിന്നും സന്ദേശം കിട്ടിയതിന് പിന്നാലെയാണ്. ആനപ്രേമിയും മാതംഗലീല എന്ന വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനും ആയ ശിവദാസിനാണ് അറിയിപ്പ് ലഭിച്ചത്. അതിനെ തുടർന്ന് ശിവദാസൻ മറ്റു സുഹൃത്തുക്കളെയും സംഘടിപ്പിച്ച് തിരുമിറ്റക്കോട് ബാലകൃഷ്ണന്റെ ഭൗതികശരീരം വിട്ടു കിട്ടുവാൻ മെഡിക്കൽ കോളേജ് മോർച്ചറിയിൽ ചെല്ലുന്നതാണ് കഥയുടെ തുടക്കം. കൂടെ ദേവദാസ് എന്ന ആട്ടക്കാരനുമുണ്ട്.
ആനപാപ്പാന്റെ മകനായി ജനിച്ച ബാലകൃഷ്ണന് ആനകളോട് ഭയങ്കര ഭ്ര മാണ്. അതിനാൽ ചെറിയ കുട്ടി ആയിരിക്കുമ്പോൾത്തന്നെ അവൻ നീലകണ്ഠൻ എന്ന കേമനായ ആനയുടെ പാപ്പാനായ അച്ഛനൊപ്പം ആ നപ്പണി ചെയ്തു തുടങ്ങി. കുഞ്ഞായിരിക്കെ ഒരിക്കൽ അവൻ അമ്മ കാർത്യാനിയോട് പറഞ്ഞു, "എനിക്കൊരു ആന ആവണം."
ചില പ്രത്യേക സാഹചര്യത്തിൽ ജീവിതത്തിന്റെ ഏതോ ഒരു ഘട്ടത്തിൽ ബാലകൃഷ്ണന് ആനയാകണമെന്ന് വീണ്ടും മോഹമുദിച്ചു. അങ്ങനെ ഒടി വിദ്യ മാർഗം ഉപയോഗിച്ച് തച്ചോരൻ എന്ന ഒടിവിദ്യക്കാരൻ ബാലകൃഷ്ണനെ ആനയാക്കി മാറ്റി. വർഷങ്ങൾ ആനയായി കാട്ടിനുള്ളിൽ ജീവിച്ച ബാലകൃഷ്ണന്റെ ഉള്ളിൽ ബാലകൃഷ്ണൻ എന്ന പച്ചയായ മനുഷ്യനുണ്ട്. ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിൽ അയാൾ മനുഷ്യനായി തിരിച്ചു രൂപം പ്രാപിക്കുന്നു. ആനയായിരിക്കുേമ്പോൾ തിരുമിറ്റക്കോട് ബാലകൃഷ്ണൻ അഞ്ചു പോലീസുകാേരേയും ഒരു ഫോട്ടോഗ്രാഫറെയും ചവുട്ടി കൊല്ലുന്നു. വർഷങ്ങൾക്കുശേഷം ഒടിവിദ്യയിൽ നിന്നും പുറത്ത് കടക്കുന്ന തിരുമിറ്റക്കോട് ബാലകൃഷ്ണൻ എന്ന ആന തിരുമിറ്റേക്കോട് ബാലകൃഷ്ണൻ എന്ന മനുഷ്യനായി മാറുന്നു. ബാലകൃഷ്ണൻ എന്ന ആനയാണ് കൊല ചെയ്തിട്ടുള്ളത്. പക്ഷേ ഇപ്പോൾ ബാലകൃഷ്ണൻ എന്ന മനുഷ്യനെ ആണ് ഈ കൊലകളുടെ പേരിൽ ജയിലിൽ അടയ്ക്കുന്നത്. തെളിവുകളുടെ അഭാവത്തിൽ ബാലകൃഷ്ണന് വധശിക്ഷ കൊടുക്കുവാൻ സാധിക്കുകയില്ല.ബാലകൃഷ്ണൻ ജയിലിൽ അടയ്ക്കപ്പെടുന്നത് രണ്ട് ജീവപര്യന്ത കാലത്തേക്കാണ്.അവിടെ അയാൾ ' ചെരിയുകയാണ് '.
" ഒരാനയ്ക്ക് കിട്ടാവുന്ന എല്ലാ ബഹുമതികളോടും കൂടി തന്നെ തിരുമിറ്റത്ത് ബാലകൃഷ്ണൻ ഏട്ടനെ നമുക്ക് യാത്രയാക്കണം". ശിവദാസൻ പറഞ്ഞു. ഇപ്പോൾ ഇയാൾക്ക് പ്രായം 80 വയസ്സ്. ശിവദാസിന്റെയും മിത്രങ്ങളുടെയും സംസാരം ശ്രദ്ധിക്കുമ്പോൾ ശരിക്കും നമ്മളൊന്ന് ശങ്കിക്കുന്നുണ്ട്. മരിച്ചത് ബാലകൃഷ്ണൻ എന്ന മനുഷ്യനോ ബാലകൃഷ്ണൻ എന്ന ആനയോ.?
അതിനുശേഷം ഉള്ള സംഭവവികാസങ്ങളിൽ കഥ തുടരുകയാണ്. ബാലകൃഷ്ണന്റെ ജയിലിൽ കിടന്നുള്ള മരണത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ആർ ഡി ഒ യോട് ശിവദാസൻ ബാലകൃഷ്ണന്റെ കഥ പറയുന്ന രീതിയിലാണ് നോവൽ മുന്നോട്ട് പോകുന്നത്. ബാലകൃഷ്ണന്റെ ഭൗതികശരീരം പോസ്റ്റുമോർട്ടത്തിനും ശവദാഹത്തിനും ഒക്കെ എടുക്കുന്ന ഭാഗങ്ങളിൽ ആന ഭാഷയാണ് സംസാരഭാഷയായി ശിവദാസനും സുഹൃത്തുക്കളും സ്വീകരിക്കുന്നത്. തിരുമിറ്റക്കോട് ബാലകൃഷ്ണൻ ചെരിഞ്ഞു. എന്തോ ഇരണ്ടക്കെട്ടു പോലെ ഒരു അസുഖമായിരുന്നു മരണകാരണം. മരണത്തിന് തൊട്ടുമുമ്പ് അവൻ ജയിലിലെ സെല്ലിൽ കിടന്ന് ഭയങ്കരമായി ചിന്നം വിളിച്ചു.
ഇങ്ങനെ കൗതുകം തോന്നുന്ന ആഖ്യാന ശൈലിയാണ് കഥയുടെ ആദ്യ ഭാഗങ്ങളിൽ നോവലിസ്റ്റ് കാഴ്ച വയ്ക്കുന്നത്. കൂടെക്കൂടെ വരുന്ന പാലക്കാടൻ ഭാഷ വായനയിൽ എനിക്കല്പം കല്ലുകടി തന്നിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി,തമിഴ് എല്ലാ ഭാഷകളും മാറിമാറി വരുന്ന കഥാപാത്രങ്ങളുടെ സംസാരമാണ് നമുക്ക് നോവലിൽ കേൾക്കുവാൻ സാധിക്കുന്നത്.
ഒരാനക്കഥയിൽ ഒതുങ്ങാത്ത വിശാലമായ ഭൂമികയാണ് സന്തോ എച്ചിക്കാനം ഈ നോവലിൽ വരച്ചിടുന്നത്. ധാരാളമായി ഫിക്ഷൻ ഉണ്ട്. മിത്തുകൾ ഉണ്ട്. ഒരു കാലഘട്ടത്തിന്റെ മന്ത്ര സിദ്ധികൾ ഉണ്ട്. ഒടിവിദ്യയും വിമോചന മന്ത്രങ്ങളും സൂചകങ്ങളായി വരുന്നു. കുമ്മാട്ടിയിലെ നായ്ക്കുട്ടിയായി മാറിയ
കുട്ടിയെപ്പോലെ ബാലകൃഷ്ണനെന്ന ആനയും കുറെ അധികകാലം ഒടി വിദ്യയാൽ ആനയായി തന്നെ തുടരുന്നു. അവസാനം താഴമ്പൂ എന്ന അവന്റെ കാമുകി /ഭാര്യ തിളച്ച വെള്ളം മസ്തകത്തിൽ ഒഴിക്കുമ്പോൾ ബാലകൃഷ്ണൻ എന്ന ആന ബാലകൃഷ്ണൻ എന്ന മനുഷ്യനായി വീണ്ടും രൂപം പ്രാപിക്കുന്നു.
നോവലിലെ അത്രവിശാലമായ ഭൂമികയിലേക്ക് വേണ്ടത്ര അധികം കഥാപാത്രങ്ങൾ ഇല്ലെങ്കിലും ധാരാളം കഥാപാത്രങ്ങൾ ഈ നോവലിലുണ്ട്. മാധവൻ നായർ എന്ന അതിക്രൂരനായ കഥാപാത്രത്തോട് വെറുപ്പല്ലാതെ മറ്റൊരു വികാരവും തോന്നിയിട്ടില്ല.
മണ്ണൂർ ശങ്കുണ്ണി എന്ന കൊടും നക്സലൈറ്റിനോട് ആരാധന തോന്നിപ്പോകുന്ന നിമിഷങ്ങൾ ഉണ്ട്.
മനുഷ്യന്റെ ക്രൂരതയോളം വരുന്നില്ല ഒരു ആനയുടെ ക്രൂരത എന്നുകൂടി സ്ഥാപിക്കുവാൻ നോവലിസ്റ്റിന് കഴിയുന്നുണ്ട്.
സുഭദ്ര എന്ന കഥാപാത്രം പോലീസുകാർക്ക് മുമ്പിൽ ഇടശ്ശേരി കവിതകൾ ചൊല്ലി അക്ഷരശ്ലോക മത്സരത്തിൽ വിജയിക്കുമ്പോൾ ചെറുതല്ലാത്ത അഭിമാനം വായനക്കാർക്ക് തോന്നാതിരിക്കില്ല. എന്നിട്ടും ഈ അന്തർജ്ജനത്തെയും പോലീസുകാർ പിന്നീടൊരിക്കൽ പിച്ചിച്ചീന്തുന്നുണ്ട്.
ഈശ്വരപണിക്കർ എന്ന ദുഷ്ട കഥാപാത്രത്തെ എങ്ങനെ മറക്കാൻ? ഹൈദരാലി എന്ന എക്സ് പട്ടാളക്കാരൻ ഒരു ഫുട്ബോൾ പ്രേമി കൂടിയാണ്. പലപ്പോഴും അയാളിൽ നന്മയുടെ മിന്നലാട്ടം കാണുന്നുണ്ടെങ്കിലും അയാളും ഒരു ക്രൂ രനാണ്. അതിലുപരി അയാൾ ഒരു സാഡിസ്റ്റുമാണ്. നീതി പാലകരുടെ അനീതികളെ നല്ല അളവിൽ നോവലിസ്റ്റ് പുസ്തകത്തിൽ ഉടനീളം പ്രതിപാദിക്കുന്നുണ്ട്.
ഒടിയിലൂടെ പോത്തായി മാറിയ വെള്ളാങ്കിരി എന്ന പാവം മനുഷ്യന്റെ ആത്മഗതം കൂടി ഇവിടെ പ്രസക്തമാകുന്നു " ഒരു തെറ്റ് അതിന്റെ തായ്ത്തടിയിൽ നിന്നും വേരുകളുടെ എത്രയെത്ര കൈവഴികൾ ആയിട്ടാണ് കൂടെയുള്ളവരിലേക്ക് അതിന്റെ ഭവിഷ്യത്തുകളും വലിച്ചെടുത്തുകൊണ്ട് എത്തുന്നത് ".
തച്ചോരൻ എന്ന കൊടും ഒടിയൻ തന്റെ മകൾ കുറിഞ്ഞിയോട് പറയുന്നു,
" കുറിഞ്ഞി, മഗളെ, വേറവര്ക്ക് വേണ്ടി ജീവിച്ച് മരിക്കണതിന്റെ പേരാണ് ഒടി ".
തച്ചോരന് ഒടി ജാതീയതയ്ക്കെതിരെയുള്ള സമരമാ യിരുന്നു.
നീലകണ്ഠൻ എന്ന നാട്ടാനയുടെ അല്ലെങ്കിൽ എല്ലാ നാട്ടാനകളുടെയും നിസ്സഹായത വെളിപ്പെടുത്തി കൊണ്ടാണ് ആദ്യ അധ്യായം തുടങ്ങുന്നത് തന്നെ. അതിൽ പ്രധാനമായും അവതരിപ്പിക്കുന്നത് മദപ്പാടിലെ ആനകളുടെ ലൈംഗിക മോഹങ്ങളാണ്. മദപ്പാടിൽ സ്വയംഭോഗം ചെയ്യാൻ മുതിരുന്ന നീലകണ്ഠൻ എന്ന ആനയെ അതിനായി കൊച്ചു ബാലകൃഷ്ണൻ അവന്റെ രണ്ടു കരങ്ങളും ചേർത്ത് ലിംഗത്തിൽ പിടിച്ച് നീലകണ്ഠനെ സഹായിക്കുന്നുണ്ട്. ലൈംഗികതയുടെ സുഖാനുഭൂതിയിലേക്ക് കടന്ന നീലകണ്ഠൻ എന്ന ആന നന്ദിപൂർവ്വം ബാലകൃഷ്ണന്റെ മുഖത്ത് അവന്റെ തുമ്പിക്കയുടെ പുഷ്കലം കൊണ്ട് ഉമ്മ വയ്ക്കുന്നുണ്ട്. കണ്ണ് നിറയാതെ ബാലകൃഷ്ണൻ എന്ന ആനപ്പാപ്പാന് നീലകണ്ഠൻ എന്ന ഈ ആനയെ കെട്ടിപ്പിടിച്ചു നിൽക്കുവാൻ സാധിക്കുന്നില്ല. വായനക്കാരായ നമുക്കിത് കണ്ണു നിറയാതെ വായിക്കുവാനും സാധ്യമല്ല. ജന്തുലോകത്തിൽ നാട്ടാനകൾക്ക് മാത്രം നിഷേധിക്കപ്പെട്ടിരിക്കുന്ന ഒന്നാണ് ലൈംഗിക അഭിലാഷ പൂർത്തീകരണം.
ബാലകൃഷ്ണൻ സ്വ ഇച്ഛയാലേ എന്തിന് ഒരു ആനയായി മാറി.? അഞ്ചു പോലീസുകാരെയും ഒരു ഫോട്ടോഗ്രാഫറെയും എന്തിന് കൊന്നു.? സുഭദ്ര ആരാണ് ? പാർവതി ആരാണ്? സെൽവി ആരാണ്?കണ്ണാന്തളി,താഴമ്പൂ, ഇങ്ങനെ ധാരാളം വിചിത്രരായ സ്ത്രീകഥാപാത്രങ്ങൾ ഇതിലുണ്ട്. ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയവും, നക്സൽ പ്രവർത്തനങ്ങളും, പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ സഹനവും,നിരവധി മരണവും, നിരവധി കൊലപാതകങ്ങളും പകയും കൊലയും പുസ്തകത്തിൽ ഉടനീളം ഉണ്ട്. മിത്തും മാജിക്കും എല്ലാം ഒത്തുചേർന്ന ഒരു നോവൽ. മാജിക്കൽ റിയലിസം ആണ് കൂടിയ അളവിൽ വായനയിൽ പ്രത്യക്ഷപ്പെടുക.
തിരുമിറ്റക്കോട് ബാലകൃഷ്ണൻ എന്ന മനുഷ്യന്റെ മരണത്തോടെ ഈ കഥ അവസാനിക്കുമെങ്കിലും ഒരു ഡയറിയും ഒടിമന്ത്രവിദ്യകൾ എഴുതിയ ഓലകളും, കൂടെ ഒടി വിദ്യയ്ക്ക് ഉപയോഗിച്ചിരുന്ന ' പിള്ള തൈലം ' നിറച്ച ഒരു കുപ്പിയും കാണാതാവുന്നുണ്ട്.
ബാലകൃഷ്ണന്റെ സുഹൃത്തായ ശിവദാസനിൽ നിന്നും ബാലകൃഷ്ണന്റെ മുഴുവൻ കഥകളും കേൾക്കുന്ന ആർ ഡി ഒ എവിടെ അപ്രത്യക്ഷനായി.? അയാൾ എന്തിന് 'പാങ്ങോട് മാധവൻ' എന്നു വിളിപ്പേരുള്ള ബാലകൃഷ്ണൻ പാപ്പാന്റെ കഥ മുഴുവൻ കേൾക്കുവാൻ ഇത്ര ജിജ്ഞാസുവായി?
" അപ്പോൾ വീട്ടുമുറ്റത്തെ നീർക്കുളത്തിൽ വിരിയാൻ തുടങ്ങിയ ആമ്പൽപ്പൂവിന്റെ ഇലകളിൽ നിന്നും ഒരു 'മണിത്തവള ' തന്നെ സൂക്ഷിച്ചു നോക്കുന്നത് ശിവദാസ് ഏട്ടൻ കണ്ടു"
ആ മണിത്തവള ആരാണെന്ന് വായനക്കാർ വായിച്ചു മനസ്സിലാക്കട്ടെ.
മലയാള സാഹിത്യത്തിൽ വന്ന സമാനതകളില്ലാത്ത ഒരു നോവൽ ആണ് മാതംഗലീല എന്ന് പറയുവാൻ എനിക്കേറെ സന്തോഷമുണ്ട്.