
പ്രധാനവേഷത്തിലെത്തിയ 'ഒരു സര്‍ക്കാര്‍ ഉത്പന്നം'എന്ന ചിത്രംതന്നെ സാമ്പത്തികമായി തകര്‍ത്തുവെന്ന നടന്‍ സുബീഷ് സുധിയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. നിര്‍മാണത്തില്‍ പങ്കാളിയായ ചിത്രമുണ്ടാക്കിയ ബാധ്യതകാരണം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ രണ്ടുതവണ ആത്മഹത്യയ്ക്കുശ്രമിച്ചതായും നടന്‍ വെളിപ്പെടുത്തി. ഒടിടി വില്‍പനയ്ക്ക് ശ്രമിച്ചപ്പോള്‍ മുംബൈയിലെ ഏജന്റുമാര്‍ പണം വാങ്ങി കബളിപ്പിച്ചുവെന്നും തന്റെ വീട് ജപ്തിയിലാണെന്നും സുബീഷ് പറഞ്ഞിരുന്നു. പണം നല്‍കാനുള്ളവരില്‍നിന്ന് തന്റെ കുടുംബത്തിന് പോലും ഭീഷണി നേരിടേണ്ടിവരികയാണെന്ന് പറയുകയാണ് ഇപ്പോള്‍ നടന്‍. ചിത്രത്തിന്റെ റീ- റിലീസില്‍ മാത്രമാണ് പ്രതീക്ഷയെന്നും അതിനായി നല്ലൊരു വിതരണക്കാര്‍ മുന്നോട്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
റിലീസ് ചെയ്ത സമയം അനുകൂലമായിരുന്നില്ല. മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു പോലെയുള്ള പടങ്ങളുണ്ടായിരുന്നു. മാര്‍ച്ചില്‍ പരീക്ഷകള്‍, നോമ്പ് അങ്ങനെ ഒരുപാട് പ്രതിസന്ധികളുണ്ടായിരുന്നു. സിനിമ കണ്ട എല്ലാവരും നല്ല അഭിപ്രായമായിരുന്നു പറഞ്ഞത്. ഒടിടിയില്‍ കച്ചവടമാവുമെന്ന് പ്രതീക്ഷിച്ചു. അതും നടന്നില്ല. ബോംബെയില്‍ പോയപ്പോള്‍ കുറേ ഏജന്റുമാര്‍ പൈസ വാങ്ങി പറ്റിച്ചു', സുബീഷ് ആവര്‍ത്തിച്ചു.
'ആ കടം തീര്‍ക്കാന്‍ പല പരിപാടികളും നോക്കി. ഒന്നും നടന്നില്ല. അവസാനം എല്ലാം വഴിമുട്ടിയ അവസ്ഥയിലായി. ബാധ്യതമുഴുവന്‍ എന്റെ തലയിലായി. പണം തിരികെ കിട്ടാന്‍ നിര്‍മാതാക്കള്‍ എന്നെ വല്ലാതെ പീഡിപ്പിച്ചു. എന്നെ മറ്റൊന്നിനും വിടാതെ, ഇതിനുവേണ്ടി മാത്രം നടക്കുന്ന അവസ്ഥവന്നു', നടന്‍ പറഞ്ഞു.
'ഒന്നും നടക്കാതെ വന്നപ്പോള്‍ കത്തെഴുതി സുഹൃത്തിന് നല്‍കി തിരുവനന്തപുരത്തുവെച്ച് ആത്മഹത്യയ്ക്കുശ്രമിച്ചു. പക്ഷേ, എന്നെ പിന്തുടര്‍ന്ന് കണ്ടെത്തി പിന്തിരിപ്പിച്ചു. അമ്മയെ വിളിച്ചു ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായി. റീ- റിലീസില്‍ മാത്രമാണ് പ്രതീക്ഷ. നല്ലൊരു വിതരണക്കമ്പനി വരേണ്ടതുണ്ട്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.