
റഷ്യന്‍ ചലച്ചിത്ര നിര്‍മാതാവായ പാവല്‍ താലന്കിന് ലഭിച്ച ഓസ്കര് പുരസ്കാര ശില്പം കാണാതായതായി പരാതി. ന്യൂയോര്‍ക്കിലെ ജെഎഫ്കെ വിമാനത്താവളത്തില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിമയെ ഒരു ആയുധമായി മുദ്രകുത്തിയതാണ് ഈ സംഭവങ്ങളുടെ തുടക്കം. പുരസ്കാര ശില്പം ലുഫ്താന്‍സ വിമാനത്തിന്റെ കാര്‍ഗോ വിഭാഗത്തില്‍ സൂക്ഷിക്കാന്‍ പാവല്‍ നിര്‍ബന്ധിതനാവുകയായിരുന്നു. പിന്നീട് ജര്‍മനിയില്‍ വിമാനമിറങ്ങിയപ്പോഴാണ് പ്രതിമ നഷ്ടപ്പെട്ട വിവരം അദ്ദേഹം തിരിച്ചറിഞ്ഞത്.
സുരക്ഷാ പരിശോധനയ്ക്കിടെ യുഎസ് ട്രാന്സ്പോര്ട്ടേഷന് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന് (TSA) ഉദ്യോഗസ്ഥര്‍ ഈ ഓസ്കര് പ്രതിമ വിമാനത്തിനുള്ളില്‍ കൈവശം വെക്കാന്‍ അനുവദിച്ചില്ല. ഇത് ഒരാളെ ആക്രമിക്കാന്‍ ഉപയോഗിക്കാവുന്ന ആയുധമാകാന്‍ സാധ്യതയുണ്ടെന്നായിരുന്നു അവരുടെ വാദം. വിമാനത്തിനുള്ളില്‍ ലുഫ്താന്‍സ വിമാനക്കമ്പനി ഏജന്റ് പ്രതിമ സൂക്ഷിക്കാന്‍ തയ്യാറായെങ്കിലും ടിഎസ്എ ഉദ്യോഗസ്ഥന് അത് തടഞ്ഞു. പ്രതിമ ഇവര്‍ ഒരു കാര്‍ഡ്ബോര്‍ഡ് ബോക്സിലാക്കി വിമാനത്തിന്റെ അടിയിലുള്ള കാര്‍ഗോയിലേക്ക് മാറ്റാന്‍ പാവലിനെ നിര്‍ബന്ധിച്ചു.
ഒരു ഓസ്കര് പ്രതിമ എങ്ങനെയാണ് സുരക്ഷാ ഭീഷണിയോ ആയുധമോ ആയി കണക്കാക്കപ്പെടുന്നത് എന്നതില്‍ പാവല്‍ താലന്കിന് വലിയ അത്ഭുതം പ്രകടിപ്പിച്ചു. ഇതിനുമുമ്പ് പത്തിലധികം വണ ഈ പ്രതിമയുമായി താന്‍ യാത്ര ചെയ്തിട്ടുണ്ടെന്നും, അപ്പോഴൊന്നും യാതൊരുവിധ തടസങ്ങളും സുരക്ഷാ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് എല്ലായ്പ്പോഴും വിമാനത്തിനുള്ളിലെ ക്യാബിനില്‍ തന്നെയായിരുന്നു താന്‍ ഓസ്കര് പ്രതിമ സൂക്ഷിച്ചിരുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രതിമ കാണാതായ സംഭവത്തില്‍ ജര്‍മന്‍ വിമാനക്കമ്പനിയായ ലുഫ്താന്‍സ കടുത്ത ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഓസ്കാര്‍ പ്രതിമ എത്രയും വേഗം കണ്ടെത്തി ഉടമയ്ക്ക് തിരികെ നല്‍കുന്നതിനായി തങ്ങള്‍ സമഗ്രമായ ആഭ്യന്തര അന്വേഷണം നടത്തിവരികയാണെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. അതീവ ഗൗരവത്തോടും ശ്രദ്ധയോടും കൂടിയാണ് ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
'മിസ്റ്റര്‍ നോബഡി എഗെയ്ന്‍സ്റ്റ് പുടിന്' (Mr. Nobody Against Putin) എന്ന ഡോക്യുമെന്ററി ഫീച്ചറിനാണ് 35-കാരനായ പാവല്‍ താലന്കിന് ഇത്തവണത്തെ അക്കാദമി അവാര്‍ഡ് ലഭിച്ചത്. ത്. റഷ്യയിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന ദേശഭക്തി പാഠങ്ങളെക്കുറിച്ചും ഉക്രെയ്ന് യുദ്ധ പശ്ചാത്തലത്തെക്കുറിച്ചും റഷ്യയില്‍ നിന്ന് രഹസ്യമായി ശേഖരിച്ച
ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. അമേരിക്കന്‍ സംവിധായകന് ഡേവിഡ് ബോറന്‍സ്റ്റീനൊപ്പമാണ് അദ്ദേഹം ഈ പുരസ്കാരം പങ്കിട്ടത്.