Image

എക്സിറ്റ് പോളുകളിൽ യു.ഡി.എഫ് ആത്മവിശ്വാസം, സർവ്വേകളെ തള്ളി 'ക്യാപ്റ്റനും' സംഘവും ; കരുത്തുയർത്താൻ എൻ.ഡി.എ ; വോട്ടെണ്ണലിന് സർവ്വസജ്ജം

Published on 02 May, 2026
എക്സിറ്റ് പോളുകളിൽ യു.ഡി.എഫ് ആത്മവിശ്വാസം, സർവ്വേകളെ തള്ളി 'ക്യാപ്റ്റനും' സംഘവും ; കരുത്തുയർത്താൻ എൻ.ഡി.എ ; വോട്ടെണ്ണലിന് സർവ്വസജ്ജം

തിരുവനന്തപുരം: കേരളത്തിന്റെ ഭരണത്തുടർച്ചയോ അതോ മാറ്റമോ എന്ന ചോദ്യത്തിന് ഉത്തരമറിയാൻ ഇനി രണ്ട് ദിനങ്ങൾ മാത്രം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് 48 മണിക്കൂർ മാത്രം ബാക്കിനിൽക്കെ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികൾ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായതിന്റെ ആത്മവിശ്വാസത്തിൽ യുഡിഎഫും, ജനവിധി തങ്ങൾക്കൊപ്പമാണെന്ന ഉറപ്പിൽ എൽഡിഎഫും, വോട്ടുവിഹിതം ഉയർത്തി നിർണ്ണായക ശക്തിയാകുമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

​ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നും 90 സീറ്റുകൾ വരെ നേടി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. എക്സിറ്റ് പോൾ ഫലങ്ങൾ ഈ ശുഭപ്രതീക്ഷയ്ക്ക് ബലം നൽകുന്നുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ മുന്നണിക്കുള്ളിൽ ബലാബലമായി തുടരുകയാണ്. അതേസമയം, സർവേ ഫലങ്ങളെ പാടെ തള്ളുകയാണ് എൽഡിഎഫ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും ഭരണത്തുടർച്ച ഉറപ്പാണെന്നും ഇടതുനേതാക്കൾ ആവർത്തിക്കുന്നു.

​സംസ്ഥാനത്ത് ഇത്തവണ തൂക്കുസഭ വരുമെന്ന പ്രവചനത്തിലാണ് ബിജെപി ക്യാമ്പ്. എൻഡിഎയുടെ വോട്ടുവിഹിതം 20 ശതമാനത്തിലേക്ക് ഉയരുമെന്നും ഒന്നുമുതൽ അഞ്ചുവരെ സീറ്റുകൾ നേടുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയവും എൻഡിഎ കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ പ്രചാരണവും വോട്ടായി മാറിയെന്നാണ് പാർട്ടി വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകളിലും സമുദായ വോട്ടുകളിലും ഉണ്ടായ മാറ്റം തങ്ങൾക്ക് അനുകൂലമാകുമെന്നും എൻഡിഎ കണക്കുകൂട്ടുന്നു.

​മെയ് നാലിന് തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. ആദ്യം തപാൽ വോട്ടുകളും തുടർന്ന് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണും. ഉദ്യോഗസ്ഥർക്കുള്ള അവസാന ഘട്ട പരിശീലനം ഇന്ന് പൂർത്തിയായി. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പത്തു മണിയോടെ ആദ്യ സൂചനകൾ ലഭ്യമാകുമെന്നും ഉച്ചയോടെ കേരളം ആര് ഭരിക്കുമെന്ന കാര്യത്തിൽ വ്യക്തമായ ചിത്രമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക