
എന്നെ കുരിശിൽ തറക്കാനുള്ള
നിന്റെ ആവേശത്തിന് പൂർണ്ണസമ്മതം
മുള്ളുകൾ കൊണ്ട് തന്നെ
നീ മെനഞ്ഞോളൂ
എനിക്കായി ഒരു കിരീടം.
ഓരോ ദിവസവും മറ്റൊരു ദിവസത്തിന്റെ
ഫോട്ടൊ കോപ്പി
Copy and paste
And we waste our life eternally!
ഇന്നലെ....പുകമഞ്ഞ് പോലെ
നാളെ....കേവലം ഒരു സ്വപ്ന വിഭ്രാന്തി.
വാക്കുകൾ മുഖവിലക്കെടുക്കരുതേ
ഹൃദയത്തിനു കാഠിന്യം വരും
ആത്മാവ് തണുത്ത് വിറങ്ങലിക്കും.
നിന്റെ പാനപാത്രം കൈമാറൂ
ഞാനും അതിൽ നിന്ന് മുകരട്ടെ
ഹൃദയത്തിന്റെ വിശുദ്ധിയുള്ള വീഞ്ഞ്.
എന്റെ നേർക്ക് നീ ഓരോ മുള്ളെറിയുമ്പോഴും
നിന്റെ മുടിക്കെട്ടിലെ ഒറ്റ റോസാപ്പൂവിലാണ് എന്റെ നോട്ടം.
നിനക്കായുള്ള ഉദ്വേഗപൂർണ്ണമായ
കാത്തിരിപ്പിനിടെ
എനിക്ക് ഉഷസ്സുമില്ല സന്ധ്യയുമില്ല
പകലുമില്ല രാത്രിയുമില്ല
പ്രണയത്തിന്റെ ശൂന്യഭവനം
സംഗീതത്താൽ പണിയപ്പെട്ടിരിക്കുന്നു
ഞാൻ വാതിലിൽ മുട്ടിയാലും
നീ എനിക്കു വേണ്ടി വാതിൽ
തുറക്കില്ലെന്നറിയാം
അത് നിന്റെ കാരുണ്യമെന്നേ
ഞാൻ കരുതാവൂ
നിന്റെ ദ്വാരപാലകനെവിടെ
ഞാൻ അയാളുടെ ദാസനാകാം.
ചിലപ്പോൾ നിനക്കു വേണ്ടിയുള്ള
നിഷ്ക്രിയമായ കാത്തിരിപ്പിനു
തേനിനെക്കാൾ മധുരം
കസ്തുരിയെക്കാൾ സുഗന്ധം.
യാഥാർത്ഥ്യത്തിന്റെ
അനന്തമായ ആവിഷ്ക്കാരങ്ങളിൽ
നിന്റെ കയ്യൊപ്പ് കാണാം
ബോധത്തിനുമപ്പുറത്തെ
അവബോധത്തിൽ കേൾക്കാം
നിന്റെ ചിലമ്പൊലികൾ.
തിരകൾ കടലിലേക്ക് തന്നെ
പിൻവാങ്ങുന്നതു പോലെ
നിന്നെക്കുറിച്ചുള്ള വിഹ്വല പ്രണയചിന്തകൾ
അവബോധത്തിലേക്ക് തിരികെ
അലിഞ്ഞു ചേരുന്നു.
നിന്നെ ഒരു നോക്ക് കാണാൻ
ജീവനെതിരെ കെട്ടിപ്പൊക്കിയ
പ്രതിരോധങ്ങളത്രയും തകർത്തെറിയാം.
അതിനുള്ള ആത്മബലവും
നീ തന്നെ കനിഞ്ഞു നൽകണം.
കണ്ണാലല്ല കണ്ണിലൂടെ
നിന്നെ ഒരു നോക്ക് കാണണം
കരയുമ്പോഴും ചിരി തൂകുന്ന
കണ്ണുകളിലൂടെ അനന്തമായി
നിന്നെ ഒരു നോക്ക് കാണണം.
അതെ നീ എന്നെ നോക്കുന്ന
അതേ കണ്ണുകളിലൂടെ
എനിക്ക് നിന്നെയും
ഒരു നോക്ക് കാണണം!