Image

പരിഭാഷകയായ ഇന്ത്യൻ വംശജ മീനു ബത്രയെ ഐസ് തടവിൽ നിന്നു കോടതി മോചിപ്പിച്ചു (പിപിഎം)

Published on 01 May, 2026
പരിഭാഷകയായ ഇന്ത്യൻ വംശജ മീനു ബത്രയെ ഐസ് തടവിൽ നിന്നു കോടതി മോചിപ്പിച്ചു (പിപിഎം)

ടെക്സസിൽ കോടതി ഉദ്യോഗസ്ഥയായ ഇന്ത്യൻ വംശജ മീനു ബത്രയെ (53) ഒരു മാസത്തോളം നീണ്ട ഇമിഗ്രെഷൻ തടവിനു ശേഷം വ്യാഴാഴ്ച്ച വിട്ടയച്ചു. രണ്ടു പതിറ്റാണ്ടിലേറെ യുഎസിൽ ജീവിച്ച അവരെ മാർച്ച് 17നാണു ഐസ് ഏജന്റുമാർ എന്ന് അവകാശപ്പെട്ട ഏതാനും പേർ ചേർന്ന് അറസ്റ്റ് ചെയ്തത്.

രാജ്യത്തു അനധികൃതമായാണ് ജീവിക്കുന്നതെന്നു ആരോപിച്ചാണ് യൂണിഫോമോ ബാഡ്‌ജോ ഇല്ലാത്ത ചിലർ ചേർന്ന്  ഹാർലിംഗ്ടൺ എയർപോർട്ടിൽ വച്ച്  അവരെ അറസ്റ്റ് ചെയ്തത്. റെയ്മൺഡ്‌സ്‌വില്ലിനു പുറത്തു എൽ വാലി തടവറയിലാണ് ബത്രയെ അടച്ചത്. ഡിസംബറിൽ ശസ്ത്രക്രിയ നടത്തിയതിനാൽ മരുന്നുകൾ ആവശ്യമുണ്ടെങ്കിലും അവ ലഭ്യമായില്ല.

ഫെഡറൽ കോടതി ഉത്തരവനുസരിച്ചാണ് ബത്രയെ വിട്ടയച്ചതെന്നു സി ബി എസ് ന്യൂസ് അറിയിച്ചു. മുൻ‌കൂർ നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് ബത്രയുടെ അവകാശങ്ങൾ ലംഘിച്ചുവെന്നു ജഡ്‌ജ്‌ ചൂണ്ടിക്കാട്ടി. നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

നോട്ടീസ് നൽകുകയും ഇന്റർവ്യൂ നടത്തുകയും ചെയ്ത ശേഷം മാത്രമേ അറസ്റ്റ് നടത്താവൂ എന്നു കോടതി ഉത്തരവിൽ പറഞ്ഞു.

യുഎസ് ആർമിയിൽ സേവനം അനുഷ്‌ഠിക്കുന്ന മകൻ വഴി ബത്രയ്ക്കു വേഗത്തിൽ ഗ്രീൻ കാർഡ് ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ബത്രയെ നാടു കടത്താൻ ഉത്തരവുണ്ടെന്നു ഐസ് വാദിച്ചപ്പോൾ ആ ഉത്തരവ് ന്യൂ ജേഴ്‌സി ഇമിഗ്രെഷൻ കോടതി പതിറ്റാണ്ടുകൾക്കു മുൻപ് റദ്ദാക്കിയെന്നു അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇന്ത്യയിലേക്കു മടങ്ങിയാൽ അവരുടെ ജീവനു ഭീഷണിയുണ്ട് എന്ന വാദം സ്വീകരിച്ചാണ് കോടതി ഉത്തരവ് നൽകിയത്. ഇന്ത്യയിലേക്ക് അയക്കാൻ നിയമതടസം ഉള്ളതു കൊണ്ട് അവരെ മറ്റേതെങ്കിലും രാജ്യത്തേക്ക് അയക്കാം.

ടെക്സസ് കോടതിയിൽ ഹിന്ദി-പഞ്ചാബി-ഉർദു പരിഭാഷയ്ക്കു ലൈസൻസുള്ള ബത്ര മിൽവോക്കിയിൽ ഒരു കേസിൽ സഹായിക്കാൻ പറക്കാനായി ഹാർലിംഗ്ടൺ എയർപോർട്ടിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

Indian court interpreter Meenu Batra released from ICE custody

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക