Image

എക്‌സാറ്റു ഫലത്തില്‍ കേരളം ആരെടുക്കും?- (എ.സി. ജോര്‍ജ് )

എ.സി. ജോര്‍ജ് Published on 01 May, 2026
എക്‌സാറ്റു ഫലത്തില്‍ കേരളം ആരെടുക്കും?- (എ.സി. ജോര്‍ജ് )

കേരള അസംബ്ലി തെരഞ്ഞെടുപ്പ് പ്രഖ്യാപനവും, തിരഞ്ഞെടുപ്പ് പ്രചാരണവും, തെരഞ്ഞെടുപ്പും വളരെ പെട്ടെന്ന് തന്നെ നടന്നു. ഏപ്രില്‍ ഒമ്പതാം തീയതി നടന്ന കേരള അസംബ്ലി തെരഞ്ഞെടുപ്പ് ഫലം അറിയാന്‍, മേയ് നാലാം തീയതി വരെ ഒരു നീണ്ട കാത്തിരിപ്പ്. ഫലമറിയാനുള്ള ആകാംക്ഷഭരിതമായ കാത്തിരിപ്പ്. ഇലക്ട്രോണിക് ബാലറ്റ് ബോക്‌സില്‍ നിന്ന് ഫലമായി വെളിയില്‍ വരാന്‍ ബാലറ്റുകള്‍ വീര്‍പ്പുമുട്ടുകയാണ്. കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളില്‍ ആരോപിക്കപ്പെട്ട മാതിരി ബാലറ്റുകളില്‍ തിരിമറി നടക്കുമോ എന്ന ഭയപ്പാടോടെ ചിലര്‍. അതിനിടയില്‍ പല പാര്‍ട്ടിക്കാര്‍ക്കും, അങ്കലാപ്പ്, ഉറക്കമില്ലാത്ത രാവുകള്‍, സങ്കല്പത്തില്‍ ലഭ്യമാകേണ്ട വോട്ടുകളെ പറ്റി കൂട്ടല്‍ കിഴിക്കല്‍. എല്ലാ സ്ഥാനാര്‍ത്ഥികളും എല്ലാ മുന്നണികളും വിജയം മാത്രം അവകാശപ്പെടുന്നു. ആരും തങ്ങള്‍ തോറ്റു പോകുന്നതായി പറയുന്നില്ല. എല്ലാവരും ജയിക്കാനായി ജനിച്ചവര്‍. വിജയം ആഘോഷിക്കാനായി, കേക്കും കൊച്ചു മിട്ടായിയും, മാലപ്പടക്കവും അവര്‍ റെഡിയാക്കി വച്ചു കഴിഞ്ഞു. വിദേശത്ത് അമേരിക്കയിലും മറ്റുമുള്ള കേരള രാഷ്ട്രീയ മുന്നണികളുടെ പോഷക സംഘടനകളും കേരളത്തിലെ അവരുടെ രാഷ്ട്രീയ ഇഷ്ടതോഴന്മാരുടെ വിജയം സമുചിതമായി ആഘോഷിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു.

അതിനിടയില്‍ ഇതാ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വെളിയില്‍. ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യു.ഡി.എഫ് അനുകൂലം. യു.ഡി.എഫുകാരുടെ മനസ്സില്‍ ആഹ്ലാദത്തിന്റെ പൂത്തിരി. എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണിക്കാരുടെ പുഞ്ചിരി മായുന്നു, അവര്‍ക്ക് നെഞ്ചിടിപ്പ് ഏറുന്നു. കഴിഞ്ഞ 10 കൊല്ലം, കേരള തലസ്ഥാനമായ തിരുവനന്തപുരത്ത്, അത്യാഢ്ബരപൂര്‍വ്വം നങ്കൂരമിട്ട്, തന്നിഷ്ടം മാതിരി ഭരണം നടത്തിയ എല്‍.ഡി.എഫ്, എന്ന കപ്പല്‍ അതിനെ ചോദ്യം ചെയ്യാന്‍ ആകാത്ത രീതിയില്‍ നയിച്ച ശ്രീ. പിണറായി വിജയന്‍ എന്ന മൂത്ത കപ്പിത്താനോടൊപ്പം മുങ്ങിത്താഴാന്‍ പോകുന്നു. മുങ്ങുന്ന കപ്പലില്‍ നിന്ന് ചിലര്‍ ചാടി മുമ്പേ രക്ഷപ്പെട്ടിരുന്നു. ഇനിയും പലരും രക്ഷപ്പെടാനുള്ള തത്രപാടിലാണ്. കയ്യില്‍ കിട്ടുന്നതെല്ലാം പെറുക്കി ചാക്കിലാക്കി മന്ത്രി മന്ദിരങ്ങളും, അതുപോലെ പഴയ എം.എല്‍.എ.മാരും എം.എല്‍.എ.ക്വാര്‍ട്ടേഴ്‌സുകള്‍ ഒഴിയാന്‍ റെഡി ആയിക്കൊണ്ടിരിക്കുകയാണ്. അവരുടെ സ്ഥാപന ജംഗമ വസ്തുക്കെല്ലാം കയറ്റി കൊണ്ടുപോകാന്‍ ധാരാളം ട്രക്കുകള്‍ നിരന്നു കഴിഞ്ഞു. 10 കൊല്ലം തിന്ന് കുടിച്ച് സുഖസമൃദ്ധമായി കഴിഞ്ഞ മുഖ്യമന്ത്രി മന്ദിരം, ക്ലിഫ്ഹൗസിനെ നോക്കി മുഖ്യമന്ത്രിയും ക്യാപ്റ്റനുമായ ആ മാന്യദേഹവും സ്വന്തം കുടുംബാംഗങ്ങളും,  നെടുവീര്‍പ്പോടെ, കണ്ണുനീരോടെ വിടചൊല്ലുകയാണ്. വെളിയില്‍ പോയാലും അത്യധികം ആര്‍ഭാടത്തോടെ ജീവിക്കാനുള്ള വക നേടിയിട്ടുണ്ടെങ്കിലും, കേരളത്തിലെ നമ്പര്‍ വണ്‍ സിറ്റിസണ്‍ എന്ന രീതിയില്‍ ക്ലിപ്പ് ഹൗസിലെ വാഴ്ചയും സുഖവും, 40 ഓളം അകമ്പടി കാറുകളും ഒന്ന് വേറെ തന്നെ ആയിരുന്നല്ലോ?

ഒന്ന് പിറകോട്ട് അന്തര്‍ദേശീയ തലത്തില്‍ നോക്കിയാലും കഴിഞ്ഞുപോയ ചില മനോഹര ചിത്രങ്ങള്‍ ഇപ്പോള്‍ മനസ്സില്‍ തെളിഞ്ഞു വരികയാണ്. തന്നെ, കേരള മുഖ്യനെ പൊക്കിയെടുത്ത് ചില അന്തര്‍ദേശീയ മെഗാ മലയാളി സംഘടനകള്‍ ആയ ഫൊക്കാനാ, ഫോമാ, വേള്‍ഡ് മലയാളി, അഖില ലോക കേരള സഭ അംഗങ്ങള്‍, എം.പികള്‍ മറ്റ് നിരവധി പ്രാഞ്ചിയേട്ടന്‍മാര്‍, വൈക്കം മുഹമ്മദ് ബഷീര്‍ നോവലില്‍ പറയുന്ന 'എട്ടുകാലി മമുഞ്ഞുകള്‍' ഒറ്റെക്കെട്ടായി അണിനിരന്ന് ലോക തലസ്ഥാനമായ ന്യൂയോര്‍ക്ക് ടൈംസ്‌ക്വയറില്‍ നല്ല ഉറപ്പുള്ള ഇരുമ്പ് സിംഹാസനത്തില്‍ കുത്തി ഇരുത്തിയതും ഇനി വെറും ഹൃദയത്തില്‍ ഓമനിക്കാനും താലോലിക്കാനുള്ള മധുരിക്കുന്ന ഓര്‍മ്മകള്‍ മാത്രം.

ഇനിയിപ്പോള്‍ കേള്‍ക്കുന്നു കേരള മുഖ്യന്‍ ആകാന്‍, ആ ക്ലിപ്പ് ഹൗസില്‍ ഒന്ന് കയറിപ്പറ്റാന്, എക്‌സിറ്റ് പോള്‍ ഫല വെളിച്ചത്തില്‍ യു.ഡി.എഫിലെ ചില വമ്പന്‍മാരും കൊമ്പന്‍മാരും, വായില്‍ ആശയുടെ വെള്ളവും ഒലിപ്പിച്ച് തമ്മില്‍ തമ്മില്‍ ചില സ്വന്തം അനുയായികളുമായി ഒളിപ്പോര്‍ യുദ്ധം നടത്തുന്നുവെന്ന്. അത് കേള്‍ക്കുമ്പോള്‍ തോറ്റോടുന്ന ഇപ്പോഴത്തെ മുഖ്യനു, മുക്കി മുക്കി ആണെങ്കിലും കീഴേ കൂടെയും മേലെ കൂടെയും ഒരു ആശ്വാസം. അവന്മാര് അടിച്ചുതീര്‍ത്തു പിരിയും. വോട്ടേഴ്‌സ് ആയ പൊതുജനങ്ങള്‍ ഒരു താലത്തില്‍ അധികാരം വെച്ചുകൊടുത്താല്‍ പോലും അത് വിനിയോഗിക്കാന്‍ അറിവില്ലാത്ത ഭാഗ്യമില്ലാത്ത ഇവറ്റകളെ ഓര്‍ത്ത് പടിയിറങ്ങുന്ന മുഖ്യനും, പാര്‍ശ്വവര്‍ത്തികളും ഹൃദയത്തില്‍ സന്തോഷിക്കാതിരുന്നില്ല. ഏതായാലും ഖജനാവ് കാലിയാക്കി കഴിഞ്ഞു. ഭരിക്കാന്‍ വരുന്നവര്‍ എവിടെ നിന്ന് കാശ് എടുത്ത് ഭരിക്കും കളിക്കും. എന്ന് കാണട്ടെ?. കേന്ദ്രത്തില്‍ നിന്നും അവര്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. പിന്നെ സെക്രട്ടറിയേറ്റിലെ ഫല ഫയലുകളും, മുക്കണം അല്ലെങ്കില്‍ കത്തിച്ചു കളയണം. വരുന്ന ഭരണകര്‍ത്താക്കള്‍ ഒന്നും ചികഞ്ഞു പൊക്കിക്കൊണ്ട്, തങ്ങളെ പൂട്ടാന്‍ വരരുത്. പിന്നെ തമ്മിലടിക്കാന്‍ പോകുന്ന യു.ഡി.എഫിനെതിരെ നിരന്തരം, സമരങ്ങളും കരിങ്കൊടി പ്രക്രടനങ്ങളും, എന്‍ഡിഎയുമായി ചേര്‍ന്നു നടത്തുക എന്നത് എല്‍ഡിഎഫിന് പുത്തരിയൊന്നുമല്ലല്ലോ?. വരാന്‍ പോകുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ വീശാന്‍ കുറെ അധികം കരിംകൊടികള്‍ തയ്യാറാക്കണം. അങ്ങനെ ഇപ്രാവശ്യം തോറ്റോടുകയാണെങ്കില്‍ പോലും ഭാവിയിലേക്ക് നോക്കുമ്പോള്‍ ഒരു വെള്ളിവെളിച്ചം കാണാനുണ്ട്.

ഏതായാലും ഈ ലേഖകന്‍ കേരള ഭരണത്തിലും രാഷ്ട്രീയത്തിലും കുറച്ചുകാലമായി അരങ്ങേറി കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ ഇപ്പോള്‍ വന്നിരിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ വിശ്വസിക്കാനും ന്യായീകരിക്കാനും ആണ് തോന്നുന്നത്. സത്യത്തില്‍ ഈ എക്‌സിറ്റഅ പോള്‍ ഫലങ്ങള്‍ വെളിയില്‍ വരുന്നതിന് മുമ്പ് തന്നെ ഫലം ഇങ്ങനെയൊക്കെ തന്നെ ആയിരിക്കുമെന്നാണഅ ഈ ലേഖകന്‍ കരുതിയിരുന്നത്. ഭരണത്തില്‍ പാളിച്ചകള്‍ ആയിരുന്നു അധികവും. അതിനെപ്പറ്റി ഒക്കെ വീണ്ടും വിവരിക്കുന്നതല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. ഭരണകര്‍ത്താക്കളുടെ വീഴ്ചകള്‍ മീഡിയയുടെ സൃഷ്ടിയാണെന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ഭരണത്തിന്റെ പിഴവുകള്‍ എത്രയോ വട്ടം മീഡിയകള്‍ മൂടിവച്ചിരിക്കുന്നു അല്ലെങ്കില്‍ ന്യായീകരിച്ചിരിക്കുന്നു. മാധ്യമ ധര്‍മ്മം തന്നെ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുക എന്ന കാര്യവും മറക്കരുത്. തമ്മില്‍ കൊമ്പ് കോര്‍ക്കുന്ന ഈ മൂന്ന് മുന്നണികളുടെയും ചില സ്ഥാനാര്‍്തഥികളുടെയും അവരുടെ വക്താക്കളുടെയും പ്രഖ്യാപനങ്ങളും പ്രവര്‍ത്തനങ്ങളും പലപ്പോഴും ജനവിരുദ്ധവും വികസന വിരോധവും നിറഞ്ഞതായിരുന്നു. അപ്രകാരമുള്ള സ്ഥാനാര്‍ത്ഥികളും വ്യക്തികളും തെരഞ്ഞെടുപ്പില്‍ കക്ഷിഭേദമെന്യേ തോല്‍ക്കണം എന്ന് ആഗ്രഹിക്കുന്ന വോട്ടറന്മാരായ ജനങ്ങള്‍ ധാരാളം കാണുമല്ലോ. തീവ്ര മത വര്‍ഗീയതടോയെ കേന്ദ്രഭരണം കയ്യാളുന്ന എന്‍ഡിഎ മുന്നണിയെ ഇപ്രാവശ്യവും പ്രബുദ്ധരായ കേരള ജനത എട്ടുനിലയില്‍ പൊട്ടിക്കും എന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്.

അതുപോലെതന്നെ, 'തമ്മില്‍ ഭേദം തൊമ്മന്‍' എന്ന രീതിയില്‍ ഓരോ കക്ഷികള്‍ക്കും, വ്യക്തികള്‍ക്കും ഓരോ അവസരത്തില്‍ വോട്ടുകള്‍ മാറി മാറി കുത്തുന്ന പൊതു ജനങ്ങളും നമ്മുടെ ഇടയില്‍ ഉണ്ടല്ലോ. ഏതു വ്യക്തി ഏതു പാര്‍ട്ടി വിജയിച്ചു വന്നാലും 'കോരന് കഞ്ഞി എന്നും കുമ്പിളില്‍' തന്നെ എന്ന് ചിന്തിക്കുന്ന പൊതുജനങ്ങളും ഉണ്ടല്ലോ?

എല്‍ഡി.എഫ് തോറ്റു തന്നം പാടിയാലും, ഈ എക്‌സിറ്റ് പോളുകാര്‍ കുറെ അധികം സീറ്റുകള്‍ അവര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് ഒരു മഹാ അത്ഭുതമായി തോന്നുന്നു. വെള്ളി വെളിച്ചത്തില്‍, പച്ചക്ക് ജനാധിപത്യം എന്ന പേരില്‍ ജനങ്ങളുടെ നെഞ്ചത്ത് എന്തെല്ലാം വൃത്തികേടുകളും ആധിപത്യവും ആണ് അവര്‍ കാണിച്ചുകൂട്ടിയത്? മുഖ്യന്റെ പ്ലെയിന്‍ യാത്രയ്ക്കിടെ സമാധാനപരമായി പ്രതിഷേധിച്ച യുവജനങ്ങളെ, അവരുടെ പാര്‍ട്ടി നേതാവ്, തൊഴിച്ച് തള്ളുക. എന്നിട്ട് തൊഴി കൊണ്ട് നിലത്ത് കിടന്ന് ഉരുളുന്ന പാവപ്പെട്ട പയ്യന്മാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക. അനീതിക്കെതിരെ പ്രതിഷേധിക്കുന്ന, കരിങ്കൊടി പ്രദര്‍ശിപ്പിക്കുന്ന യൂത്തന്മാരെ ഭാരമുള്ള ചെടിചട്ടി കൊണ്ട് തലയ്ക്കടിക്കുക. അവരെ സെക്യൂരിറ്റി ഗുണ്ടകളെ കൊണ്ട് പാമ്പിനെ തല്ലുന്ന മാതിരി തല്ലി ചതയ്ക്കുക. പാമ്പിനെ പോലും ഇക്കാലത്ത്  തല്ലാറില്ല. അതിനെ പോലും സൗമ്യമായി പിടിച്ചു തൊട്ടു തലോടി, എയര്‍ കണ്ടീഷന്‍ ചാക്കിലാക്കി വനത്തില്‍ വിടുകയാണ് പതിവ്. പാര്‍ട്ടിയുടെ അസംബിലി സ്പീക്കറുടെ അനുമതിയോടെ അവതരിപ്പിച്ച ആരോഗ്യ മന്ത്രിയുടെ'കഴുത്തുളുക്ക്' എന്ന പൊറാട്ട് നാടകം. അതിനു വീണ്ടും ബലിയാടുകളും, ജയില്‍വാസവും അനുഭവിക്കേണ്ടി വന്ന ചില കരിങ്കൊടി വാഹികളായ പാവം യൂത്തന്മാരും. മറ്റ് ഭരണ രംഗത്ത് ഉണ്ടായ വൈവിധ്യമേറിയ പരാജയങ്ങളെ പറ്റി ലേഖന സ്ഥലപരിമിതിയുള്ളതിനാല്‍ ഇവിടെ വിവരിക്കുന്നില്ല.

യു.ഡി.എഫിന്റെ പോരാട്ടം കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ ഭരണകക്ഷിയോടും, കേരളം ഭരിക്കുന്ന എല്‍ഡിഎഫ് ഭരണകക്ഷിയോടും, പിന്നെ യു.ഡി.എഫില്‍ തന്നെ പരസ്പരം കലഹിക്കുന്ന ചില അധികാരമോഹികളോടും ആയിരുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങളെ എല്ലാം അതിജീവിച്ച് യു.ഡി.എഫ്. തന്നെ വിജയിക്കും എന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. ഇനിയിപ്പോള്‍, പോളിംഗ് സിസ്റ്റത്തിലോ, എണ്ണലിലോ എന്തെങ്കിലും തിരിമറി നടന്നാല്‍ മാത്രം എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തെറ്റായി മാറും, അല്ലെങ്കില്‍ തെറ്റായി മാറ്റും. പിന്നീട് വരാന്‍ പോകുന്നത്, എം.എല്‍.എമാര്‍ക്കിടയിലുള്ള, കാലു മാറ്റങ്ങളും കുതിരക്കച്ചവടങ്ങളും. തുടര്‍ന്നുള്ള തൂക്ക് മന്ത്രിസഭയും മറ്റുമായിരിക്കും. അങ്ങനെ വന്നാല്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍, എന്‍ഡിഎ അടങ്ങുന്ന ഒരു കൂട്ടു മുന്നണി മന്ത്രിസഭ ആയിരിക്കും. കഴിഞ്ഞകാല ചെയ്തികള്‍ നോക്കിയാല്‍ എല്‍ഡിഎഫ്, ബിജെപി(എന്‍ഡിഎ) കക്ഷികള്‍ തമ്മില്‍ ഒരു പരസ്പര സഹായ അന്തര്‍ധാര ഏത് കൊച്ചു കുഞ്ഞിനു പോലും മനസ്സിലാക്കാന്‍ സാധിക്കുന്നതേയുള്ളൂ.

ഏതായാലും ഇനി ഏതാനും മണിക്കൂറുകള്‍ക്കകം എക്‌സാറ്റ് റിസള്‍ട്ടുകള്‍ പുറത്ത് വന്നു തുടങ്ങു. പുതിയ കേരള അസംബ്ലി എം.എല്‍.എ. മലാഖ കുഞ്ഞുങ്ങള്‍ പിറന്നു തുടങ്ങും. ആ ഓരോ വിജയത്തെയും തോല്‍വിയെയും ആര്‍ത്തട്ടഹസിച്ചുകൊണ്ട് നമ്മുടെ പ്രിയപ്പെട്ട മലയാള ടിവി ചാനലുകള്‍  ഉല്‍ഘോഷിക്കും. ഈ ലേഖകന്‍ അല്ല, മറ്റു ചിലര്‍ പറയുന്ന കഴുതകളായ വോട്ടര്‍മാര്‍, പൊതുജനങ്ങള്‍ ഹര്‍ഷാരവത്തോടെ അവരെ സ്വീകരിക്കേണ്ടതെയുള്ളൂ. വരാന്‍ പോകുന്ന മുന്നണി മുഖ്യമന്ത്രിയെ പറ്റിയോ, മറ്റു മന്ത്രിമാരെ പറ്റിയോ ഇപ്പോള്‍ ഇവിടെ ചര്‍ച്ച ചെയ്തു കൂടുതല്‍ പുലിവാല്‍ പിടിക്കേണ്ടതില്ലല്ലോ. ആദ്യം കുഞ്ഞ് ജനിക്കട്ടെ എന്നിട്ടു പോരെ ജാതകം എന്ന് പണ്ട് ആരാണ്ട് പറഞ്ഞതിനോട് യോജിച്ചുകൊണ്ട് ഈ ലേഖനം ഇവിടെ ഉപസംഹരിക്കുകയാണ്.
 

Join WhatsApp News
ജോർജ് കുരുവിള 2026-05-01 19:09:13
പലപ്പോഴും പല മുന്നണികളും കേരള ഭരണം എടുത്തോണ്ട് പോയിട്ടും കേരളത്തിൽ പ്രജകൾക്ക് കഞ്ഞി ഇന്നും കുമ്പിളിൽ തന്നെ. കഴിഞ്ഞ പത്തുകൊല്ലം കാലം കേരളം ഭരിച്ചു മുടിച്ച ഇപ്പോഴത്തെ ഭരണമുന്നണി എത്രയും പെട്ടെന്ന് പോയി തന്നാൽ നന്നായിരുന്നു. poll number കേട്ടിടത്തോളം അവരുടെ കപ്പൽ അറബിക്കടലിൽ മുങ്ങിത്താഴാൻ പോകുന്നു എന്ന് കേട്ടത് വളരെ സന്തോഷം. അതുപോലെ, വർഗീയ പാർട്ടികളുടെ ഒരു കപ്പൽ അല്ല ഒരു ബോട്ട് പോലും കേരളതീരത്ത് അടുപ്പിക്കരുത്. അവരുടെ കേന്ദ്രഭരണം അവരുടെ മത വർഗീയവാദികൾക്ക് വേണ്ടി മാത്രമാണ്. ഇനിയിപ്പോ യുഡിഎഫിനെ നമുക്കൊന്ന് പരീക്ഷിക്കാം. അവരും അത്ര നല്ല കക്ഷിക്കാർ ഒന്നുമല്ല. പിന്നെ വേറെ വഴി ഇല്ലല്ലോ, ഇതിലെ ലേഖകൻ പറയുന്ന മാതിരി തമ്മിൽ ഭേദം ഒരു തൊമ്മൻ എന്ന രീതിയിൽ അവർ ഭരണം ഏറ്റെടുക്കട്ടെ. അവിടെ ഒന്നാമത്തെ എല്ലാവരും . എല്ലാവർക്കും മുഖ്യമന്ത്രിയാകണം മന്ത്രിയാകണം. അവർ അധികാരത്തിൽ ഏറിയാൽ പഴയ മന്ത്രിസഭയുടെ എല്ലാ ദുർ ഭരണങ്ങളെയും, അവരുടെ അഴിമതികളെയും, അവരുടെ കള്ളക്കേസുകളെയും, അവരുടെ പിൻവാതിൽ നിയമങ്ങളെയും എല്ലാം അന്വേഷിക്കണം കണ്ടുപിടിക്കണം, യാതൊരു കോംപ്രമൈസ് ചെയ്യാതെ എത്ര വമ്പന്മാർ ആണെങ്കിലും, പഴയ മുഖ്യൻ പിണറായി കുറ്റം ചെയ്തെങ്കിൽ അയാളെയും പിടിച്ചു ജയിലിൽ ഇടണം. മാതൃകാപരമായ ഒരു നല്ല ഭരണമായിരിക്കണം യുഡിഎഫ് നടത്തേണ്ടത്. UDF ഒരു 100 സീറ്റ് നേടുമെന്നാണ് എൻറെ കണക്ക് കൂട്ടൽ. ഏതാണെങ്കിലും മുകളിലത്തെ ലേഖനം, രസകരം, ധർമ്മം കലർത്തിയ വിവരണങ്ങൾ, വസ്തുതാപരം, അമേരിക്കയിലും മറ്റുമുള്ള അമേരിക്കൻ മലയാള സംഘടനാ പൊങ്കന്മാരും, പ്രവാസി കോൺഗ്രസുകാരും, പ്രാഞ്ചി ഏട്ടന്മാരും, എട്ടുകാലി മമ്മൂഞ്ഞു മാതിരിയുള്ള വ്യക്തികളും ഇതെല്ലാം തങ്ങളുടെ നേട്ടമാണെന്ന് പറഞ്ഞു ഓടി നടക്കും. യുഡിഎഫ് നേതാക്കൾ അമേരിക്കയിൽ എത്തിയാൽ അവരെ പൊക്കിക്കൊണ്ട് നടക്കും, അവിടെ നാട്ടിൽ ചെന്നാൽ അവരൊപ്പം നിന്ന് ഫോട്ടോ എടുക്കലും വീമ്പിളക്കലും. ഇതൊക്കെ നമ്മുടെ ചില ആൾക്കാരുടെ ഒരു സ്വഭാവമാണ്. ഇപ്പോൾ കണ്ടില്ലേ, അമേരിക്കയിലെ സിനിമ സ്റ്റാർ നൈറ്റുകൾ. അവരെയൊക്കെ പൊക്കി തോളിൽ വെച്ചുകൊണ്ടല്ലേ നമ്മുടെ അമേരിക്കൻ മലയാളി നേതാക്കന്മാരുടെ ഓരോ വാർത്തകളും ചെയ്തികളും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പഴയ മുഖ്യമന്ത്രിയെ കൊണ്ടുവന്ന ഇരുമ്പ് കസേരയിൽ ഇരുത്തിയ വിവരവും ഒക്കെ മുകളിൽ ലേഖനത്തിൽ സരസമായി വിവരിച്ചത് നന്നായി. ഇനിയിപ്പോ രണ്ടുദിവസത്തിനകം ഫലം പുറത്തു വരുമല്ലോ?. തോക്കുന്നവരുടെയും ജയിക്കുന്നവരുടെയും ചങ്കിടിപ്പ് അല്പം കൂടി എന്നിരിക്കും. ആരൊക്കെ മന്ത്രി ആയിരിക്കും എന്നത് മറ്റൊരു ചിന്താവിഷയം?. . ആരായിരിക്കും സ്പീക്കർ?. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഇതോടെ തകർന്നടിയും. ജോസഫ് ഗ്രൂപ്പ് മിന്നുന്ന പ്രകടനം ആയിരിക്കും കാഴ്ച വയ്ക്കുക. എന്നാലും അങ്ങേരുടെ ആ പയ്യൻ ടിക്കറ്റ് കൊടുത്തത് അത്ര ശരിയായി എന്ന് തോന്നുന്നില്ല. പയ്യനും നല്ലവനാണ്. പക്ഷേ അങ്ങേക്കാലും അർഹരായ എത്രയോ പാർട്ടിയിൽ ഉണ്ടായിരുന്നു?. ഇവിടെ എൻറെ മനസ്സിൽ തോന്നിയ ഒന്ന് രണ്ട് കാര്യങ്ങൾ ഞാൻ ഇവിടെ പ്രതികരണ ഗോളത്തിൽ കുറിച്ചു എന്ന് മാത്രം.
Manukuttan kumarakam 2026-05-01 19:40:42
LDF 74 UDF 63 NDA 3 Total = 140
സുകുമാരൻ കിഴക്കേടത്ത് 2026-05-01 20:17:25
ഇവിടെ ജോർജ് കുരുവിള യുഡിഎഫിന് 100 സീറ്റ് കിട്ടുമെന്ന് പറയുന്നു. അത് ശരിയാകും എന്ന് എനിക്ക് തോന്നുന്നില്ല. ഒരു 75 സീറ്റ് കിട്ടുമായിരിക്കും. അല്ലെങ്കിൽ നോക്കിക്കോ?. പ്രതിപക്ഷത്തിന് 65 കിട്ടും. അങ്ങനെ ശക്തമായ എൽഡിഎഫ്. യുഡിഎഫ് കയറിയാലും തമ്മിൽ തല്ലി ഒരു കൊല്ലത്തിനകം അവരെ നോൺ കോൺഫിഡൻസ് മോഷൻ ലൂടെ എൽഡിഎഫ് പുറത്താക്കും. കോൺഗ്രസിലെ ഒരു നല്ല പക്ഷം എൽഡിഎഫിലേക്ക് കുറെ പേർ ബിജെപിയിലേക്ക് പോകും. ഞാൻ പറയുന്നത് നേരാവുകയാണെങ്കിൽ, മുകളിലത്തെ എഴുത്തുകാരനോ പത്രാധിപരോ എനിക്കെന്ത് തരും?. എഴുതി വെക്കുക. എൻറെ വാക്ക് ശരിയായില്ലെങ്കിൽ ഞാൻ ഒരു 1000 ഡോളർ തന്നിരിക്കും. . പിന്നെ മണക്കുട്ടന്റെ പ്രവചനം കേട്ടിട്ട് LDF അധികാരത്തിൽ കേറും എന്ന് തോന്നുന്നു. അതും തെറ്റാണ് മണക്കുട്ടാ. വീണ്ടും എൽഡിഎഫ് അധികാരത്തിൽ കയറുകയാണെങ്കിൽ ഞാനെൻറെ മീശ പകുതി എടുക്കുകയോ തല മൊട്ടയടിക്കുവോ ചെയ്തോളാം? സ്ഥിരം പ്രതിരോധം എഴുത്തുകാരനായ regi നെടുങ്ങാട് പള്ളി ആയിരിക്കട്ടെ നമ്മുടെ സാക്ഷി അല്ലെങ്കിൽ മധ്യസ്ഥൻ. എന്താ ഈ ബെറ്റിന് സമ്മതമാണോ?.
Sunil 2026-05-01 20:23:43
Hello George Kuruvilla, you showed your anger against racial or religious groups. Who is racial ? BJP or Muslim League ? If you can support Muslim league, why can't I support BJP ?
ലിസ ചാക്കോ 2026-05-02 07:17:42
അഞ്ചു കൊല്ലം മുമ്പ് നടന്ന ഇലക്ഷനിൽ UDF അധികാരം പിടിക്കേണ്ടത് ആയിരുന്നു. അതിൽ അല്പം കയ്പ്പിഴാ പറ്റിപ്പോയി. ഈ പ്രാവശ്യം എങ്കിലും എൽഡിഎഫിന് തറ തെറ്റിച്ച് 100% യുഡിഎഫ് അധികാരം പിടിക്കും. അക്കാര്യത്തിൽ ആർക്കും ഒരു സംശയം വേണ്ട. എൻറെ അപ്പൻ കോട്ടയം ഡിസിസി പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാട്ടിലായിരുന്നപ്പോൾ ഞാനും യൂത്ത് കോൺഗ്രസിന്റെ ഒരു മുന്നണി പോരാളിയും ഭാരവാഹിയും ആയിരുന്നു. കഴിഞ്ഞ 10 വർഷക്കാലം എന്തൊരു ദുർഭരണമായിരുന്നു. അതൊന്നും തീർന്നു കിട്ടിയല്ലോ ഈശ്വരാ. ഇനി ഒരു രണ്ടു ദിവസം മാത്രം കാത്തിരുന്നാൽ മതിയല്ലോ. എന്തല്ല മുട്ടാപൊക്കി ന്യായങ്ങൾ ആയിരുന്നു എൽഡിഎഫ് കാർ പറഞ്ഞുകൊണ്ടിരുന്നത്. അവരുടെ എല്ലാ ഭരണാധികാരികളെയും തിരുവനന്തപുരത്ത് നിന്ന് പറ പറപ്പിക്കണം. തീർച്ചയായിട്ടും യുഡിഎഫും കോൺഗ്രസും ഒരു നല്ല ഭരണം കാഴ്ചവയ്ക്കും. ഇത്തവണ കോൺഗ്രസ് ഭരണം പിടിച്ചില്ലെങ്കിൽ ഒരു സ്ത്രീയായ ഞാനും തല മൊട്ടയടിക്കാൻ തയ്യാറാണ്. മതങ്ങൾ തമ്മിലുള്ള ശത്രുതയും വർഗീയതയും കൊണ്ടുവരുന്ന BJP-NDA സഖ്യത്തിന് കിട്ടുന്നത് ആന മുട്ട സീറ്റ് ആയിരിക്കും. ഒരു വിധം സമുദായിക സൗഹാർദ്ദയിൽ കഴിയുന്ന, കേരള ജനതയ്ക്ക്, ഹിന്ദു വർഗീയത ആവശ്യമില്ല. ഇവിടെ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും നൂറ്റാണ്ടുകളായി ഏകോദര സഹോദരന്മാരെ പോലെ കഴിയുന്നു. അവർ പരസ്പരം മതങ്ങളെ ബഹുമാനിക്കുന്നു. . അത് അങ്ങനെ തന്നെ നിലനിൽക്കണമെങ്കിൽ ബിജെപിയെ ഓടിക്കണം. യുഡിഎഫ് സത്യപ്രതിജ്ക്കായി മറ്റു പലരെയും പോലെ ഞാനും കാത്തിരിക്കുകയാണ്. ഭരണം കൈ കിട്ടിയാൽ യുഡിഎഫ് ജനങ്ങൾക്ക് വേണ്ടി ആയിരിക്കണം ഭരിക്കുന്നതും പ്രവർത്തിക്കുന്നതും. പിന്നെ ലേഖനം നല്ലതാണ് കേട്ടോ?.
രാധാകൃഷ്ണൻ തോപ്പിൽ 2026-05-02 19:48:03
ഇവിടെ യുഡിഎഫ് അനുഭാവികളാണ് കൂടുതൽ എന്ന് തോന്നുന്നു. ചിലപ്പോൾ നിങ്ങളുടെ മനക്കോട്ട, മെയ് നാലിന് തകരും. നിങ്ങൾ അമിത പ്രതീക്ഷയൊന്നും വയ്ക്കേണ്ട. അഥവാ എൽഡിഎഫ് തോറ്റാലും ഒരു നല്ല ഭരണം കാഴ്ചവെച്ചു എന്ന് സംതൃപ്തിയോടെ ആയിരിക്കും അവർ പടിയിറങ്ങുന്നത്. യുഡിഎഫ് വന്നാലും ഭരണം ശരിക്കും നടക്കും എന്ന് തോന്നുന്നില്ല. അവരുടെ മുഖ്യമന്ത്രി പറയുന്നത് മറ്റു മന്ത്രിമാരും മറ്റും അനുസരിക്കുകയില്ലായിരിക്കും. യുഡിഎഫ് മന്ത്രിസഭയ്ക്ക് LDF മന്ത്രിസഭ മാതിരി ഒരു കെട്ടുറപ്പ് കാണുകയില്ല. ഓരോ മന്ത്രിയും അവിടെ മുഖ്യമന്ത്രിയായിട്ടായിരിക്കും പെരുമാറുക നടക്കുക. LDF മുഖ്യമന്ത്രി പിണറായി ഒരു ലീഡർ തന്നെയായിരുന്നു. മറ്റും മന്ത്രിമാർക്കും, അവരുടെ സ്വന്തം പാർട്ടിക്കാർക്ക് പോലും അദ്ദേഹത്തെ ഭയമായിരുന്നു. അതായത് അദ്ദേഹം ഒന്ന് കണ്ണുരുട്ടിയാൽ അവരുടെ മുന്നണിക്കുള്ള മന്ത്രിമാരോ ആരാണെങ്കിലും അനുസരിക്കും ആയിരുന്നു, നിക്കറിൽ മൂത്രമൊഴിക്കുമായിരുന്നു. അത്തരക്കൊരു ലീഡർഷിപ്പ് അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. ഓർക്കുക കണ്ണുള്ളപ്പോൾ കണ്ണിൻറെ വില അറിയുകയില്ല. ഒന്നു പറഞ്ഞുവെന്ന് മാത്രം. ഇപ്പോൾ കണ്ടില്ലേ ഒരു യുഡിഎഫ് മുഖ്യമന്ത്രിയെ കണ്ടുപിടിക്കാൻ പെടുന്ന തത്രപ്പാട്. ഇനി ഇതിൽ അധികം ബുദ്ധിമുട്ടാകും മറ്റു മന്ത്രിമാരെ കണ്ടു പിടിക്കാൻ. എല്ലാവർക്കും മന്ത്രി ആകണമെന്ന് ആയിരിക്കും അവിടെ ആഗ്രഹം. മറ്റ് ഉള്ളവർ എന്ത് പറഞ്ഞാലും കേരളത്തിൽ വർഗീയ ശക്തികളെ പച്ച തൊടിക്കാതെ, വർഗീയതയിൽ നിന്ന് രക്ഷിച്ചത് എൽഡിഎഫും പിണറായിയും തന്നെ. അനീതിക്കെതിരെ ശബ്ദിക്കാൻ എന്നും എൽഡിഎഫ് ഉണ്ടാകും. യുഡിഎഫ് തൽക്കാലം നിങ്ങൾ കൊണ്ടുപോയി തിന്ന്, ഉല്ലസിക്ക്, കളി കാണാമല്ലോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക