
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിലെ മത്സരം ഇത്തവണ മലയാളികളും ആവേശപൂർവ്വം കാത്തിരിക്കുകയാണ്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാര്‍ത്ഥിയായി ജോൺ ഐസക് (ഷിബു) രണ്ടാം തവണയും മത്സരിക്കുകയാണ്. നിലവിലുള്ള അസംബ്ലി അംഗം വിരമിക്കുന്നതിനാൽ ഇതൊരു ഓപ്പൺ സീറ്റാണ്. അതിനാൽ വിജയ സാധ്യത ഏറുന്നു. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെട്ടത്.
പാർട്ടി നേതൃത്വം ഐകകണ്ഠ്യേന സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. അവിഭക്ത ഫൊക്കാനയുടെ ജനറൽ സെക്രട്ടറി ആയിരുന്ന അദ്ദേഹം മലയാളി സമൂഹത്തിൽ സുപരിചിതനാണ്.
ഏറെക്കാലമായി യോങ്കേഴ്സിൽ താമസിക്കുന്ന ജോൺ ഐസക്ക് (110 ബ്രെൻഡൻ ഹിൽ റോഡ്, യോങ്കേഴ്‌സ്, ന്യൂയോർക്ക്) ഇവിടുത്തുകാർക്ക് സുപരിചിതനും ജനസമ്മതനുമാണ്.
ഡിസ്ട്രിക്ടിന്റെ 90 ശതമാനവും യോങ്കേഴ്‌സ് ടൗൺ ആണ് . മലയാളികൾ തിങ്ങിപ്പാർക്കുന്ന നഗരം. അതുകൊണ്ടുതന്നെ ന്യൂയോർക്ക് സ്റ്റേറ്റിന്റെ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുമെന്ന് ഉറപ്പുള്ള ഐസക്കിനെ വിജയിപ്പിക്കേണ്ടത് ഇവിടെ താമസിക്കുന്ന മലയാളികളുടെ ആവശ്യമാണ്. പാർട്ടി ചായ്‌വ് മറന്ന് തങ്ങളിൽ ഒരാൾ എന്ന ചിന്തയോടെ വോട്ടർമാർ തങ്ങളുടെ കർത്തവ്യം നിർവ്വഹിക്കുമെന്നാണ് ഐസക്ക് പ്രതീക്ഷിക്കുന്നത്. ഓരോ വോട്ടും പ്രധാനമാണെന്നും തന്റെ വിജയത്തിനായി തുടർന്നും പിന്തുണ വേണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ജോണ്‍ ഐസക്കിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
19-ാം വയസ്സിൽ ഇന്ത്യയിൽ നിന്ന് കുടിയേറിയ ജോൺ ഐസക്, കഴിഞ്ഞ 18 വർഷക്കാലമായി യോങ്കേഴ്സിലാണ് താമസം. മെറിൽ ലിഞ്ച് , മെറ്റ്ലൈഫ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പ്രവർത്തിച്ച് ഫിനാൻഷ്യൽ സർവീസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. നിലവിൽ ഫോറസ്റ്റ് ഹിൽസ് ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റാണ്.
സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ബോർഡ് ഓഫ് ട്രസ്റ്റീസിൽ ഒരാളാണ്. ഇന്ത്യൻ അമേരിക്കൻ ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ്, ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മലയാളി സമൂഹത്തിന് ലഭിക്കുന്ന വലിയൊരു അംഗീകാരം കൂടിയായിരിക്കും ആ വിജയം. ഇന്ത്യക്കാർ ധാരാളമായി താമസിക്കുന്ന യോങ്കേഴ്‌സിൽ നാം ഒരുമിച്ചു പിന്തുണച്ചാൽ ജോണ്‍ ഐസക്കിന്റെ വിജയം ഉറപ്പാണ് എന്ന് ഏവരും വിശ്വസിക്കുന്നു.
പാർട്ടി ഏതായാലും നമ്മുടെ ആളുകൾ വിജയിക്കുക എന്നതാണ് പ്രധാനം. 73,000 വോട്ടേഴ്‌സുള്ള ഈ ഡിസ്ട്രിക്ടിൽ നല്ലയൊരുഭാഗം ഇന്ത്യക്കാർ ആണ് . ആദ്യമായാണ് ഇവിടെ മത്സരിക്കാൻ നമ്മുടെ ഒരാളിന് അവസരം ലഭിക്കുന്നത്. ഈ അവസരം നമ്മൾ കൃത്യമായി വിനിയോഗിച്ചാൽ കൂടുതൽ പേർക്ക് ഈ രംഗത്തേക്ക് കടന്നു വരുവാൻ പ്രചോദനമാകും.
2022 ല്‍ ഈ സീറ്റില്‍ മത്സരിച്ചു വിജയിച്ച വ്യക്തിയുടെ ഭൂരിപക്ഷം ഏകദേശം 1700 വോട്ടുകള്‍ മാത്രമാണ്, വളരെയധികം ഇന്ത്യാക്കാര്‍ വസിക്കുന്ന യോങ്കേഴ്സ് പ്രദേശത്തെ നമ്മുടെ വോട്ടുകള്‍ എല്ലാം നേടുകയാണെങ്കില്‍ ജോണ്‍ ഐസക്കിന്റെ വിജയം സുനിശ്ചിതമാണ്. "Everyone wins with Isaac" എന്നാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം. അതേ, അദ്ദേഹത്തിന്റെ വിജയത്തിലൂടെ നമുക്കോരോരുത്തർക്കും വിജയിക്കാം.

ന്യൂയോർക്ക് നേരിടുന്ന ഉയർന്ന നികുതി, വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, ജീവിതച്ചെലവ് എന്നിവയ്‌ക്കെതിരെ 'മാറ്റം' എന്ന മുദ്രാവാക്യവുമായാണ് ജോൺ ഐസക് മത്സരരംഗത്തുള്ളത്. അദ്ദേഹത്തിന്റെ പ്രധാന വാഗ്ദാനങ്ങൾ താഴെ പറയുന്നവയാണ്:
1. ആദായകരമായ ന്യൂയോർക്കും യോങ്കേഴ്‌സും
ന്യൂയോർക്ക് നേരിടുന്നത് വരുമാനത്തിന്റെ കുറവല്ല, മറിച്ച് അമിതമായ ചെലവഴിക്കലിന്റെ പ്രശ്നമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന വ്യാപകമായി നികുതി കുറയ്ക്കുക.
യോങ്കേഴ്‌സിലെ വ്യക്തിഗത ആദായനികുതി ഒഴിവാക്കുക.
ബജറ്റുകളിൽ കർശനമായ അച്ചടക്കം കൊണ്ടുവരിക.
2. പൊതുസുരക്ഷ ഉറപ്പാക്കൽ
പരാജയപ്പെട്ട ബെയ്‌ൽ പരിഷ്കരണ നിയമങ്ങൾ ഭേദഗതി ചെയ്യുക വഴി ക്രിമിനലുകൾ തെരുവിലിറങ്ങുന്നത് തടയുക.
ക്രമസമാധാന പാലനത്തിന് പോലീസിന് പൂർണ്ണ പിന്തുണ നൽകുക.
കുറ്റവാളികളേക്കാൾ ഇരകൾക്ക് പ്രാധാന്യം നൽകുന്ന സുരക്ഷാ രീതി നടപ്പിലാക്കുക.
3. വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണം
യോങ്കേഴ്‌സിലെ വിദ്യാലയങ്ങൾക്ക് അർഹമായ ഫണ്ട് ലഭ്യമാക്കാൻ പോരാടുക.
വിദ്യാഭ്യാസ മേഖലയിലെ ചെലവുകളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക.
4. സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും
യോങ്കേഴ്‌സിൽ പൂർണ്ണ സജ്ജമായ കാസിനോ ഗെയിമിംഗ് പദവി നേടിയെടുക്കുന്നതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുക.