Image

ലവ് ജിഹാദും, അമേരിക്കയിലെ കേരളാസ്റ്റോറിയും (തമ്പി ആന്റണി)

Published on 24 April, 2026
ലവ് ജിഹാദും, അമേരിക്കയിലെ കേരളാസ്റ്റോറിയും (തമ്പി ആന്റണി)

ഒരു പത്തു വർഷങ്ങൾക്ക് മുൻപ് “ലവ് ജിഹാദ്” എന്ന പദം നമ്മൾ കേട്ടിരുന്നോ? എനിക്ക് ഓർമ്മയില്ല. എന്നാൽ ഇന്നത് വലിയ ചർച്ചാവിഷയമാണ്. അതുകൊണ്ട് തന്നെ, എന്റെ സ്വന്തം അനുഭവങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ പങ്കുവയ്ക്കണമെന്നുണ്ട്.
വർഷങ്ങൾക്കുമുമ്പ് തന്നെ, എന്റെ അടുത്തറിയാവുന്ന പല മുസ്ലിം സുഹൃത്തുക്കളും മറ്റു മതങ്ങളിലുള്ള പെൺകുട്ടികളുമായി വിവാഹിതരായിട്ടുണ്ട്. അവരൊന്നും മതം മാറിയതായി കേട്ടിട്ടില്ല. അവരവരുടെ കുടുംബങ്ങളിൽ പോകുമ്പോൾ സാരിത്തുമ്പു തലവഴി ഇടുന്നതു കണ്ടിട്ടുണ്ട്. അതൊരു അഭിനയം മാത്രമാണ് എന്നാണ് എനിക്കു മനസിലായിട്ടുള്ളത്. 

അതിൽ ഒരു ബന്ധുവിന്റെ  കഥ ഇന്നും എന്റെ മനസ്സിൽ വളരെ വ്യക്തമാണ്. എന്റെ ഭാര്യയുടെ അടുത്ത ബന്ധു, ഞങ്ങൾ സ്‌നേഹത്തോടെ “ചേച്ചിയമ്മ” എന്ന് വിളിച്ചിരുന്ന സുന്ദരിചേച്ചി, ഒരു പാകിസ്ഥാൻ സ്വദേശിയെ പ്രണയിച്ച് വിവാഹം കഴിച്ചു. അമേരിക്കയിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടയിലാണ് അവർ തമ്മിൽ പ്രണയിച്ചതും പരിചയപ്പെട്ടതും. സാമ്പത്തികമായി ഏറെ സമ്പന്നനായ ഭർത്താവ്, പാക്കിസ്ഥാനിലെ രാജകുടുമ്പത്തിലെ അംഗമായിരുന്നു എന്നും അറിഞ്ഞിരുന്നു. 
ചേച്ചിയമ്മയെ  ജീവിതകാലം മുഴുവൻ ഒരു രാജകുമാരിയായി തന്നെയായിരുന്നു സംരഷിച്ചിരുന്നത്. വിവാഹശേഷം ജോലി ചെയ്യേണ്ട ആവശ്യം പോലും അവൾക്ക് ഉണ്ടായില്ല; ജോലിക്കായി ലോകത്തിന്റെ ഏതു ഭാഗത്തേക്കും പോയാലും, ചേച്ചിയമ്മയെയും രണ്ടു കുട്ടികളെയും കൂടെ കൂട്ടിയായിരുന്നു 

അവരുടെ വീട്ടിൽ ഫ്രെയിം ചെയ്തിരിക്കുന്ന  ചേച്ചിയമ്മയുടെ വിവിധ പോസിലുള്ള ചിത്രങ്ങൾ കണ്ടാൽ, ആ സ്നേഹത്തിന്റെ ആഴം ആരും തിരിച്ചറിയും. ജീവിതത്തിന്റെ അവസാന നാളുവരെ, അവർ പരസ്പരം പ്രണയികളായിട്ടാണ് ജീവിച്ചത്, എന്നതിൽ സംശയമില്ല. ഒരിക്കലും ഒരു മതമാറ്റത്തിനുള്ള നിർബന്ധമോ ശ്രമമോ ഉണ്ടായിരുന്നില്ല എന്നതാണ്അറിയാൻകഴിഞ്ഞത്. അവർ തമ്മിൽ ഉണ്ടായിരുന്നത് വിശ്വാസത്തിന്റെ. അതിർവരമ്പുകളല്ല, സ്നേഹവുംസഹകരണവുമായിരുന്നു. പരസ്പരം ബഹുമാനിച്ചും മനസ്സിലാക്കിയും ജീവിച്ച ഒരു ജീവിതം. അങ്ങനെ മരിക്കുന്നതുവരെ ഭർത്താവിന്റെ കാമുകിയെപ്പോലെ ജീവിച്ച ചേച്ചിയമ്മയുടെ അകാലമരണം ഞങ്ങളെയെല്ലാം ദുഃഖാകുലരാക്കി. അത്ര കരുതലോടെയാണ് അദ്ദേഹം ചേച്ചിയമ്മയെ കൊണ്ടുനടന്നതെന്ന്, ഞങ്ങൾക്കെല്ലാവർക്കും അറിയാമായിരുന്നു. 

ഭായിജാൻ എന്ന് പ്രേമ സ്നേഹത്തോടെ വിളിച്ചിരുന്ന ചേച്ചിയമ്മയുടെ ഭർത്താവ്, ലോകപ്രശസ്തമായ അമേരിക്കൻ കമ്പനിയായ Lockheed Martin-ലെ ഒരു പ്രമുഖ എൻജിനിയറായിരുന്നു. ജോലിസംബന്ധമായി ദീർഘകാലം സൗത്ത് കൊറിയയിൽ കഴിയേണ്ടി വന്നെങ്കിലും, ആ യാത്രകളിൽ എല്ലായ്പ്പോഴും ചേച്ചിയമ്മയും കൂടെ കൂട്ടിയിരുന്നു. അവരുടെ വിവാഹത്തിന് പിന്തുണയും കൈത്താങ്ങും കാനഡയിൽ താമസിക്കുന്ന സഹോദരനായിരുന്നു. മതവും ദേശവും കടന്നുള്ള ഈ ബന്ധങ്ങൾ, മനുഷ്യബന്ധങ്ങളുടെ യഥാർത്ഥ അർത്ഥം നമ്മെ ഓർമ്മിപ്പിക്കുന്നു.

മരണാനന്തരം, ചേച്ചിയമ്മയുടെയും കുടുംബത്തിന്റെയും ആഗ്രഹപ്രകാരം കത്തോലിക്കാ പള്ളിയിലെ അച്ചന്മാരുടെ കാർമികത്വത്തിൽ പള്ളി ശ്മശാനത്തിലാണ്  സംസ്കരിച്ചത്. പാകിസ്ഥാനിൽ മുസ്ലിമായി ജനിച്ച്, അമേരിക്കയിൽനിന്നു  ക്രിസ്ത്യാനിപെണ്ണിനെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചുവെങ്കിലും അവളുടെ ഒരാഗ്രഹത്തിനും അദ്ദേഹം എതിരു നിന്നിരുന്നില്ല. പാക്കിസ്ഥാനിലേക്കു പോകുമ്പോൾ ചേച്ചിയാമ്മ മുസ്ലിം വേഷമാണ് ധരിച്ചിരുന്നത്. ഒരു യാഥാസ്ഥിക ഇസ്ലാം കുടുംബത്തിൽ  വെറുതെയെന്തിനു പ്രശ്നങ്ങൾ ഉണ്ടാക്കണം എന്ന മനോഭാവമായിരുന്നു രണ്ടുപേർക്കും. 
അദ്ദേഹം, ഒരു മതത്തിന്റെയും ആചാരങ്ങളെ ചൊദ്യം ചെയ്യാത്ത വിശാലമായ മനുഷ്യസ്നേഹത്തിന്റെ പ്രതീകമായാണ് ഇപ്പോഴും ജീവിക്കുന്നത്.

ചേച്ചിയമ്മ തീർത്തും അപ്രതീക്ഷിതമായി നാല്പത്തി എട്ടാമത്തെ വയസ്സിൽ മാരകമായ കാൻസറിനു കീഴടങ്ങുമ്പോൾ, രണ്ടു കുട്ടികലാണ് ഉണ്ടായിരുന്നത്. മകൻ Lockheed Martin ൽതന്നെ ഐ റ്റി വിഭാഗത്തിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. അവർ ഇന്നിവിടെ അമേരിക്കയിൽ, ഏതെങ്കിലും ഒരു മതത്തിന്റെ ചങ്ങലകളിൽ കുടുങ്ങാതെ, സ്വതന്ത്രമായ ചിന്തയോടും വ്യക്തിത്വത്തോടും കൂടി ജീവിക്കുന്നു. ജോലിയിൽനിന്നു വിരമിച്ച ഭായിജാന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് ഒരേയൊരു സത്യം, മതം മനുഷ്യനെ, മാനുഷികതയുള്ള മനുഷ്യനാക്കാനാണ്.
ചേച്ചിയമ്മയുടെ പള്ളിയിലെ ഫ്യൂണറൽ കുർബ്ബാന കഴിഞ്ഞപ്പോൾ ഭായിജാൻ പറഞ്ഞ വാക്കുകൾ ഇപ്പോഴും മറക്കാൻ കഴിയുന്നില്ല .

" ഞാൻ എന്റെ ബിന്നിയമ്മക്ക്‌ അവൾ ആവശ്യപ്പെട്ടതും, അതിലധികവും കൊടുത്തു, പക്ഷെ എന്നിട്ടും വിധി അവളെ എന്നിൽനിന്നകത്തി" 
അതുപറഞ് അദ്ദേഹം കണ്ണുടക്കുന്നത് ഇപ്പോഴും മനസ്സിൽനിന്നും മായാതെ നിൽക്കുന്നു.

എനിക്കറിയാവുന്ന എന്റെ പ്രിയ സുഹൃത്തുക്കളുടെ മറ്റു പല ബന്ധങ്ങളിലും ഇതേ അനുഭവം തന്നെയാണ്. പലരും മതം മാറിയിട്ടില്ല, പേരുപോലും മാറ്റിയിട്ടില്ല. ഇതൊക്കെ ഇരുപത്തഞ്ചു വർഷത്തിനു മുൻപുള്ള കാര്യമാണ് എന്നതോർക്കണം. ഇന്ന്‌ മതം മനുഷ്യനെ വല്ലാതെ പിടിമുറുക്കിക്കൊണ്ടിരിക്കുന്നതായി തോന്നിയിട്ടുണ്ട്. 
മറുവശത്ത്, ഒരു ഹിന്ദു നായർ കുടുംബത്തിൽ നിന്നുള്ള ഒരു പെൺകുട്ടി എന്റെ ഒരു ബന്ധുവിനെ പ്രേമിച്ചു കല്യാണം കഴിച്ചു. അതിനുശേഷം സ്വമേധയാ മതം മാറി യഹോവാസാക്ഷിയായി. വിശ്വാസം ഒരു മാനസികരോഗം പോലെയാണ്, അവർ ഏതു മതത്തിലാണെങ്കിലും ആ മതത്തിലെ അന്ധവിശ്വാസികളായി മാറുന്നതിൽ അത്ഭുതമില്ല. അത് ആരുടേയും നിർബന്ധം കൊണ്ടല്ല, തീർത്തും വ്യക്തിപരമാണ്.

ഇന്നത്തെ ന്യൂജൻ തലമുറയിൽനിന്നും , ഹിന്ദുക്കളായ മറ്റു രണ്ടു പെൺകുട്ടികൾകൂടി പ്രേമവിവാഹത്തിലൂടെ ഞങ്ങളുടെ കുടുംബത്തിലേക്കു വന്നിട്ടുണ്ട്. ഒരു മതത്തിനും ഊന്നൽ കൊടുക്കാതെ,  അവർ ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രശ്നങ്ങളൊന്നുമില്ലാതെ സന്തോഷത്തോടെ ജീവിക്കുന്നു. അവരുടെ ബന്ധങ്ങളിൽ നിർബന്ധമോ ഭീഷണിയോ ഇല്ല പരസ്പര ബഹുമാനവും സ്വാതന്ത്ര്യവുമാണ്. അവരുടെ വിജയരഹസ്യം എന്നതിൽ സംശയമില്ല. 
അപ്പോൾ ചോദ്യം ഉയരുന്നു,“ലവ് ജിഹാദ്” എന്ന ആശയം എപ്പോൾ, എങ്ങനെയാണ് ഇത്രയും വലിയ ഭയം ആയി മാറിയത്? അതൊക്കെ പുതിയ കാലത്തിന്റെ പ്രത്യേകതകളായിരിക്കണം. അങ്ങനെ മതം മാറുന്നെങ്കിൽ മാറട്ടെ, അതും അവരുടെ ഇഷ്ട്ടമല്ലേ. അതുകൊണ്ടുണ്ടാകുന്ന നല്ല ഫലങ്ങളും ദൂഷ്യഫലങ്ങളും അവർതന്നെ അനുഭവിക്കട്ടെ എന്നങ്ങു തീരുമാനിച്ചാൽ തീരാവുന്നതല്ലേയുള്ളു. 

അങ്ങനെയുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിരിക്കാം. പക്ഷേ, വിരലിൽ എണ്ണാവുന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കി, മുഴുവൻ സമൂഹത്തെയും സംശയത്തോടെ കാണുന്നത് ശരിയാണോ?The Kerala Story പോലുള്ള സിനിമകൾ ഈ ചർച്ചയെ കൂടുതൽ വികാരപരമാക്കുകയും ചിലപ്പോൾ തെറ്റിദ്ധാരണകൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ഏല്ലാ കലാരൂപങ്ങൾക്കും ഒരു കാർട്ടൂണിന്റെ സ്വഭാവമുണ്ട് ഉള്ളതിനെ അതിന്റെ പത്തിരട്ടി പെരുപ്പിച്ചു കാണിക്കും. സിനിമയും അതിൽനിന്നൊന്നും വ്യത്യസ്തമല്ല. 
പക്ഷേ, യാഥാർത്ഥ്യ ജീവിതത്തിൽ, നമ്മൾ കാണുന്നത് വേറൊരു കഥയാണ്,  സ്നേഹത്തിന്റെ, സഹവർത്തിത്വത്തിന്റെ, മതസൗഹാർദത്തിന്റെ കഥ. കേരളം പോലുള്ള ഒരു സാക്ഷരസമൂഹത്തിൽ, പല മതങ്ങളും ഭാഷകളും സംസ്കാരങ്ങളും ചേർന്ന് സമാധാനത്തോടെ ജീവിക്കുന്നിടത്ത്, ഇത്തരം ആശയങ്ങൾ നമ്മളെ വേർതിരിക്കാൻ മാത്രമേ സഹായിക്കൂ. 
ഇപ്പോൾ ഒരു ചോദ്യം മാത്രമാണ് മനസ്സിൽ.

സ്നേഹം മതത്തിന്റെയോ ജാതിയുടെയോ അതിരുകൾ കടന്നുപോകുമ്പോൾ, അതിനെ സംശയത്തോടെ കാണണോ… അല്ലെങ്കിൽ മനുഷ്യന്റെ സ്വാതന്ത്ര്യമായ ഒരു തിരഞ്ഞെടുപ്പായി അംഗീകരിക്കണോ?
Photo Credit. Prema Thekkek

Join WhatsApp News
Thanka manassu 2026-04-24 13:32:38
ചേട്ടന് ഇപ്പോഴും നേരം വെളുത്തിട്ടില്ലെന്നു തോന്നുന്നു Love that happens between educated and well grounded individuals are common thing. You just taking three examples like that and asserting, how beautiful this world is. Do you know about organized grooming gangs , paid and trained ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക