Image

കുഭമേള വൈറല്‍ 'മോണാലിസ'യുടെ വിവാഹം പൊല്ലാപ്പായി; നവദമ്പതികള്‍ മുങ്ങിയപ്പോള്‍ സി.പി.എമ്മും പുലിവാല് പിടിച്ചു (എ.എസ് ശ്രീകുമാര്‍)

Published on 22 April, 2026
കുഭമേള വൈറല്‍ 'മോണാലിസ'യുടെ വിവാഹം പൊല്ലാപ്പായി; നവദമ്പതികള്‍ മുങ്ങിയപ്പോള്‍ സി.പി.എമ്മും പുലിവാല് പിടിച്ചു (എ.എസ് ശ്രീകുമാര്‍)

പ്രയാഗ്‌രാജ് കുംഭമേളയിലെ വൈറല്‍ സുന്ദരി മൊണാലിസ ഭോസ്‌ലെയുടെ വിവാഹം കേസും പുക്കാറുമൊക്കെയായി പൊല്ലാപ്പായിരിക്കുകയാണ്. മാര്‍ച്ച് 11-ാം തീയതി കേരളത്തില്‍ വച്ച് കാമുകനെ വിവാഹം ചെയ്തതോടെയാണ് മോണാലിസയെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ ഉയര്‍ന്നത്. ഇപ്പോള്‍ വൈറല്‍ താരത്തിന്റെ വിവാഹത്തില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ദേശീയ പട്ടിക ജാതി, പട്ടിക വര്‍ഗ കമ്മീഷന്‍. പ്രഥം ദുബൈയുടെ പരാതിയിലാണിത്. ദേശീയ പട്ടിക ജാതി കമ്മീഷന്‍ മധ്യ പ്രദേശ്, കേരള പോലീസ് മേധാവിമാരെയും പെണ്‍കുട്ടിയുടെ രക്ഷിതാക്കളെയും വിളിച്ച് വരുത്തിയിരുന്നു. ഇവരില്‍ നിന്ന് വിവരങ്ങള്‍ തേടിയതിന് പിന്നാലെ, രേഖകള്‍ ലഭിച്ചാല്‍ കേസെടുക്കാമെന്ന് കേരള പൊലീസും അറിയിച്ചതായി പരാതിക്കാരന്‍ പറഞ്ഞു.

വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അവര്‍ ഹാജരാക്കിയത് പ്രായപൂര്‍ത്തിയായെന്ന് തെളിയിക്കുന്ന വ്യാജ രേഖകളാണെന്നും മോണാലിസയുടെ മാതാപിതാക്കളും പ്രഥം ദുബൈയും പറയുന്നു. അതേസമയം വിവാഹം നടന്ന സമയത്ത് മൊണാലിസക്ക് 18 വയസ് പൂര്‍ത്തിയായിരുന്നുവെന്നും നടപടികളെല്ലാം പൂര്‍ണ്ണമായും നിയമപരമാണെന്നുമാണ് കേരള പൊലീസിന്റെ വാദം. പക്ഷേ, പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ വാദം. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും ഇതിനായുള്ള ശ്രമം തുടരുകയാണെന്നും മധ്യപ്രദേശ് പൊലീസ് പട്ടിക വര്‍ഗ കമ്മീഷനെ അറിയിക്കും. രേഖകള്‍ സംഘടിപ്പിച്ചതില്‍ അന്വേഷണം നടക്കുന്നുണ്ട്.

തിരുവനന്തപുരം പൂവാര്‍ അരുമാനൂര്‍ നയിനാര്‍ ക്ഷേത്രത്തില്‍ വച്ച് ഇക്കഴിഞ്ഞ മാര്‍ച്ച് 11-നാണ് മോണാലിസ ഭോസ്‌ലെയും കാമുകന്‍ മുഹമ്മദ് ഫര്‍മാനും വിവാഹിതരായത്. ഇതിന് മുമ്പ് വീട്ടുകാരില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയുണ്ടായി. പൂവാറില്‍ സിനിമ ഷൂട്ടിംഗിനായി എത്തിയപ്പോഴാണ് താരം പോലീസ് സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് പോലീസ് മൊണാലിസയെ ഫര്‍മാനൊപ്പം അയയ്ക്കുകയായിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ പെണ്‍കുട്ടിയും മഹാരാഷ്ട്ര സ്വദേശിയായ ഫര്‍മാന്‍ ഖാനും തമ്മില്‍ ആറുമാസമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധം വീട്ടുകാര്‍ എതിര്‍ക്കുകയും മറ്റൊരാളുമായി മൊണാലിസയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തതോടെയാണ് ഇരുവരും രക്ഷപെട്ട് കേരളത്തിലെത്തിയത്.

മറ്റ് സംസ്ഥാനങ്ങളില്‍ തങ്ങളുടെ ബന്ധത്തിന് വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് ഇവര്‍ കേരളം തിരഞ്ഞെടുത്തത്. എന്നാല്‍  വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എ.എ റഹീം എം.പി ഉള്‍പ്പടെയുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്ത് നവദമ്പദികളെ ആശീര്‍വദക്കുകയും ഇതാണ് റിയല്‍ കേരള സ്റ്റോറിയെന്ന് നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെ പ്രായപൂര്‍ത്തി പ്രശ്‌നത്തില്‍പ്പെട്ട വൈറല്‍ താരവും ഭര്‍ത്താവും ഒളിവില്‍ പോയതോടെ ഇവരുടെ കല്യാണം നടത്തിക്കൊടുത്ത സി.പി.എം നേതാക്കളും വെട്ടിലായി. വിഷയത്തില്‍ പോക്‌സോ കേസെടുത്തതാണ് സി.പി.എം നേതാക്കള്‍ക്ക് വിനയായത്. വിവാഹത്തിന് മുമ്പ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന ആരോപണം ഉയര്‍ന്നുവെങ്കിലും പെണ്‍കുട്ടി ഹാജരാക്കിയ ആധാര്‍ കാര്‍ഡ് അനുസരിച്ച് പ്രായപൂര്‍ത്തിയായി എന്ന് തെളിയിക്കുകയായിരുന്നു.

നിലവില്‍ നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് നടത്തിയ അന്വേഷണത്തിലാണ് വിവാഹസമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന വിവരം പുറത്തുവന്നത്. തുടര്‍ന്ന് മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ മഹേശ്വര്‍ പൊലീസ് സ്റ്റേഷനില്‍ ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ നിയമപ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതിന് പുറമേ ഇയാള്‍ക്കെതിരെ പട്ടിക വര്‍ഗ പീഡന കുറ്റവും ചുമത്തുമെന്ന് കാട്ടി എസ്.ടി കമ്മിഷന്‍ നിയമ ഉപദേശകന്‍ പ്രകാശ് ഉയ്‌ക്കെ ഫേസ്ബുക്ക് പോസ്റ്റിട്ടു.  സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് പ്രകാശ് ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന് കാര്‍മികത്വം വഹിച്ച കേരളത്തിലെ സി.പി.എം നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യം. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ കൂട്ട് നിന്നവരും പ്രതികളാകുമെന്നും വിലയിരുത്തപ്പെടുന്നു.

എന്തു കിട്ടിയാലും വിഴുങ്ങി മതേതരത്വം ഉണ്ടാക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്നും അതിന് കിട്ടിയ തിരിച്ചടിയാണിതെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് പറഞ്ഞു. 16 വയസുള്ള കുട്ടിയെ കല്യാണം കഴിപ്പിക്കല്‍ ആണോ ഇവരുടെ പണി. ഇതൊരു ഗൂഢാലോചന ആയിരുന്നു. ഇന്ത്യന്‍ ശിക്ഷ നിയമം പ്രകാരം എം.വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, എ.എ റഹീം എന്നിവര്‍ ജയിലില്‍ കിടക്കാന്‍ തക്കവണ്ണം കുറ്റം ചെയ്തവരാണ്. 16 വയസുകാരി കുട്ടി മറ്റൊരു നാട്ടില്‍ വന്നാല്‍ കല്യാണം കഴിപ്പിക്കല്‍ അല്ല ഉത്തരവാദിത്വം എന്ന് ബോധമില്ലേയെന്നും 16 വയസുകാരിയെ കല്യാണം കഴിപ്പിക്കാന്‍ ആര് അധികാരം കൊടുത്തുവെന്നും എസ് സുരേഷ് ചോദിച്ചു.

മോണാലിസയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം പ്രണയവിവാഹമായാണ് സോഷ്യല്‍ മീഡിയ ആഘോഷിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ പ്രായത്തെക്കുറിച്ച് പരാതി ഉയര്‍ന്നതോടെ എന്‍.സി.എസ്.ടി കേരളത്തിലും മധ്യപ്രദേശിലുമായി വിശദമായ അന്വേഷണം നടത്തി. കുട്ടി മധ്യപ്രദേശിലെ പാര്‍ധി ഗോത്ര വിഭാഗത്തില്‍പ്പെട്ടതാണെന്നും മഹേശ്വര്‍ ഹോസ്പിറ്റല്‍ റെക്കോര്‍ഡുകള്‍ പ്രകാരം 2009 ഡിസംബര്‍ 30-നാണ് ജനിച്ചതെന്നും കണ്ടെത്തി. 2026 മാര്‍ച്ച് 11-ന് കേരളത്തില്‍ വിവാഹം നടക്കുമ്പോള്‍ മോണാലിസയ്ക്ക് 16 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നും കണ്ടെത്തലുണ്ട്. ഈ സംഭവത്തിന് പിന്നില്‍ ചില സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ പങ്കുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേരളത്തിലെയും മധ്യപ്രദേശിലെയും ഡി.ജി.പിമാര്‍ നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സിന്റെ നിര്‍ദേശ പ്രകാരം ഇന്ന് ഡല്‍ഹിയില്‍ ഹാജരായി.

മോണാലിസ ഇപ്പോള്‍ ഗര്‍ഭിണിയാണത്രേ. അവള്‍ ഗര്‍ഭിണിയാണെന്നും പോലീസിനു മുന്നില്‍ ഉടന്‍ നേരിട്ട് ഹാജരാകാന്‍ സാധിക്കില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാനാണ് വ്യക്തമാക്കിയത്. ഇരുവരുടെയും മൊഴിയെടുക്കാന്‍ മധ്യപ്രദേശ് പോലീസ് കേരളത്തിലെത്തിയിരുന്നു. അത് അറസ്റ്റിലേയ്ക്കും കടക്കുമായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ ഫര്‍മാനെതിരെ പരാതി നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ചു തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. മധ്യപ്രദേശിലെ മണ്ഡലേശ്വര്‍ ഡി.എസ്.പിക്കാണ് പരാതി നല്‍കിയത്. ഈ പരാതിയില്‍ നേരിട്ട് ഹാജരാകാനാണ് പൊലീസ് നിര്‍ദ്ദേശം നല്‍കിയത്. പിന്നാലെയാണ് ഭാര്യ ഗര്‍ഭിണിയാണെന്നും യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ഫര്‍മാന്‍ അറിയിച്ചത്. എന്നാല്‍ ഇരുവരെയും അറസ്റ്റ് ചെയ്യുന്നത് മധ്യപ്രദേശ് ഹൈക്കോടതി മെയ് 20 വരെ തടഞ്ഞിട്ടുണ്ട്. മധ്യപ്രദേശ് പൊലീസ് സംഘം കൊച്ചിയില്‍ തുടരുകയും ചെയ്തു. പൊലീസ് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക