Image

പൂരം പൊടിപൂരം, തൃശ്ശൂർ പൂരം (സുധീർ പണിക്കവീട്ടിൽ)

Published on 22 April, 2026
പൂരം പൊടിപൂരം, തൃശ്ശൂർ  പൂരം (സുധീർ പണിക്കവീട്ടിൽ)

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ വടക്കുംനാഥക്ഷേത്രത്തിന്റെ മുന്നിൽ, ഒരു മേടപ്പുലരിയിൽ പൂരം നാളിൽ ആരംഭിച്ച് 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ആഘോഷമാണ് പൂരങ്ങളുടെ പൂരം എന്ന് കേഴ്വി കേട്ട തൃശ്ശൂർ പൂരം. ഏഷ്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു. തൃശ്ശൂർ പൂരം വെറും ഒരു ക്ഷേത്രേത്സവം മാത്രമല്ല മറിച്ച് മതപരമായ അതിരുകൾ ഇല്ലാതെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുവരുന്ന ഒരു സാംസ്കാരിക ആഘോഷമാണ്. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ ആഘോഷമാണ് തൃശ്ശൂർ പൂരം. 

തൃശ്ശൂരിനെ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നാണ് വിളിക്കുന്നത്. അത്രയും സഹിഷ്ണുതയും വൈവിദ്ധ്യമാർന്നതുമാണ് തൃശ്ശൂരിന്റെ സംസ്കാരപൈതൃകം. ആദ്യമായി യഹൂദന്മാർ വന്നെത്തിയതു  കൊടുങ്ങല്ലൂരിലാണ് എന്ന് വിശ്വസിച്ചുവരുന്നു.  ക്രിസ്ത്യാനികൾ അവരുടെ ആദ്യകാല കേന്ദ്രമാക്കിയതും ഇവിടെ തന്നെ. മുസ്ലീങ്ങളുടെ ആദ്യത്തെ പള്ളിയായ ചേരമാൻ ജൂമാമസ്ജിദ് ഈ ജില്ലയിലാണ് പണിതിരിക്കുന്നത്. കേരളത്തിൽ വിരളമായ കൽദായ സഭയുടെ കേരളത്തിലെ ആസ്ഥാനം തൃശ്ശൂർ ആണ്.
പൗരാണികതയുറങ്ങുന്ന തൃശ്ശിവപേരൂര്‍പട്ടണം പുരാതനകാലത്ത് ‘വൃഷഭാദ്രിപുരം’ എന്നും  തെക്കൻകൈലാസം എന്നുമൊക്കെ അറിയപ്പെട്ടിരുന്നു. കേരളം വീണ്ടെടുത്ത പരശുരാമൻ ക്ഷണിച്ചതനുസരിച്ച് പാർവ്വതി, ഗണപതി, സുബ്രമണ്യസമേതനായി ശ്രീപരമേശ്വരൻ തന്റെ വാഹനമായ കാളപ്പുറത്ത് കൈലാസത്തിൽ നിന്നു തെക്കോട്ട് വന്നത്രെ. ഇന്ന് വടക്കുംനാഥക്ഷേത്രം നിൽക്കുന്ന സ്ഥലത്തുവച്ച് കാള (നന്ദി) നിന്നുവെന്നും ആ സ്ഥലത്ത് ശിവൻ പാർക്കാൻ തീരുമാനിച്ചു എന്നും ഐതിഹ്യമുണ്ട്. ശിവന്റെ കാള (വൃഷഭം) നിന്ന സ്ഥലമാകയാൽ വൃഷഭാദ്രിപുരം എന്നും, ശിവന്റെ വാസസ്ഥലമാകയാൽ തെക്കൻ കൈലാസം എന്നും പേരുണ്ടായി. ത്രിപുരമാകയാൽ‍ തൃശ്ശിവപേരൂർ എന്ന പേരും വന്നു എന്നുമാണ്‌ കേരളോല്പത്തിയിൽ പറയുന്ന കഥ.  ചരിത്രകാരനായ വി വി കെ വാലത്ത് ഇങ്ങനെ രേഖപെടുത്തുന്നു. പെരൂർ അഥവാ പെരിയഊർ (വലിയ നാട്) എന്നതിനോട് തിരുശിവ എന്ന വിശേഷണം ചേർന്നതാണ്‌ യഥാർത്ഥത്തിൽ തൃശ്ശിവപേരൂർ. 

കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശ്ശൂർ പൂരം ഇപ്പോൾ 229 വർഷങ്ങൾ തികക്കുന്നു. തൃശ്ശൂരിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ  അകലെയുള്ള ആറാട്ടുപുഴ എന്ന സ്ഥലത്ത് അരങ്ങേറിയിരുന്നു ദേവമേള എന്ന പൂരത്തിന് തൃശ്ശർദേശക്കാരും പങ്കെടുത്തിരുന്നു. തൃശൂർ പൂരം തുടങ്ങുന്നതിന്റെ തലേ കൊല്ലം ദേവമേളയിൽ പങ്കുകൊള്ളാൻ തൃശൂർകാർ പുറപ്പെട്ടു അധികമാവും മുന്നേ ശക്തമായി മഴപെയ്തു. കോലം നനയാതിരിക്കാൻ അവർ വഴിയരികിലെ ഒരു കോലായിൽ കയറി നിന്നു. അത് ഒരു കരുവാന്റെ (blacksmith) ആലയായിരുന്നതിനാൽ ആറാട്ടുപുഴക്കാർ അവർക്ക് അയിത്തം കൽപ്പിച്ച് പൂരത്തിൽ പങ്കെടുക്കാൻ സമ്മതിക്കാതെ തിരിച്ചയച്ചു. അതുകേട്ട് ക്ഷുഭിതനായ ശക്തൻ തമ്പുരാൻ ഇനിമേലാൽ ആറാട്ടുപുഴയിലേക്ക് പോകേണ്ടതില്ലെന്നും വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ (1796 മേയിൽ - 971 മേടം) പൂരം  ഇവിടെ തന്നെ നടത്തും എന്നും കൽപ്പിച്ചു. പൂരം എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത് ക്ഷേത്രേത്സവം എന്നാണു. ഇങ്ങനെയുള്ള ഉത്സവങ്ങളുടെ പ്രധാന ആകർഷണം ആനപ്പുറത്തെ എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, വെടിക്കെട്ട് എന്നിവയാണ്. പൂരം ഇരുപത്തിയേഴ് നാളുകളിൽ ഒന്നാണ്. തൃശൂർ പൂരം ലോകപ്രശസ്തമാണ്. തൃശൂർ നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥൻ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിൻകാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്നത്.

തൃശ്ശൂർ പൂരത്തിന്റെ കൊടിയേറ്റം ഈ മാസം ഇരുപതിന്‌ നടന്നു.  പൂരത്തിൽ പങ്കെടുക്കുന്ന തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും പൂരം വിളംബരം ചെയ്തുകൊണ്ട് കൊടികൾ ഉയരും. . അന്ന് മുതൽ സാംസ്കാരിക നഗരി പൂരത്തിന്റെ ആഘോഷത്തിമിർപ്പിൽ ലയിച്ച് ചേരും. ക്ഷേത്ര അടിയന്തിരക്കാരായ ആശാരിമാർ തയ്യാറാക്കുന്ന കവുങ്ങാണ് കൊടിമരം. കൊടിയേറ്റത്തിന് മുൻപ് ശുദ്ധികലശം നടത്തിയിരിക്കും. തുടർന്ന് ക്ഷേത്രം തന്ത്രി, മേൽശാന്തി എന്നിവരുടെ നേതൃത്വത്തിൽ കൊടിക്കൈ വച്ചു പിടിപ്പിച്ച കവുങ്ങിൽ ആലിലയും മാവിലയും കെട്ടി, ക്ഷേത്രഭാരവാഹികളും ദേശക്കാരും ആർപ്പു വിളിച്ച് കൊടിമരം ഏറ്റുവാങ്ങി നേരത്തെ തയ്യാറാക്കിയ കുഴിയിൽ പ്രതിഷ്ഠിക്കുന്നു.

കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളിപ്പോടെ തൃശ്ശൂർ പൂരം  ആരംഭിക്കുന്നു. അതിനുശേഷം ആറു ചെറിയ അമ്പലങ്ങളിൽ നിന്നുള്ള എഴുന്നെള്ളിപ്പും ഉണ്ടാകും. ഏകദേശം പത്തോളം ദേവ-ദേവതമാർ പൂര ദിവസം വടക്കുന്നാഥനെ വണങ്ങുന്നു. പിന്നെ തിരുവമ്പാടിയുടെ പഞ്ചവാദ്യങ്ങളോടെയുള്ള മഠത്തിൽ വരവ്. ഉച്ചതിരിഞ്ഞു മൂന്നുമണിയോടെ പാറമേക്കാവിലിന്റെ ഇലഞ്ഞിത്തറമേളം. വൈകീട്ട് സ്വരാജ് റൗണ്ടിൽ കുടമാറ്റം. രാത്രി കരിമരുന്നു. പിറ്റേന്ന് പകൽപ്പൂരം. തൃശ്ശൂർപൂരത്തെ ഇങ്ങനെ ചുരുക്കി വിവരിക്കാം. പഞ്ചവാദ്യം എന്ന് പറയുന്നത് തിമില, മദ്ദളം, ഇടയ്ക്ക, കൊമ്പ്, ഇലത്താളം ഇങ്ങനെ അഞ്ചു വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്ന മേളം. ഇലഞ്ഞിത്തറമേളം കൊട്ടി കലാശിച്ചശേഷം ആദ്യം പാറമേക്കാവ് ഇറങ്ങുന്നു. വൈകാതെ തിരുവമ്പാടിയും. ഇരുഭാഗവും മുഖാമുഖം നിരക്കുന്നതോടെ മത്സരകുടമാറ്റത്തിനു തുടക്കം. വർണ്ണപട്ടുകുടകളുടെ   പ്രദർശനം. എട്ടു തട്ടകങ്ങളിൽ നിന്നുള്ള പൂരങ്ങൾ കൂടുമ്പോൾ തൃശ്ശൂർ പൂരം പൂർണ്ണമാകുന്നു. അവ കണിമംഗലം, പനമുക്കുംപിള്ളി, ചെമ്പുക്കാവ്, കാരമുക്ക്, ലാലൂർ, ചൂരക്കോട്ട്കാവ്, അയ്യന്തോൾ, നെയ്തലക്കാവ്.  

തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിൽ ഒന്നായ ബാലഭദ്രകാളിയാണ് പാറമേക്കാവിലെ ഭഗവതിക്കൊപ്പം പങ്കെടുക്കുന്നത്. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ തേക്കിൻകാട് മൈതാനത്തേക്ക് പ്രവേശിക്കുന്ന ചടങ്ങിനെ തെക്കോട്ടിറക്കം എന്ന് പറയുന്നു. ഇവർ തേക്കിൻകാട് മൈതാനത്ത് വച്ച് കണ്ടുമുട്ടുന്നതിനെ കൂടിക്കാഴ്ച എന്ന് പറയുന്നു. വർണ്ണാഭമായ കുടകൾ രണ്ടു ദേവിമാരുടെ വിഭാഗക്കക്കാർ മത്സരബുദ്ധിയോടെ ഉയർത്തുന്ന ചടങ്ങാണ് മുഖാമുഖം. വെളുപ്പിന് മൂന്നുമണിയോടെ വെടിക്കെട്ട് ആരംഭിക്കുന്നു.  പിറ്റേന്ന് ഇരുക്ഷേത്രങ്ങളിലെയും ദേവിമാർ അടുത്ത പൂരത്തിന്ന് കാണാമെന്നു പറഞ്ഞു പിരിയുന്നതോടെ തൃശ്ശൂർപൂരത്തിനു തിരശീല വീഴുന്നു. ഇതിനെ പകൽപ്പൂരം എന്നാണു പറയുന്നത്.

ആനകളെ പ്രദർശിപ്പിക്കുന്നതും വെടിക്കെട്ട് നടത്തുന്നതും നിയന്ത്രിക്കാൻ സുപ്രീം കോടതിയുടെ വിധി ഉണ്ടായിരുന്നെങ്കിലും പൊതുജനാവശ്യപ്രകാരം ആ നിയന്ത്രണങ്ങൾ പാലിക്കുന്നില്ല. ഒരു പക്ഷെ അത്തരം വിധികൾ പാലിച്ചിരുന്നെങ്കിൽ ഇയ്യിടെ ഉണ്ടായ അപകടം ഒഴിവാക്കാമായിരുന്നു. ഇത്തരം പരിപാടികൾ ദേവപ്രീതിക്കല്ല മറിച്ച് മനുഷ്യരുടെ വിനോദത്തിനും ആനന്ദത്തിനുമാണെന്നു അവർ തന്നെ മനസ്സിലാക്കുന്നില്ല. എല്ലാവരും ഇതൊക്കെ ദേവന് സമർപ്പിക്കുകയാണെന്ന ഭാവമാണ്. എല്ലാറ്റിന്റെയും പുറകിൽ മനുഷ്യരുടെ സ്വാർത്ഥതയും, സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടിയുള്ള കുടിലതന്ത്രങ്ങളുമാണ്. എല്ലാം ഈശ്വരനാണെന്നു പറഞ്ഞു സ്വയം ന്യായീകരിക്കുക. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് വേണ്ട സഹായങ്ങൾ വേണ്ടപ്പെട്ടവർ നൽകുമെന്ന് പ്രതീക്ഷിക്കാം. ഒരിടത്ത് മരണം, മറ്റൊരിടത്ത് ഉത്സവത്തിമിർപ്പ്. ജീവിതം ഒരു പ്രഹേളിക !!

ശുഭം
 

Join WhatsApp News
Elcy Yohannan Sankarathil 2026-04-28 01:30:05
What a beautiful, quite informative article! Since the author is from Thrissur, everything written here in the article is quite true, many of the informations given here in it, are new to many, thanks dear Sudhir for giving us a new horizon of knowledge! Congrats, regards.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക