
ബെയ്‌റൂത്ത്: തെക്കൻ ലെബനനിൽ, കുരിശിൽ തൂങ്ങപ്പെട്ട യേശുക്രിസ്തുവിന്റെ തലകീഴായി കിടക്കുന്ന രൂപം തകർത്ത് ഇസ്രയേൽ സൈനികൻ. ഡെബേലിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലയിലുള്ള പ്രതിമയാണ് തകർക്കപ്പെട്ടത്. യേശുക്രിസ്തുവിന്റെ ക്രൂശിത രൂപം നശിപ്പിക്കുന്നതായി കാണിക്കുന്നചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ഇസ്രയേൽ ഡിഫെൻസ് ഫോഴ്സ് അന്വേഷണം ആരംഭിച്ചു.
ഈ സംഭവം തന്നെ "ഞെട്ടിക്കുകയും വേദനിപ്പിക്കുകയും" ചെയ്തതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സൈനികനെതിരെ ക്രിമിനൽ അന്വേഷണം നടക്കുകയാണെന്നും കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രൈസ്തവ സമൂഹത്തോട് ഔദ്യോഗികമായി ക്ഷമ ചോദിച്ച വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ സൈനികന്റെ പ്രവൃത്തിയെ ‘നാണക്കേട്’ എന്ന് വിശേഷിപ്പിച്ചു.
ഒരു സൈനികൻ വിഗ്രഹത്തിന്റെ തല ഭാഗത്ത് ഹാമർ ഉപയോഗിച്ച് അടിക്കുന്നതും ക്രൂശിൽ നിന്നു വേർതിരിക്കപ്പെട്ട നിലയിൽ വിഗ്രഹം തലകീഴായി കിടക്കുന്നതുമായ ക്രിസ്തുവിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അന്വേഷണത്തിനു ശേഷം യേശു ക്രിസ്തുവിന്റെ പ്രതിമ ഇസ്രയേൽ സൈനികൻ തകർത്തത് ശരിക്കും സംഭവിച്ചത് തന്നെയാണെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ് സമ്മതിച്ചു.
പലസ്തീനിയൻ റിപ്പോർട്ടറായ യുനിസ് തിരാവിയാണ് ചിത്രം പുറത്തുവിട്ടത്. ചിത്രം പുറത്ത് വന്നതോടെ ഇസ്രയേലിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ് പ്രതികരിച്ചത്.
സംഭവത്തെ ഗൗരവത്തോടെ കാണുന്നതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ് പ്രസ്താവനയിൽ വ്യക്തമാക്കി. “ഒരു സൈനികൻ ക്രൈസ്തവ മതചിഹ്നത്തെ നശിപ്പിക്കുന്നതായി കാണിക്കുന്ന ചിത്രം പ്രാഥമിക പരിശോധനയിൽ തെക്കൻ ലെബനനിൽ പ്രവർത്തിക്കുന്ന സൈനികന്റെതാണെന്ന് കണ്ടെത്തി. ഇത് സൈന്യത്തിന്റെ മൂല്യങ്ങളോട് പൊരുത്തപ്പെടാത്ത പ്രവൃത്തിയാണ്,” എന്നാണ് വിശദീകരണം. തകർന്ന പ്രതിമ പുനഃസ്ഥാപിക്കാൻ പ്രാദേശിക സമൂഹത്തെ സഹായിക്കുമെന്ന് നോർത്തേൺ കമാൻഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ഉത്തര കമാൻഡിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണെന്നും, കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സൈന്യം അറിയിച്ചു.
ഇസ്രായേൽ അതിർത്തിയോട് ചേർന്ന ദേബൽ എന്ന മാറോനൈറ്റ് ക്രിസ്ത്യൻ ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്.
ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ ഏപ്രിൽ 17 മുതൽ ആരംഭിച്ച പത്തു ദിവസത്തെ വെടിനിർത്തലിനിടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്.
ചിത്രം പുറത്ത് വന്നതോടെ ഇസ്രയേലിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.