Image

ഗായിക ആശ ഭോസ്ലെ വിടവാങ്ങി : ആർ. ഗോപാലകൃഷ്ണൻ

Published on 13 April, 2026
ഗായിക ആശ ഭോസ്ലെ വിടവാങ്ങി : ആർ. ഗോപാലകൃഷ്ണൻ

അനശ്വര ഗായിക ആശാ ഭോസ്ലെയുടെ ശബ്ദം എന്നെന്നും ജീവിക്കുമെങ്കിലും ആ ഭൗതിക ശരീരം നമ്മോട് വിട പറഞ്ഞു...... ശ്വാസകോശ അണുബാധയെ തുടർന്ന് അവരെ സൗത്ത് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

92-ാം വയസ്സായിരുന്നു .

ആദര പ്രണാമം !

ആശ ഭോസ്ലെയുടെ ലതാ ദീദി, (ലതാ മങ്കേഷ്ക്കർ) വിട പറഞ്ഞിട്ട് നാലു വർഷം പിന്നിട്ടു.... ആശയേക്കാൾ നാലു വയസ്സിനു മൂത്ത സഹോദരി ലത.

'ബഹുമുഖ' എന്ന വിശേഷണം ഏറ്റവും യോജിക്കുന്ന ഗായിക... ശൃംഗാരവും ഭക്തിയും പ്രണയവും ഉല്ലാസവും ശോകവും ആര്‍ദ്രതയും ദൈന്യതയും നൊമ്പരവും ആലാപനത്തില്‍ അനായസേന വരുത്തുന്ന വൈദഗ്ദ്ധ്യം... ഇത്രയും പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സംഗീതജീവിതം ഇന്നും തുടര്‍ന്നുകൊണ്ടു പോകുന്നു...

സിനിമ സംഗീതം, പോപ്പ്, ഭജൻ, ഗസൽ, ഖവാലി, ഫോക്ക്‌ പാട്ടുകൾ, രവീന്ദ്ര സംഗീതം, പരമ്പരാഗത ഇന്ത്യൻ ക്ലാസിക്കൽ സംഗീതം എന്നിവയാണ് ആശാ ഭോസ്‌ലെയുടെ സ്വരമാധുരി പതിഞ്ഞിട്ടുള്ള മറ്റു മേഖലകൾ. ഹിന്ദി കൂടാതെ മറ്റ് 20 ഇന്ത്യൻ - വിദേശ ഭാഷകളിൽ ആണ് ആശ പാടിയിട്ടുള്ളത്.

എസ്.ഡി. ബർമ്മൻ, നൌഷാദ്, ഒ.പി.നയ്യാർ, എ.ആർ. റഹ്‌മാൻ തുടങ്ങി വിവിധ സംഗീത സം‌വിധായകരുടെ ഈണങ്ങൾക്ക്‌ ആശ പാടിയിട്ടുണ്ട്‌. ഇതുവരെ, ഉദ്ദേശം 13,000 പാട്ടുകൾ ആശ പാടിയിട്ടുണ്ട്‌. ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നല്കിയ സംഭാവനകളെ മാനിച്ച് ഇവർക്ക് 2000-ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചു.

സര്‍വ ഗുണസമ്പന്നകളായ നായികമാര്‍ക്കു വേണ്ടി മാത്രം ലതയും മറ്റുള്ള പ്രമുഖരും പാടി. സഹ നായികമാര്‍ക്കും 'കുരുത്തം കെട്ടവളു'മാര്‍ക്കും (ഹെലനെ പോലുള്ള അന്നത്തെ മോഹിനിമാര്‍, അഥവാ ഐറ്റം നര്‍ത്തകിമാര്‍) വേണ്ടി പാടി കുലീനത കൈവിടാനാകില്ല എന്ന് അവരൊക്കെ പറഞ്ഞു. ആ ഒരു വിടവിലാണ് ആശ പാടിത്തുടങ്ങുന്നത്. ചേച്ചി അധികം സഹായിച്ചില്ലെന്ന് ആശ അഭിമുഖങ്ങളില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. സഹോദരിമാര്‍ തമ്മില്‍ മത്സരബുദ്ധി എന്ന് എല്ലാക്കാലത്തും ഗോസിപ്പ് കോളങ്ങള്‍ക്ക് വാര്‍ത്തയുണ്ടാക്കിയിരുന്നു... എന്നാൽ നല്ല സഹോദരിമാർ തന്നെയായി ജീവിച്ചു...

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ രണ്ടാമത്തെ മകളായി ആശ 1933-ൽ സെപ്റ്റംബർ 8-ന്, ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിൽ ലത ജനിച്ചു. അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്കർ, ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ്‌ സഹോദരങ്ങൾ.

1943-ൽ ആദ്യ ഗാനം റെക്കോര്‍ഡ് ചെയ്തു: 'മാഝാ ബാൽ' എന്ന ചലച്ചിത്രത്തിൽ "ചലാ ചലാ നവ് ബാലാ..." എന്ന ഗാനം പാടി ചലച്ചിത്രമേഖലയിൽ തുടക്കം കുറിച്ചു.

കുടുംബത്തിന്റെ എതിർപ്പുകളെ അവഗണിച്ച് 16-ാം വയസ്സിൽ 31 വയസ്സുള്ള ഗൺപത്റാവു ഭോസ്‌ലെയെ വിവാഹം കഴിച്ചു.... മൂത്ത സഹോദരി ലതയുടെ പ്രൈവറ്റ് സെക്രടറി ആയിരുന്നു 'ഗൺ‍പത്റാവു ഭോസ്‌ലെ'. ഏകദേശം ആശയുടെ ഇരട്ടി വയസ്സുള്ള ഭോസ്‌ലെയുമായുള്ള ആ വിവാഹം, 'മങ്കേഷ്കര്‍ കുടുംബ'ത്തിൽ നിന്നും ആശയെ, ഒറ്റപ്പെടുത്തുന്നതിന് കാരണമാകുകയും ചെയ്തു; എങ്കിലും ആശ ആ പ്രശ്നസന്ധിയിൽ എതിർപ്പുകളോട് ചെറുത്തുനിന്ന്, സംഗീത വഴിയെ പോരാടുകയും, മൂത്ത സഹോദരി ലതയുടെ തൊട്ടുതാഴെയായി, സംഗീത രംഗത്ത് സ്ഥാനമുറപ്പിക്കുകയും ചെയ്തു.

പക്ഷേ, തുടർച്ചയായുള്ള മൂന്നു കുട്ടികളുടെ മാതൃത്വവും അവരുടെ സംരക്ഷണവും ഫീല്‍ഡിൽ നിന്നും ആശയെ അല്പാല്പം വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചു. (ആൺ മക്കൾ ഹേമന്ത്, ആനന്ദ്; മകൾ വർഷ.) എന്നാൽ 'അത്യാര്‍ത്തി'ക്കാരനായ ഭർത്താവിന് "എങ്ങനെയെങ്കിലും ഭാര്യ പിന്നണിപാടി പണം കൊണ്ടുവരണമെന്ന" ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുുള്ളു. പീടിവാശിക്കാരനായിരുന്ന ഭർ‍ത്താവുമായി ഒരിക്കലും യോജിച്ചു പോകാൻ കഴിയില്ലെന്ന ആശയുടെ തിരിച്ചറിവ്, അവരിരുവരുടെയും വിവാഹമോചനത്തിൽ (1960) എത്തിച്ചു.

പിന്നീടാണ് തന്നേക്കാളും ആറുവയസ്സ് ഇളപ്പമുള്ള 'പഞ്ചംദാ'യെ (ആർ. ഡി. ബർമൻ) വിവാഹം കഴിക്കുന്നത്. ഛോട്ടാ ബര്‍മനാണെങ്കില്‍ 1966-ല്‍ വിവാഹം ചെയ്ത 'റിതാ പടേല്'‍ എന്ന യുവതിയെ 'തലാക്‍ ചൊല്ലി' നില്‍ക്കുന്ന സമയം. അറുപതുകളുടെ ഒടുക്കം മുതല്‍ രാഹുൽ ദേവ് ബര്‍മന്‍ - ആശാ ടീമിന്റെ ഗാനങ്ങള്‍ ഔരോന്നായി ഹിറ്റുകളാകുന്ന സമയവും. സംഭവിക്കേണ്ടതു നടന്നു എന്നു പറയാം; 1971-ൽ‍ ആർ. ഡി. ബർമൻ- ആശാ ഭോസ്ലേ വിവാഹം നടന്നു.

പക്ഷേ, ഒരിക്കലും ഒഴിവാക്കാന്‍പറ്റാത്ത ആർ. ഡി. ബർമൻ്റെ മദ്യപാനശീലവും പുകവലിയും അവരെ തമ്മിലകറ്റി. വിവാഹ മോചനം നടന്നില്ലെങ്കിലും 1994-ൽ ആർ. ഡി. ബർമൻ 54-ാം വയസ്സിൽ മരിച്ചതോടെ വീണ്ടു ആശ ഒറ്റക്കായി.

ആശയുടെ സ്വാകാര്യ ജീവിതം ദുരന്തപൂർണ്ണമാണ്: വിവാഹം പരാജയങ്ങൾക്കു പുറമെ മകൾ, വർഷ, 2012-ൽ ആത്‍മഹത്യ ചെയ്തു; മകൻ ഹേമന്ത് കാൻസർ മൂലം 2015-ൽ മരിച്ചു.

ആശാ ഭോസ്ലേയുടെ ഹിറ്റുഗാനങ്ങളുടെ സംവിധായാകരില്‍ ഒ.പി. നയാറും, രവിശങ്കർ ശർമ്മയും (നമ്മുടെ 'ബോംബെ രവി') കഴിഞ്ഞാല്‍ ആര്‍. ഡി. ബര്‍മന്‍ തന്നെ മൂന്നാമന്‍.

നിരവധി ഗാനങ്ങള്‍ മറ്റു ഭാഷകള്‍ക്കായി പാടിയിട്ടുണ്ടെങ്കിലും മലയാള സിനിമയ്ക്കു വേണ്ടി ആശ ആലപിച്ചത് ഒരേയൊരു ഗാനമാണ്. 'സുജാത' എന്ന ചിത്രത്തിനു വേണ്ടി മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ രചിച്ച് രവീന്ദ്ര ജെയിന്‍ സംഗീതം പകര്‍ന്ന "സ്വയംവര ശുഭദിന മംഗളങ്ങള്‍" എന്ന ഗാനമാണ് ആശ പാടിയത്. 1977-ലാണ് ആ ചിത്രം പുറത്തിറങ്ങിയത്.

ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നല്കിയ സംഭാവനകളെ മാനിച്ച് ഇവർക്ക് 2000-ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചു. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷൺ അർഹയായതും ആശയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക