
കേരളത്തിലെ ജനാധിപത്യ ഉല്‍സവമായ വോട്ടെടുപ്പില്‍ ജനം നിശ്ചയദാര്‍ഢ്യത്തോടെ പങ്കെടുത്തതിന്റെ സൂചനയാണ് ഇത്തവണത്തെ പോളിങ് ശതമാനത്തിലെ വര്‍ധന. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പില്‍ (2021) 74.04 ശതമാനം പേരാണ് സമ്മതിദാനാവകാശം രേപ്പെടുത്തിയതെങ്കില്‍ ഇക്കുറി അത് മറികടന്നു. ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സമയത്ത് 78.20 ശതമാനമാണ് പോളിങ്. ഇലക്ഷന്‍ കമ്മിഷന്റെ കണക്കടുപ്പിലേ കൃത്യമായ പോളിങ് ശതമാനം അറിയാനൊക്കൂ. ഇന്ന് രാവിലെ 7 മണിക്ക് പോളിങ് ആരംഭിച്ചതു മുതല്‍ ബൂത്തുകളില്‍ വന്‍ ക്യൂ രൂപപ്പെട്ടിരുന്നു. വൈകിട്ട് വോട്ടെടുപ്പ് സമയം അവസാനിച്ചതിനെ തുടര്‍ന്ന് പലയിടങ്ങളിലും ക്യൂ വില്‍ ഉണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അവസരമൊരുക്കി. 7.30-ന് ശേഷവും പോളിങ് തുടര്‍ന്നു.
യുവാക്കളും സ്ത്രീകളും കന്നി വോട്ടര്‍മാരും ഉള്‍പ്പെടെ ആബാലവൃദ്ധം ജനങ്ങളും ആവേശത്തോടെ വോട്ടുചെയ്യാനെത്തി. പോളിങ് ശതമാനം വലിയ തോതില്‍ വര്‍ധിച്ചതിനെ വോട്ടര്‍മാരുടെ ഒരു പോസിറ്റീവ് മാറ്റമായി കാണാവുന്നതാണ്. 1987-ല്‍ പോളിങ് 80.5 ശതമാനമായിരുന്നു. 39 വര്‍ഷത്തിന് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്ത തിരഞ്ഞെടുപ്പാണിത്. പോളിങ് ശതമാനം ഇത്രയും ഉയരാന്‍ പല കാരണങ്ങളുണ്ട്. 10 വര്‍ഷത്തെ തുടര്‍ച്ചയായ ഇടതു ഭരണത്തില്‍ നിന്ന് ഒരു മാറ്റം ജനം ആഗ്രഹിക്കുന്നുണ്ടാവും. ജനങ്ങള്‍ക്കുവേണ്ടി സമര്‍പ്പിതമായ പരിപാടികളോടെ നിലകൊണ്ട സര്‍ക്കാരിനെ വീണ്ടും ജയിപ്പിക്കാന്‍ സമ്മതിദായകര്‍ ഒറ്റെക്കെട്ടായി ഇറങ്ങിയതായിരിക്കാം. അതിനുള്ള സാധ്യത ഏതായാലും ഇല്ല.
യു.ഡി.എഫിന്റെ പ്രകടന പത്രികയെ വോട്ടര്‍മാര്‍ 100 ശതമാനം വിശ്വസിച്ച് അവര്‍ക്ക് കൈകൊടുത്തുവെന്നും വ്യാഖ്യാനിക്കാം. പരമ്പരാഗതമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഈ രണ്ട് മുന്നണികളെയും ഒരു പാഠം പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ബി.ജെ.പി മുന്നണിയെ ഭരണത്തിലേറ്റാനുള്ള പുറപ്പാടാണോ എന്നും ശങ്കിക്കാം. പക്ഷേ, കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പി ശക്തിയാര്‍ജിക്കുമെങ്കിലും ഭരണത്തിലേയ്‌ക്കെത്താനുള്ള സമയമായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം, വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാല്‍ പോളിങ് ശതമാനത്തില്‍ സ്വാഭാവികമായും വര്‍ധനവുണ്ടാകും.
പോളിങ് ശതമാനം ഉയരുന്നത് ജനാധിപത്യത്തിന്റെ ആരോഗ്യകരമായ ലക്ഷണമാണ്. എന്നാല്‍ ഓരോ മുന്നണിയെയും സംബന്ധിച്ചിടത്തോളം ഈ വര്‍ധന നെഞ്ചിടിപ്പ് കൂട്ടുമെന്നതാണ് സത്യം. കേരളത്തിന്റെ തിരഞ്ഞടുപ്പ് ചരിത്രം പരിശോധിച്ചാല്‍, പോളിങ് ശതമാനത്തിലുണ്ടാകുന്ന വലിയ വര്‍ധനവ് പലപ്പോഴും നിലവിലുള്ള സര്‍ക്കാരിനെതിരെയുള്ള ജനവികാരമായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. മാറ്റം ആഗ്രഹിക്കുന്ന വോട്ടര്‍മാര്‍, പ്രത്യേകിച്ച് നിഷ്പക്ഷ വോട്ടര്‍മാര്‍, കൂട്ടത്തോടെ ബൂത്തുകളിലേക്ക് എത്തുമ്പോഴാണ് പോളിങ് കുത്തനെ ഉയരുന്നത്. പേളിങ് ശതമാനത്തിലുണ്ടായ വര്‍ധനവ് മുമ്പ് ഭരണമാറ്റത്തിന് വഴിതെളിച്ചിട്ടുണ്ടെന്നോര്‍ക്കുക.
1987-ല്‍ ഉയര്‍ന്ന പോളിങ് (80.5 ശതമാനം) രേഖപ്പെടുത്തിയപ്പോള്‍ യു.ഡി.എഫിനെ തഅട്ടിമറിച്ച് ഇ.കെ നായനാരുടെ നേതൃത്വത്തില്‍ ഇടതു മുന്നണി അധികാരത്തില്‍ വന്നു. 2001-ലെ ഉയര്‍ന്ന പോളിങ് യു.ഡി.എഫിന് വന്‍ വിജയം സമ്മാനിക്കുകയും ആന്റണി സര്‍ക്കാര്‍ അഘികാരത്തിലെത്തുകയും ചെയ്തു. 2016-ലെ തിരഞ്ഞടുപ്പില്‍ പോളിങ് ശതമാനം കൂടിയപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ മാറ്റി താഴെയിട്ട് പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വരികയായിരുന്നു. എന്നാല്‍ 2021-ല്‍ കോവിഡ് പശ്ചാത്തലത്തിലും മികച്ച പോളിങ് നടന്നപ്പോള്‍ എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തിയത് ചരിത്രത്തിന്റെ തിരുത്തിക്കുറിക്കുലുമായി..
പുതിയ വോട്ടര്‍മാരും യുവാക്കളും വലിയ തോതില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നത് പോളിങ് ശതമാനം ഉയരാന്‍ കാരണമാകുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ കേഡര്‍ വോട്ടുകള്‍ക്ക് അപ്പുറം, വികസനം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തമായ നിലപാടുള്ള യുവതലമുറയുടെ വോട്ടുകള്‍ ആര്‍ക്ക് ലഭിക്കുന്നു എന്നത് വിജയപരാജയങ്ങളെ നിര്‍ണ്ണായകമായി സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ പോളിങ് ശതമാനം വര്‍ധിക്കുന്നതിന്റെ ഒരു പ്രധാന കാരണം നിശബ്ദരും നിഷ്പക്ഷരും എന്നാല്‍ വ്യക്തമായ രാഷ്ട്രീയ ബോധമുള്ളവരുമായ വോട്ടര്‍മാരുടെ സജീവമായ ഇടപെടലാണ്. ഇവരാണ് മുന്നണികളുടെ കണക്കുകൂട്ടലുകളെല്ലാം വെള്ളത്തിലാക്കുന്നത്. പ്രാദേശികവും ഗൗരവതരവുമായ വിഷയങ്ങളും പോളിങ് ശതമാനം കൂട്ടുമെന്നതിനും ഉദാഹരണങ്ങളുണ്ട്.
കേരളത്തില്‍ ഇക്കുറി 30,495 പോളിങ് സ്റ്റേഷനുകളിലായി 2.71 കോടിയിലധികം വോട്ടര്‍മാര്‍ക്കാണ് സമ്മതിദാനാവകാശമുണ്ടായിരുന്നത്. ഇതില്‍ 1.32 കോടി പുരുഷന്മാരും 1.39 കോടി സ്ത്രീകളും 273 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 2.42 ലക്ഷത്തിലധികം പ്രവാസി വോട്ടര്‍മാരും ഇത്തവണ പട്ടികയിലിടെപിടിച്ചു. സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനായി പ്രത്യേക ബൂത്തുകളും ഇത്തവണ സജ്ജമാക്കിയിരുന്നു. 352 ബൂത്തുകള്‍ പൂര്‍ണ്ണമായും സ്ത്രീകളാണ് നിയന്ത്രിച്ചത്. 37 ബൂത്തുകള്‍ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരുന്നു. സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. പ്രശ്‌ന സാധ്യതയുള്ള 2,000 പേരെ കരുതല്‍ തടങ്കലിലാക്കി. 140 വിതരണ-ശേഖരണ കേന്ദ്രങ്ങളും സജ്ജീകരിച്ചു. വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് മെഷീനുകള്‍ 140 സ്‌ട്രോങ്ങ് റൂമുകളിലായി സൂക്ഷിക്കും.
വോട്ടുകളെല്ലാം മെഷിനില്‍ പതിഞ്ഞ സാഹചര്യത്തില്‍ ഇനിയുള്ള 25 ദിവസം മുന്നണികള്‍ക്ക് കൂട്ടലും കിഴിക്കലിന്റെയും നാളുകളാണ്. മെയ് 4-ാം തീയതി 43 കേന്ദ്രങ്ങളിലായി മെയ് നാലിനാണ് വോട്ടെണ്ണല്‍ നടക്കുക. അതുവരെ പദവി മോഹികള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. ഇടതു മുന്നണിക്ക് ഭരണം നഷ്ടപ്പെട്ടാല്‍ അതിനുള്ള കാരണങ്ങള്‍ അക്കമിട്ട് നിരത്താനുണ്ടാവും. യു.ഡി.എഫ് അധികാരത്തിലേറി അഞ്ചുവര്‍ഷം കഴിഞ്ഞ് നടക്കുന്ന തിരഞ്ഞടുപ്പിലും അതേ കാരണങ്ങള്‍ മറ്റൊരു രൂപത്തില്‍ അവരുടെയും മുന്നിലുണ്ടാവും. എന്തായാലും വര്‍ധിച്ച പോളിങ് എപോളിങ് ശതമാനം ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും കൃത്യമായ ഒരു ജനവിധി ഉറപ്പാക്കുകയും ചെയ്യുന്നു. അത്തരമൊരു മാറ്റം അനിവാര്യമാണ്, ആശാവഹമാണ്.