Image

വോട്ടിന് സാരി? പാലക്കാട് ബിജെപിക്കെതിരെ വീണ്ടും ആരോപണം

Published on 08 April, 2026
 വോട്ടിന് സാരി? പാലക്കാട് ബിജെപിക്കെതിരെ വീണ്ടും ആരോപണം

പാലക്കാട്  തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ ഗുരുതരമായ വോട്ട് കോഴ ആരോപണങ്ങൾ ഉയരുന്നു. കല്ലേക്കാട് ഭാഗത്ത് വോട്ടർമാർക്ക് വ്യാപകമായി സാരി വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ പണവും സാരിയും നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം.

 നേരത്തെ സിപിഐഎം സ്ഥാനാർത്ഥി എൻ.എം.ആർ. റസാഖും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും ദൃശ്യങ്ങൾ സഹിതമുള്ള തെളിവുകൾ ലഭിച്ചത് ഇന്നാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ വ്യക്തമാക്കി.

പാലക്കാട്ടെ കണ്ണാടി മേഖലയിൽ ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്ന മറ്റൊരു വീഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മൂന്ന് കാറുകളിലായി എത്തിയ സംഘം 5000 രൂപ വീതം വോട്ടർമാർക്ക് നൽകിയെന്നാണ് കെഎസ്‌യു ജില്ലാ നേതൃത്വം ആരോപിക്കുന്നത്. പ്രദേശത്തെ ഒരു മരണവീട് സന്ദർശിക്കാനെത്തിയ ശോഭാ സുരേന്ദ്രനും സംഘവും തൊട്ടടുത്ത വീട്ടിലെ വൃദ്ധയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ മൊബൈലിൽ പകർത്തിയിരുന്നു. ഇതോടെ പ്രകോപിതയായ സ്ഥാനാർത്ഥി പ്രവർത്തകർക്ക് നേരെ തട്ടിക്കയറുകയും അടിച്ചു കരണക്കുറ്റി പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത് വലിയ വിവാദമായിട്ടുണ്ട്.

ബിജെപിയുടെ ഈ നടപടിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകി. ഒരു സ്ഥാനാർത്ഥി ഇത്രയും മോശമായി പെരുമാറുന്നത് ആദ്യമായാണ് കാണുന്നതെന്നും ശോഭാ സുരേന്ദ്രനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ബിജെപി പണം വിതരണം ചെയ്തതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും അവർ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക