Image

കേരളത്തിന്റെ വികസനവും, സാമൂഹ്യനീതിയും ഉറപ്പാക്കാന്‍, ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വീണ്ടും അധികാരത്തില്‍ എത്തിക്കൂക : നവയുഗം

Published on 07 April, 2026
കേരളത്തിന്റെ വികസനവും, സാമൂഹ്യനീതിയും ഉറപ്പാക്കാന്‍, ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വീണ്ടും അധികാരത്തില്‍ എത്തിക്കൂക : നവയുഗം

ദമ്മാം: കേരളത്തിന്റെ സാമൂഹിക നീതിയും, വികസന നേട്ടങ്ങളും സംരക്ഷിക്കാനും, ശക്തിപ്പെടുത്താനും, നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

വിദ്യാഭ്യാസം, ആരോഗ്യരംഗം, സാമൂഹിക സുരക്ഷാ പദ്ധതികള്‍, തൊഴിലവസരങ്ങള്‍ എന്നിവയില്‍ സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഇടതുപക്ഷ സര്‍ക്കാരുകള്‍ വഹിച്ച പങ്ക് അഭിനന്ദനാര്‍ഹമാണ്. പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തല്‍, അതിദാരിദ്ര്യനിവാരണം, സ്ത്രീശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം തുടങ്ങിയ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ കേരളത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം തന്നെയാണ്.

പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ ഏറെ ശ്രദ്ധേയമാണ്. 
കോവിഡ് കാലത്ത് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള ഇടപെടലുകള്‍, തിരിച്ചെത്തിയ പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതികള്‍ (NDPREM),  നിക്ഷേപ സാധ്യതകള്‍ ഒരുക്കല്‍, പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ 2016 ല്‍ പ്രതിമാസം കേവലം 500 രൂപ ആയിരുന്നത് നിലവില്‍ 3500 രൂപ യായി വര്‍ധിപ്പിക്കുകയും, പ്രവാസി ക്ഷേമനിധിയില്‍ അംഗത്വത്തിനുള്ള പ്രായപരിധി 55 വയസ്സില്‍ നിന്നും 60 വയസ്സായി ഉയര്‍ത്തുകയും, പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ലോകകേരളസഭക്ക് രൂപം നല്‍കുകയും, ഇത് വഴി ഒട്ടേറെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. 

പ്രവാസി മിഷന്‍, പ്രവാസി ഡിവിഡന്റ് പദ്ധതി, പ്രവാസി കാള്‍സെന്റര്‍, നോര്‍ക്ക പോലീസ് സ്റ്റേഷന്‍ എന്നിവ വഴി സര്‍ക്കാര്‍ പ്രവാസികള്‍ക്ക് ഉറച്ച പിന്തുണയാണ് നല്‍കിവരുന്നത്. നോര്‍ക്ക റൂട്‌സ് വഴി നല്‍കി വരുന്ന വിവിധ ധനസഹായങ്ങള്‍, വിദേശ ഭാഷ പഠനം, റിക്രൂട്ട്‌മെന്റ്, സംരംഭം തുടങ്ങുന്നതിനായുള്ള വായ്പകളും, മാര്‍ഗനിര്‍ദ്ദേശങ്ങളും,  2025 നവംബര്‍ ആദ്യം തുടങ്ങിയ നോര്‍ക്ക കെയര്‍ പ്രവാസി ഇന്‍ഷുറന്‍സ് പദ്ധതി, അതിന്റെ തുടര്‍ച്ചയായുള്ള നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി മുഖേനയുള്ള 10 ലക്ഷം മുതല്‍ ഒരു കോടി വരെയുള്ള ഇന്‍ഷുറന്‍സ് പദ്ധതി, നിയമസഹായം, ആംബുലന്‍സ് സര്‍വീസ് ഇതെല്ലാം ഇവയില്‍ ഉള്‍പ്പെടുന്നു.

അതേസമയം, വയനാട് മേഖലയിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ സഹായം വാഗ്ദാനം നടപ്പാക്കുന്നതില്‍  ദയനീയമായി പരാജയപ്പെട്ട കോണ്‌ഗ്രെസ്സ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഐക്യ ജനാധിപത്യ മുന്നണി ജയിച്ചാല്‍, തമ്മിലടിയ്ക്കാനല്ലാതെ, ജനക്ഷേമകരമായ ഒന്നും തന്നെ അവരില്‍ നിന്നും കേരള സമൂഹം പ്രതീക്ഷിക്കേണ്ടതില്ല.  മത വര്‍ഗ്ഗീയ പ്രീണനമാണ് അവരുടെ മുഖ്യഅജണ്ട. അധികാരം കിട്ടിയാല്‍ സുസ്ഥിരമായ ഭരണം അവരില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. പരസ്പരം തമ്മിലടിച്ചും, ഗ്രൂപ്പ് കളിച്ചും സംസ്ഥാനത്തു അസ്ഥിരത സൃഷ്ടിക്കാനെ അവര്‍ക്കാവു എന്നത് കഴിഞ്ഞ കാലങ്ങളിലെ അനുഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

മറുവശത്ത് സാമൂഹിക ഐക്യം, മതനിരപേക്ഷത, ജനാധിപത്യ മൂല്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിന് ഭീഷണിയായ ബിജെപി സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന എന്‍ ഡി എ മുന്നണിയെ കേരള ജനത എക്കാലവും തള്ളിക്കളഞ്ഞിട്ടുള്ളതാണ്. തുടര്‍ന്നും അവരെ കേരള ജനത അവഗണിക്കുമെന്ന കാര്യത്തില്‍ ഒട്ടും തന്നെ സംശയമില്ല.

ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകള്‍ കൂടുതല്‍ പ്രസക്തമാകുന്ന ഈ കാലഘട്ടത്തില്‍, ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണ തുടര്‍ച്ച ഉറപ്പാക്കുന്നതിനായി, എല്ലാ ജനാധിപത്യ വിശ്വാസികളും  ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കി വിജയിപ്പിക്കണമെന്നും, ഇടതു മുന്നണി സര്‍ക്കാരിനെ തിരികെ ഭരണത്തില്‍ എത്തിയ്ക്കണമെന്നും നവയുഗം സാംസ്‌കാരിക വേദി കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക