Image

ഒറ്റിക്കൊടുക്കുന്നവനോട് കാലം പറയുന്നത്‌ (ജോസഫ് നമ്പിമഠം)

Published on 03 April, 2026
ഒറ്റിക്കൊടുക്കുന്നവനോട് കാലം പറയുന്നത്‌  (ജോസഫ് നമ്പിമഠം)

ഗുരുവിന്റെ കവിളിൽ ചുംബനം നൽകി
ശത്രുവിനു കാട്ടിക്കൊടുക്കുക എന്നത്
നിന്റെ നിയോഗമാണ്

ആ നിയോഗം നീ ഏറ്റെടുക്കുക
നിന്റെ ജോലി നീ പൂർത്തിയാക്കുക
അതിന്റെ പ്രതിഫലം അനുഭവിക്കാൻ  
നിനക്കു യോഗമില്ല.

അത് രക്തനിലം വാങ്ങാനുള്ളതാണ് 
ശവംനാറി പൂവുകളും, കള്ളിമുള്ളും 
കഴുകൻമാരും അവിടെ വസിക്കും  

നീതിമാന്റെ രക്തം വിറ്റ
മുപ്പതു വെള്ളിക്കാശിന്റെ കിഴി   
പുരോഹിതന്മാരുടെ മുന്നിൽ
ദേവാലയത്തിലെ അൾത്താരയിൽ
ചിതറിത്തെറിച്ചു വീണപ്പോൾ മുഴങ്ങിയത്
നിന്റെ ദുരന്തത്തിന്റെ മണിനാദമാണ് 
അതു വീണ ഇടവും ചാവുനിലമാകും

അവസാനം, ഒരു മുഴം കയറിൽ
വൃക്ഷക്കൊമ്പിൽ തൂങ്ങി ആടുമ്പോഴും 
ദുരന്തം അവസാനിക്കുന്നില്ല

വഞ്ചകന്റെ പിൻമുറക്കാരെന്ന് 
ലോകാവസാനം വരെയും അറിയപ്പെടും
അവരുടെ കൈരേഖകളിലും, ശിരോരേഖകളിലും അത് 
നിത്യമുദ്രയായി പതിക്കപ്പെടുകയും ചെയ്യും!

Join WhatsApp News
സുരേന്ദ്രൻ നായര് 2026-04-03 17:57:23
സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരന്റെ ആർജ്ജവമുള്ള പ്രതികരണം. അഭിനന്ദനങ്ങൾ
GP 2026-04-03 19:22:34
ജോസഫ് നംമ്പിമഠത്തിന്റെ കവിത വായിച്ചപ്പോൾ അവസാന പദ്യമാണ് മനസിൽ ഏറ്റവും തങ്ങി നിൽക്കുന്നത്. യൂദാസ് എങ്ങനെ ഒരു വഞ്ചകനായി മാറി എന്ന ചിന്തയിലേക്ക് അത് എന്നെ നയിച്ചു. മത്തായിയുടെ സുവിശേഷം പറയുന്നു: യൂദാസ് മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു ചോദിച്ചു — “അവനെ നിങ്ങള്ക്ക് കൈമാറിയാൽ നിങ്ങൾ എനിക്ക് എന്ത് തരും?” അവർ അവന് മുപ്പത് വെള്ളിക്കാശ് കൊടുത്തു. പണത്തോടുള്ള ആർത്തി (യൂദാസ് പണം സൂക്ഷിപ്പുകാരൻ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്) ഏറ്റവും ലളിതമായ വിശദീകരണം. യൂദാസുമായി ചർച്ച നടത്തി കരാറിലെത്തിയത് മഹാപുരോഹിതനാണ് എന്ന കാര്യം വിസ്മരിക്കാതിരിക്കുക. എന്നാൽ ഈ കഥ സമൂഹത്തിൽ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു. നാം സ്വതന്ത്രമായി ചിന്തിക്കാൻ പരാജയപ്പെടുമ്പോഴും, പണം, പ്രതാപം, കീർത്തി ഇവയുടെ പിന്നാലെ പോകുമ്പോഴും യൂദാസ് വീണ അതേ കുടുക്കിലേക്കാണ് നാം വഴുതിവീഴുന്നത്. സത്യസന്ധമായ നേതൃപാടവം ഇന്ന് അപൂർവമാണ്. വിമർശനാത്മകമായി ചിന്തിക്കാൻ കഴിയാത്തവർ തട്ടിപ്പുകാർക്ക് എളുപ്പത്തിൽ ഇരയാകുന്നു. മതരംഗത്തും രാഷ്ട്രീയത്തിലും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇത്തരം തട്ടിപ്പുകാർ നിറഞ്ഞിരിക്കുന്നു. ഇവരിൽ പലരും കൃത്യമായി കണക്കുകൂട്ടുന്നവരും അതീവ ചതിയുള്ളവരുമാണ്. കവി സൂചിപ്പിക്കുന്നതുപോലെ, നമ്മുടെ തെറ്റുകളും നാം ചെയ്യുന്ന തീരുമാനങ്ങളും വരും തലമുറകളുടെ ജീവിതത്തെയും ബാധിക്കാം. പക്ഷേ നാം വിവേകവും സ്വതന്ത്രചിന്തയും വളർത്തിയെടുക്കുകയാണെങ്കിൽ, ആ ശാപചക്രം തകർക്കാൻ കഴിയും. നമ്മുടെ പിന്നാലെ വരുന്ന തലമുറകളുടെ വിധി നാം മാറ്റിമറിക്കാനും കഴിയും.
Philipkallada 2026-04-05 05:02:19
ഒറ്റിക്കൊടുക്കുന്നവര്‍ ഇന്നും കുറവല്ല. നന്മപോലെ തിന്മയും കാലഘട്ടങ്ങളെ അതിജീവിച്ച് ഒഴുകുന്ന ചിന്ത കവിതയെ മനോഹരമായിരിക്കുന്നു .അഭിനന്ദനങ്ങള്‍ .ഫിലിപ്പ് കല്ലട.
ജോസഫ് നമ്പിമഠം 2026-04-05 17:28:58
യേശു, യൂദാസ് എന്നീ പേരുകൾ ഈ കവിതയിൽ ഉപയോഗിച്ചിട്ടില്ല. മറ്റു സൂചകങ്ങൾ കൊണ്ട് അങ്ങനെ ചിന്തിക്കുന്നതിലും തെറ്റില്ല. ചതിക്കുന്നവർ, വഞ്ചിക്കുന്നവർ, സാമ്പത്തിക ലാഭം നോക്കി നന്മയെ ഒറ്റിക്കൊടുക്കുന്നവർ, അതിൽ നിന്നു ലാഭം കൊയ്യുന്നവർ, സ്വയം നശിക്കുന്നു, അത് അനുഭവിക്കുന്ന വരും തലമുറയും അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കും എന്ന ഒരു Universal Truth ആണ്‌ ഈ കവിതയിൽ അവതരിപ്പിക്കാൻ ശ്രമിച്ചത്. കവിത എഴുതുന്ന ആൾ അതു വിശദീകരിക്കേണ്ടതില്ല എങ്കിലും അങ്ങനെയും ഒരു വശം അതിലുണ്ട് എന്നു സൂചിപ്പിച്ചു എന്നു മാത്രം. കവിത വായിച്ചു കമെന്റുകൾ കുറിച്ച ശ്രീ സുരേന്ദ്രൻ നായർ, GP, ഫിലിപ്പ് കല്ലട എന്നിവർക്കു നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക