Image

ഐഓസി (യുകെ)യുടെ ആഭിമുഖ്യത്തില്‍ യു ഡി എഫ് പ്രചാരണ വീഡിയോ ഗാനം പുറത്തിറക്കും

റോമി കുര്യാക്കോസ് Published on 02 April, 2026
ഐഓസി (യുകെ)യുടെ ആഭിമുഖ്യത്തില്‍ യു ഡി എഫ് പ്രചാരണ വീഡിയോ ഗാനം പുറത്തിറക്കും

മിഡ്‌ലാന്ഡ്‌സ് : കേരള നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട് യു ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) കേരള ചാപ്റ്റര്‍ മിഡ്‌ലാന്ഡ്‌സ് ക്യാമ്പയിന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഏപ്രില്‍ 2, വ്യാഴാഴ്ച യു ഡി എഫ് പ്രചാരണ വീഡിയോ ഗാനം സമൂഹമാധ്യമങ്ങള്‍ മുഖേന പുറത്തിറക്കുമെന്ന് കമ്മിറ്റി അറിയിച്ചു.

കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി വിവിധ യു ഡി എഫ് നേതാക്കള്‍ സംരംഭത്തിന് ആശംസകളും പിന്തുണയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ന്നു വരുന്ന ജനദ്രോഹ നയങ്ങള്‍ വിവരിച്ചുകൊണ്ടും മാറ്റത്തിനായുള്ള ആഹ്വാനം ഉയര്‍ത്തിക്കൊണ്ടുമാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

യു കെയിലെ പ്രമുഖ കോണ്‍ഗ്രസ് സംഘടനാ നേതാവും സിനിമ സംവിധായകന്‍, നിര്‍മ്മാതാവ്, ഗാനരചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനുമായ മുന്‍ അധ്യാപകന്‍ ഫിലിപ്പ് കെ ജോണ്‍ ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയത് ഫെമിന്‍ ഫ്രാന്‍സിസ്. പ്രശസ്ത യുവഗായികയും സീ കേരളം 'സ രി ഗ മ' സീസണ്‍ 3 മത്സരാര്‍ത്ഥിയും ആലുവ സ്വദേശിനിയുമായ ശ്രദ്ധ ദിനേശാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോസഫ് പി ടി (ഓര്‍ക്കസ്‌ട്രേഷന്‍), അരുണ്‍ കെ പി (മിക്‌സിങ്), മെട്രോ സ്റ്റുഡിയോ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ഐഓസി (യുകെ) കേരള ചാപ്റ്റര്‍ മിഡ്‌ലാന്ഡ്‌സ് ക്യാമ്പയിന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കര്‍മ്മസേനയും സോഷ്യല്‍ മീഡിയ/വാര്‍ റൂം ടീമും 140 മണ്ഡലങ്ങളിലെയും യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്കായി ശക്തമായ പ്രചാരണം കഴിഞ്ഞ ദിവസങ്ങളായി നടത്തിവരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ മണ്ഡലങ്ങളെ അടിസ്ഥാനമാക്കി അവലോകനങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കുമെന്ന് ക്യാമ്പയിന്‍ കമ്മിറ്റി സംഘാടകരായ ഷൈനു ക്ലെയര്‍ മാത്യൂസ്, റോമി കുര്യാക്കോസ്, മണികണ്ഠന്‍ ഐക്കാട്, സോണി ചാക്കോ, മിഥുന്‍ മോഹന്‍, സൈമണ്‍ ചെറിയാന്‍, ഷിജോ, അനുരാഗ് എ ആര്‍ എന്നിവര്‍ അറിയിച്ചു.

''പടയൊരുക്കം - മാറ്റത്തിനായി ഒരുമിക്കാം'' എന്ന സന്ദേശവുമായി 140 മണ്ഡലങ്ങളിലെയും യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ ഉറപ്പാക്കുകയാണ് ഈ ക്യാമ്പയിന്‍ ലക്ഷ്യം. പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിനായുള്ള പ്രചാരണത്തിന് കൂടുതല്‍ ശക്തി പകരുന്നതായിരിക്കും ഈ വീഡിയോ ഗാനമെന്ന് സംഘാടകര്‍ വ്യക്തമാക്കി. എല്ലാവരും വീഡിയോ കാണുകയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു.

''കേരളം ജയിക്കും, യു ഡി എഫ് നയിക്കും'' എന്ന മുദ്രാവാക്യത്തോടെയാണ് ക്യാമ്പയിന്‍ മുന്നോട്ട് പോകുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക