Image

ലോകകപ്പ് 2026 : 48 ടീമുകളുമായി (സനില്‍ പി. തോമസ്)

Published on 01 April, 2026
ലോകകപ്പ് 2026 : 48 ടീമുകളുമായി (സനില്‍ പി. തോമസ്)

യൂറോപ്യന്‍ പ്ലേ ഓഫും ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫും സമാപിച്ചതോടെ ഈ വര്‍ഷത്തെ ലോകകപ്പ് ഫുട്‌ബോളില്‍ പങ്കെടുക്കുന്ന 48 ടീമുകളും നിശ്ചയിക്കപ്പെട്ടു. യോഗ്യതാ റൗണ്ട് മത്സരങ്ങളിലൂടെ 39 ടീമുകളും ആതിഥേയരായി യു.എസും കാനഡയും മെക്സിക്കോയും നേരത്തെ ബര്‍ത്ത് നേടിയിരുന്നു. ഇന്നു പുലര്‍ച്ചെ സമാപിച്ച പ്ലേ ഓഫില്‍, യൂറോപ്പില്‍ നിന്ന് ബോസ്‌നിയ ആന്‍ഡ് ഹെര്‍സ്‌ഗോവിന, ചെക്ക് റിപ്പബ്ലിക്ക്, സ്വീഡന്‍, തുര്‍ക്കി ടീമുകളും ഇന്റര്‍ കോണ്ടിനെന്റല്‍ വിഭാഗത്തില്‍ ഇറാഖും കോംഗോയും ബെര്‍ത്ത് നേടി.

നാലു തവണ ലോകകപ്പ് നേടിയിട്ടുള്ള ഇറ്റലി തുടര്‍ച്ചയായ മൂന്നാം തവണയും യോഗ്യത നേടാത്തതാണ് പ്ലേ ഓഫിലെ അദ്ഭുതം. ഡെന്മാര്‍ക്കും പുറത്തായി. ഇറ്റലി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആണ് ബോസ്‌നിയ ആന്‍ഡ് ഹെര്‍സ്‌ഗോവിനയോട് പരാജയപ്പെട്ടത്(1-4). ഓരോ ഗോള്‍ അടിച്ച് സമനില പാലിച്ചതിനെത്തുടര്‍ന്നായിരുന്നു ഷൂട്ടൗട്ട്. ഡെന്‍മാര്‍ക്ക് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചെക്ക് റിപ്പബ്ലിക്കിനോട് തോറ്റു(1-3). എക്ട്രാ ടൈം സമാപിച്ചപ്പോള്‍ സ്‌കോര്‍ 2-2 ആയിരുന്നു. പോളണ്ടിനെ തോല്‍പിച്ച് സ്വീഡനും(3-2) കൊസോവോയെ കീഴടക്കി തുര്‍ക്കിയും(1-10) ലോകകപ്പിന് ബെര്‍ത്ത് ഉറപ്പിച്ചു.
ഇറാഖ് ബൊളീവിയയെയും(2-1) കോംഗോ ജമൈക്കയെയും(1-0) പരാജയപ്പെടുത്തി. യൂറോപ്പില്‍ നിന്ന് ഇക്കുറി 16 ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുക. 2022 ല്‍ 13 ടീമുകള്‍ ആണു മത്സരിച്ചത്. ലോകകപ്പില്‍ ചെക്ക് റിപ്പബ്ലിക്ക് ഗ്രൂപ്പ് 'എ' യിലും ബോസ്‌നിയ ആന്‍ഡ് ഹര്‍സഗോവിന 'ബി'യിലും തുര്‍ക്കി ഡിയിലും സ്വീഡന്‍ എഫിലും ഇറാഖ് 'ഐ'യിലും കോംഗോ 'കെ' യിലും കളിക്കും.

ഇത്തവണ 104 മത്സരങ്ങള്‍ ഉണ്ടാകും. കഴിഞ്ഞ ലോകകപ്പിനെക്കാള്‍ 40 മത്സരങ്ങള്‍ കൂടുതല്‍. ലോക റാങ്കിങ്ങില്‍ ആദ്യ നാലുസ്ഥാനക്കാരായ(യഥാക്രമം അര്‍ജന്റിന, സ്‌പെയിന്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്) ടീമുകള്‍ സെമിഫൈനലിനു മുമ്പ് നേര്‍ക്കുനേര്‍ വരാത്ത വിധത്തിലാണ് ഫിക്‌സച്ചര്‍. യു.എസ്. ഗ്രൂപ്പ് 'ഡി'യിലും ഇറാന്‍ ഗ്രൂപ്പ് 'ജി'യിലുമാണ്. ഈ ടീമുകള്‍ മുഖാമുഖം വരുമോയെന്ന ആശങ്കയുണ്ട്.

ആകെ സമ്മാനത്തുക 655 മില്യന്‍ ഡോളര്‍ ആണ്. ലോകകപ്പ് ജേതാക്കള്‍ക്ക് 50 മില്യന്‍ ഡോളര്‍ സമ്മാനമായി ലഭിക്കും. 2018ല്‍ ഫ്രാന്‍സ് ജയിച്ചപ്പോള്‍ 38 മില്യന്‍ ഡോളറും 2022ല്‍ അര്‍ജന്റിന കപ്പ് നേടിയപ്പോള്‍ 42 മില്യന്‍ ഡോളറുമാണ് സമ്മാനമായി ലഭിച്ചത്.

പങ്കെടുക്കുന്ന 48 ടീമുകള്‍ക്കും 15 ലക്ഷം ഡോളര്‍വീതം തയ്യാറെടുപ്പുകള്‍ക്ക് നല്‍കും. ഗ്രൂപ്പ് ഘട്ടത്തില്‍ മാച്ച് ഫീ ഒന്‍പത് മില്യന്‍ ഡോളറും ക്വാര്‍ട്ടറില്‍ 19 മില്യന്‍ ഡോളറും ആണ്. രണ്ടാം സ്ഥാനക്കാര്‍ക്ക് 33 മില്യന്‍ ഡോളര്‍ കിട്ടും. മൂന്നും നാലും സ്ഥാനക്കാര്‍ക്ക് യഥാക്രമം 29 മില്യന്‍ ഡോളറും 27 മില്യന്‍ ഡോളറും ലഭിക്കും.

റൗണ്ട് ഓഫ് 32 നു മുമ്പുള്ള മത്സരങ്ങളാണ് ഇക്കുറി അധികമായുള്ളത്. ആദ്യ റൗണ്ടില്‍ 16 ടീമുകള്‍ പുറത്താകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക