Image

ശ്രേയ നായർക്കും പ്രണവ് സോമ്പല്ലെക്കും ഗോൾഡ്വാട്ടർ സ്കോളർഷിപ്പ്

Published on 01 April, 2026
 ശ്രേയ നായർക്കും പ്രണവ് സോമ്പല്ലെക്കും ഗോൾഡ്വാട്ടർ സ്കോളർഷിപ്പ്

ഫിലഡൽഫിയ: അമേരിക്കയിലെ പ്രമുഖ ബിരുദതല ഗവേഷണ സ്കോളർഷിപ്പുകളിൽ ഒന്നായ 2026 ലെ ഗോൾഡ്വാട്ടർ സ്കോളർഷിപ്പിന് പെൻസിൽവാനിയ സർവകലാശാലയിലെ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥികളായ ശ്രേയ നായരും പ്രണവ് സോമ്പല്ലെയും അർഹരായി. ശാസ്ത്രം, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം മേഖലകളിൽ ഗവേഷണ ജീവിതം ലക്ഷ്യമിടുന്ന പ്രതിഭാധനരായ വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.

ഈ വർഷം അമേരിക്കയിലെ 482 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി നാമനിർദ്ദേശം ചെയ്യപ്പെട്ട 5,000ത്തിലധികം വിദ്യാർത്ഥികളിൽ നിന്ന് 454 പേരെയാണ് തെരഞ്ഞെടുത്തത്. പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് ഇയാൻ പെങ്, എമിലി വാലേറിയോ എന്നിവർ ഉൾപ്പെടെ നാല് വിദ്യാർത്ഥികളാണ് ഇത്തവണ ഗോൾഡ്വാട്ടർ സ്കോളർഷിപ്പ് നേടിയത്.

ടെക്സസിലെ അലൻ സ്വദേശിനിയായ ശ്രേയ നായർ ബയോളജി പ്രധാനവിഷയമായും എഞ്ചിനീയറിംഗ് എന്റർപ്രണർഷിപ്പ് ഉപവിഷയവുമായി പഠിക്കുകയാണ്. ബയോഎഞ്ചിനീയറിംഗിൽ മാസ്റ്റേഴ്‌സ് പഠനം ബിരുദപഠനത്തോടൊപ്പം ആരംഭിക്കാൻ കഴിയുന്ന പ്രത്യേക അക്കാദമിക് പദ്ധതിയിലും പങ്കെടുക്കുന്നു. പാൻക്രിയാസ് കാൻസറിനെ തടയുന്നതിനുള്ള കെആർഎഎസ് ഇൻഹിബിറ്ററുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള ഗവേഷണത്തിലാണ് അവർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ, ആക്യൂട്ട് മൈലോയിഡ് ല്യൂക്കീമിയയുമായി ബന്ധപ്പെട്ട ചികിത്സാ സാധ്യതകളെക്കുറിച്ചുള്ള ഗവേഷണങ്ങളിലും പങ്കാളിയാണ്. ഭാവിയിൽ കാൻസർ എഞ്ചിനീയറിംഗിൽ ഉയർന്ന പഠനം തുടരുകയാണ്  ലക്ഷ്യം.

ക്ലീവ്ലൻഡ് സ്വദേശിയായ പ്രണവ് സോമ്പല്ലെ ബയോകെമിസ്ട്രിയും ബയോഫിസിക്സും പ്രധാനവിഷയങ്ങളായും ചരിത്രം ഉപവിഷയമായും പഠിക്കുന്നു. ഗവേഷണ കേന്ദ്രീകൃത കരിയർ ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്കായി രൂപകൽപ്പന ചെയ്ത പ്രത്യേക കെമിസ്ട്രി മാസ്റ്റേഴ്‌സ് പദ്ധതിയിലും പങ്കെടുക്കുന്നു.  ഗവേഷണപ്രവർത്തനങ്ങളും അക്കാദമിക് നേട്ടങ്ങളുമാണ് ഈ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെടാൻ സഹായിച്ചത്.

യുവ ഗവേഷകരെ തിരിച്ചറിയുകയും ശാസ്ത്രരംഗത്ത് മുന്നേറാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഗോൾഡ്വാട്ടർ സ്കോളർഷിപ്പിന്റെ പ്രധാന ലക്ഷ്യം. ഈ നേട്ടം ഇരുവരുടെയും ഭാവിയിലെ ഗവേഷണ യാത്രയ്ക്ക് വലിയ പിന്തുണയായിരിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

UPenn’s Shreya Nair, Pranav Sompalle win Goldwater Scholarships

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക