Image

വടക്കുഭാഗത്തെ ചകിരിമാവ്‌ (കവിത: ആനന്ദവല്ലി ചന്ദ്രൻ)

Published on 31 March, 2026
വടക്കുഭാഗത്തെ ചകിരിമാവ്‌ (കവിത: ആനന്ദവല്ലി ചന്ദ്രൻ)

തറവാട്ടിന്റെ വടക്ക് ഭാഗത്ത്
മുറ്റത്തോട് ചേര്‍ന്നു നിന്ന
വൻവൃക്ഷം-- ചകിരിമാവ്‌
സമൃദ്ധമായുതിര്‍ത്തൂ മാങ്ങനീര്‍
നിറഞ്ഞ് വീര്‍ത്ത മാമ്പഴങ്ങള്‍.
ചന്തയിലെങ്ങും കണ്ടിട്ടില്ല
ചന്തവും സ്വാദും ഏറുമിപ്പഴത്തെ.
മാങ്ങനീര്‍ മുട്ടിക്കുടിച്ച്‌ വയര്‍ നിറയ്ക്കും
ഞങ്ങളേവരും ബാല്യത്തിലൊരുമിച്ച്.
തട്ടിയും തടഞ്ഞും ബഹളമുണ്ടാക്കി
അഹമഹമികയാ മാങ്ങ പെറുക്കാ-
നോടിയെത്തും ബാല്യം - സ്മരണ മാത്രമിന്ന്.
മാങ്ങരസമൊഴിഞ്ഞ അണ്ടികള്‍
വെറും പരുപരുക്കന്‍ ചകിരിത്തുപ്പ്‌,
വൃദ്ധന്റെ താടിരോമങ്ങള്‍ പോലെ-
ഴുന്നു നില്‍ക്കുന്നതും നോക്കി ചിരിച്ചു-
കൊണ്ടോരൊറ്റയേറങ്ങ് വളപ്പിലേയ്ക്ക്.
എത്രയോ തൈകള്‍ മുളച്ചു,
എങ്കിലും ഒന്നും വളര്‍ന്നു മൂപ്പെത്തിയില്ല
അണ്ടിയെങ്ങാന്‍ കുളത്തില്‍ വീണാല്‍
കുറച്ചുനാള്‍ കഴിഞ്ഞാല്‍ നിറം മങ്ങും
പിന്നെ കുഴപ്പമില്ലാതെയവിടെക്കിടക്കും.
ചാറ്റല്‍ മഴയത്ത്, ഇളം കാറ്റത്ത്
പടപടാന്നു വീഴും മാങ്ങകള്‍
പെറുക്കിക്കൂട്ടാനെന്തുൽ സാഹമായിരുന്നന്ന്!
കുട്ടികള്‍ വളര്‍ന്ന് വലുതായതറിയാതെ
വൃദ്ധന്‍ ചകിരിമാവ്‌ ഫലങ്ങള്‍ തന്നേയിരുന്നു.
പിന്നെയൊരുദിനം കോടാലി കൊണ്ടൊ-
രു വെട്ട്‌- വൃദ്ധന്‍ പതിച്ചങ്ങു ഭൂമിയില്‍ .
വീട്ടിന്റെ മുകളിലെങ്ങാന്‍ വീണാ --
ലപകടം നിശ്ചയം തന്നെ.
അതൊഴിവാക്കാനിതല്ലാതെ മറ്റെന്തു വഴി??
തറവാട്ടില്‍ പോകുമ്പോഴെല്ലാം ചകിരി--
മാവിന്നസാന്നിദ്ധ്യം -- കണ്ണ് നിറയ്ക്കും.
****

 

Join WhatsApp News
Reeba 2026-03-31 04:38:08
നല്ല ആശയം. പക്ഷെ ഒരു essay പോലെ തോന്നി.
Anandavalli Chandran 2026-03-31 14:54:24
നന്ദി... നന്ദി... റീബ ❤
Devan Tharapil 2026-04-05 06:24:56
ആനന്ദവല്ലി ചന്ദ്രന്റെ വടക്കും ഭാഗത്തെ ചകിരിമാവ് എന്ന ആധുനിക കവിത.. ആസ്വാദനം... ദേവൻ തറപ്പിൽ.. വരികൾക്കിടയിൽ ഒരു തറവാടിന്റെ മുഴുവൻ സ്നേഹവും ഗൃഹാതുരത്വവും തുടിക്കുന്നുണ്ട്. ഒരു ചിട്ടയിലല്ലായെന്ന് നിരീക്ഷിക്കുമ്പോഴും, ആ ഒരു 'ചിട്ടയില്ലായ്മ' തന്നെയാണിവിടെ ഓർമ്മകളുടെ സൗന്ദര്യമായി മാറുന്നത്. ഓർമ്മകളുടെ മാമ്പഴക്കാലം, മാഞ്ഞുപോയ ബാല്യകാലത്തെയും മുറിഞ്ഞുപോയ ബന്ധങ്ങളെയും ഒരു വൃക്ഷത്തിന്റെ ഓർമ്മയിലൂടെ തിരികെപ്പിടിക്കുകയാണ് ഈ വരികൾ. ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ മുഴുവൻ ഈ 'ചക്കിരിമാവി'ന്റെ തണലിലുണ്ട്. സ്വാദുള്ള ബാല്യം ചന്തയിൽ പോലും കിട്ടാത്ത ചന്തവും സ്വാദുമുള്ള ആ മാമ്പഴങ്ങൾ വെറുമൊരു ഫലമല്ല, മറിച്ച് കുട്ടിക്കാലത്തെ നിഷ്കളങ്കമായ സന്തോഷങ്ങളുടെ പ്രതീകമാണ്. "മാങ്ങനീർ മുട്ടിക്കുടിച്ചു വയർ നിറയ്ക്കുന്ന" കുട്ടികൾക്കിടയിലെ ബഹളവും സ്നേഹവും വായനക്കാരെ സ്വന്തം ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. മാമ്പഴം പെറുക്കാനോടുന്ന ആ "അഹമഹമിക" ഒരു വലിയ കൂട്ടായ്മയുടെ ചിത്രമാണ് നൽകുന്നത്. ബിംബങ്ങളുടെ ലാളിത്യം മാങ്ങരസമൊഴിഞ്ഞ അണ്ടിയെ "വൃദ്ധന്റെ താടിരോമങ്ങൾ" പോലെ ചിതറിനിൽക്കുന്ന ചക്കിരിത്തുപ്പിനോട് ഉപമിച്ചത് വളരെ മനോഹരമാണ്. പ്രകൃതിയെ അത്രമേൽ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാൾക്ക് മാത്രമേ ഇത്തരമൊരു താരതമ്യം സാധ്യമാകൂ. തൈകൾ മുളയ്ക്കാത്തതും, കുളത്തിൽ വീണ അണ്ടിയുടെ നിറം മങ്ങുന്നതുമെല്ലാം കാലത്തിന്റെ മാറ്റത്തെയും നിസ്സഹായതയെയും സൂചിപ്പിക്കുന്നു. വിരഹത്തിന്റെ നോവ് കവിതയുടെ രണ്ടാം പകുതിയിൽ ഒരു നൊമ്പരമുണ്ട്. തണലും ഫലവും നൽകിയ വൃക്ഷത്തെ സുരക്ഷിതത്വത്തിന്റെ പേരിൽ വെട്ടിമാറ്റേണ്ടി വരുന്നത് ഒരു അനിവാര്യതയാണെങ്കിലും, അത് ഏൽപ്പിക്കുന്ന മുറിവ് വലുതാണ്. "വൃദ്ധൻ പതിച്ചങ്ങു ഭൂമിയിൽ" എന്ന വരിയിൽ ഒരു മരത്തിന്റെ പതനത്തേക്കാൾ ഉപരി ഒരു കാരണവരുടെ വേർപാട് പോലെയുള്ള ശൂന്യത അനുഭവപ്പെടുന്നു. തറവാടിന്റെ മുറ്റത്ത് ഇന്ന് ആ മാവില്ലായിരിക്കാം, പക്ഷേ ആ മണ്ണിൽ അതിന്റെ വേരുകൾ ഇപ്പോഴുമുണ്ട്. തറവാട്ടിൽ പോകുമ്പോൾ അനുഭവപ്പെടുന്ന ആ 'അസാന്നിധ്യം' കണ്ണ് നിറയ്ക്കുന്നു എന്ന് പറയുമ്പോൾ, അത് ഈ കാലഘട്ടത്തിലെ എല്ലാവരുടെയും നഷ്ടബോധമായി മാറുന്നു. ഹൃദയത്തിൽ നിന്ന് നേരിട്ട് ഒഴുകിവന്ന വരികളായതുകൊണ്ട് തന്നെ ഇതിലെ ഓരോ വാക്കും വായനക്കാരന്റെ ഉള്ളിൽ സ്പർശിക്കുന്നു. എന്നാലും ഒരുപാട് പോരായ്മകൾ രചനയിൽ കാണാം..
ആനന്ദവല്ലി ചന്ദ്രൻ 2026-04-06 10:40:56
ദേവന്റെ അവലോകനം, വളരെ ശ്രദ്ധാപൂർവ്വവും, അവഗാഹപ്രാധാന്യ മുള്ളതുമാണ്. ഓരോവരിയുടെ സവിശേഷത, നിഷ്‌ക്കർഷയോടെ അവതരിപ്പിച്ചതിന് നന്ദി, സന്തോഷം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക