
ഹോണ്‍ചര്‍ച്ച് : ലണ്ടനിലെ ഹോണ്‍ചര്‍ച്ചില്‍ സംഘടിപ്പിച്ച 7 ബീറ്റ്സ് സംഗീതോത്സവ വേദിയില്‍, കലാസ്‌നേഹികളെ ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ച അരങ്ങില്‍ വിരിഞ്ഞത് വര്‍ണ്ണാഭമായ കലയുടെ മഴവില്‍ വസന്തം. ഹോണ്‍ചര്‍ച്ചിലെ ദി കാമ്പയിന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലും ഇടനാഴികകളിലും തിങ്ങി നിറഞ്ഞ നൂറുകണക്കിന് ആസ്വാദക ഹൃദയങ്ങള്‍ 7 ബീറ്റ്സ് സീസണ്‍ 9 സംഗീതോത്സവത്തെ വരവേറ്റത് കഴിഞ്ഞ സീസണുകളിലെ സ്ഥിരതയാര്‍ന്ന സമ്പന്ന കലാ വിരുന്നിനും, സംഘാടക മികവിനും, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവും, അംഗീകാരവും, പ്രോത്സാഹനവുമായി. ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിച്ച സംഗീതോത്സവം രാത്രി പതിനൊന്നുവരെ നീണ്ടു നിന്നു.

യുക്മ ദേശീയ പ്രസിഡണ്ടും, സാമൂഹ്യ പ്രവര്‍ത്തകനുമായ അഡ്വ. എബി സെബാസ്റ്റ്യന്‍ 7 ബീറ്റ്സ് സംഗീതോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുകയും, ആശംസകള്‍ നേര്‍ന്നു സംസാരിക്കുകയും ചെയ്തു. രാവണപ്രഭുവില്‍ ബാലതാരം ആയി സിനിമാ ലോകത്തു ചുവടുവെ ക്കുകയും, പിന്നീട് നിരവധിയായ മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലൂടെ സിനിമാ ലോകം കീഴടക്കുകയും ചെയ്ത പ്രശസ്ത നടി സനുഷാ സന്തോഷ് വിശിഷ്ടാതിഥിയായി പങ്കുചേരുകയും, ആശംസകള്‍ നേരുകയും ചെയ്തു. 7 ബീറ്റ്‌സിന്റെ സംഗീതോത്സവ ഉദ്ഘാടന വേദിയില്‍ കോര്‍ഡിനേറ്ററും, യുഗ്മ നാഷണല്‍ കമ്മിറ്റി ജോ.സെക്രട്ടറിയുമായ സണ്ണിമോന്‍ മത്തായി അദ്ധ്യക്ഷത വഹിച്ചു. 7 ബീറ്റ്‌സിന്റെ മുഖ്യ കോര്‍ഡിനേറ്ററായ ജോമോന്‍ മാമ്മൂട്ടില്‍ സ്വാഗതവും, സുജു ഡാനിയേല്‍ (ഐഒസി നാഷണല്‍ പ്രസിഡണ്ട് ) ഫ്രാന്‍സിസ് മാത്യു ( ലോ ആന്‍ഡ് ലോയേഴ്‌സ് ), യുഗ്മ ഈസ്റ്റ് ആംഗ്ലിയ പ്രസിഡണ്ട് ജോബിന്‍ ജോര്‍ജ്ജ്, ജെയ്സണ്‍ ജോര്‍ജ്ജ് (കലാഭവന്‍ ലണ്ടന്‍, ഡയറക്ടര്‍ ), അശ്വിന്‍ രാജ് ( ലൈഫ് ലൈന്‍ പ്രൊട്ടക്ട് ), നോര്‍ഡി ജേക്കബ് ( ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാഡമി ), ഷംജിത് (മലബാര്‍ ഫുഡ്‌സ് & കേരളാ ഡിലൈറ്റ്‌സ്), ഷാന്‍ ( ഷാന്‍ പ്രോപ്പര്‍ട്ടീസ് ), 7 ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 8 കോര്‍ഡിനേറ്ററായിരുന്ന അബ്രാഹാം ലൂക്കോസ്, BMKA പ്രസിഡണ്ട് യൂജിന്‍ തോമസ്, റെജുലേഷ് ( ഗ്ലോബല്‍ സ്റ്റഡി ലിംക്‌സ്), സജി ചാക്കോ ( ഐഡിയല്‍ സൊളിസിറ്റേഴ്‌സ്) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

അനശ്വര കവിയും, പത്മഭൂഷണ്‍ ജേതാവുമായിരുന്ന ഒഎന്‍വി സാറിനും, അനുഗ്രഹീത സംഗീതജ്ഞനായിരുന്ന പി es വെങ്കിടേഷ് സാറിനും ഉള്ള സ്മരണാഞ്ജലികള്‍ പ്രശസ്ത കവിയത്രിയും, എഴുത്തുകാരിയും, അവതാരികയുമായ രശ്മി പ്രകാശ് സമര്‍പ്പിച്ചു. യു കെ യുടെ ബിസ്സിനെസ്സ് മേഖലയിലെ ഏറെ പ്രമുഖരായ അഡ്വ. അബ്ദുല്‍ ഷാഹുല്‍ & പ്രിയ (സോളിസിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ ഓഫ് പാം ഹോട്ടല്‍ ഹോണ്‍ചര്‍ച്ച്) 7 ബീറ്റ്‌സിന്റെ വേദിയില്‍ വെച്ച് പൊന്നാട അണിയിച്ച് ആദരിച്ചു. ചാരിറ്റി ഫണ്ട് ശേഖരനാര്‍ത്ഥം നടത്തിയ റാഫില്‍ ടിക്കറ്റിന്റെ നറുക്കെടുപ്പും മുഖ്യ സ്‌പോണ്‍സറായ ലൈഫ് ലൈന്‍ പ്രൊറ്റക്ട് നടത്തിയ ഭാഗ്യക്കുറി നറുക്കെടുപ്പും നടത്തി ഭാഗ്യശാലികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
എഴുപതോളം സംഗീത-നൃത്ത ഇനങ്ങള്‍ വര്‍ണ്ണാഭവും, സമ്പന്നവുമാക്കിയ സംഗീതോത്സവ വേദിയില്‍ ആലപിച്ച മധുരഗാനങ്ങള്‍ ആവോളം ശ്രവിക്കുവാനും, നവരസങ്ങള്‍ ഒഴുകിയെത്തിയ ഭാവ ഭേദങ്ങളും, മാന്ത്രിക ചുവടുകളുമായി നൃത്ത- നൃത്ത്യങ്ങളുടെ മാസ്മരികത വിരിഞ്ഞ അരങ്ങില്‍, മികവുറ്റ വ്യത്യസ്ത കലാപ്രകടനങ്ങളും, അവതരണങ്ങളും ആസ്വദിക്കുവാനുമുള്ള സുവര്‍ണ്ണാവസരമാണ് ഹോണ്‍ചര്‍ച്ചില്‍ 7 ബീറ്റ്സ് സമ്മാനിച്ചത്.
നടനം ഡാന്‍സ് സ്‌കൂള്‍ ഓഫ് ഡാന്‍സ് നോര്‍ത്താംപ്ടണ്‍ അവതരിപ്പിച്ച രാമായണം തീം ഡാന്‍സ്, ടീം ജാതി ഈസ്റ്റ് ലണ്ടന്‍ അവതരിപ്പിച്ച ക്ലാസ്സിക്കല്‍ ഡാന്‍സ്, ടീം ഈസ്റ്റ് ലണ്ടന്‍ ഒരുക്കിയ ഓ എന്‍ വി & എസ് പി വി ട്രിബ്യൂട്ട് ഡാന്‍സ്, ടീം ക്രോയ്‌ഡോണ്‍, ത്രിഭംഗ ബെര്‍ക്ഷെയര്‍ ടീം, ബെഡ്‌ഫോര്‍ഡ് ബ്ലാസ്റ്റേഴ്‌സ്, ആതിഥേയരായ ഹോണ്‍ചര്‍ച്ച് ടീം, ടീം ധ്വനി ഈസ്റ്റ് ലണ്ടന്‍ എന്നിവര്‍ സംഗീതോത്സവത്തെ വര്‍ണ്ണാഭമാക്കി. ടീം സ്ലോ, ലിവര്‍പൂള്‍ ഡാന്‍സേര്‍സ്, ലീമിംഗ്ടണ്‍ സ്പാ, ടീം കവന്‍ട്രി അടക്കം ടീമുകളോടൊപ്പം യുക്മ ദേശീയ കലോത്സവങ്ങളിലെ ലൂട്ടനില്‍ നിന്നുള്ള കലാതിലകങ്ങളായ 'ആന്‍ അലോഷ്യസും,' ടോം അലോഷ്യസും' അടക്കം നിരവധി പ്രതിഭകളുടെ അവതരണങ്ങള്‍ വേദിയെ കോരിത്തരിപ്പിച്ചു.

സെവന്‍ ബീറ്റ്സ് സംഗീതോത്സവത്തില്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായി അരങ്ങും വേദിയും കയ്യിലെടുത്ത് നര്‍മ്മവും മര്‍മ്മവും സംഗീതവും ചാലിച്ച് അനര്‍ഗളമായ വാക്ധോരണിയില്‍ പരിപാടികള്‍ കോര്‍ത്തിണക്കിയും, ഇടവേളകള്‍ക്ക് തുടിപ്പും നല്‍കി സുപ്രഭ , അപര്‍ണ്ണ , ജോനിഷ് എന്നിവര്‍ മികവുറ്റ അവതാരകരായി കയ്യടി ഏറ്റു വാങ്ങി.
7 ബീറ്റ്സ് സംഗീതോത്സവത്തില്‍ ജോമോന്‍ മാമ്മൂട്ടില്‍, സണ്ണിമോന്‍ മത്തായി, അപ്പച്ചന്‍ കണ്ണഞ്ചിറ, മനോജ് തോമസ്, കെവിന്‍ കോനിക്കല്‍, ലൂബി മാത്യൂസ് എന്നിവര്‍ നേതൃത്വം വഹിച്ചു.സംഘാടക പാഠവവും, സമ്പന്നമായ സംഗീത നൃത്ത വിരുന്നും, ചാരിറ്റി ഇവന്റിന്റെ കാരുണ്യ മുഖവും തിളങ്ങി നിന്ന സെവന്‍ ബീറ്റ്സ് സംഗീതോത്സവം ഉള്ളു നിറയെ ആനന്ദിച്ചും, ആസ്വദിച്ചും ഹൃദയത്തിലേറ്റിയ യൂകെ മലയാളികള്‍ സീസണ്‍ 10 നു വീണ്ടും കാണാമെന്ന അഭിലാഷവും അറിയിച്ചാണ് വേദി വിട്ടത്.

യു കെ യില്‍ ലൈവ്‌സ്ട്രീമിങ്ങിനും, ഫോട്ടോഗ്രാഫിക്കും പ്രശസ്തരായ കുശാല്‍ കെ സ്റ്റാന്‍ലി (സ്റ്റാന്‍ ക്ലിക്ക്‌സ് ) നേതൃത്വം നല്‍കി. രുചികരമായ ചൂടന്‍ കേരള ഭക്ഷണ വിഭവങ്ങളുമായി നവരുചിയുടെ ഫുഡ് സ്റ്റോള്‍ വേദിയോടനുബന്ധിച്ചു തുറന്നു പ്രവര്‍ത്തിച്ചിരുന്നു. അപ്പച്ചന്‍ കണ്ണഞ്ചിറയുടെ നന്ദി പ്രകാശനത്തോടെ സംഗീതോത്സവ ചാരിറ്റി ഇവന്റിന് സമാപനമായി.