
ജനിച്ചുവളർന്നനാടിന്റെ സൗകുമാര്യതയും, വർണ്ണക്കാഴ്‍ചകളും
വരികളിൽ പകർത്തി, അവയെ ഒരു ജനതയ്ക്ക് പാട്ടുകളിലൂടെ
കാണാപ്പാഠമാക്കിക്കൊടുത്ത മലയാളത്തിന്റെയൊരു പുണ്യജന്മം.
ശ്രീകുമാരൻതമ്പി.
ചെട്ടികുളങ്ങര ഭരണിയും, അമ്പലപ്പുഴവേലയും, പായിപ്പാട്ടെ വള്ളംകളിയും,
ഓച്ചിറക്കളിയും, ആലപ്പുഴപ്പട്ടണവും, ഹരിപ്പാട്ടെ ആനക്കൊട്ടിലും,
ആറന്മുള ഉതൃട്ടാതിവള്ളംകളിയും, അമ്പലപ്പുഴ പാല്‍പ്പായസവുമെല്ലാം
പാട്ടുകളിലൂടെ പകർന്നു നല്കിയ ലോക മലയാളികളുടെ സ്വകാര്യ അഹങ്കാരം.
മറ്റുള്ള ഗാന രചയിതാക്കളിൽനിന്നും വേറിട്ടൊരു ശൈലിയിലൂടെ
പാട്ടുകളിൽ കാവ്യബിംബങ്ങൾ തെളിയിച്ച തനി നാട്ടുമ്പുറത്തുകാരൻ.
സാമ്പത്തിക ലാഭത്തിനു വേണ്ടിയോ വ്യക്തി താൽപ്പര്യങ്ങൾക്കായോ
തന്റെസൃഷ്ടികളെ മാറ്റിമറിക്കാൻ തയ്യാറാകാത്ത കർക്കശക്കാരനായ
എഴുത്തുകാരൻ. സ്വന്തം ആദർശങ്ങളിൽ മുറുകെപിടിച്ചുനിൽക്കുന്ന
അപൂർവ്വവ്യക്തിത്വം.
നല്ലതിനെ അംഗീകരിച്ച്, മോശമായതിനു നേരെ പൊട്ടിത്തെറിക്കുന്ന
പോരാളി , മലയാളഭാഷയെ പ്രണനു തുല്യം സ്നേഹിക്കുന്ന അക്ഷരസ്നേഹി.
ഓരോപാട്ടുകൾക്കും അനുയോജ്യമായ ചുറ്റുപാടുകളും, പശ്ചാത്തലവുമൊക്കെത്തേടി ശ്രീകുമാരൻതമ്പിക്ക് മറ്റൊരിടത്തും തിരയേണ്ടിവന്നിരുന്നില്ല.
താന്‍ജനിച്ചു വളര്‍ന്ന നാടായ ഹരിപ്പാടും, അവിടുത്തെ നാട്ടുവഴികളുടെ സൗന്ദര്യവും,
നടന്നു കണ്ട കാഴ്ചകളുമൊക്കെയാണ് ഗാനങ്ങളിൽ നിരത്തിവച്ചത്.
അസുലഭ ഭംഗി നിറഞ്ഞ ആപാട്ടുകൾ, അവാച്യമായൊരനുഭൂതിയാണ്
ആസ്വാദകരിൽ സൃഷ്ടിച്ചത്. അതുകൊണ്ട്തന്നെ ഏതുഗാനമാണ് തമ്പിസാറിന്റെ
ഏറ്റവും മികച്ചതെന്നു പറയുക അസാദ്ധ്യവുമാണ്.
ചന്ദ്രികയിൽ അലിയുന്ന, ചന്ദനത്തിൽ കടഞ്ഞെടുത്ത,
മലയാളത്തിന്റെ ഹൃദയംകൊണ്ടെഴുതിയ പാട്ടുകൾ.
അവ ഹൃദയസരസ്സിലെ പ്രണയപുഷ്പങ്ങളായും, പൊൻവെയിലിലെ
മണിക്കച്ചകളായും, കാവാലംചുണ്ടൻ വള്ളമായും മനസ്സിന്റെ
വയൽവരമ്പുകളിൽ ചിലമ്പു തുള്ളിയങ്ങനെ നീങ്ങുന്നു.
മലയാളി എവിടെയുണ്ടോ അവിടെ ഓണമുണ്ട്.
ഓണമുണ്ടെങ്കിൽ ഓണപ്പാട്ടുമുണ്ടാകും.
ഓണപ്പാട്ടെങ്കിൽ തമ്പിസാറിന്റെ പാട്ടാവും മുന്നിൽ.
കാരണം ഏറ്റവുമധികം ഓണപ്പാട്ടുകൾ
എഴുതിയിട്ടുള്ളത് തമ്പിസാറാണ്.
"തിരുവോണ പുലരിതൻ തിരുമുൽക്കാഴ്ച്ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി തിരുമേനിയെഴുന്നള്ളും സമയമായി...." എന്നൊരൊറ്റഗാനത്തിലൂടെയല്ലേ
ഓണത്തിന്റെ സൗന്ദര്യംമുഴുവൻ നമുക്കുമുന്നിൽ തമ്പിസാർ
തുറന്നിട്ടിരിക്കുന്നത്. ഇതിലും മികച്ചൊരു ഓണപ്പാട്ട്
മലയാള സിനിമയിൽ ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം.
ഇന്ന് തമ്പിസാറിന്റെ ജന്മദിനമാണ്.
86 ന്റെ നിറവിൽ …
മകന്റെ വേർപാടിന്ശേഷം ജന്മദിനങ്ങൾ തമ്പിസാർ ആഘോഷിക്കാറില്ലെങ്കിലും
അന്നത്തെ ദിവസം മലയാളികൾ അദ്ദേഹത്തെ ആശംസകൾ കൊണ്ട്
പൊതിയുക തന്നെ ചെയ്യും.
കഥകളായും, സിനിമയായും, പാട്ടുകളായും തമ്പിസാർ
മലയാളത്തിന് സമർപ്പിച്ചതെല്ലാം അമൂല്യ രത്നങ്ങളായിരുന്നു.
ഒരിയ്ക്കലും മങ്ങലേൽക്കാത്തവ.
ഇനിയുംപിറക്കട്ടെ അനേകം പാട്ടുകൾ ആ തൂലികയിൽനിന്നും.
എഴുന്നള്ളി നിൽക്കുന്ന ഗജവീരന്റെ തലയെടുപ്പോടെ
അത് മണ്ണിനെ ധന്യമാക്കട്ടെ.
ആശംസകൾ..!