
എന്തൊരു വിസ്മയ പ്രതിഭാസം!
നിരന്തരം ചലനാത്മകം;
നിഗൂഢമായ നിയോഗം മൂലം,
മനുഷ്യാ, നീയൊരു നീര്‍ക്കുമിള;
നഗ്നനായിട്ടണയുന്നൊരുനാള്‍,
കരച്ചിലാല്‍ വരവറിയിച്ച്,
മാടിവിളിക്കും മന്നിന്‍ മടിയില്‍,
അരുമകളായി തലചായ്ക്കാന്‍;
പല വേഷങ്ങള്‍ കെട്ടിയരങ്ങില്‍,
ജീവിതനാടക നടനാകാന്‍;
മകുടം ചൂടിയ ജന്മങ്ങള്‍ക്ക്,
പുഞ്ചിരിയത്രെ മുഖമുദ്ര.
വളരും തോറും തളരുന്നോര്‍ക്ക്-
അനുഭവമെല്ലാമറിവായി,
രസഭാവങ്ങളില്‍, ചിന്തകളില്‍-
വൈകാരിക ഗതിവേഗതയില്‍,
സുഖദുഃഖങ്ങളി, ലാശകളില്‍-
അധികാരത്തിന്‍ ശ്രേണികളില്‍,
ബുദ്ധിയില്‍, ശക്തിയില്‍, സമ്പത്തില്‍-
വ്യത്യസ്തതകള്‍ക്കുടമസ്ഥര്‍;
ഉയിരിന്‍ വീഥിയിലൂടെ യാത്ര,
നിശ്ചലമാകാനൊരു നിമിഷം;
മിന്നിപ്പൊലിയും സ്വപ്‌നം പോലെ,
ചരിത്രമാം ചലച്ചിത്രം പോലെ;
സമയരഥത്തില്‍ സഞ്ചാരിക്ക്,
മരണം നിശ്ചിതമാം സത്യം;
പണ്ഡിതനും പാമരനും തുല്യം,
സമയം മാത്രമനിശ്ചിതമായ്;
ആറടിമണ്ണിനവകാശിക്ക്,
ആദിയുമന്തവുമൊരുപോലെ;
നീളെ നീളെ നിഴലുകളൊപ്പം-
നീണ്ടും കുറുകിയും മായുമ്പോള്‍,
അഭയം തേടിയെവിടേയ്ക്ക്?ഹാ,
ആരാണിനിമേല്‍ വഴി കാട്ടി?