
ലണ്ടൻ: 2026ലെ പ്രമുഖ ബ്രിട്ടീഷ് സാഹിത്യ ബഹുമതിയായ വിമൻസ് പ്രൈസ് ഫോർ ഫിക്ഷൻ ലോങ്ങ് ലിസ്റ്റിൽ ഇന്ത്യൻ വംശജരായ ഷീന കാലായിലും മേഘ മജുംദാറും ഇടം നേടി. മാർച്ച് 4ന് പ്രഖ്യാപിച്ച പട്ടികയിലെ 16 പേരിലാണ് ഇരുവരും ഇടംപിടിച്ചത് .
1996 മുതൽ യുകെയിൽ പ്രസിദ്ധീകരിച്ച മികച്ച ഇംഗ്ലീഷ് നോവൽ രചിച്ച വനിതാ എഴുത്തുകാരികളെ ആദരിക്കുന്നതിനായി നൽകുന്ന പുരസ്‌കാരമാണിത്. സാഹിത്യരംഗത്തിലെ ലിംഗ അസമത്വം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പുരസ്‌കാരത്തിന്റെ ജേതാവിന് 30,000 ബ്രിട്ടീഷ് പൗണ്ട് സമ്മാനത്തുകയും 'ബെസ്സി' ഫലകവും ലഭിക്കും.
ഷീന കലയിൽ 'ദ അതേർസ്' (The Others) എന്ന നോവലിലൂടെയാണ് ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്. ഇന്ത്യ, സാംബിയ, സിംബാബ്‌വെ എന്നീ രാജ്യങ്ങൾക്കിടയിൽ ചെലവഴിച്ച ബാല്യവും ജീവിതാനുഭവങ്ങളും അവരുടെ എഴുത്തിനെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. 2002 മുതൽ യുകെയിൽ താമസിക്കുന്ന അവർ ഇപ്പോൾ മാഞ്ചസ്റ്റർ സർവകലാശാലയിൽ അധ്യാപികയാണ്. ഇത് അവരുടെ നാലാമത്തെ നോവലാണ്. ആദ്യ നോവലിന് റൈറ്റേഴ്‌സ് ഗിൽഡ് അവാർഡ് ലഭിച്ചിരുന്നു.
1989ലെ ഈസ്റ്റ് ജർമനിയെ പശ്ചാത്തലമാക്കി എഴുതിയ ദ അതേർസ് മോസാംബിക്കൻ ഫാക്ടറി തൊഴിലാളിയായ അർമാൻഡോ, ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിനിയായ ലോലിറ്റ, ഈസ്റ്റ് ബെർലിനിലെ തിയോ എന്നീ യുവാക്കളുടെ സൗഹൃദവും അതിലൂടെ വളരുന്ന പ്രണയ ത്രികോണവുമാണ് അവതരിപ്പിക്കുന്നത്. അവർ കണ്ടെത്തുന്ന ഒരു ഭീകര രഹസ്യം പിന്നീട് അവരെ ഭരണകൂട രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുകയും, യൂറോപ്പിലുടനീളം വിപ്ലവത്തിന്റെ കാറ്റ് വീശി ബെർലിൻ മതിൽ പതിക്കാൻ തുടങ്ങുന്ന സമയത്ത് അവരുടെ ജീവിതം സ്നേഹം, വഞ്ചന, ഭയം എന്നിവയുടെ നടുവിൽ മാറിമറിഞ്ഞുപോകുകയും ചെയ്യുന്നു.
കൊൽക്കത്തയിൽ വളർന്ന മേഘ മജുംദാർ ന്യൂയോർക്ക് നിവാസിയാണ്. ഹാർവാർഡ് സർവകലാശാലയുടെയും ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെയും പൂർവ വിദ്യാർത്ഥിനിയായ അവരുടെ 'എ ഗാർഡിയൻ ആൻഡ് എ തീഫ്' എന്ന നോവലാണ് ലോങ്ങ് ലിസ്റ്റിൽ ഇടം നേടിയത്. അവരുടെ ആദ്യ നോവലിന് ഇന്ത്യയിൽ സാഹിത്യ അക്കാദമി യുവ പുരസ്‌കാരവും ലഭിച്ചു.
പ്രളയവും ക്ഷാമവും പിടിമുറുക്കിയ കൊൽക്കത്തയാണ് ഇപ്പോഴത്തെ നോവലിന്റെ പശ്ചാത്തലം. അമേരിക്കയിലേക്ക് കുടിയേറാനുള്ള വിസ സ്വന്തമാക്കിയ അമ്മ, വയോധികനായ ദാദു എന്നിവരുടെ കുടുംബമാണ് കഥയുടെ കേന്ദ്രം. യാത്രയ്ക്കു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കുടിയേറ്റ രേഖകൾ അടങ്ങിയ പേഴ്സ് മോഷണം പോകുന്നതോടെ അവരുടെ സ്വപ്നം അപകടത്തിലാകുന്നു.
പേഴ്സ് തിരികെ കണ്ടെത്താനുള്ള അമ്മയുടെ തിരച്ചിലും, സ്വന്തം കുടുംബത്തിനുവേണ്ടി മോഷണം നടത്തിയ ബൂംബ എന്ന യുവാവിന്റെ ജീവിതവും തമ്മിൽ കൂട്ടിയിണക്കിയുള്ള കഥ, ദുരന്തകാലങ്ങളിൽ കുട്ടികളുടെ ഭാവി സംരക്ഷിക്കാൻ കുടുംബങ്ങൾ എത്രത്തോളം പോരാടുമെന്ന് നോവലിൽ അവതരിപ്പിച്ചിട്ടുണ്ട്.